തിരക്കഥയുടെ പണിപ്പുര‌ – ഭാഗം 2 – ചന്തു നായര്‍

947
പത്മരാജന്‍

നാം ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജോലി അവിടെ അവസാനിച്ചൂ എന്ന് കരുതരുത്. നിര്‍മ്മാതാവും, സംവിധായകനും, ക്യാമറാമാനും നടീനടന്മാരും ഒക്കെ അടങ്ങുന്ന ഒരു കൂട്ടായ്മയിലാണ് സിനിമ പിറക്കുന്നത്. അതുകൊണ്ട് നാം ഈ തിരക്കഥ എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഒരു ഒത്തുചേരലില്‍ നമ്മുടെ തിരക്കഥ വായിക്കപ്പെടുന്നു.എന്റെ അനുഭവത്തില്‍ സവിധാന സഹായിയായിരിക്കും ഇതു വായിക്കുന്നത്. കാരണം ചില ഡയലോഗുകള്‍ നാം എഴുതിയ പോലെ, അതിന്റെ ഭാവം വന്നിട്ടുണ്ടോ എന്ന് നമുക്കും മനസ്സിലാക്കാമല്ലോ (സീരിയലുകളില്‍ ഈ പതിവില്ല കേട്ടോ! കാരണം അവിടെ  മിക്കവാറും തലേ  ദിവസമോ,അല്ലെങ്കില്‍ അപ്പപ്പോഴോ തിരക്കഥാ സംഭാഷണം രൂപപ്പെടുകയാണ് ചെയ്യുന്നത്) ഇവിടെ സവിധായകനും, ക്യാമറാമനും ഇടപെടും.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

അവരുടെ ഭാഗത്ത് നിന്നും വരുന്ന നല്ല അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മള്‍ വീണ്ടും,വീണ്ടും വെട്ടിത്തിരുത്തി എഴുതേണ്ടിവരും.അതില്‍ കാര്യവുമുണ്ട് ക്യാമറാലെന്‍സ്, ലൊക്കേഷന്റെ അവസ്ഥ, തുടങ്ങിയവയൊക്കെയാണ് അവിടെ വില്ലനാകുന്നത്. നമുക്ക് മനോഹരം എന്ന് തോന്നുന്ന ചില സീനുകള്‍ അവരുടെ അഭിപ്രായത്തില്‍ ഒന്നോടെ വെട്ടി മാറ്റേണ്ടി വരും. നമ്മുടെ ചില ബ്‌ളോഗെഴുത്തുകാര്‍ വാശി പടിക്കുന്നത് പോലെ ‘ എഡിറ്റിംഗ്!!! ഏയ് എന്റെ കഥയില്‍ ഒരു വള്ളി, പുള്ളി, വിസര്‍ഗ്ഗം പോലും ഞാന്‍ മാറ്റില്ലാ’. പറഞ്ഞ് കളയരുത് കാരണം സിനിമാ കോടികള്‍ മുടക്കി ചെയ്യുന്ന ഒരു കലയാണ്, മാത്രവുമല്ലാ ഇതൊരു കൂട്ടായ്മയുടെ ബാക്കിപത്രവും.

ഷൂട്ടിംഗ് സമയത്ത്, തിരക്കഥകൃത്ത് ലൊക്കേഷനില്‍ തന്നെയുണ്ടാകണം എന്ന് തന്നെയാണ് എന്റെ പക്ഷം. ചില സമയങ്ങളില്‍ ചില ഡയലോഗുകള്‍ പുതിയതായി എഴുതിച്ചേര്‍ക്കേണ്ടി വരും, അല്ലെങ്കില്‍ നടീ നടന്മാര്‍ കൈയ്യില്‍ നിന്നും ഇടുന്ന ഡയലോഗുകളുടെ കണ്ടിന്യൂറ്റി എന്നിവ പരിശോധിക്കേണ്ടി വരും. ചിലപ്പോള്‍ ചില ഡയലോഗുകള്‍ വാക്കുകള്‍ നടീ നടന്മാരുടെ നാവില്‍ ഉടക്കാറുണ്ട്,അത് പിന്നെ ഡബ്ബിംഗ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ സീനെടുക്കുന്ന സമയത്ത് തന്ന നാം അത് മറ്റി എഴുതിക്കൊടുക്കേണ്ടി വരും.

