Featured
തിരക്കഥയുടെ പണിപ്പുര – ഭാഗം 3 – ചന്തു നായര്‍
തിരക്കഥയുടെ പണിപ്പുര.. ശ്രീ. ചന്തു നായര്‍ എഴുതുന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗം. തുടര്‍ച്ച കിട്ടാന്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ലേഖകനെ കുറിച്ച് പറയുകയണേല്‍ തിരക്കഥാ രചയിതാവ്, സീരിയല്‍ സംവിധായകന്, നിര്‍മ്മാതാവ്… ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 13 സീരിയലുകള്‍,15 നാടകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എന്നിവ എഴുതിയിട്ടുണ്ട്.
227 total views


1998 ല്‍ കേരള സര്‍ക്കാരിന്റെ തിരക്കഥാ രചനക്കുള്ള അവർഡ് 'ഗണിതം' മന്ത്രി റ്റി.കെ രാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു
തിരക്ക് ശല്യക്കാരനായത് കൊണ്ടാണു മൂന്നാം ഭാഗം എഴുതാന്‍ താമസിച്ചത്. എന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്ക് രണ്ട് ഭാഗങ്ങളിലായി, ലളിതമായി ഞാന്‍ പറഞ്ഞത് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു ഒരു തിരക്കഥ രൂപപ്പെടുത്തുന്നതിന്റെ രീതികളാണു ഞാന്‍ കഴിഞ്ഞ ലക്കങ്ങളില്‍ പ്രതിപാദിച്ചത്. കഥകള്‍ ജനിക്കുന്നത് പോലെ തന്നെയാണു തിരക്കഥകളും ജനിക്കുന്നത്. ഒരു ചിന്തയില്‍ നിന്നോ, അല്ലെങ്കില്‍ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളില്‍ നിന്നോ അതുമല്ലെങ്കില്അല്ലെങ്കില് നമ്മള് വായിക്കുന്ന ഒരു കഥയില്‍ നിന്നുമൊക്കെയാണു ഒരു തിരക്കഥയുടെ കഥാ തന്തു നമ്മുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. മറ്റൊരാളുടെ കഥയെ അവലംബിച്ചാണു ഒരു തിരക്കഥ നമ്മള് രൂപപ്പെടുത്തുന്നതെങ്കില്‍ തീര്‍ച്ചയായും ആ കഥാകാരന്റെ അനുമതി വാങ്ങിച്ചിരിക്കണം.
മുന്‍പൊക്കെ ഒരു മലയാള സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായിരുന്നു.പിന്നെയത് രണ്ടര മണിക്കൂറായി. ഇപ്പോള്‍ രണ്ട് മണിക്കൂറാണു ശരാശരി മലയാള സിനിമയുടെ നീളം. ആംഗലേയ സിനിമകള്‍ മിക്കതും ഒന്നര മണിക്കൂറാണു. പ്രധാന കഥക്ക് പാരലലായി മറ്റ് ഉപകഥകള്‍ കൂടി പറഞ്ഞ് പിന്നെയത് പ്രധാന കഥയുമായി ലിങ്ക് ചെയ്യുന്ന ഒരേര്‍പ്പാട് മുന്‍പ് നമ്മുടെ സിനിമകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘ട്രാഫിക്ക്” പൊലുള്ള സിനിമകള്‍ അതിനൊക്കെ മാറ്റച്ചോടായി. ഇംഗ്ളിഷ് സിനിമകളില്‍ പലതും ഇതുപോലെ നേര് രേഖയില്‍ സഞ്ചരിക്കുന്നവയാണു.
സാധാരണ സിനിമകളീല്‍ 70 മുതല്‍ 90 വരെ സീനുകള്‍ കാണും. സീനുകളുടെ നീളം എത്ര കുറയുന്നോ അത്രയും നന്ന്. അതായത് പറയാനുള്ളത് ചുരുക്കിപറയുക. പ്രേക്ഷകരുടെ ക്ഷമ പരിശോധിക്കരുതെന്നര്ത്ഥം. ഒരു കുടുംബ കഥയാണു പറയുന്നതെങ്കില്‍ പോലും അതില്‍ സസ്പെന്‍സ് നില നിര്‍ത്തുക.

