സൈക്കോളജിസ്റ്റ് റോബിൻ മാത്യു (Robin Mathew) എഴുതുന്നു

=====

എന്റെ സർവ്വീസ് എപ്പടി?
{Please give five star ratings}

തീർത്ഥാടനത്തിന് പോയി ഒരുവർഷം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എത്ര അധികമാണ്? ഒരു പക്ഷേ ഇന്ത്യയിലെ ഒരു ഏജൻസിയും ഇങ്ങനെയൊരു പഠനവും നടത്തിയിട്ടുണ്ടാവില്ല. ഏതൊക്കെ റോഡുകളിൽ എത്രയധികം അപകടങ്ങൾ ഉണ്ടാകുന്നു എന്ന് പോലും വ്യക്തമായ തരം തിരിച്ച കണക്കുകൾ നമുക്ക് ലഭ്യമല്ല..

മറ്റ് എവിടെയെങ്കിലും പോകുമ്പോൾ ഉണ്ടാവുന്ന അതേ രീതിയിലുള്ള അപകടം തന്നെയല്ലേ തീർത്ഥാടനത്തിന് പോകുമ്പോഴും ഉണ്ടാകുന്നത്? പോകുന്ന കാര്യവും അപകടവുമായി വല്ല ബന്ധമുണ്ടോ?

റോബിൻ മാത്യു
റോബിൻ മാത്യു

ഒരു പക്ഷേ ഇവ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല .. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ ചിന്തിക്കുന്നത് നല്ലതാണ്. എന്തിനാണ് ഒരാൾ തീർത്ഥാടനത്തിന് പോകുന്നത്? അത് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുവാനും, നന്മ ഉണ്ടാകുവാനും, കുട്ടികളുണ്ടാകുവാനും, പരീക്ഷയ്ക്ക് ജയിക്കാനും സമ്പത്തുണ്ടാക്കാനും ഒക്കെയാണ്. ഇതിനുവേണ്ടി ദൈവത്തിന് കൈക്കൂലി കൊടുത്ത് പ്രാർത്ഥിച്ചു തിരിച്ചുവരുമ്പോഴാണ് നിരത്തുകളിൽ ക്രൂരമായി ഇവർ കൊല ചെയ്യപ്പെടുന്നത്..

ഒരു ചെറിയ പനിയുമായി ഒരാൾ ഒരു ആശുപത്രിയിൽ പോയി , അവിടെ വച്ച് രോഗി മരിക്കുന്നു എന്ന് കരുതുക. മരണം നടന്നത് മെഡിക്കൽ അലംഭാവം മൂലമോ,കൈപ്പിഴ മൂലമോ,അനഫലിറ്റിക്ക് ഷോക്ക് പോലെയുള്ള കയ്യിൽ ഒതുങ്ങാത്ത കാര്യം മൂലമോ ആണ് എന്ന് കരുതുക. കാരണം എന്തായാലും ശരി , തീർച്ചയായും ജനം ആശുപത്രി തല്ലിപ്പൊട്ടിക്കുകയും, ഡോക്ടർമാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യും. കുറഞ്ഞ പക്ഷം ഗൂഗിളിൽ ആശുപത്രിയെ പറ്റി മോശം റിവ്യൂ എങ്കിലും ഇടും.

എന്നാൽ പരാജയപ്പെട്ടുപോയ ദൈവത്തിനുവേണ്ടി ഇതുപോലെ ആരും റിവ്യൂ ഇട്ട് കാണാറില്ല.

തീർത്ഥാടനം കഴിഞ്ഞു തിരിച്ചു വരുമ്പോൾ അപകടം ഉണ്ടാകാൻ എന്തെങ്കിലും കാരണമുണ്ടോ? സാങ്കേതികപരമായി ഒരു കാരണവുമില്ല..പക്ഷേ മനശാസ്ത്രപരമായ ചില കാരണങ്ങൾ കണ്ടെത്താവുന്നതാണ്..

ഒരു മനശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട് ..പ്രാർത്ഥിച്ചിട്ട് തിരിച്ചുവരുമ്പോൾ ആൾക്കാർക്ക് ഒരു മിഥ്യാബോധം ഉണ്ടാകുന്നു. തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്നൊരു അമിത ആത്മവിശ്വാസമാണ് ഇവരെ നയിക്കുന്നത്. എങ്ങനെ വണ്ടി ഓടിച്ചാലും നമ്മൾ പോയത് ഇന്ന സ്ഥലത്ത് ആയതുകൊണ്ട്, അദ്ദേഹത്തിൻറെ അനുഗ്രഹം നമ്മൾക്കൊപ്പം ഉള്ളതുകൊണ്ട് ഒരു അപകടവും സംഭവിക്കില്ല എന്നുള്ള ചിന്തയിൽ നിന്ന് ഇവർ ട്രാഫിക് നിയമങ്ങൾ നല്ലതുപോലെ ലംഘിക്കാറുണ്ട്.ഇത് അപകടങ്ങൾ വരുത്തി വെക്കുന്നു ..
(ഇത് വ്യക്തമായി തെളിയിച്ചിട്ടോന്നുമില്ല. ഒരുപക്ഷേ തെളിയിക്കാൻ സാധിക്കുകയുമില്ലായിരിക്കാം,)

ഇനിയെങ്കിലും ആൾക്കാർ ദൈവങ്ങളിൽ നിന്ന് കിട്ടുന്ന സർവീസിന് ഒരു ഗൂഗിൾ റിവ്യൂ ഇടുന്നത് നല്ലതാണ് എന്ന് എനിക്ക് തോന്നുന്നു.

ഉദാ: ഞാൻ ഇന്ന തീർത്ഥാടന കേന്ദ്രത്തിൽ പോയി ഇന്ന ദൈവത്തോട് ഇത്ര രൂപ മുടക്കി പ്രാർത്ഥിച്ചു ..പക്ഷേ അദ്ദേഹത്തിൻറെ സർവീസ് വളരെ മോശമാണ്. എനിക്ക് പ്രയോജനമുണ്ടായില്ല. മാത്രമല്ല അദ്ദേഹത്തെ കാണാൻ പോയി തിരിച്ചുവന്നപ്പോൾ എന്റെ കുടുംബം അപകടത്തിൽപെട്ടു..”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.