കഴിഞ്ഞ ലക്കത്തില്‍ ചെറുത് ചോദിച്ച രണ്ട് ചോദ്യങ്ങളുണ്ട്.

  1. സംഭാഷണം എവിടെയാണ് എഴുതേണ്ടതെന്നു. സഹോദരാ അത് ആദ്യം തന്നെ ഞാന്‍ പറഞ്ഞില്ലേ പേജിന്റെ വലത് ഭാഗത്തെന്ന്. (തിരക്കഥ എന്നു പറയുമ്പോള്‍ അതില്‍ സംഭാഷണവും ഉള്‍പ്പെടും തിരനാടകം) ഉദാഹരണവും അതിന് താഴെ ചേര്‍ത്തിട്ടുണ്ട്.
  2. സ്‌റ്റോറി ബോര്‍ഡ് എന്നാല്‍ എന്താണെന്ന്. പരോക്ഷമായി പറഞ്ഞാല്‍ തിരക്കഥയും സ്‌റ്റോറി ബോഡും ഒന്ന് തന്നെയാണ്. എന്നല്‍ പ്രത്യക്ഷമായി പറഞ്ഞാല്‍ സ്‌റ്റോറീ ബോര്‍ഡ് എന്ന് ഉദ്ദേശിക്കുന്നത്  ഷൂട്ടിംഗ് സ്‌ക്രിപ്റ്റാണ്.

എന്താണ് ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്

സാധാരണ ഷൂട്ടിംഗ് സ്‌ക്രിപ്ത് തയ്യാറാക്കുന്നത് സംവിധായകനോടൊപ്പം ഉള്ള എക്‌സിക്യൂട്ടീവ് ഡയറക്റ്ററും, സഹസംവിധായകനുമാണു. കൂട്ടത്തില്‍ സംവിധായകനും  തിരക്കഥാകൃത്തും കൂടാറുണ്ട്.

നമ്മള്‍ തിരക്കഥാ രചനയില്‍ തന്നെ, ഒരോ സീനുകളിലും സ്ഥലവും,സമയവും ഒക്കെ എഴുതിയല്ലോ.ഇതില്‍ ആ സീനുകളില്‍ പങ്കെടുക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍, അവര്‍ അണിയേണ്ട വേഷങ്ങള്‍ (മുന്‍പേ അഭിനയിച്ച സീനിന്റെ തൊട്ടടുത്ത സീനാണെങ്കില്‍ കണ്ടിന്യൂറ്റി ഒക്കെ പ്രധാനപ്പെട്ടകാര്യങ്ങളാണ്) ഏത് തരത്തിലുള്ള വാച്ചാണ്, ചെരിപ്പാണ് തുടങ്ങിയവയും, വീടിനകത്താണെങ്കില്‍ അവിടെ ഉപയോഗിക്കുന്ന പ്രോപ്പര്‍ട്ടികള്‍ (മേശ,കസേര,ക്ലോക്ക്, ബ്രഷ്,പേയ്സ്റ്റ്, മറ്റു ആഡംബര സാധനങ്ങള്‍ തുടങ്ങി സീനിനനുസരിച്ചുള്ളഎല്ലാ സാധനങ്ങളും) ഒക്കെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റിലുണ്ടാകും. ശ്രിമതി. ലിപി പറഞ്ഞത് പോലെ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍, നാം എടുക്കാന്‍ ഉദ്ദേശിക്കുന്ന സീനിന്റെ, ലൊക്കേഷന്‍ ചിത്രങ്ങള്‍ ഷൂട്ടിംഗ് സ്‌ക്രിപ്റ്റിനോട് ചേര്‍ത്ത് വക്കാറുണ്ട്. പണ്ടൊക്കെ ഭരതന്‍ മാഷിനെപ്പോലുള്ളവര്‍ ഓരോ ഷോട്ടും വരച്ച് വച്ച് ഷൂട്ട് ചെയ്യാറുണ്ടായിരുന്നൂ.