ചില മുഹൂര്‍ത്തങ്ങള്‍
വ്യത്യസ്ത്ഥമായ തിരക്കഥള്‍ എഴുതാന്‍ കഴിവുള്ള ഒരു പാട് ചെറുപ്പകാര്‍ ഇന്ന് കേരളത്തില്‍ ഉണ്ട്.എന്നാല്‍ അതൊക്കെ വേണ്ട വണ്ണം സ്വീകരിക്കാന്‍ ഇന്ന് പല നിര്‍മ്മാതാക്കളും ശ്രദ്ധിക്കുന്നില്ലാ. സൂപ്പര്‍സ്റ്റാറുകളുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവരെ കണ്ടുകൊണ്ട് ഒരു കഥ തട്ടിക്കൂട്ടുക എന്ന പ്രവണത ഇന്നും മലയാള സിനിമയില്‍ നിലനില്ക്കുന്നു. സൂപ്പര്സ്റ്റാറുകളാകട്ടെ അവരുടെ ഇമേജ് സംരക്ഷിക്കുന്നതിനായി തിരക്കഥകളില്‍ ഇടപെടുന്നു. ഇത് മലയാള സിനിമക്ക് ദോഷകരമായി ഭവിക്കുന്നു.. ഈ ലേഖനം വായിച്ച് തിരക്കഥ എഴുതാന്‍ ശ്രമിക്കുന്ന കൂട്ടുകാരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. സിനിമ വ്യവസായം മറ്റുള്ള വയെപ്പോലെ തന്നെ ഒരു ‘ഗ്യാംബിളിഗ്’ ആണു. തന്റേടമുള്ളവര്‍ക്ക് മാത്രമേ ഇവിടെ പിടിച്ച് നില്ക്കാന് കഴിയൂ. പിന്നെ ഉള്ള ജോലി കളഞ്ഞിട്ട് ഇതിലേക്കെടുത്ത് ചാടരുത്. കൂട്ടത്തില്‍ ഇതും എന്നരിതിയില്‍ മതി. കഴിവുണ്ടെങ്കില്‍ നമുക്ക് ഉയരങ്ങളിലെത്താം. എത്തപ്പെട്ടാല്‍ പിന്നെ സിനിമാക്കാര് നമ്മുടെ പിന്നാലെയെത്തും.
എന്റെ പ്രൊഫയിലില്‍ പറഞ്ഞിരിക്കുന്നത് പോലെ അത്രക്കങ്ങ് പ്രശസ്തി ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണു ഞാന്‍. എന്തോ അങ്ങനെയായിപ്പോയി. എന്നാല്‍ ഇപ്പോള്‍, ഈ ബ്ളോഗെഴുത്ത് തുടങ്ങിയതില്‍ പിന്നെയാണെന്ന് തോന്നുന്നു. പുതിയ തലമുറ എന്നെ മറക്കാതിരിക്കാനും, അഭിവാജ്യമായ ഒരു സത്യം അടുത്ത് തന്നെ എനിക്കടുത്തെത്തും എന്ന അറിവിനാലും ഞാന്‍ ഈ രംഗത്ത് സജീവമാകണം എന്നതോന്നല്‍. നീണ്ട ഇടവേളക്ക് ശേഷം,ഞാന്‍ ചെയ്യുന്ന രണ്ട് ചിത്രങ്ങളാണു ‘ആരഭിയും’ ‘അനാമികയും’ ലിപി മോളും മറ്റുള്ളവരും ചോദിച്ചപോലെ ഞാന്‍ രണ്ട് സീനുകള്‍ ഇവിടെ എഴുതുന്നു. ഇതില്‍ അനാമികയുടെ തുടക്കത്തിലുള്ള രണ്ട് സീനുകളാണു ഇവിടെ എടുത്തെഴുതുന്നത്.
