തുടര്‍ച്ചയായ നാല് തോല്‍വികളില്‍ നിന്നും ച്യാമ്പന്‍ പട്ടത്തിലേയ്ക്കുള്ള യാത്ര: മുംബൈ നല്‍കുന്ന കൂട്ടായ്മയുടെ മാതൃക

225

mumbai_indians_boolokam
ഈ ഐ.പി.എല്‍. സീസണില്‍ മത്സരിച്ച ആദ്യ നാല് കളികളില്‍ തോല്‍വി. അക്കാരണം കൊണ്ടുതന്നെ കടുത്ത ആരാധകര്‍ പോലും ഉപേക്ഷിച്ചു തുടങ്ങിയിരുന്നു മുംബൈ ഇന്ത്യന്‍സിനെ. എന്നാല്‍, ‘മുബൈയാണ്, അവര്‍ തിരിച്ചു വരും’ എന്ന് അക്ബര്‍ സ്‌റ്റൈലില്‍ ആരോ പറഞ്ഞത് അവരും കേട്ടിട്ടുണ്ടാവണം. കാരണം, അടുത്ത കളി മുതല്‍ കണ്ടത് രൂപത്തിലും ഭാവത്തിലും അപ്പാടെ മാറിയ ഒരു മുംബൈയെ ആയിരുന്നു. ചാരത്തില്‍ നിന്നും ഉയിര്‍ത്ത് വരുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ ഐ.പി.എല്‍. ച്യാമ്പന്‍ പട്ടം ഉയര്‍ത്തി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ: ഇത് കൂട്ടായ്മയുടെ വിജയം.

ആവേശോജ്ജ്വലം ആയിരുന്നു മുംബൈചെന്നൈ ഫൈനല്‍ മത്സരം. രണ്ടു വര്ഷം മുന്‍പ് മുംബൈ ആദ്യമായി ഐ.പി.എല്‍. കിരീടം നേടിയപ്പോഴും എതിരാളികള്‍ ചെന്നൈ തന്നെ ആയിരുന്നു. ഇത്തവണ ആദ്യ ക്വാളിഫയറിളും മുംബൈ ചെന്നൈയെ മടക്കിക്കെട്ടി. തീര്‍ച്ചയായും ആ ആത്മവിശ്വാസവും മുംബൈയുടെ തുണയ്ക്കുണ്ടായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ചെന്നൈയെ തീര്‍ത്തും നിഷ്പ്രഭരാക്കിയ മുംബൈയുടെ പോരാട്ടവീര്യം ഒരിക്കല്‍ കൂടി നമ്മുക്കൊന്ന് റീവൈന്‍ഡ് ചെയ്തു നോക്കാം.

  • രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2013ല്‍ ചെന്നൈയെ തന്നെ തോല്‍പ്പിച്ച് മുംബൈ ആദ്യ കിരീടം നേടിയതും ഇതേ മൈതാനത്ത് തന്നെ ആയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്.
  • രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ലെന്‍ഡന്‍ സിമന്‍സും ചേര്‍ന്ന് കേവലം 67 പന്തുകളില്‍ നേടിയ 117 റണ്‍സ് കൂട്ടുകെട്ട് മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ മുതല്‍ക്കൂട്ടായി.
  • ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യതിഗത സ്‌കോര്‍ ഉടമയായ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ ഒരേസമയം പിടിച്ചു നില്‍ക്കുവാനും അടിച്ചു മുന്നേറുവാനും സഹായിച്ചു.
  • ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായിട്ടും അത് ഒരിക്കല്‍ പോലും ടീമിനെ ബാധിക്കാതിരുന്നത് രോഹിത്തിന്റെ അവസരോചിതമായ ബാറ്റിംഗ് കൊണ്ടാണ്.
  • ഓപ്പണര്‍ ലിന്‍ഡന്‍ സിമന്‍സ് 45 ബോളുകളില്‍ നിന്നും അടിച്ചുകൂട്ടിയത് 67 റണ്‍സ്. രോഹിത് ശര്മയുമായി ഉള്ള കൂട്ടുകെട്ട് ടീമിന് ഏറെ ഗുണം ചെയ്തു.
  • രോഹിത്തും സിമന്‍സും പോയിട്ടും പതറാതെ പിടിച്ചു നിന്ന മുംബൈ ബാറ്റിംഗ് നിര. 18 പന്തുകളില്‍ നിന്നും 36 റണ്‍സ് അടിച്ച പൊള്ളാര്‍ഡ് ഒരിക്കല്‍ കൂടി തന്റെ സംഹാര ശേഷി പുറത്തെടുത്തു.
  • പൊള്ളാര്‍ഡിന്റെ ഒപ്പം നിന്ന് അമ്പാട്ടി റായിഡ്ഡു നേടിയ 36 റണ്‍സ് ടീം ടോട്ടലില്‍ നിര്‍ണായകമായി. 24 പന്തുകളില്‍ നിന്നാണ്റായിഡ്ഡു ഇത് നേടിയത്.
  • മുംബൈയുടെ വിജയത്തില്‍ തീര്‍ച്ചയായും രോഹിത് ശര്‍മ എന്ന ക്യാപ്റ്റന്റെ പങ്ക് വളരെ നിര്‍ണായകം ആയിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഈ സൂപ്പര്‍ ക്യാപ്റ്റനു സ്വന്തം.
  • ഇതിനിടയിലും, മുംബൈ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിനെ പുറത്താക്കാന്‍ ഡ്ഡുപ്ലിസ് എറിഞ്ഞ അണ്ടര്‍ഹാന്‍ഡ് ഡൈവിംഗ് ത്രോ ഏറെ മികച്ചു നിന്നു. ഒരുപക്ഷെ, ചെന്നൈക്കാര്‍ക്ക് അഭിമാനിക്കുവാന്‍ കിട്ടിയ ചുരുക്കം ചില അവസരങ്ങളില്‍ ഒന്ന്.
  • ഒരു ഘട്ടത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ധോണി മുംബൈക്ക് വെല്ലുവിളിയായി തീര്‍ന്നുവെങ്കിലും പതിനാറാം ഓവറില്‍ തന്നെ ധോണിയെ മടക്കി മുംബൈ എല്ലാം ഭദ്രമാക്കി. ആകെ 6 ഫൈനലുകള്‍ കളിച്ച ചെന്നൈക്ക് ഇത് നാലാം തോല്‍വി.