തന്റെ ഉടമസ്ഥന്റെ ശവകുടീരം ദിവസേന സന്ദര്‍ശിക്കുന്ന ഈ പൂച്ചയെ കാണൂ

128

1

തന്റെ ഉടമസ്ഥന്റെ ശവകുടീരം ദിവസേന സന്ദര്‍ശിക്കുകയും സമ്മാനം കൊണ്ടുവരികയും ചെയ്യുന്ന ഈ പൂച്ച ഇന്ന് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. കഴിഞ്ഞ 2011 സെപ്റ്റംബര്‍ 22 നു 71 വയസ്സായിരിക്കെ ഈ ലോകത്തോട് വിട പറഞ്ഞ ലോസ്സെള്ളി റെന്‍സോയുടെ പൂച്ചയാണ് തന്റെ യജമാനനെ മറക്കാത്തത്. ഇറ്റലിയിലെ 3 വയസ്സുകാരനായ ടോള്‍ഡോ എന്ന പേരുള്ള ഈ പൂച്ച എല്ലാ ദിവസവും രാവിലെ ഇദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുമത്രേ. സന്ദര്‍ശിക്കുന്നതും പോരാഞ്ഞ് ഇലകള്‍, പ്ലാസ്റ്റിക്‌ കപ്പുകള്‍, പേപ്പര്‍ ടവലുകള്‍ തുടങ്ങിയ ഗിഫ്ട്ടുകളും കൊണ്ടാണ് ഈ കക്ഷിയുടെ വരവ്. ഇതെല്ലാം യജമാനന്റെ ശവകുടീരത്തിന് അടുത്ത് വെച്ചിട്ടാണ് പുള്ളി മടങ്ങുക.

ഇന്ന് രാവിലെ പൂച്ചയുമായി പോവുകയായിരുന്ന തന്നോട് സെമിത്തേരിക്ക് അടുത്തുള്ള ആള്‍ പൂച്ച അതിരാവിലെ തന്നെ ശവകുടീരം സന്ദര്‍ശിച്ച കാര്യം പറഞ്ഞതായി ലോസ്സെള്ളിയുടെ വിധവ പറയുന്നു. സെമിത്തേരിക്ക് അടുത്ത് താമസിക്കുന്ന മറ്റുള്ളവരും പൂച്ചയെ സ്ഥിരമായി കാണാറുണ്ടത്രേ. ലോസ്സെള്ളിയുടെ ശവ സംസ്കാരം നടന്ന അന്ന് മുതലാണ്‌ പൂച്ച ഈ ഹാബിറ്റ് തുടങ്ങിയത് എന്നും വിധവ പറയുന്നു. അന്ന് ശവത്തിനെ സെമിത്തേരി വരെ പൂച്ച അനുഗമിച്ചിരുന്നു. പിറ്റേ ദിവസം സെമിത്തേരിയില്‍ എത്തിയ തനിക്ക് പൂച്ചയെ അവിടെ കാണാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു.

ഇപ്പോഴും പൂച്ച ഈ സന്ദര്‍ശനം തുടരുകയാണ്. നമ്മള്‍ മനുഷ്യര്‍ പരസ്പര സാഹോദര്യം മറക്കുന്ന ഈ വേളയില്‍ ഈ പൂച്ച നമുക്കൊരു പാഠമത്രേ.