നമ്മള് ഒരു കഥ എഴുതുന്നത് പോലെയല്ലാ തിരക്കഥ എഴുതേണ്ടത്. സിനിമക്ക് വേണ്ടത് കാഴ്ചകളാണു (വിഷ്വല്‍സ്). അത് കൊണ്ട് തന്നെ എഴുതുന്ന രീതിക്ക് പുതുമകളുണ്ടാകണം. ഞാന്‍ എഴുതിയിരിക്കുന്ന സീനുകള്‍ ശ്രദ്ധിക്കുക. ഇതുപോലെ തന്നെ എഴുതണമെന്നല്ലാ ഞാന്‍ പറയുന്നത്. പ്രേക്ഷകരെ നമ്മുടെ കൂടെ നടത്തിപ്പിക്കണം. അവിടെയാണു തിരക്കഥാ രചയിതാവ് വിജയിക്കുന്നത്. എല്ലാവര്ക്കും എന്റെ ആശംസകള്‍.
അനാമിക
സീന്‍ നമ്പര്‍1
രാജകൊട്ടാരം/പകല്‍
ചുവപ്പ്പരവധാനിയില് വിവിധ നിറത്തിലുള്ള പൂക്കള്‍ വീണുകൊണ്ടിരിക്കുന്നു. പൂക്കളില്‍ ചവുട്ടി നടന്ന് വരുന്ന മനോഹരമായ രണ്ട് പാദങ്ങള്‍. കാലിണകള്ക്ക് മുകളില്‍ വീണ്ടും പൂക്കള്‍ വീണുകൊണ്ടിരിക്കുന്നു..
ആ പാദങ്ങളില്‍ നിന്നും നമ്മുടെ നോട്ടം മുകളിലെക്കെത്തുമ്പോള് (*1) സര്‍വ്വാഡംബര വിഭൂഷിത യായ ‘കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി’ യുടെ പൂര്‍ണ്ണരൂപം വ്യക്തമാകുന്നു. പതിനാലു വയസ് പ്രായം കാര്‍ത്തികയുടെ മുമ്പില്‍ ഇരു വശങ്ങളിലുമായി നടക്കുന്ന തോഴിമാര്, തങ്ങളുടെ ഇടത് കൈകളിലേന്തിയിരിക്കുന്ന താലങ്ങളില്‍ നിന്നും യുവരാജ്ഞിയുടെ പാദങ്ങളിലേക്ക് പൂക്കള്‍ വാരിയിടുകയാണു.പിന്നില്‍ മുത്തുക്കുട പിടിച്ച ഒരു സേവിക. പാര്‍ശ്വങ്ങളില്‍ വെണ്‍ചാമരം വീശുന്ന രണ്ട് തോഴിമാര്. ഞാന്ന് കിടക്കുന്ന ഉത്തരീയം തറയില്‍ തൊടാതെ പിടിച്ച് കൊണ്ട്. പിന്നിലായി നടക്കുന്ന ഒരു തോഴി. പൂമുഖത്തെ പടിക്കെട്ടുകള്‍ നടന്നിറങ്ങിയ കുമാരി യുടെ മുന്നില്‍ നില്ക്കുന്ന രണ്ട് തോഴിമാരിലൊരാളുടെ കൈയ്യിലെ
താലത്തില്‍ രണ്ട് പൊന്‍ പാദുകങ്ങള്‍ ഇരിപ്പൊണ്ട്.
