Narmam
ദി ടെന്‍ മിനുട്സ്, Nothing Matters!
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പത്തു മിനിറ്റ് എന്ന് തന്നെ.. പക്ഷെ ഇവിടെ ഈ കഥ പറയുമ്പോള്‍ “ദി ടെന്‍ മിനുട്സ്” എന്നത് തന്നെയാ നല്ലത്. കാരണം ഒരു 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ കഥ പോലെ പ്രസക്തമായ ഒരു ജീവിത കഥയാണിത്. (ചിലപ്പോള്‍ നാടകം പോലെ തോന്നിയേക്കാം, ചിലപ്പോള്‍ പാട്ടില്ലാത്ത കഥാ പ്രസംഗവുമായേക്കാം.)
88 total views
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പത്തു മിനിറ്റ് എന്ന് തന്നെ.. പക്ഷെ ഇവിടെ ഈ കഥ പറയുമ്പോള്‍ “ദി ടെന്‍ മിനുട്സ്” എന്നത് തന്നെയാ നല്ലത്. കാരണം ഒരു 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ കഥ പോലെ പ്രസക്തമായ ഒരു ജീവിത കഥയാണിത്. (ചിലപ്പോള്‍ നാടകം പോലെ തോന്നിയേക്കാം, ചിലപ്പോള്‍ പാട്ടില്ലാത്ത കഥാ പ്രസംഗവുമായേക്കാം.)
എന്തായാലും ‘ട്രാഫിക്’ പോലെ, ‘വാനം’ പോലെ “പ്രേക്ഷകരെ” മുള്‍മുനയില്‍ നിര്‍ത്തിയ “ദി ടെന്‍ മിനുട്സ്” എന്ന കഥയിലേക്ക് പോകും മുമ്പ് നിയമപ്രകരമായ കുറച്ചു മുന്നറിയിപ്പുകള്‍,
- ഇത് വായിക്കുന്ന “ഒരാള്‍” ഇതയാളുടെ കഥയാണെന്ന് വിചാരിച്ചേക്കാം..അത് കൊണ്ട് തന്നെ അവനോടു പറയാനുള്ളത്..”പ്രിയപ്പെട്ട സുഹൃത്തെ,ഇത് നിന്റെ കഥയല്ല,, സത്യായിട്ടും നിന്റെ കഥയല്ല..”
- പതിവ്പോലെ ഇതൊരിക്കലും ഒരു ചിരിചിത്രമല്ല..മറിച്ചു, കണ്ടുകൊണ്ടിരുന്ന ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സസ്പെന്‍സ് ത്രില്ലെര്‍…
“ദി ടെന്‍ മിനുട്സ്” തുടങ്ങുന്നതിനു മുമ്പ് ഒരു ഒരു മിനിറ്റ്. കഥാനായകനെ പരിചയപ്പെടുത്താനുള്ള വെറും ഒരു മിനിറ്റ്. കാര്‍ത്തി എന്ന് വിളിപ്പേരുള്ള കാര്‍ത്തിക് ആണ് ഈ കഥയിലെ നായകന്. സുന്ദരന്‍,സുമുഖന്‍,സര്‍വോപരി സുശീലന് (ഇനിയും ഞാന്‍ കള്ളം പറയുന്നില്ല..),
പക്ഷെ അത് കാര്‍ത്തിക് രണ്ടു കാലില്‍ ഉള്ളപ്പോള്‍ മാത്രം. കാര്‍ത്തി നാലു കാലില്‍ ആയി തുടങ്ങിയാല്‍ അവന് ഇതൊന്നുമല്ലാതാകും. കൂതറ, അലവലാതി, സര്‍വോപരി ആഭാസന് (ഇനിയും സത്യം പറയാന്‍ വയ്യ).
അങ്ങനെ കാര്‍ത്തിക് നാലു കാലിലായ ഒരു ദിനത്തിലാണ് ഈ കഥ നടക്കുന്നത്. ഇനി കഥയിലേക്ക്..
ദി ടെന്‍ മിനുട്സ്, Nothing Matters ….
രംഗം 1 :
രണ്ടു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച വൈകുന്നേരം..
സമയം 4 .50 PM
കാര്‍ത്തിക്കിന്റെ വീടിനു മുന്നിലുള്ള ഫുട്ബോള്‍ മൈതാനം, മൈതാനത്തു ഞങ്ങള്‍ കുറച്ചു പേര് ഫുട്ബോള്‍ കളിക്കാനൊരുങ്ങി നില്ക്കുന്നു.
