തൊഴില്‍ തേടി – മോഹന്‍ പൂവത്തിങ്കല്‍..

0
303

new

ഉച്ച മയക്കത്തിന്റെ ആലസ്യമുണര്‍ന്ന് മനോജ് ചായ കുടിക്കുവാനിരുന്നു. അതാ മുറ്റത്തു നിന്ന് ഒരു സ്ത്രീ ശബ്ദം. അമ്മച്ചീീീ.. ഒരു ചെറുപ്പക്കാരി നീട്ടി വിളിക്കുന്നു. അതിനെ തുടര്‍ന്ന് ഒരു പുരുഷ ശബ്ദം നീട്ടി വിളിക്കുന്നു. ചേച്ചീീീ.. ആ വിളികള്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു. അയാള്‍ പതുക്കെ എഴുന്നേറ്റു പുറത്തേക്കു നടന്നു. നമസ്‌കാരം, സാര്‍ ഞങ്ങള്‍ കുറച്ചു പ്രൊഡകറ്റ് പരിചയപ്പെടുത്തുവന്‍ വന്നതാണ്. സാര്‍ വാങ്ങിക്കണമെന്നില്ല. ഞങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ് കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുകയില്ല. ഞങ്ങള്‍ മാനേജ്‌മെന്റ് ട്രൈനിംഗിന്റെ ഭാഗമായാണ് ഈ പ്രോഡക്റ്റ് ഇവിടെ വില്‍ക്കുവാന്‍ വന്നത്. അവര്‍ വാചാലമായി.

ഇതിനിടയില്‍ അവര്‍ അവരുടെ ബാഗുകള്‍ തുറന്ന് ഓരോന്നായി പുറത്തെടുത്തു കാണിക്കുവാന്‍ തുടങ്ങി.

മനോജ് പതുക്കെ അയാളുടെ പൂര്‍വ്വ കാല സ്മരണകളിലേക്ക് ചേക്കേറാന്‍ തുടങ്ങി. അയാള്‍ M.B.A.യും M.C.A. യും കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന കാലം. അതാ പത്രത്തില്‍ ആകര്‍ഷണീയമായ പരസ്യം.

പത്താം തരത്തിനു മുകളിലുള്ളവര്‍ക്ക് കമ്പനി മാനേജരാകാം. ശമ്പളം രൂപ. പതിനയ്യായ്യിരം മുതല്‍. പല സ്ഥലത്തും അപേക്ഷ അയച്ച് മടുത്ത് മാനം നോക്കിയിരിക്കുന്ന സമയം. അയാള്‍ ഉടനെ അപേക്ഷയും ബയോഡാറ്റയും കമ്പനിയിലേക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളി വന്നു. കണ്‍ഗ്രാജ്ജുലേഷന്‍സ് മി. മനോജ്. നിങ്ങളെ കെന്റ് സ്മാര്‍ട്ട് കമ്പനിയിലേക്ക് ട്രൈയിനിയായി സെല്ക്റ്റ് ചെയ്തിരിക്കുന്നു. മഞ്ചേരി ടൗണിലാണ് ഈ സ്ഥാപനം. ഭക്ഷണവും, താമസവും നിങ്ങള്‍ക്ക് സൗജന്യമാണ്. മൂന്ന് ആഴ്ചയിലേക്കുള്ള ഡ്രസ്സും മറ്റും എടുക്കണം. നാളെ തന്നെ ജോയിന്‍ ചെയ്യാം. ട്രൈനിംഗ് പിരീഡില്‍ സാലറിയോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല.പഞ്ചാര വാക്കുകള്‍ ഇടമുറിയാതെ വന്നു കൊണ്ടിരുന്നു.

അതിനിടയില്‍ മനോജ് ആരാഞ്ഞു. മനാേജര്‍ പോസ്റ്റ എന്ന് ഉദ്ദേശിക്കുന്നത് മാര്‍ക്കറ്റിംഗ് ആണോ. ഞന്‍ M.B.A. ഫിനാന്‍സ് ആണ്. മനോജ് മാര്‍ക്കറ്റിിംഗ് സെക്ഷനല്ലെന്ന് സംശയ നിവര്‍ത്തിയും വരുത്തി.

മനോജ് സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്ത് മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം വാങ്ങി ജോലിക്കായി പടിയിറങ്ങി. അച്ഛന് ശകുനത്തില്‍ നല്ല വിശ്വാസമാണ്. മകനെ യാത്രയാക്കന്‍ പുറപ്പെട്ടപ്പോള്‍ ശകുനം നോക്കി.

അതാ ഒരു ദുശ്ശകുനം നേരെ വരുന്നു. അച്ഛന്റെ സ്വപനം തകര്‍ന്നു. എന്നാലും മകന്‍ മാനേജരായി കമ്പനിയില്‍ കയറണം. 3 മാസത്തെ ട്രൈനിംഗ് കഴിഞ്ഞാല്‍ മകന്‍ ഉദ്യോഗസ്ഥനായി. അച്ഛന്‍ ആശ്വാസം കൊണ്ടു.

വിഘ്‌നേശ്വരാ, എല്ലാ തടസ്സങ്ങളും നീക്കി. മകനെ അനുഗ്രഹിക്കണേ എന്ന് പ്രാത്ഥിച്ചു അമ്മയും അനുഗ്രഹിച്ചു യാത്രയാക്കി.

മനോജ് യാത്ര ചെയ്യവേ ഓഫിസ്സില്‍ നിന്ന് കോള്‍ വന്നു. യാത്ര പുറപ്പെട്ടോ? തനിച്ചാണോ? അസിസ്റ്റന്റ് മനാേജര്‍ അബ്ദുളിന്റെ അന്വേഷണം മഞ്ചേരിയില്‍ എത്തിയ മനോജ് അസി. മാനേജരെ വിളിച്ച് വഴി തിരക്കി.അയാള്‍ പറഞ്ഞതനുസരിച്ച് ബസ്സിറിങ്ങി. സ്‌റോപ്പില്‍ അബ്ദുള്‍ കാത്തു നിന്നിരുന്നു. അബ്ദുള്‍ ചൊറുചൊറുക്കുള്ള 23 വയസ്സ് പ്രായമുള്ള ഒരു യുവ കോമളന്‍.

അയാള്‍ മനോജിനേയും കൂട്ടി ഒരു ഇടവഴിയിലുടെ നടന്നു. ഒരു പഴയ കെട്ടിടത്തിലേക്ക് നയിച്ചു. ഒരു മുറി കാണിച്ച് അവിടെ വിശ്രമിച്ചുകൊള്ളുവാന്‍പറഞ്ഞ് അബ്ദുള്‍ അവിടെ നിന്ന് പുറത്തേക്ക് നടന്നു.

മനോജ് ആ മുറിയാകെ ചുറ്റിനും ഒന്നു നോക്കി. മടുപ്പിക്കുന്ന ഗന്ധം. പഴയ ഡ്രസ്സുകള്‍ അവിടവിടെയായി വലിച്ചിട്ടിരിക്കുന്നു. ഏതാനും ബാഗുകള്‍ അവിടവിടെയായി കിടപ്പുണ്ട്. മനോജ് ഡ്രസ്സ മാറി പുറത്ത് വന്നു. അത് ഒരു ഹാളായിരുന്നു. ഹാളില്‍ T.V. കണ്ടുകൊണ്ട് അബ്ദുള്‍ ഇരിക്കുന്നുണ്ടായിരുന്നു.

അബ്ദുള്‍ മനോജിനെ T.V. കാണുവാന്‍ സ്വാഗതം ചെയ്തു. T.V. കാണുന്നതിനിടയില്‍ മറ്റൊരു ചെറുപ്പക്കാരന്‍ (30 വയസ്സ് പ്രായം തോന്നിക്കും) കയറിവന്നു. അപ്പോള്‍ അബ്ദുള്‍ പറഞ്ഞു അതാണ് നമ്മുടെ മാനേജര്‍ ജലാമുദ്ദിന്‍. 70,000 രുപ ശമ്പളം ഉണ്ട്. ഒരു പണിയും ഇല്ല. അതാ അയാള്‍ വന്ന് പരിചയപ്പെട്ടു. ഉടനെ തന്നെ ബൈക്ക് എടുത്ത് അയാള്‍ മടങ്ങി.

അബ്ദുളിന് എത്രയാ ശമ്പളം മനോജ് ആരാഞ്ഞു. 15,000 രൂപ. ഇതാ കണ്ടില്ലേ എനിക്കും പണിയൊന്നുമില്ല.

കമ്പനിക്ക് ചാലക്കുടിയില്‍ സോപ്പു നിര്‍മ്മണം മുതല്‍ ഇലക്ട്രോണിക്‌സ് ഉപകരണം വരെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററിയുണ്ട്. വിദേശത്തേക്കും നമ്മുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

ട്രൈ്‌നിംഗിന് മറ്റു വല്ലവരും ഉണ്ടോ?

ഉണ്ട്. അവര്‍ പുറത്ത് കറങ്ങാന്‍ പോയിരിക്കുകയാണ്.

കുറച്ചു കഴിഞ്ഞ് അവര്‍ തിരിച്ചുവരും. നമുക്ക് പുറത്ത് ഒന്നു കറങ്ങിയിട്ടു വരാം. അബ്ദുള്‍ മൊഴിഞ്ഞു.

ഇരുവരും യാത്രയായി. മഞ്ചേരിയില്‍ പോയി, കടയില്‍ നിന്ന് ഐസ്‌ക്രീം ,മസാല ദോശ എന്നിവ കഴിച്ചു. അബ്ദുളിന് ഒരു ഫോണ്‍ വന്നു.

ഒരു അച്ഛനും മകനും അയാളുടെ അടുത്തേക്ക് വന്നു. അവര്‍ വന്ന് പരിചയപ്പെട്ടു.

മകന്‍ രാജ്ജുവിനെ കംപനിയില്‍ ചേര്‍ത്താന്‍ കോഴിക്കോട്ടു നിന്ന് വന്നതാണ്.

അടുത്ത ബസ്സില്‍ തന്നെ അവര്‍ എല്ലാവരും കയറി ഓഫിസ്സിലേക്കു തിരിച്ചു.

രാജ്ജൂ, മനോജിനെപ്പോലെ മാനേജ്‌മെന്റ് ട്രൈനിംഗിന് വന്നതാണെന്ന് അറിഞ്ഞപ്പോള്‍ മനോജിന് ഒരു കൂട്ടു കിട്ടിയ സന്തോഷം.

രാജ്ജുവിന്റെ അച്ഛന്‍ മകനെ അവിടെ വിട്ട് സങ്കടത്തോടെ യാത്ര പറഞ്ഞ് ഇറങ്ങി. രാജ്ജൂ ആദ്യമായിട്ടാണ് തനിച്ച് നില്‍ക്കുന്നത്. അതിന്റെ വിഷമം അവന്റെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.

രാജ്ജു ബി. ടെക് പാസ്സായിട്ടുണ്ട്. മനോജും രാജുവും സംഭാഷണത്തിലേര്‍പ്പെട്ടു. രാജുവിനെ സംസാരത്തില്‍ പിടത്തമുണ്ടായിരുന്നു.

സന്ധ്യ മയങ്ങി തുടങ്ങി. സമയം ആറര മണിയായി . 3 ചെറുപ്പാക്കാര്‍ തോളില്‍ ബാഗും തൂക്കിവരുന്നുണ്ട്. അബ്ദുള്‍ പറഞ്ഞു. ഇവിടത്തെ ട്രൈനികളാണ്. അവര്‍ കറക്കം കഴിഞ്ഞ് വരികയാണ്. നാളെ തിരുവനന്തപുരത്തു നിന്ന് ഒരു ബി. ടെക് ഉദ്യാഗര്‍ത്ഥി കൂടി വരും.

3 ട്രൈനികള്‍ക്കും മുഖത്ത് വല്ലാത്ത ക്ഷീണമുണ്ട്. അവര്‍ വന്നപാടെ ഡ്രസ്സ് മാറ്റി കുളിച്ചു.

സമയം 7 മണിയായപ്പോള്‍ അബ്ദുള്‍ വന്ന് എല്ലവരോടും ഷര്‍ട്ട് ഇട്ട് നില്‍ക്കുവാന്‍ പറഞ്ഞു. കുറച്ചു പെണ്‍കുട്ടിക്കള്‍ ഇവിടേക്കു വരുന്നുണ്ടത്രേ.

മനോജ് അത്ഭുതം കുറി. എന്തിനാ ഇവിടേക്ക് പെണ്‍കുട്ടികള്‍ വരുന്നുത്. അവന് സംശയം ഉണ്ടെങ്കിലും ആരോടും ചോദിച്ചില്ല.

പെണ്‍കുട്ടികള്‍ വന്നപാടെ ഹാളില്‍ വട്ടമിട്ടിരുന്നു. ആണ്‍കുട്ടികളും ചുറ്റും വന്നിരുന്നു. അവര്‍ തമ്മില്‍ തമ്മില്‍ പണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ആരാണ് കൂടതല്‍ സെയില്‍ നടത്തിയതെന്ന് അബ്ദുള്‍ ചോദിച്ചു. അയാള്‍ അവര്‍ക്ക് ഗോള്‍ഡ്, സില്‍വര്‍, ബ്രാസ്സ് എന്നിങ്ങനെ റാങ്കുകള്‍ നല്‍കി.

അടുത്ത നിമിഷം ജമാലുദ്ദീന്റെ ഫോണ്‍ ബെല്‍ മുഴങ്ങി. മനോജിന്റി അച്ഛനായിരുന്നു.

ഞാന്‍ മനോജിന്റെ അച്ഛനാണ്. തൃശ്ശൂരില്‍ നിന്നാണ്. അവന്റെ ഫോണ്‍ എപ്പോഴും സ്വിച്ച് ഓഫ് ആണ്. അവനോട് ഒന്ന് വിളിക്കുവാന്‍ പറയൂ.

ശരി, ഞാന്‍ പറയാം. എന്ന് പറഞ്ഞ് മനേജര്‍ ഫോണ്‍ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞ് മനോജ് പിതാവിനെ വിളിച്ചു.

ഫോണ്‍ അവര്‍ പിടിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന് അവന്‍ പറഞ്ഞു. അവന്റെ സംസാരത്തില്‍ ഒരു പരങ്ങലു ണ്ടായിരുന്നു. അവ്യക്തമായി വളരെ പതുക്കെയാണ് അവന്‍ സംസാരിച്ചത്. മനേജര്‍മാരെ ഭയന്നതുകൊണ്ടാണ് എന്ന് വ്യക്തം. നാളെ സംസാരിക്കാം എന്ന് പറഞ്ഞ് അവന്‍ നിര്‍ത്തി.

അവന്‍ തിച്ചു വന്നു. എല്ലാവരുമായും പരിചയപ്പെട്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൈ കൊടുത്തു കൊണ്ട് മനോജുമായി പരിചയപ്പെട്ടു. പെണ്‍കുട്ടികളുടെ ലജ്ജയും,മടിയും കൂൂസാതെയുള്ള പരിചയപ്പട്ടല്‍ മനോജിനെ തെല്ലൊന്ന് അത്ഭുത പ്പെടുത്തി. സംസാരത്തിനിടയില്‍ അവരുടെ ഫോണുകളും മാനേജര്‍മാര്‍ പിടിച്ചുവെച്ചിരിക്കുകായാണന്ന് മനോജിന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

പെണ്‍കുട്ടികള്‍ അത്താഴ പണിക്കായി ഒരുങ്ങി. പെണ്‍കുട്ടികള്‍ ചപ്പാത്തിയും ഇസ്റ്റും ഉണ്ടാക്കി.

ആണ്‍കുട്ടികള്‍ അവര്‍ സ്വയം തന്നെയാണ് വിളമ്പിയത്.

അതില്‍ രജനി എന്ന പെണ്‍കുട്ടിക്ക് മനോജിനോട് അല്‍പം സ്‌നേഹക്കൂടുതല്‍ തോന്നി. അവള്‍ മനോജിന് കറികളും, ചപ്പാത്തിയും കൂടുതല്‍ വിളംപികൊടുത്തു.

അവള്‍ T.T.C. കഴിഞ്ഞതാണ്. കുടംബ സ്ഥിതിയാണ് അവളേയും മറ്റുളളവരേയും ഇവിടെ എത്തിച്ചതെന്ന് അവന്‍ മനസ്സിലാക്കി. മറ്റൊരു കുട്ടി ഡിഗ്രി കഴിഞ്ഞതാണ്. ബാക്കിയുള്ളവരെല്ലാം പ്ലസ് ടുകാരാണ്. ആരും കുടുതല്‍ അടുക്കാതിരിക്കുവന്‍ മാനേജര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അടുത്ത മറ്റൊരു കെട്ടിടത്തിലാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. ഭക്ഷണ ശേഷം അബ്ദുള്‍ അവരെ അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടു ചെന്നാക്കി.

അവിടയുള്ളവരുടെ കുടുംബത്തില്‍ ആര്‍ക്കും ഇവരുടെ പണിയക്കുറിച്ച് അറിവില്ലായിന്നു എന്നാണ് അവര്‍ വെളിപ്പടുത്തിയത്.

പണി എന്താണ് എന്ന് പറയുവാന്‍, ഒന്ന് ഫോണ്‍ ചെയ്യുവന്‍പോലും മാനേജര്‍മാര്‍ സമ്മതിച്ചിട്ടുമില്ലത്രേ. രാത്രി പത്ത് മണിയായി. എല്ലവരും ഉറങ്ങാന്‍ കിടന്നു.

കിടക്കാന്‍ നേരത്ത് മനോജ് അബ്ദുളിനോട് ചോദിച്ചു,

നാളെ എപ്പോഴാണ് ട്രൈനിംഗ് ക്ലാസ്സ് തുടങ്ങുന്നത്?

രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ്. നോട്ടു പുസ്തകം ഉണ്ടല്ലോ? മനോജ്: ഇല്ല കൊണ്ടുവന്നിട്ടില്ല.

അബ്ദുള്‍: സാരമില്ല. നാളെ വാങ്ങിക്കാം.

അങ്ങിനെ ഒരു ദിവസം അവസാനിച്ചു. എല്ലാവരും കിടന്നു.

അടുത്ത ദിവസം രാവിലെ 7 മണിയായി. സൂര്യന്റെ അരുണിമ തലോടികൊണ്ട് തെങ്ങോലകള്‍ ചാഞ്ചാടി കളിച്ചു. അബ്ദുള്‍ എല്ലാവരേയും തട്ടിയുണര്‍ത്തി. പെണ്‍കുട്ടികള്‍ അവരുടെ അടുത്ത വീട്ടില്‍ നിന്നു കുളി കഴിഞ്ഞ് എത്തി. പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ പെണ്‍ കുട്ടികള്‍ ആരംഭിച്ചു. പുട്ടും കടലക്കറിയുമാണ് പ്രഭാത ഭക്ഷണം. ആണ്‍ പിള്ളേര്‍ ഓരോരുത്തരായി കുളി കഴിഞ്ഞ് എത്തി.

മനോജും കുളി കഴിഞ്ഞ് എത്തി.

രജനി പതുക്കെ മനോജിന്റെ അടുക്കല്‍ വന്നു. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടായിരുന്നു വന്നത്. അപ്പോഴേക്കും എല്ലാവരേയും ഭക്ഷണത്തിനായി അബ്ദുള്‍ ക്ഷണിച്ചു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ചുറ്റിനും ഇരുന്നു. അബ്ദുള്‍ ഒരാളെ വിളിച്ച് വൃത്തത്തിനു നടുവില്‍ നിറുത്തി. അയാളാണ് ഇന്നത്തെ ടീം ലീഡര്‍.

അയാള്‍ നടുവില്‍ നിന്നുകൊണ്ട് അത്യുച്ചത്തില്‍ ‘നമുക്ക് വിജയിക്കുവാനയി ഒരു ബുധനാഴ്ച ദിവസം കിട്ടിയിരിക്കുന്നു. അതിനായി നമുക്ക് ദൈവത്തിനോട് നന്ദി പറയാം.’

എല്ലാവരും അത് അതേപടി ഉച്ചത്തില്‍ തന്നെ ഏറ്റു പറഞ്ഞു.

ലീഡര്‍: സ്‌ട്രോങ്ങല്ലേ?

മറ്റുള്ളവര്‍: അതേ.

ലീഡര്‍: ഹാപ്പിയല്ലേ?

മമറ്റുുള്ളവര്‍: അതേ.

ലീഡര്‍: ചാര്‍ജ്ജല്ലേ?

മറ്റുള്ളവര്‍: അതേ.

അബ്ദുള്‍ ഒരോരുത്തരേയും വിളിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. എല്ലാവരും ഇന്നലത്തേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന് പ്രത്യേക നിര്‍ദ്ദേശം കൊടുത്തു.

ഓരോരുത്തരായി വലിയ ബാഗ് തോളത്തു കയറ്റി യാത്രയായി.

മനോജ് തെല്ലു അമ്പരപ്പോടെ പകച്ചു നിന്നു.

മനോജ്, അബ്ദുള്‍ വിളിച്ചു.

നമുക്കും പുറെപ്പടാം.

എങ്ങോട്ട്?

നമുക്ക് 3 പേര്‍ക്കും കൂടി ഒന്നു ചുറ്റി കറങ്ങാം. അബ്ദൂള്‍ മറ്റൊരാളെ ചുണ്ടികാട്ടി. അയാള്‍ വലിയ ബാഗും തോളത്തു കയറ്റി മുന്നില്‍ നടന്നു. പുറകെ മനോജും, അബ്ദുളും.

അവര്‍ ബസ്സു കയറി കുറച്ചു ദൂരെ എവിടേക്കോ ടിക്കറ്റെടുത്തു. ഒടുവില്‍ ഏതോ ഒരു ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങി മൂന്നു പേരും നടക്കുവാന്‍ തുടങ്ങി. വീടുകള്‍ അടുത്തടുത്തല്ല. അവര്‍ ഒരു വീട്ടില്‍ കയറി. ബെല്ലടിച്ചു.

ഒരു സുന്ദരിയായ വീട്ടമ്മ വാതില്‍ തുറന്നു വന്നു.

ഇവരേ കണ്ടപ്പോഴെക്കും ‘ഒന്നും വേണ്ടാ കുഞ്ഞുങ്ങളേ’. എന്നായിരുന്നു ആദ്യ പ്രതികരണം.

‘സധാരണ ഒന്നോ രണ്ടോ പേരെ കാണാറുള്ളൂ, ഇന്നെന്താ മൂന്നു പേര്‍’

ഒരാള്‍ പുതിയ ട്രൈനിയാണ്. ചേച്ചി, സേവ കമ്പനിയുടെ പ്രോഡക്റ്റ് സുപരിചതമാണല്ലോ. അതുകൊണ്ട് ചേച്ചി കൈ നീട്ടം തരൂ. ചേച്ചി, ഒരു പാക്കറ്റ് ചൂണ്ടി കാണിച്ച് ഈ ചായപ്പൊടിയെങ്കിലും ഒന്നു വാങ്ങിക്കു.

നിര്‍ബന്ധവും പഞ്ചാര വാക്കും ചാലിച്ച് 2 പാക്കറ്റ് അവിടെ കൊടുത്തു.

അങ്ങിനെ പല വീടുകളും കയറിയിറങ്ങി. കുന്നുകളും പുഴകളും താണ്ടി. അബ്ദുളിന്റെ വാചകമടി കൊണ്ട് കുറേയേറെ സാധനങ്ങള്‍ അന്ന് വിറ്റു.

ഏറെ വൈകിയാണ് ഉച്ച ഭക്ഷണം കഴിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം വൈകീട്ട് ആറര വരെ യാത്ര തുടര്‍ന്നു. വൈകീട്ട് ഏഴരയോടെ വീട്ടിലെത്തി. പെണ്‍കുട്ടികളടക്കം എല്ലാവരും എത്തി തുടങ്ങി.

മനോജിന് ഈ പണി ശീലമില്ലാത്തതിനാല്‍ നല്ല അവശനായിരുന്നു. കുന്നും മലയും താണ്ടി ഉച്ച വെയിലും കൊണ്ട് നടന്നത് ആദ്യമായിട്ടാണ്.

എല്ലാവരും വട്ടമിട്ട് ഇരുന്നു. അവരവരുടെ കണക്കുകള്‍ അവതരിപ്പിച്ചു. അന്ന് മനോജിന്റെ ടീമിനായിരുന്നു ഗോള്‍ഡ് റാങ്ക്.

മനോജ് അബ്ദുളിനെ സ്വകാര്യമായി വിളിച്ച് ഈ പണിക്ക് അവന്‍ തയ്യാറല്ലന്ന് അറിയിച്ചു.

അല്ല മനോജേ, 3 ആഴ്ച കഴിഞ്ഞാല്‍ എന്റെ ഈ പോസ്റ്റില്‍ പതിനഞ്ചായിരം രൂപ ശമ്പളത്തില്‍ മനോജായിരിക്കും വരിക. അപ്പോയിന്റ്‌മെന്റ് ചിലപ്പോള്‍ ഫാക്റ്ററിയിലായിരിക്കും. ടാലി പോലുള്ള അക്കൗണ്ട് സോഫ്‌റ്റ്വെയര്‍ ഞങ്ങള്‍ പഠപ്പിപ്പിക്കും. ഒന്നും കൂടി ചിന്തിക്കൂ.

പിതാവിന്റെ ഫോണ്‍ വന്നു.

ആദ്യ ദിവസമായ കാരണം ബാഗ് ചുമക്കേണ്ടി വന്നില്ലെന്നും, പകല്‍ അലച്ചലായിരുന്നുമെന്നും, പണി നിറുത്തി പോരാണെന്നും ഫോണില്‍ സ്വരം താഴ്തി പറഞ്ഞു.

പുറത്തു പോകുമ്പോള്‍ ഫോണ്‍ കൊണ്ടു പോകുവന്‍ അവര്‍ സമ്മതിക്കുകയില്ല. അവരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആര്‍ക്കും ഫോണ്‍ വിളിക്കാനാവൂ എന്ന ചട്ടവും അവിടെയുണ്ട്.

മനോജിന്റെ പിതാവ് ഒരു എഞ്ചിനീയറാണ്. മകന്റെ ദാരുണാവസ്ഥ കേട്ട് മാതാപിതാക്കളുടെ ഹൃദയം നൊന്തു. എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരുവാന്‍ പറഞ്ഞു.

അടുത്ത സുപ്രഭാതം പൊട്ടി വിരഞ്ഞു. പതിവു പോലെ അബ്ദുള്‍ എല്ലാവരേയും തട്ടിയുണര്‍ത്തി.

മനോജ് അബദുളിനോട് ഇവിടെ തുടരാന്‍ സാദ്ധ്യമല്ല എന്നു തീര്‍ത്തു പറഞ്ഞു. കുറച്ചു കഴിയട്ടെ എന്ന് അയാള്‍ പറഞ്ഞു.

ഭക്ഷണ സമയത്ത് രജനി മനോജിന്റെ അടുക്കിലേക്ക് മന്ദം മന്ദം വന്നു. പുഞ്ചിരി തൂകികൊണ്ട് ഇന്ന് പറപ്പെടും മുമ്പെ എനിക്ക് ഫോണ്‍ നമ്പര്‍ തരണം. അവള്‍ കൊഞ്ചി.

മനോജ് തരാമെന്ന് പറഞ്ഞു.

ഭക്ഷണ ശേഷം ടീം ലീഡര്‍ നടുവല്‍ വന്നിരുന്നു. അബ്ദുള്‍ വന്ന് മനോജിനെ പുറകില്‍ നിന്ന് പതുക്കെ ആരും അറിയാതെ വിളിച്ചു. അവന്‍ അയാളെ പിന്തുടര്‍ന്നു.

മനോജ്, ആരും അറിയാതെ നിന്റെ സാധനങ്ങളും കൊണ്ട് നാട്ടിലേക്ക് പൊയ്‌ക്കോളൂ. അതും പറഞ്ഞ് അയാള്‍ പെട്ടെന്ന് തിരിഞ്ഞു നടന്നു.

മനോജ് അവന്റെ സാധനങ്ങള്‍ എടുത്ത് പുറത്തു കടന്നു.

ഹാളില്‍ ആ ശബ്ദം മാറ്റൊലി കൊള്ളിക്കുന്നുണ്ടായിരുന്നു. ‘നമുക്ക് വിജയിക്കുന്നതിനായി ഒരു വ്യാഴാഴ്ച ദിവസം കൂടി കിട്ടിയിരക്കുന്നു. നമുക്ക ദൈവത്തിനോട് നന്ദി പറയാം., സ്‌റ്റ്രോങ്ങല്ലേഅതേ, ഹപ്പിയല്ലേഅതേ, ചാര്‍ജ്ജല്ലേ അതേ’.

ആ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞ് നേര്‍ത്തു പോയി. രജിനി പിറകെ വരുന്നുണ്ടോ എന്ന് അവന്‍ ഒന്ന് തിരിഞ്ഞു നോക്കി. പാവം, അവള്‍ അവിടെ തിരക്കുന്നുണ്ടാവും. അവന്‍ ഓരോന്ന് ചിന്തിച്ചുകൊണ്ട് നടന്നു.

പെട്ടന്ന് ഒരു വൃദ്ധന്‍ മനോജിന്റെ മുന്നില്‍ വന്നു നിന്നു. മടങ്ങുകയാണോ, വൃദ്ധന്‍ ചോദിച്ചു.

അതെ, അവന്‍ മോഴിഞ്ഞു.

ഇവിടെ ആരും മാനേജരായി നിന്നിട്ടില്ല. എല്ലാവരും ഒന്നോ, രണ്ടോ മാസം കഴിയുമ്പോല്‍ ഒഴിഞ്ഞു പോകും.

അവന്‍ മുന്നോട്ട് നടന്നു. നാട്ടിലേക്കുള്ള ബസ്സില്‍ കയറി.

ണിം. ണിം. മണിയടിച്ചു. മനോജ് മഞ്ചേരിയോടു വിടവാങ്ങി. നാട്ടിലേക്ക് തിരിച്ചു.

സാറേ, സെയില്‍സ് മാന്‍ തട്ടി വിളിച്ചു. എന്താ ചിന്തിക്കുന്നത്.

അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നു.

ഓ! സോറി. ഒന്നു പറയാനാകതെ അയാള്‍ അകത്തേക്കു പോയി.

വീണ്ടും അതേ ശബ്ദങ്ങള്‍; ചേട്ടാ…….., അമ്മിച്ചീ………..

ഈ സാങ്കല്‍പിക കഥയിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പ്പികം മാത്രമാണ്.