തിരുത്ത്

226

ഇതിപ്പോ അഞ്ചാമത്തെ പ്രാവശ്യമാണിത് വായിക്കുന്നത്. എഴുത്തില്‍ പിഴവൊന്നും ഉണ്ടാകില്ലെന്നറിയാം , കുറച്ചു നാളായി ഇങ്ങനെയാണ് , നിര്‍വികാരനായി എന്തൊക്കെയോ എഴുതി നിറയ്ക്കുന്നു ; സത്യം പറഞ്ഞാല്‍ പച്ചക്കള്ളങ്ങള്‍ എഴുതിക്കൂട്ടുന്നു.

സത്യത്തിനു ഒരു വിലയും ഇല്ലെന്നു മനസിലായപ്പോഴാവണം എന്റെ എഴുത്തിനു മാറ്റം വന്നു തുടങ്ങിയത് ; അല്ല ! അസത്യത്തിനു നല്ല വിലയുണ്ടെന്ന ബോധ്യമായപ്പോഴാണ് വഴിമാറി നടക്കല്‍ തുടങ്ങിയത് . കഴിഞ്ഞ ഇരുപതുവര്‍ഷം കൊണ്ട് ഞാന്‍ നേടിയെടുത്ത സല്‍പേര് , അത് ആദ്യമായി ദുരുപയോഗം ചെയ്തപ്പോള്‍ മനസുനീറി; ഉറക്കമില്ലാത്ത ഒരുപാട് നാളുകള്‍ അത് സമ്മാനിച്ചു. പിന്നെയെപ്പോഴോ അതിനോടൊക്കെ താദാത്മ്യം പ്രാപിച്ചു .

ഇത്ര നാളത്തെ സത്യസന്ധത കൊണ്ട് ഞാനെന്തു നേടി ?
ഒരു ഡോക്ടറുടെ ഭാര്യയെന്നു പറയാന്‍ അവള്‍ക്കു നാണമായി തുടങ്ങി. മകള്‍ വളര്‍ന്നു വരുന്നു , സ്വന്തമായി നല്ലൊരു വീടില്ല , സ്വത്തുവകകളില്ല , കാരണവന്മാര്‍ ഒന്നും തന്നില്ല , മുന്തിയ ജാതിയായത് കൊണ്ട് ആനുകൂല്യങ്ങളും ഇല്ല. പിന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ട്.

നന്മവറ്റിയ ഈ സമൂഹത്തില്‍ കാല്‍ക്കാശിനു വിലയില്ലാത്ത ഒരു ഇമേജ് , അത് മാത്രമായിരുന്നു എന്റെ സമ്പാദ്യം !
വഴിവിട്ടു സമ്പാദിക്കുവാന്‍ തുടങ്ങിയപ്പോള്‍ , വീട്ടില്‍ , മുന്‍പില്ലാത്ത വിധം ഒരു സന്തോഷം കാണാനുണ്ടായിരുന്നു , മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഞാന്‍ ഉയരുന്നതിന്റെ ആശ്വാസമാവാം …

ആദ്യം ഒരു തോട്ടം തൊഴിലാളി തമിഴത്തി , ഏതു കൊച്ചു കുഞ്ഞും പറയും അത് ബലാല്‍സംഗം ആണെന്ന്; അല്ലെന്നു വരുത്തുന്നതിലല്ലേ കഴിവ് ?!
ഞാനത് ഭംഗിയായി ചെയ്തു , എന്നെ കാത്തു കിടന്ന ഒരു അവധിക്കാല ബംഗ്ലാവിനു വേണ്ടി. അന്ന് മുതലാണ് എന്റെ കഴിവുകള്‍ ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. പിന്നീടൊരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല; വേലക്കാരികള്‍ , കൂലിപ്പണിക്കാരികള്‍ , അഗതികള്‍ , വേലിചാടിയവര്‍ അങ്ങനെ പലരും , ഏറ്റവുമൊടുവില്‍ ദാ ഇവള്‍ , ബധിരയും മൂകയുമായ ഒരു കൊച്ചുസുന്ദരി.
കണക്കു പറഞ്ഞു കാശു വാങ്ങുന്നുണ്ട് ഞാന്‍ , അതിനു കഴിവുള്ളവരുടെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യുനതും. പ്രതിയുടെ മാനത്തിനു ഞാന്‍ ഇടുന്ന വില ! ഹാ എന്തൊരു സൗഭാഗ്യം .
അവിടം കൊണ്ട് തീരുന്നില്ല , ഇത്ര വലിയൊരു കച്ചവടം തരപ്പെടുത്തി തന്നതിന് ഉപകാര സ്മരണ , പരേതയുടെ വീട്ടുകാര്‍ക്ക് ; ശിഷ്ടകാലം ജീവിക്കാനുള്ള വക. അവിടെയേ കച്ചവടം അവസാനിക്കുന്നുള്ളൂ.

