താരന്‍ ഒരു പാരയാകുന്നുവോ ?

992

 

1

 

മുടികൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കേശപ്രശ്‌നമാണ് താരനും. ഏറെപ്പേര്‍ താരന്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്.. തലയുടെ ശുചിത്വമില്ലായ്മയാണ് താരന്‍ വരാനുള്ള പ്രധാന കാരണം. താരന്‍ വന്നാല്‍ അസ്വസ്ഥത മാത്രമല്ല മുടി കൊഴിച്ചിലും ഉണ്ടാകുന്നു. താരന്‍ നിയന്ത്രണാധീതമാകുന്നത് കണ്ണ്, കാത് എന്നിവയില്‍ പുഴുക്കുരുക്കള്‍ ഉണ്ടാവാനും കാരണമാവുന്നു. Ptiotoporumovale എന്ന ഫംഗസ്സുകളാണ് പ്രധാനമായും താരന്‍ വരുത്തുന്നത്. സ്‌നേഹഗ്രന്ഥികള്‍ കൂടുതലുള്ള ചര്‍മങ്ങളില്‍ ഫംഗസ്സ് വളരെ കൂടുതലുണ്ടാവും. എന്നിവയെല്ലാം താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.

താരന്‍ സാധാരണ നമ്മുടെ ശരീരത്തില്‍ മുറിവുണങ്ങുമ്പോള്‍ ഉണ്ടാവുന്ന പൊറ്റകളെപ്പോലെ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുന്നു. ഇതുവഴി മുടിക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ബലക്ഷയം നേരിടുകയും മുടിയുടെ വളര്‍ച്ച മുരടിച്ചു പോവുകയും ചെയ്യുന്നു. തലക്കും തലമുടിക്കും ഒരുപോലെ ദോഷകരമായ അവസ്ഥയാണ് താരന്‍ ഉണ്ടാക്കുന്നത്. താരന്‍ യഥാസമയം ശ്രദ്ധിച്ചില്ലെങ്കില്‍ സോറിയാസിസ് വരെ പിടിപെടാന്‍ സാദ്ധ്യതയുണ്ട്.

താരന്‍ എങ്ങിനെയൊക്കെ വരാം

മുടിയില്‍ ഉപയോഗിക്കുന്ന ചില ഓയിലുകളില്‍ ചേര്‍ക്കുന്ന കെമിക്കല്‍സിന്റെ അളവിലുള്ള അപാകത, തണുപ്പുള്ള എണ്ണകളുടെ ഉപയോഗം, അമിതമായ പിരിമുറുക്കം, ഹോര്‍മോണ്‍ തകരാറുകള്‍, തലയോട്ടിയിലെ സ്‌നേഹഗ്രന്ഥികളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന അമിത സ്രവം, ഭക്ഷണത്തിലെ അമിത കൊഴുപ്പ്, ചോക്ലേറ്റുകള്‍, പഞ്ചസാര, നട്‌സ് തുടങ്ങിയവയുടെ ഉപയോഗം എന്നിവയും താരന്‍ വരാനുള്ള കാരണങ്ങളാണ്.

വിപണിയില്‍ കാണുന്ന ഷാംപൂ, എണ്ണ ഇവയൊക്കെ ഉപയോഗിച്ചാലും താരന് ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്തവം. വിപണിയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ തുടക്കത്തില്‍ താരന്‍ കുറയുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലെത്തും. അത് കൊണ്ട് തന്നെ നാടന്‍രീതിയിലുള്ള ചികില്‍സ രീതികളാണ് താരനും മുടികൊഴിച്ചിലിനും അത്യുത്തമം. പാര്‍ശ്വഫലങ്ങളുണ്ടാകില്ല എന്നതാണ് നാടന്‍ പരിചരണത്തിന്റെ സവിശേഷത.

താരന് ഒരു നാടന്‍ ഒറ്റമൂലി

  • മൈലാഞ്ചിയില, ചെറുനാരങ്ങ ചതച്ചത് ഇവ വെയിലില്‍ ഉണക്കിപ്പൊടിച്ചത്(ആവശ്യത്തിന്)
  • ഉണക്കനെല്ലിക്ക, ഇരുമ്പ് ചീനച്ചട്ടിയില്‍ വേവിച്ചതിന്റെ വെള്ളം. വെള്ളം കുറച്ച് ഉപയോഗിച്ചാല്‍ മതി.(രണ്ട് സ്പൂണ്‍ )
  • ചെറുനാരങ്ങയുടെ നീര്
  • തൈര് രണ്ടു സ്പൂണ്‍
  • കട്ടന്‍ചായ(നല്ല കടുപ്പം) ഒരു സ്പൂണ്‍
  • മുട്ടയുടെ വെള്ളക്കരു ഒന്ന്

മൈലാഞ്ചിപ്പൊടിയില്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. വൈകുന്നേരം മാത്രമേ ഇത് ഉണ്ടാക്കാവു. അതും ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍(ഇരുമ്പ്). ഈ കൂട്ട് രാവിലെയെടുത്ത് തലമുടിയിലും തലയോട്ടിയിലും നന്നായി തേയ്ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. താരന്‍ മാറുന്നതോടൊപ്പം മുടിക്ക് കറുപ്പ്‌നിറവും കിട്ടും. തലമുടി വളരാനും ഇത് നല്ലതാണ്.

താരന്‍ വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍

താരന്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് വന്നുകഴിഞ്ഞ് തത്രപ്പെടുന്നതിനേക്കാള്‍ നല്ലത്. എപ്പോഴും മുടി വൃത്തിയായി കഴുകിയുണക്കിയെടുക്കണം. മഴക്കാലത്ത് എണ്ണ ഉപയോഗിക്കുന്നത് കുറക്കണം. മുടി നന്നായി സൂക്ഷിക്കണം. നനയുന്ന പക്ഷം ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് മൃദുവായി തുടച്ച് ഉണക്കണം.

നിങ്ങളുടെ ചര്‍മത്തിനു നല്‍കുന്ന പ്രാധാന്യം തലയോട്ടിക്ക് നല്‍കിയില്ലെങ്കില്‍ നല്ല മുടിയെന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ലെന്നു മാത്രമല്ല. താരനെന്ന ശത്രു വിടാതെ പിടികൂടുകയും ചെയ്യും.