രണ്ടാമത്തെയാളുടെ താലത്തില്‍ വെള്ളം നിറച്ച വെള്ളിക്കിണ്ടിയുമുണ്ട്. തോഴി താലം തറയില്‍ വച്ചു. കുമാരി താലത്തില്‍ കയറി നിന്നു.തോഴി കിണ്ടിയില്‍ നിന്നും പകര്‍ന്ന വെള്ളാത്താല്‍ കുമാരിയുടെ കാലുകള്‍ കഴുകി. മറ്റൊരു തോഴി ഒരു പട്ട് തുണികൊണ്ട് ആ പാദങ്ങള്‍ തുടച്ചു. തോഴി തന്റെ കയ്യിലിരിക്കുന്ന പാദുകങ്ങള്‍ അടങ്ങിയ താലം തറയില്‍ വച്ചു.കുമാരി ആ പാദുകങ്ങള്‍ അണിഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു. ആരെയോ കണ്ടിട്ടെന്ന വണ്ണം കുമാരി നിന്നു. പിന്നെ കുനിഞ്ഞ്, മുന്നിലുള്ള രണ്ട് പുരുഷ പാദങ്ങളില്‍ കൈ തൊട്ട് പ്രണമിച്ചു.
കാര്‍ത്തികക്ക് മുന്നില്‍ നില്ക്കുന്ന അന്പതി നോടുത്ത പ്രായമുള്ള പിതാവ് – അശ്വതി തിരുനാള്‍ തമ്പുരാന് കുനിഞ്ഞ് അവളുടെ തോളില്‍ പിടിച്ചുയര്‍ത്തി നിര്‍ത്തി ചിരിച്ചു കൊണ്ട് കൈകള്‍ അവളുടെ തോളത്ത് നിന്നും എടുത്ത് തലക്ക് മുകളില്‍ അനുഗ്രഹിക്കുന്ന രീതിയില്‍ കമഴ്തിപ്പിടിച്ച്കൊണ്ട്,
അശ്വതി തിരുനാള്‍ തമ്പുരാന്:
നന്നായി വരിക മകളേ യാഗാശ്വം പുറപ്പെട്ട് കഴിഞ്ഞു. മന്ത്രിയുംപരിവാരങ്ങളും പിന്നാലെയുണ്ട് പുറപ്പെടുക ദിഗ് വിജയം കഴിഞ്ഞെത്തുമ്പോഴേക്കും….
ഒരുവശത്തേക്ക് തമ്പുരാന് കൈ ചൂണ്ടി. അവിടെ യാഗാഗ്നിയും, യാഗത്തറയും, ചുറ്റുമിരുന്ന് മന്ത്രങ്ങള്‍ ഉരുവിടുന്ന തന്ത്രിമാരേയും, യാഗാഗ്നി യില്‍ നിന്നും ഉയരുന്ന ധൂമപടലവും
കാണാം
തമ്പുരാന്:
ജ്വലിക്കുന്ന ആ യാഗാഗ്നിയില്‍ നിന്നും ഉയരുന്ന ധൂമ പടലം പോലെ കുമാരിയുടെ കീര്‍ത്തിയും വാനോളം ഉയരട്ടേ..
മുറ്റത്ത് വശത്തായി നില്ക്കുന്ന ഒരു വെളുത്ത കുതിരയെ നോക്കി കൈ ചൂണ്ടിക്കൊണ്ട്
തമ്പുരാന്:
അതാ യാത്രക്കുള്ള അശ്വ്വം മുന്‍ കാലുയര്‍ത്തുന്നു
വീണ്ടും താതനെ നമിച്ച്, കാര്‍ത്തികയും കൂട്ടരും വെളുത്ത കുതിരയുടെ അടുത്തേക്ക് നടന്ന് ചെന്നു. കുമാരി കുതിരപ്പുറത്ത് കയറി. പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ ആരവം
ഇപ്പോള്‍ നമ്മുടെ നോട്ടത്തില്‍ കുതിരപ്പുറത്തിരിക്കുന്ന കുമാരിയേയും അകലെ ജ്വലിക്കുന്ന യാഗാഗ്നിയേയും, ചുറ്റുമിരിക്കുന്ന തന്ത്രിമാരേയും കാണാംനോട്ടം കുറേക്കൂടെ അടുത്തേക്കെത്തുമ്പോള്‍ യഗത്തറയും, യാഗാഗ്നിയും അതില്‍ നിന്നും മുകളിലെക്ക് ചുരുളിടുന്ന കട്ടിപ്പുകയിലേക്കും, പുകയിലൂടെ മുകളിലോട്ട് ചെന്ന് പുകയും ആകാശവും ലയിച്ച് ചേരുന്ന’സ്ഥലത്ത്” എത്തി നില്ക്കുന്നു.