തിരക്കഥയിലെ എഡിറ്റിംഗ്
നല്ലൊരു തിരക്കഥ രചയിതാവ് ഒരു എഡിറ്ററും കൂടെ ആയിരിക്കണം എന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. നമ്മള്‍ രചിക്കുന്ന തിരക്കഥയില്‍ നിന്ന് കൊണ്ട് സംവിധായകന്‍ അത് ഷൂട്ട് ചെയ്യുന്നൂ. അത് എഡിറ്റിംഗ് ടേബിളില്‍ എത്തുമ്പോള്‍ സവിധായകനും,എഡിറ്ററും ചേര്‍ന്ന് കഥക്ക് ആവശ്യമായ സീനുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നൂ. (ഒരു ഷോട്ട് പലരീതികളില്‍  സാധാരണ സംവിധായകര്‍ ഷൂട്ട് ചെയ്യാറുണ്ട്, അതില്‍ നല്ലതെന്ന് തോന്നിക്കുന്ന ഷോട്ടുകളാണ് എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നത്) ചിലപ്പോള്‍ ചില സ്‌റ്റോക്ക് ഷോട്ടുകളും ഉപയോഗിക്കാറുണ്ട്. ഒരു തിരക്കഥാകൃത്ത്,തിരക്കഥയില്‍ തന്നെ എഡിറ്റിംഗ് നടത്തി എഴുതിയാല്‍ ഫിലിം ചിലവുള്‍പ്പെടെ പലതും ലാഭിക്കാം. ഒരു ഉദാഹരണം പറയാം.

നാം എഴുതുന്ന ഒരു സ്‌ക്രിപ്റ്റില്‍ താഴെക്കാണിച്ചിരിക്കുന്ന ഒരു സീന്‍ ഉണ്ടെന്ന് വിചാരിക്കുക.

മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് അദ്ദേഹത്തിന്റെ അച്ഛനായ കഥാപാത്രം പറയുന്നൂ,

മേഘ എന്നാണ് കുട്ടിയുടെ പേര്. നല്ല കുട്ടി എനിക്ക് ഇഷ്ടപ്പെട്ടൂ. അത് മാത്രം പോരല്ലോ, നിന്റെ ഇഷ്ടമാണ് പ്രാധാനം. രാഘവന്‍ മാസ്റ്ററും ഞാനും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നതാ. പിന്നെ ഇന്ന് തന്നെ ഞാന്‍, നിന്നെ അങ്ങോട്ട് പറഞ്ഞയക്കാമെന്ന് പറഞ്ഞിരുന്നൂ. ഒന്ന് പോയി നോക്കിയിട്ട് വാ..

അനുസരണയോടെ, തന്റെ മുറിയില്‍ പോയി വേഷം മാറി വീട്ടില്‍ നിന്നുമിറങ്ങി തന്റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത്,ടാരിട്ട റോഡിലൂടെ, പിന്നെ ചെമ്മണ്‍ പാതയിലൂടെകാറോടിച്ച്, വശങ്ങളിലെ വാഴത്തോപ്പുകളും, തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടവുമൊക്കെ കണ്ട് ഒരു ഇടത്തരം വീടിന്റെ മുമ്പിലെത്തി നില്‍ക്കുന്നു. കാറില്‍ നിന്നും ഇറങ്ങി, മുറ്റത്ത് കൂടെ നടന്ന് വന്ന് അടഞ്ഞ് കിടക്കുന്ന കതകില്‍ മമ്മൂട്ടി തട്ടുന്നു. പക്ഷേ ഇന്നത്തെ  കാലഘട്ടത്തില്‍ ഇത്രയും വിവരങ്ങളില്ലാതെ  തന്നെ  പ്രേക്ഷകര്‍ക്ക്, കാര്യം മനസ്സിലാക്കാനും മറ്റും ഫാസ്റ്റ് എഡിറ്റിംഗ് ആണ് നല്ലത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അച്ഛന്‍പറഞ്ഞ ഡയലോഗ് കട്ട്  ചെയ്താല്‍  ഉടന്‍ തന്നെ   മമ്മൂട്ടിയുടെ കഥാപാത്രം, വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ വീടിന്റെ വാതിലില്‍ തട്ടുന്ന മമ്മൂട്ടിയെകാണിച്ചാല്‍ മതിയാകും. സീനുകളും ഷോട്ടുകളും വളരെ ഫാസ്റ്റ് ആകുമ്പോള്‍ കഥ പറച്ചിലിന്റെ ഇഴച്ചില്‍ (വേഗതക്കുറവ്) പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയില്ലാ. രണ്ട് മണിക്കൂറിനുള്ളില്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ തിരക്കഥയില്‍ തന്നെ  എഡിറ്റ് ചെയ്ത്  എഴുതിയാല്‍ സംവിധായകന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് മാത്രമല്ലാ, ഷൂട്ടിംഗിന്റെ ചിലവുകള്‍ വളരെയേറെ കുറയ്ക്കാനുമാകും.

