leader

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം തികച്ചും അവിശ്വസനീയമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ കഴിവോ സൌഹൃദമോ അല്ല ഇതിനു കാരണം എന്നത് പകല്‍ പോലെ വ്യക്തമായ ഒന്നാണ്. തൃശൂര്‍ ലീഡറിന്റെ തട്ടകമാണ്. സത്യത്തിന്റെ നാടാണ്. അതെന്നും കോണ്‍ഗ്രസ്സിന് നിലകൊള്ളുന്ന മണ്ഡലമാണ്. കൂടാതെ ക്രൈസ്തവ സഭയുടെ വ്യക്തമായ സാന്നിധ്യമുള്ള ഇവിടെ അവരുടെ പിന്തുണ കൂടി യുഡിഎഫ് നേടിയിരുന്നു. അങ്ങനെയെങ്കില്‍ എന്താണ് ഈ കനത്ത പരാജയത്തിനു കാരണം..?? അതും ലീഡര്‍ കെ കരുണാകരന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പുത്രി മത്സരിക്കാനെത്തിയപ്പോള്‍.. മറുവാക്കില്ലാതെ പറയുവാന്‍ സാധിക്കും, ഇതിനുപിന്നില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്ന്.  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ആയിരുന്ന ലീഡര്‍ കെ കരുണാകരന്റെ മകള്‍ തൃശൂര്‍ പോലുള്ള ഉറച്ച സീറ്റില്‍ പരാജയപെട്ടു എങ്കില്‍ അത് മാത്രമാണ് കാരണം. ലീഡറെ പണ്ട് പിന്നില്‍ നിന്നും കുത്തിയവര്‍ ഇന്ന് മകളെയും രാഷ്ട്രീയപരമായി ഉപദ്രവിച്ചിരിക്കുന്നു. ആദര്‍ശവും ധാര്‍മികതയും വിളമ്പി ലീഡറെ രാജി വെപ്പിച്ച്, ഇന്ന് ധാര്‍മികതയെ കാറ്റില്‍ പറത്തി നടക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ തന്നെയാണ് ശ്രീമതി പത്മജ വേണുഗോപാലിന്റെ പരാജയത്തിനു പിറകില്‍. ജില്ലയിലെ പ്രസ്ഥാനത്തിന്റെ നിലവിലെയും, തൊട്ടു മുന്‍പിലെയും അധ്യക്ഷന്മാര്‍ക്ക് വ്യക്തമായ പങ്ക് ഉണ്ടാവാമെന്ന് ഉറപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ വിമര്‍ശനത്തിന്റെ സ്വരമുയര്‍ത്തി പത്മജ വന്നത് ഈ സംശയത്തെ സാധൂകരിക്കുന്നു.

ലീഡറുടെ പിന്മുറക്കാരെ ഓടി നടന്നു തോല്‍പ്പിക്കാന്‍ കാണിച്ചതിന്റെ ഒരംശമെങ്കിലും അവരുടെ വിജയത്തിനായി ശ്രമിച്ചിരുന്നുവെങ്കില്‍ അമ്പേ പരാജയപ്പെട്ട യുഡിഎഫിന് അല്‍പ്പമെങ്കിലും നിവര്‍ന്ന് നില്‍ക്കാമായിരുന്നു. ഇതേ അവസ്ഥ തന്നെ വട്ടിയൂര്‍ക്കാവില്‍ അസാധ്യവിജയം സ്വന്തമാക്കിയ കെ. മുരളീധരനും നേരിട്ടിട്ടുണ്ട്. കരുണാകരന്റെ പൈതൃകം തന്നെ ഇല്ലാതാക്കനുള്ള പാര്‍ട്ടിയിലെ ചില മുഖ്യകക്ഷികളുടെ ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. രണ്ടുപേരേയും തിരഞ്ഞെടുപ്പില്‍ നിസ്സഹരണത്തിലൂടെയും അണ്ടര്‍പ്ലേകളിലൂടെയും പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ പത്മജ പൂര്‍ണ്ണമായും ഇരയാവുകകയായിരുന്നു. രണ്ടുമണ്ഡലവും യുഡിഎഫിന്  വിജയം ഉറപ്പുള്ളതുമാണ്. ഇവിടെയാണ് അതിശക്തമായ കോണ്‍സ്പിരസി നടന്നത് പ്രകടമാകുന്നത്. വട്ടിയൂര്‍ക്കാവിന്റെ ഭൂമിശാസ്ത്രം നന്നായറിയാവുന്ന മുരളീധരന് പിഴച്ചില്ല. നിലവില്‍ അവിടെ ക്ലീന്‍ ഇമേജുള്ള മുരളീധരന്‍ ഇപ്പൊ ലഭിച്ചതിലും ഉയര്‍ന്ന് വോട്ട് നേടാതെ പോയതില്‍ കോണ്‍ഗ്രസ്സിന്റെ കളിക്ക് പങ്കുണ്ട്. ആരുടേയും താങ്ങും തണലുമില്ലാതെ സ്വന്തം കഴിവുകൊണ്ട് മുരളീധരന്‍ നേടിയ ഈ വിജയത്തില്‍ പങ്കുചേരാന്‍ കോണ്‍ഗ്രസ്സിലെ മറ്റാര്‍ക്കും അവകാശമില്ല. രാഷ്ട്രീയത്തിന്റെ കാണാക്കളികളില്‍ അത്ര പരിജ്ഞാനവും അനുഭവങ്ങളുമില്ലാത്ത പത്മജ അവരുടെ കണക്കുകൂട്ടലുകള്‍ക്ക് മുന്നില്‍ ബലിയാടാവുകയും ചെയ്തു.  ലീഡറെ പിന്നില്‍ നിന്ന് കുത്തിയവര്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. പ്രസ്ഥാനത്തെക്കാള്‍ വലുത് ഗ്രൂപ്പ് ആണെന്നുള്ള അവരുടെ ചിന്താഗതികളാണ് തൃശ്ശൂരില്‍ കോണ്‍ഗ്രസിനെ പരാജയത്തിന്റെ കയ്പ്പ് നീരു കുടിപ്പിച്ചത്. സോളാറിലും, പാമോയിലിലും ഗ്രൂപ്പിന് അധീതമായി ഒറ്റക്കെട്ടായി നിന്നതിനു നല്കിയ ശിക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ട കരുണാകരനോട് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. താന്‍ വളര്‍ത്തിയവര്‍ തന്നെ അവസാനകാലത്ത് തനിക്കിട്ട് പണിതരുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ, പ്രതികരിക്കാനാവാതെ നീറി മരിച്ച അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ല ഈ രാഷ്ട്രീയ നപുംസകങ്ങളോട്.  എല്ലാ ചെയ്തികള്‍ക്കും  കാലം ഒരുനാള്‍പകരം ചോദിക്കും എന്നത് മാത്രമാണ് പരമമായ സത്യം.

Advertisements