CUT
സീന്‍ നമ്പര്‍ 2
ആര്‍ട്ട് ഗ്യാലറി/പകല്‍/ INTERIOR
പുകച്ചുരുകളിലൂടെ താഴോട്ട് വന്നെത്തി നില്ക്കുന്ന നമ്മുടെ നോട്ടത്തില്‍ കാണുന്നത് പുക ചുരുളുകള്‍ ഉയരുന്ന യാഗാഗ്നിയും, യാഗത്തറയും, ചുറ്റിലും തന്ത്രിമാരും, അല്പം അകലെ വശത്തായി ഒരു വെളുത്തകുതിരയും, കുതിരപ്പുറത്തിരിക്കുന്ന 14 വയസ്സുള്ള കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി യുടേയും കളര്‍ പെയിന്റിംഗാണു,
O.B.V(*2) പെണ് ശബ്ദം:
അച്ഛന് തിരുമനസ്സിന്റെ ആഗ്രഹമായിരുന്നൂ.. എന്നെ ഒരു ചക്രവര്‍ത്തിനി യാക്കണമെന്ന്. എന്റെ ജനനത്തിനു മുന്‍പേ തന്നെ ആ ആഗ്രഹവും രാജ്യഭാരവും നഷ്ടപ്പെട്ടു.
O.B.V ആണ്‍ശബ്ദം:
തിരു മനസ്സ് തീപ്പെട്ടിട്ട്…?
O.B.V പെണ് ശബ്ദം:
പത്ത് വര്‍ഷം……….
കളര്‍ പെയിന്റിംഗില്‍, ക്യാമറയുടെ ‘ക്ളിക്ക്’ ശബ്ദത്തോടൊപ്പം ഫ്ളാഷ് ലൈറ്റ് മിന്നി. കണ്ണില്‍ നിന്നും ക്യാമറയെടുത്ത് , അതിന്റെ ലെന്‍സിനെ ക്യാപ്പ് കൊണ്ടടച്ച് നിവര്‍ന്ന, 28 വയസ്സ് പ്രായം വരുന്ന ജയരാഘവ് മുന്നില്‍ നില്ക്കുന്ന അളോടെന്നപോലെ..
ജയരാഘവ്:
കാര്‍ത്തിക തമ്പുരാട്ടിക്ക് അവാര്‍ഡ് നേടിത്തന്ന ചിത്രമാണല്ലോ! ഇതിനു മറ്റെന്തൊക്കെയോ അര്‍ത്ഥതലങ്ങള്‍ ഞാന്‍ കാണുന്നു
O.B.V കാര്‍ത്തിക :
ശരിയാണ്……..
ആ ശബ്ദത്തോടോപ്പം, പെയിന്റിംഗിന്റെ മറുതലക്കല്‍ ജയരാഘവനെതിരെ നില്ക്കുന്ന ഇരുപത്തിയാറു വയസ്സ് തോന്നിക്കുന്ന സര്‍വ്വാംഗ സുന്ദരിയായ കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയെയാണു നാം കാണുന്നത്, കഴുത്തില്‍ ഒരു ചെയിന്‍, കാതില്‍ ചെറിയ രണ്ട് കമ്മല്‍, വിലകുറഞ്ഞ കോട്ടണ്‍ സാരി. വളരെ ലളിതമായ വേഷം. അവരുടെ മുഖത്ത് ദു:ഖവും, ദേഷ്യവും ഒക്കെ സമ്മിശ്രപ്പെട്ട ഭാവത്തില്‍ ഒളിഞ്ഞും, തെളിഞ്ഞും നിന്നു.
