മാറി മാറി വരുന്ന കാലാവസ്ഥയും ചൂടുള്ള സമയത്ത് അപ്രതീക്ഷിതമായ തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം.
തൊണ്ട വേദന കാരണം വെള്ളം കുടിക്കാന്‍ പോലും പാടുപെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ ? . എന്നാല്‍ ഇനി വിഷമിക്കേണ്ട. ചില പൊടിക്കൈകള്‍ ഇതാ …
തൊണ്ടവേദനയ്ക്ക് ഇരട്ടിമധുരം അത്യുത്തമമം ആണ്. ഇരട്ടിമധുരം, ജാതിക്ക ഇവ സമാസമമെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദന മാറും. ഇതിന് പുറമെ തൊണ്ടവേദന ശമിപ്പിക്കാന്‍ മറ്റുചില നാടന്‍ വൈദ്യങ്ങളുമുണ്ട്. വീട്ടില്‍ വച്ച് ആര്‍ക്കും പ്രയോഗിക്കാവുന്ന അത്തരം ചില വൈദ്യങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്. ഒരു ഗ്ലാസ് ചായപ്പൊടിയിട്ട ജലത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക. വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്.ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക. മറ്റൊരു പോംവഴി, ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല് ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.