ഇനി ആ ഡയലോഗിനെ ഒന്ന് എഡിറ്റ് ചെയ്യാം

മേഘ എന്നാണ് കുട്ടിയുടെ പേര്, നല്ല കുടുംബക്കാരാ, കുട്ടിയെ നിനക്ക ഇഷ്ടപ്പെട്ടോ എന്ന് മാത്രം അറിഞ്ഞാല്‍ മതി എനിക്ക്. നീ അത്രടം വരെ പോയിട്ട് വാ..

സംഭാഷണം എഴുതുമ്പോള്‍ നാം ഒരു കാര്യം ശ്രദ്ധിക്കണം, കഴിവതും സംസാരഭാഷ ഉപയോഗിക്കണം. അത് പോലെ തന്നെ നറേഷനിലും സാഹിത്യപ്രക്ഷാളനം ആവശ്യമില്ലാ. മനോഹരമായ ഒരു കുളത്തിനരുകില്‍ എന്നുള്ളടത്ത്  ‘അഷ്ട സ്പടിക സങ്കാശം’ എന്നൊന്നും എഴുതേണ്ട് കാര്യമില്ലാ. ഇതെഴുതിയപ്പോഴാണ്. ശ്രീ.വി.കെ.എന്‍. തമാശയില്‍ എഴുതിയ ‘അപ്പുണ്ണി എന്ന നീചന്‍’ എന്ന തിരക്കഥയെപ്പറ്റി ഓര്‍മ്മവരുന്നത്. ആ തിരക്കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ‘മാനത്ത് വെള്ളി കീറുന്ന ശബ്ദം.’ തിരക്കഥകളെ കളിയാക്കിക്കൊണ്ട് എഴുതിയ ആ കഥ പിന്നെ സത്യന്‍ അന്തിക്കാട്  ‘അപ്പുണ്ണി’ എന്ന സിനിമയാക്കി.

കഴിഞ്ഞ ലക്കത്തില്‍ ഒരു ബ്ലോഗ് സഹോദരന്‍ ചോദിച്ചിരുന്നൂ’അപ്പോള്‍ സംവിധായകന് എന്താ ജോലി എന്ന്. ഒരു കാര്യം ഓര്‍മ്മിക്കുക. ഒരു സിനിമയുടെ പിതാവ് എന്ന് പറയുന്നത് സംവിധായകന്‍  തന്നെയാണ്. തിരക്കഥാ രചയിതാവ് അമ്മയും.

തിരക്കഥാകൃത്ത് എഴുതുന്ന സീനുകള്‍, സംവിധായകന്‍ പല ആവര്‍ത്തി  വായിച്ച് നോക്കും. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ സീനുകളുടെ ദൃശ്യങ്ങള്‍ സ്ഥാനം പിടിക്കും. സിനിമയുടെ ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റുകള്‍ (ഇവിടെ നിര്‍മ്മാതാവിന്റേയും അഭിപ്രായം നിര്‍ബ്ബന്ധമാണ്) ക്യാമറാ ആങ്കിളുകള്‍ ഒക്കെ സ്ഥിരീകരിക്കുനത് സംവിധായകനാണ്. ഒരു തിരക്കഥ സിനിമയായിതീരുന്നത് പ്രാധാനമായും സംവിധായകന്റെ ക്രാഫ്റ്റ് ആണ്.

തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്ന ‘ദൃശ്യങ്ങള്‍’ ആയിരിക്കില്ലാ ഒരു പക്ഷേ സംവിധായകന്റെ മനസ്സിലുരുത്തിരിയുന്നത്. ഒരേ സ്വപ്നം ഒരേ പോലെ രണ്ട് വ്യക്തികള്‍ക്ക് കാണാന്‍ സാധിക്കില്ലല്ലോ, അത് പോലെ. എങ്കിലും തിരക്കഥാകൃത്തും. സംവിധായകനും, ഛായാഗ്രാഹകനും,(നിര്‍മ്മാതാവും ചിലര്‍) ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ ചെയ്ത് ദൃശ്യങ്ങളെ കൂടുതല്‍ മനോഹരമാക്കാനാണ് ശ്രമിക്കുന്നത്. ക്ഷമിക്കുക ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം ‘തിരക്കഥ’യാണ്. അത് കൊണ്ട് തന്നെ സംവിധാനകലയെക്കുറിച്ച് ഇനിയോരിക്കല്‍ എഴുതാം.

ഇതിന്റെ ഒന്നാം ഭാഗത്തില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ശ്രീ.അപ്പു(ഷിബു) എം.ടി.യുടെ തിരക്കഥകള്‍ വായിച്ച് നോക്കി കൂടുതല്‍ മനസ്സിലാക്കാന്‍ നല്ലൊരു നിര്‍ദ്ദേശം കമന്റിലൂടെ ഇട്ടിട്ടുണ്ട്. അത് പോലെ സാബു.എം.എച്ച്.എം.ടിയുടെ തിരക്കഥാ സംബന്ധിയായ ലേഖനങ്ങളെക്കൂടി ചൂണ്ടിക്കാട്ടിയാല്‍ നന്നായിരിക്കും എന്നൊരു ശ്രദ്ധേയമായ കമന്റും ഇട്ടിട്ടുണ്ട്. പക്ഷേ തിരക്കഥാ രചനകളുടെ ആഴങ്ങളിലേക്ക് ചെന്നെത്താന്‍ അവ അത്രക്ക് ലളിതമല്ലാ. ഞാനിവിടെ നേനാ സിദ്ധിക്ക് എന്ന എന്റെ കുഞ്ഞ് മോള്‍ക്കും മനസ്സിലാകത്തക്ക വിധത്തില്‍ വളരെ ലളിതമായി ആവിഷ്‌ക്കരിക്കാനാണ്  ശ്രമിച്ചത്. ഇവിടേയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എന്നോട് ചോദിക്കാം എന്റെ അറിവിലുള്ള കാര്യങ്ങളെന്തും പറഞ്ഞ് തരാന്‍ എപ്പോഴും ഞാന്‍ തയ്യാറാണ്.

ലേഖകന്‍: ശ്രീ. ചന്തു നായര്‍

ഒരു കാര്യം കൂടി: പോസ്റ്റ്കള്‍ക്ക് നീളക്കുടുതല്‍ വായനക്കാരെ വല്ലാതെ മുഷിപ്പിക്കും എന്ന ഒറ്റക്കാരണത്താല്‍, ഞാന്‍ ഏറ്റെടുത്തിരിക്കുന്ന രണ്ട് സിനിമയുടെ തിരക്കഥയിലെ എതെങ്കിലും ഒരു സീന്‍ ഇവിടെ എടുത്തെഴുതണമെന്നത് അടുത്ത പോസ്റ്റ്‌ലേക്ക് മാറ്റിയിരിക്കുന്നു.

ആലിന്‍ തൈയ്യിലൊരാള്‍ വെള്ളം അലിവോടൊഴിക്കയാല്‍
വളരുമ്പോള്‍ അതേകുന്നൂ, വരുവര്‍ക്കൊക്കെയും തണല്‍

Written By: ചന്തു നായര്‍