കാര്‍ത്തിക:
ആ ജ്വലിക്കുന്ന യാഗാഗ്നി എന്റെ മനസ്സാണു.. കാലമെന്ന കുതിരപ്പുറത്ത് തളര്‍ന്നിരിക്കുന്നത് എന്നിലെ കൌമാരം.. ആ പുകച്ചുരുളുകളുണ്ടല്ലോ.. അത് അനന്തതയില്‍ ലയിച്ച് പോയ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ നഷ്ടസ്വപ്നങ്ങളും.
ചെറു ചിരിയോടെ ജയന്:
അലയിളകാത്ത ഉള്‍ക്കടല്‍. അവിടെ നിഗൂഡത ഒളിഞ്ഞിരിക്കുന്നൂ. തീരത്തേക്ക് ഇരമ്പിയാര്‍ത്ത് വരുന്ന തിരമാലകളെ തടുത്ത് നിര്‍ത്താന്‍ യത്നിക്കുന്ന തീരം. മാര്‍വലസ്! ഇതൊക്കെ മനസ്സിലാക്കാനുള്ള അറിവേറെയില്ലെങ്കിലും ആ മനസ്സിനെ ഞാന്‍ മനസ്സിലാക്കുന്നു.
പൊട്ടിത്തെറിച്ചപോലെ കാര്‍ത്തിക:
നോ! ആര്‍ക്കും അത് മനസ്സിലാകില്ലാ.. മിസ്റ്റര്‍ ജയരാഘവിനറിയാമോ? മഹാബലിയെപ്പോലെ ഒരു കാലത്ത് ഈ നാട് ഭരിച്ചിരുന്ന വിശാഖം തിരുനാളിന്റെ മകനായ എന്റെ അച്ഛന് മരിക്കാന്‍ നേരത്ത് കടക്കാരനായിരുന്നു. ഇന്‍കംടാക്സ് കുടിശിഖ കടം മാത്രമേ എനിക്ക് സമ്പാദ്യമായി തരുവാനുള്ളൂ എന്ന ദു:ഖം ഹിക്കാനാവാതെ.
കാര്‍ത്തികയുടെ കണ്ഠം ഇടറി..
കണ്ണുകളില്‍ നീര് നിറഞ്ഞ് തുളുമ്പി..
താനെന്തോ അബദ്ധം പറഞ്ഞൂ എന്ന ധാരണയില്‍,
ജയന്:
ക്ഷമിക്കണം…..
കാര്‍ത്തിക:
ആരോട്? അമ്പലം പണിയന്നും, ആശുപത്രി കെട്ടാനും, അനാഥമന്ദിരങ്ങള്‍ പണിയാനും ഏക്കര്‍കണക്കിനു വസ്തു തീറാധാരം എഴുതിക്കൊടുത്ത എന്റെ അച്ഛന്റെ, മരണ സമയത്ത് ചുണ്ടിലിറ്റിച്ച് കൊടുത്തത് അടകുടിക്കാരന്റെ പക്കല്‍ നിന്നും കടം വാങ്ങിയ കഞ്ഞിക്കരിക്കാടിയായിരുന്നു…
പറയൂ ഞാന്‍ ആരോട് ക്ഷമിക്കണം?
നിയന്ത്രിക്കാനാവാതെ കാര്‍ത്തിക രഞ്ഞു. പിന്നെ സ്വയം കരച്ചിലടക്കി.
കാര്‍ത്തിക:
കിട്ടാനൊന്നുമില്ലാന്ന് കണ്ട് കൈയ്യോഴിഞ്ഞ ബന്ധുക്കളോടോ? നന്ദിയില്ലാത്ത നാട്ടുകാരോടോ? പ്രിവീപേഴ്സ് പോലും നിര്‍ത്തലാക്കി, രാജ്യഭരണം പിടിച്ചെടുത്ത് സ്വന്തം പള്ള വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരോടോ? അതോ മാനം വിറ്റെങ്കിലും അച്ഛനെ രക്ഷിക്കാന്‍ കഴിയാത്ത എന്നോടോ? പറയൂ.. ജയന്പറയൂ.. ആരോടാണു ഞാന്‍ ക്ഷമിക്കേണ്ടത്? അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നൂ. പതിനാലാം വയസ്സിലും ഞാന്‍ ശിശുവായിരുന്നൂ.