സമയം 4 .51 PM
ആ സമയത്താണ് കാര്‍ത്തി നാലു കാലില്‍ വീടിന്റെ മുന്നിലേക്ക് വരുന്നത്. വന്ന ഉടനെ അപ്പുറത്ത് വീട്ടിലെ ദിവാകരന് മാഷിന്റെ വീടിലേക്ക് നോക്കി കാര്‍ത്തി സംസാരം തുടങ്ങുന്നു.
“ഫ.. പ&*^,തെ&& ഛെ^&..——– മോനെ”
നല്ല മാന്യമായ ഭാഷയില്‍ മാത്രമാണ് കാര്‍ത്തി സംസാരിക്കുന്നതു. കാര്യം എന്താണെന്നു ആദ്യം ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. പിന്നെ കാര്‍ത്തിക് കാര്യം പറഞ്ഞു.
“——— മോനെ,, നീ ആരാട എന്നെ ഉപദേശിക്കാന്‍. ഞാന്‍ എന്റെ കാശ് കൊണ്ടു കുടിക്കുവോ കുളിക്കുവോ എന്താണെന്നു വെച്ചാല്‍ ചെയ്യും. നീ നിന്റെ പണി എടുത്ത മതി കേട്ടോട ………………..മോനേ”
അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം മനസിലായി. നാട്ടിലെ പ്രമാണിയായ ദിവാകരന് മാഷ് കാര്‍ത്തിയെ ഉപദേശിച്ചു എന്ന്. ആ സമയം ഒരു വാക്ക് പോലും മറുത്തു പറയാതെ, രണ്ടു കാലില്‍ നിന്നു ചിരിച്ചു കൊണ്ടു കേട്ടിരുന്ന കാര്‍ത്തി ഇപ്പോള്‍ നാലു കാലില്‍ അതിനു പ്രതികാരം ചെയ്യാന്‍ വന്നിരിക്കുകയാണ്.
രംഗം 2:
സമയം 4 .53 PM
ദിവാകരന് മാഷ് പുറത്തേക്കു വരുന്നു..
ആ സമയം സകല വായ്നോക്കികളും അങ്ങോട്ട് മാത്രം നോക്കുന്നു.. പഠിപ്പിച്ച മാഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..
മാഷിന്റെ സുന്ദരിയായ രണ്ടു പെണ്മക്കളും കൂടെയുണ്ട് എന്നത് തന്നെ കാര്യം..
കാര്‍ത്തിക്കിന്റെ ഭാഷാ സംസ്കാരം കൂടുതല്‍ ഉയരത്തിലേക്ക് പോകുന്നത് കണ്ടു സഹിക്കവയ്യാതെ മലയാള അധ്യാപകന് കൂടി ആയ ദിവാകരന് മാഷ് തിരിച്ചും പറഞ്ഞു തുടങ്ങി,
“ടാ.. ഞാന്‍ പഠിപ്പിച്ച എന്നോട് സ്നേഹമുള്ള പിള്ളേരാ ഇവന്മാര്..നീ അധികം സംസാരിച്ചാല്‍ ഈ പിള്ളേരെല്ലാം കൂടി നിന്റെ പുറത്തു കേറി മേഞ്ഞു കളയും.. ആഹ്..”
ദിവാകരന് മാഷ് ഞങ്ങളെ ചൂണ്ടി പറഞ്ഞു.
“ഹമ്പട മനമേ.. അത് പള്ളിയില്‍ പോയി പറഞ്ഞ മതി.. കേവലും ഒരു മാഷിനെ തെറി വിളിക്കുന്നത് കേട്ടിട്ട് ഞങ്ങള്‍ പോയി തല്ലുണ്ടാക്കണം എന്ന്..നടക്കില്ല മോനേ സാറേ.. ” ഞാന്‍ പറഞ്ഞു..
“മാഷിനെ പറഞ്ഞാല്‍ ഞാന്‍ ഇടപെടില്ല.. പക്ഷെ സിന്ധുവിനെ അവന് വല്ലതും പറഞ്ഞാല്‍ ഞാന്‍ ഇടപെടും.. “എന്ന് ഷിജു..
“സിന്ധുവിനെ പറഞ്ഞാലും ശരി ജന്ധുവിനെ പറഞ്ഞാലും ശരി, ഞാന്‍ ഇടപെടില്ല മാഷെ..” എന്ന് ഞാന്‍..
ഇതൊക്കെ കേട്ടിട്ടും കാര്‍ത്തിക്കിന് ഭാവ വ്യത്യാസമൊന്നുമില്ല. അവന് വീണ്ടും പൂരപ്പാട്ട് തുടരുക തന്നെയാണ്.
മാഷ് വീണ്ടും ഇടപെട്ടു.
“നീ വൃത്തികെട് വല്ലതും പറയാണേല് നിന്റെ വീടിന്റകത്ത് കേറി പറഞ്ഞേക്കണം. പുറത്തു നിന്നു പറഞ്ഞാല്‍ ഈ തെണ്ടി പിള്ളേരോന്നും വേണ്ട, എനിക്ക് ഒറ്റയ്ക്ക് നേരിടാനെ ഉള്ളു നീ. ”
“തെണ്ടി പിള്ളേര് തന്റെ……………… ” തെറി പറയാന്‍ തുടങ്ങിയ ഷിജുവിനെ ഷിനോയ് വിലക്കി..
“തെറി പറയാതെടാ.. എത്രയായാലും ആ നാറി നമ്മുടെ സാറാ….. ” ഷിനോയ് പറഞ്ഞു..
ഇതൊന്നും ശ്രദ്ധിക്കാതെ കാര്‍ത്തി വീണ്ടും പൂരപ്പാട്ട് തന്നെ.
കേട്ടു സഹിക്കാന്‍ വയ്യാതെ മാഷ് രണ്ടും കല്പ്പിച്ചു മുന്നോട്ടു വന്നു.
കാര്‍ത്തിയും വിട്ടില്ല.. “അത്രക്കായോ എന്നാല്‍ ഞാന്‍ കാണിച്ചു തരാം ” എന്നും പറഞ്ഞു അവന് മുണ്ട് മടക്കിക്കുത്തി ..
പക്ഷെ ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ കാര്‍ത്തി മുന്നോട്ടു വന്നില്ല.. മറിച്ചു വീടിനകത്തേക്ക് കേറി വാതിലടച്ചു..!!!!
ഒരു ആക്ഷന്‍ സിനിമ കാണാന്‍ നിന്നു നിരാശരായി ഞങ്ങള്‍ കുറച്ചു പേര്..
വിജയശ്രീലാളിതനെ പോലെ ദിവാകരന് മാഷ്. ഞങ്ങള്‍ വീണ്ടും ഗ്രൌണ്ടിലേക്ക്.
സമയം 4 .57 PM
“ഹയ്യോ,ഓടി വരണേ ” എന്ന നിലവിളി കേട്ടതും ഞങ്ങള്‍ വീണ്ടും കാര്‍ത്തിക്കിന്റെ വീടിലെക്കോടി..
കാര്യം മറ്റൊന്നുമല്ല.. ദിവാകരന് മാഷിനോട് പ്രതികാരം ചെയ്യാന്‍ കാര്‍ത്തിക് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു..!!!
ഓടിപ്പോയ ഞങ്ങള്‍ കണ്ട കാഴ്ച കാര്‍ത്തിക് മേശയുടെ മുകളില്‍ നിന്നും TV വലിച്ചൂരി താഴെ വെക്കാന്‍ ശ്രമിക്കുന്നു..
പെട്ടെന്നവന് കൈ പിന്‍വലിച്ചു.. കൂടെ ഒരു ഡയലോഗും.. “പണ്ടാരം.. ഇപ്പോ ഷോക്കടിച്ചു ചത്തേനെ.. ”
ഏഹ്…
കാര്‍ത്തി വളരെ കഷ്ടപ്പെട്ട് TV എടുത്തു താഴെ വെച്ചു.. മേശയുടെ മുകളില്‍ ഒരു കസേര എടുത്തിട്ടു..
അകത്തിത് നടക്കുമ്പോള്‍ പുറത്തതിനേക്കാള്‍ വലിയ പുകിലുകള്..
ആത്മഹത്യക്കുത്തരം പറയേണ്ടി വരും എന്ന് പേടിച്ചു നാലു പാടും ഓടുന്ന ദിവാകരന് മാഷ്..
‘ആത്മഹത്യ കാണാന്‍ വയ്യ’ എന്ന് പറഞ്ഞു ഓടുന്ന സിന്ധു..
അവളുടെ പിറകെ ഓടുന്ന ഷിജു..
“നീ എവിടെ പോകുന്നെടാ???” ഞാന്‍ ചോദിച്ചു
“സിന്ധുവിനെ ആശ്വസിപ്പിക്കാന്‍…” അവന് അതും പറഞ്ഞു വീണ്ടും ഓടി..
ആദ്യമായിട്ട ഒരാളെ ഓടിച്ചിട്ടു പിടിച്ചു ആശ്വസിപ്പിക്കുന്നത് ഞാന്‍ കാണുന്നത്..!!!
“തല്കാല ആശ്വാസത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല,നീ ധൈര്യമായി ചെയ്തോ ” എന്ന് ഞാന്‍
അതിനിടയില്‍ എന്നെ പിടിച്ചു മാറ്റുന്ന ഷിനോയ്.. കാരണം ആരേലും ആത്മഹത്യ ചെയ്യുന്നത് അവന് നേരില്‍ കണ്ടിട്ടില്ല പോലും..!!!
അങ്ങനെ മൊത്തം നല്ല പുകില്..
സമയം 4 .59 PM
ഇപ്പോള്‍ കാര്‍ത്തി കസേരയുടെ മുകളില്‍ കയറി കഴിഞ്ഞു..
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ “കാര്‍ത്തിക് ഉത്തരത്തില്‍ ചത്തിരിക്കും..ഹായ് ഹായ്..”
അത് കാണാന്‍ ഞങ്ങളെല്ലാവരും കാത്തിരുന്നു..
പക്ഷെ ഞങ്ങള്‍ കരുതിയത് കാര്‍ത്തി കസേരയില്‍ കയറി ഉടുമുണ്ടഴിച്ചു ഉത്തരത്തില്‍ കെട്ടിയില്ല..!!!
അവന് തൂങ്ങിയില്ല..!!!
മറിച്ചു, ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ടു കാര്‍ത്തി ഓടിളക്കി മാറ്റുന്നു..
“അതെന്തിന്???????” ഞങ്ങള്‍ പരസ്പരം ചോദിച്ചു..
“ചിലപ്പോള്‍ ചാവുമ്പോള്‍ കാറ്റു കൊണ്ടു ചാവട്ടെ എന്ന് കരുതിയാവും.. അല്ലേലും കാര്‍ത്തിക്ക് ചൂട് ഇഷ്ടമല്ല.. ” ഉത്തരം ഷിനോയ് പറഞ്ഞു..
നാലു ഓടിളക്കി മാറ്റി കാര്‍ത്തി ഉത്തരം തല്ലിപ്പൊളിക്കാന്‍ തുടങ്ങി..
“ഇനിയിപോ അത് വഴി ചാടി ചാവാന്‍ ആയിരിക്കുമോ ?? “അടുത്തയാളുടെ ചോദ്യം..
“കാര്‍ത്തി ചാടി ചത്താല്‍ കാലും കയ്യും ഓടിയും.. നീ തൂങ്ങി ചത്താല്‍ മതി ” ഞാന്‍ വിളിച്ചു പറഞ്ഞു..
കാരണം ചാടിയിട്ട് ചത്തില്ലേല് ഞങ്ങള്‍ തന്നെ അവനേം കൊണ്ടു ആശുപത്രിയില്‍ പോകേണ്ടി വരും..തൂങ്ങി ചാകുവാണേല് വല്യ റിസ്ക് ഇല്ല..!!!
അത് കേള്‍ക്കാതെ,ഉത്തരം പൊളിച്ചു മാറ്റി കാര്‍ത്തി തല അത് വഴി പുറത്തേക്കിട്ടു..
പിന്നെ ദിവാകരന് മാഷിന് നേരെ തിരിഞ്ഞു നിന്നു, നേരത്തേ നിര്‍ത്തിയ സ്ഥലത്ത് നിന്നും അവന് പറഞ്ഞു തുടങ്ങി..
“ഫ.. പ&*^,തെ&& ഛെ^&..——– മോനെ,നീയാരാട എന്നെ ഉപദേശിക്കാന്‍.. ?? ഞാന്‍ എന്റെ വീട്ടില്‍ നിന്നാട ഇപ്പോള്‍ പറയുന്നത്, നീ എന്നെ എന്ത് ഉണ്ടാക്കുമെന്നട പറഞ്ഞത് പ&%^… മോനെ..”
ഡിഷും.. അപ്പോള്‍ ഞങ്ങള്‍ ദിവാകരന് മാഷ് കുറച്ചു മുമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു..
“നീ വൃത്തികെട് വല്ലതും പറയണേല് നിന്റെ വീടിന്റകത്ത് കേറി പറഞ്ഞേക്കണം.. ”
വാട്ട് അന് ഐഡിയ കാര്‍ത്തി..
ഒരു കണ്ണീര് ക്ലൈമാക്സ് പ്രതീക്ഷിച്ച ഞങ്ങള്‍ കയ്യടിയോടു കൂടി ആ രംഗം ഏറ്റെടുത്തു..
കയ്യടികള്‍ക്കിടയില്‍ ദിവാകരന് മാഷ് പറയുന്നത് കേള്‍ക്കാം..
“ഈ ആത്മാര്‍ത്ഥത ഇവന് പഠിക്കാന്‍ കാണിച്ചിരുന്നേല്‍ ഇവന് ഒരു ജില്ലാ കളക്ടര്‍ എങ്കിലും ആയേനെ.. ”
ഏതായാലും കാര്‍ത്തിക്കിന് സ്തോത്രം.. 🙂
89 total views, 1 views today