അല്ലെങ്കിലും ഇവളൊക്കെ ജീവിച്ചിരുന്നാലും ഇതില്‍ കൂടുതലൊന്നും ആ കുടുംബങ്ങള്‍ക്ക് കിട്ടാനില്ല.

അഭിപ്രായം : ‘ എന്റെ അറിവും വിശ്വാസവും പ്രകാരം , മരണകാരണം തലയ്ക്കു പിന്നില്‍ ഏറ്റ ശക്തമായ ക്ഷതവും , ബലാല്‍ക്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായ ശ്വാസതടസ്സവും ഹൃദയാഘാതവും ആണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള മുറിവുകളും സ്രവങ്ങളും വ്യക്തമാക്കുന്നത് ഒന്നിലേറെ പേരുടെ ക്രൂരമായ പീഡനത്തിനു ഈ പെണ്‍കുട്ടി വിധേയയായിരുന്നു എന്നതാണ് ‘

റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം ഒന്നുകൂടെ വായിച്ചുറപ്പിച്ചു കവറിലാക്കി സീല്‍ ചെയ്തു.
ഇതൊരിക്കലും ഒരു മനംമാറ്റം ആയിരുന്നില്ല ; ജഡം പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആ വീട്ടുകാരുടെ കണ്ണുകള്‍ എന്നോടാവശ്യപെട്ടതും ഇത് തന്നെയാണ്. മുഴുപട്ടിണിയായിട്ടു കൂടി , പണത്തിനും മീതെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു , നീതി മാത്രമാണ് വേണ്ടതെന്നു ആവശ്യപെട്ട ആ കുടുംബം ഇതര്‍ഹിക്കുന്നു.
ഈ ഒരു റിപ്പോര്‍ട്ട് ഒന്നുമാകുന്നില്ല , പോലീസ് കോടതി അങ്ങനെ ഒരുപാട് നൂലാമാലകള്‍ . എന്നെങ്കിലും അവര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്കില്ല ; കോടതിയില്‍ വാദിയെ പ്രതിയാകുന്ന പ്രഗല്‍ഭരുടെ മുന്നില്‍ എത്രനാള്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകും ?!

ഇതിലെന്റെ ലാഭം ഒരു രാത്രിയിലെ സുഖനിദ്ര മാത്രമാകാം ; അല്ലെങ്കിലും അലാറം വെച്ച് രാത്രി കിടക്കുമ്പോള്‍ ,രാവിലെ അത് കേട്ടുണരാന്‍ നമ്മള്‍ ജീവനോടെ ഉണ്ടാകും എന്നത് വെറും വിശ്വാസം മാത്രമല്ലെ !!!
എന്നത്തെയും പോലെ ‘എന്റെ ശരി’ക്ക് മാത്രം മുഖം കൊടുത്തു ഓഫീസില്‍ നിന്നിറങ്ങുന്നു.

പ്രായോഗികതക്കപ്പുറം ചില നേരുകള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിനെ അവഗണിക്കാന്‍ എനിക്കാവുമായിരുന്നില്ല . ‘ ഭിക്ഷ കൊടുക്കുമ്പോഴും പാത്രമറിഞ്ഞു കൊടുക്കണം ‘ എന്ന് പഠിപ്പിച്ച അപ്പുപ്പന്റെ മുഖം അവ്യക്തതയോടെ ഞാനിന്നും ഓര്‍ക്കുന്നു.