നിയന്ത്രണം വിട്ടവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ തല തിരിച്ച് ചുവരില്‍ ചായ്ഞ്ഞ് തേങ്ങിക്കരഞ്ഞു കൊണ്ടീരുന്നു. പെട്ടന്നവളെ പിടിക്കാനാഞ്ഞിട്ട്, പിന്നെ ആ തീരുമാനം മാറ്റി, വലത് കൈ പിന്‍വലിച്ച് ചുറ്റുപാടും നോക്കിക്കൊണ്ട് കാര്‍ത്തികയോടായി
ജയന്:
പ്ളീസ്… മാഡം…. കരയരുത്… ആരൊക്കെയോ ശ്രദ്ധിക്കുന്നൂ.
ഈ സമയത്ത് ആര്‍ട്ട് ഗ്യാലറിയിലുള്ള ചിത്രങ്ങളിലുടെ നമ്മുടെ നോട്ടം ഒഴുകി കാര്‍ത്തികയുടെ മുഖത്തെത്തുന്നു. കണ്ണീര് തുടച്ച് തിരിഞ്ഞ് കണ്ണുകളാല്‍
ചുറ്റുമൊന്ന് നോക്കി, സംയമനം പാലിച്ച്..
കാര്‍ത്തിക:
സോറി… താങ്കളുടെ താല്പര്യപ്രകാരമാണു.. നിങ്ങളുടെ പത്ര സ്ഥാപനം ഇത്തരം ഒരു എക്സിബിഷന് സ്പോണ്സര് ചെയ്തത് പലപ്പോഴും എന്റെ എന്റെ വിരലുകള്‍ക്ക് ബ്രഷിന്റെ ചലന സുഖം അനുഭവിക്കാന്‍ കാരണമാകുന്നതും താങ്കളുടെ നിര്‍ബ്ബന്ധം കൊണ്ട് മാത്രമാണു. ആ അടുപ്പമാണു. ക്ഷമിക്കണം ഞാന്‍ എന്തൊക്കെയോ പറഞ്ഞു.
വിഷയം മാറ്റിക്കൊണ്ട്,
ജയന്:
ക്ളോസ് ചെയ്യാറായി അല്ലേ?
കാര്‍ത്തിക:
അതെ…
ജയന്:
പുതിയ രചനകള്‍ വല്ലതും?
കാര്‍ത്തിക:
നാളെ ഞാനൊരു ചിത്രം പ്രദര്‍ശിപ്പിക്കും. ഒരു പക്ഷെ എന്റെ മാസ്റ്റര്‍പീസ്.. നിങ്ങളാരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്.
ജയന്:
Wish you all the best. then.. ഞാന്‍ ഇറങ്ങട്ടേ……
ജയന് തിരിഞ്ഞ് നടന്നു. അതു നോക്കി നില്ക്കുന്ന കാര്‍ത്തികയുടെ ദൃശ്യം. പശ്ചാത്തലത്തില്‍ ഒരു കാര്‍ വന്ന് നില്ക്കുന്ന ശബ്ദം.
CUT

ലേഖകന്‍: ശ്രീ. ചന്തു നായര്‍
* 2 O.B.V ( over Back Voice)
*1 നമ്മുടെ നോട്ടം എന്നു ഉദ്ദേശിച്ചത് ക്യാമറാ ചലനത്തെയാണ് .സാധാരണ തിരക്കഥയില്‍ ക്യാമറാചലനവും, ഷോട്ടുകളും എഴുതാറില്ലാ..
*************************************
228 total views, 1 views today