തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഉറച്ച് ഐശ്വര്യ റായ് ബച്ചന്‍

248

തിരിച്ചുവരവുകള്‍ എക്കാലവും വലിയ ആഘോഷങ്ങളായി മാറാറുണ്ട്. ഏറ്റവുമടുത്ത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ അഭിനയജീവിതത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. മുന്‍പ് പ്രശസ്തരായിരുന്നവര്‍ കുറേനാളുകള്‍ക്ക് ശേഷം തിരിച്ചുവരവ് നടത്തുമ്പോള്‍, അവര്‍ തിരിച്ചുവരുന്നു എന്ന സന്തോഷത്തേക്കാള്‍ പഴയ ഊര്‍ജത്തോടെ അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുമോ എന്ന കൌതുകമാവും ബഹുഭൂരിപക്ഷം ജനത്തിനും ഉണ്ടാവുക.

തിരിച്ചുവരവുകളെപ്പറ്റി വെറുതെ പറഞ്ഞതല്ല. വീണ്ടും ഒരു തിരിച്ചുവരവിന്റെ കാര്യം പറയാനാണ് ആമുഖമായി ഇത്രയും എഴുതിയത്. ഒരുകാലത്ത് ബോളിവുഡിലെ താരറാണി ആയിരുന്ന മുന്‍ ലോകസുന്ദരി ഐശ്വര്യ റായി ബച്ചന്‍ കുടുംബജീവിതത്തിന്റെ തിരക്കുകള്‍ ഉണ്ടാക്കിയ വിടവിന് വിരാമമിട്ടുകൊണ്ട് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

സഞ്ജയ് ശര്‍മ ഒരുക്കുന്ന ജസ്ബാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി ബച്ചന്‍ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. ഇര്‍ഫാന്‍ ഖാന്‍, ഷബാനാ ആസ്മി എന്നിവരാണ് ചിത്രത്തില്‍ ഐശ്വര്യ റായിയുടെ ഒപ്പം അഭിനയിക്കുന്നത്. ചിത്രം ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ എത്തും.

ഐശ്വര്യ റായി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിനിന്ന സമയത്താണ് അഭിഷേക് ബച്ചനുമായി വിവാഹം നടന്നതും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കുന്നതിനായി അഭിനയത്തോട് താല്‍ക്കാലികമായി വിട പറഞ്ഞത്. ജസ്ബായുടെ ട്രെയിലര്‍ കാണുമ്പോള്‍ ഐശ്വര്യ തിരിച്ചുവരവ് ഗംഭീരമാക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടതും.