1-HI

ഏതുതരം വേഷം ധരിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം ഓരോ വ്യക്തിയ്ക്കുമുണ്ട്. എന്നാല്‍ ഏതെങ്കിലും വേഷത്തെ വിമര്‍ശിക്കുവാനുള്ള അവകാശം കെ.ജെ.യേസുദാസിനും ഉണ്ട്. കെ.ജെ. യേസുദാസിന്റെ അഭിപ്രായത്തെ വിമര്‍ശിക്കുവാനുള്ള അവകാശം മറ്റുള്ളവര്‍ക്കുമുണ്ട്. ദയവായി ആരും മുണ്ടില്ലാതെ നടക്കരുതെന്ന് മാത്രമാണ് ഈയുള്ളവന് ഈ സന്ദര്‍ഭത്തില്‍ ആദ്യമയി പറയുവാനുള്ളത്.

മുഖം മറച്ചുള്ള പര്‍ദ്ദാ സമ്പ്രദായത്തോടൊന്നും യോജിപ്പില്ല. എങ്കിലും ആണായാലും പെണ്ണായാലും വസ്ത്രധാരണത്തില്‍ അല്പം സഭ്യത പുലര്‍ത്തുന്നത് നല്ലതാണ്. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണം മോശമായ വസ്ത്ര ധാരണമാണെന്ന വാദം ശുദ്ധ അസംബന്ധവുമാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നത് ഒരു മനോ വൈകല്യമാണ്. അതിന് വൈദ്യശാസ്ത്രത്തില്‍ ചികിത്സയുണ്ട്. എന്നാല്‍ ചില പീഡകര്‍ക്ക് മറ്റുള്ളവരുടെ കൈയ്യൂക്ക് കൊണ്ടുള്ള ചികിത്സ തന്നെ വേണ്ടി വരുന്നുണ്ടെന്നതും സമ്മതിക്കാതിരിക്കുന്നില്ല.

ഇവിടെ പെണ്‍ പിള്ളേര്‍ ജീന്‍സും ടോപ്പും ധരിക്കുന്നതിനേക്കാള്‍ അസഹ്യമായ രീതിയിലാണ് ഇപ്പോള്‍ ന്യൂജനറേഷന്‍ ആണ്‍ പിള്ളേരുടെ വേഷം ധരിക്കല്‍ എന്ന് കരുതുന്നവര്‍ ഉണ്ട്. ജീന്‍സ് താഴോട്ട് വലിച്ചിറക്കി അണ്ടര്‍ വെയറും കാട്ടി നടക്കുന്ന ഈ പ്രാകൃത ന്യൂ ജനറേഷന്‍ ആണ്‍പിള്ളേര്‍ ചൊറിയണം എന്ന് പേരായ ഒരു സസ്യത്തെപ്പറ്റി കേട്ടിട്ടുണ്ടോ എന്നറിയില്ല. നാട്ടിന്‍ പുറങ്ങളില്‍ പണ്ട് അത്യാവശ്യം ചിലരുടെ പൃഷ്ഠഭാഗത്ത് പ്രയോഗിച്ചു പോന്നിരുന്നു. ആണ്‍ കുട്ടികളൂടെ ചന്തിപ്രദര്‍ശന ജീന്‍സ് ധാരണത്തെ പറ്റി കൂടി ഗാന ഗന്ധര്‍വ്വന്‍ അഭിപ്രായം പറയേണ്ടതായിരുന്നു.

വസ്ത്രം ചില ഭാഗങ്ങള്‍ മറയ്ക്കാനുള്ളതാണെന്ന അടിസ്ഥാന തത്വം തന്നെ ചിലര്‍ മറന്നുപോകുന്നുണ്ട് എന്നത് നേരു തന്നെ. അമേരിക്കയിലൊക്കെ താമസിച്ചിട്ടും യേശുദാസും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം ഇപ്പോഴും നമ്മുടെ പരമ്പരാഗത വസ്ത്ര ധാരണം തന്നെ നടത്തുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ പെണ്‍ കുട്ടികളാരും ജീന്‍സ് ധരിക്കുന്നില്ലെങ്കില്‍ അത് ഒരു ലളിത്യമായും വിനയമായും കരുതാം. പക്ഷെ മറ്റുള്ളവരുടെ വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ചൊക്കെ അഭിപ്രായം പറയുമ്പോള്‍ ഇത്രമേല്‍ ജനങ്ങളിഷ്ടപ്പെടുന്ന യേസൂദാസിനെ പോലുള്ളവര്‍ അല്പം കൂടി സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്.

ലോകത്തെ പ്രാകൃത യുഗത്തിലേയ്ക്ക് നയിക്കുവാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ആധുനിക ജീവിത രീതികള്‍ അനുവര്‍ത്തിക്കുന്നവരെ കുറ്റം പറയുന്നത് ഉചിതമല്ല, വസ്ത്രധാരണത്തിലൊക്കെ അല്പം അസഭ്യത കടന്നു കൂടിയാലും വേണ്ടില്ല. നൂറ്റാണ്ടൂകള്‍ക്ക് പിന്നിലുള്ള കാലം തിരിച്ചു വരാതിരുന്നാല്‍ മതി. ലോകത്തിനു മുമ്പോട്ടാണ് പോകേണ്ടത്. പിന്നോട്ടല്ല. അത് മുണ്ടും ഷര്‍ട്ടും ധരിച്ചുകൊണ്ടായാലും സെറ്റ് മുണ്ടൂം സാരിയുമുടൂത്തുകൊണ്ടായാലും ജീന്‍സും ടോപ്പുമിട്ടുകൊണ്ടായാലും വേഷങ്ങളുടെ കര്യത്തിലായാലും കാലത്തിന്റെ മാറ്റങ്ങള്‍ പരിഷ്‌കൃതമായിരിക്കണം. അല്ലാതെ തീരെ വികൃതമായിപ്പോകുകയുമരുത് എന്നു പറയാം.

ഇനി എന്റെ അഭിപ്രായം പറയാം. നാണം മറയ്ക്കുക എന്ന അടിസ്ഥാന ആവശ്യത്തിനപ്പുറം വളരെ അനായാസേന ഇരിക്കാനും നടക്കാനും അത്യാവശ്യം ഓടാനും അക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാനും വേണ്ടി വന്നാല്‍ ഏവനെങ്കിലുമിട്ട് രണ്ട് തട്ട് കൊടുക്കാനും വണ്ടിയില്‍ കയറാനും വണ്ടി ഓടിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള വഴക്കമുള്ള ഒരു വസ്ത്രധാരണാ രീതിയാണ് നല്ലത്. അത് ജീന്‍സെങ്കില്‍ ജീന്‍സ്..!!

Advertisements