ദുരന്തകാരണം – ചികിത്സ; അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

261

ദുരന്തകാരണം – ചികിത്സ.

നീണ്ട പോസ്റ്റാണ്, ഗൗരവവും ക്ഷമയുമുള്ളവർ വായിച്ചാൽ മതി.

ചികിത്സയ്ക്ക് അൽപ്പം ചോര ശരീരത്ത് നിന്നും എടുക്കണം.

എവിടെ നിന്ന് എത്രയളവിൽ എടുക്കാം?

കഴുത്തിലോ കണ്ണിന് കീഴെയോ കത്തികൊണ്ട് കുത്തി അരലിറ്റർ എടുക്കുമോ? ഇല്ല.

ആളുടെ പ്രായവും ഭാരവും ആരോഗ്യവും കണക്കിലെടുത്ത് സുരക്ഷിതമായി എടുക്കാവുന്ന അളവ്, കൈഞരമ്പിൽ നിന്ന് സിറിഞ്ചു കുത്തിയെടുക്കും.

ശസ്ത്രക്രിയയ്ക്ക് ഒരൽപ്പം മാംസം വേണമെങ്കിലോ? മുഖത്ത് നിന്നെടുക്കുമോ? ഇല്ല, തുടയിൽ നിന്ന് സുരക്ഷിതമായി എടുക്കാവുന്ന അളവിൽ സൂക്ഷിച്ച് മുറിച്ചെടുക്കും.

രക്തമായാലും മാംസമായാലും അതിൽക്കൂടുതൽ എടുത്താൽ ആരോഗ്യം ക്ഷയിക്കും. ചിലപ്പോൾ ആൾ മരിക്കും. ചോരയ്ക്കും മാംസത്തിനും മാർക്കറ്റിൽ ഉള്ള ഡിമാന്റ് അല്ല, ഒരാളുടെ ശരീരത്തിൽ നിന്ന് എടുക്കാവുന്ന അളവാണ് supply നിയന്ത്രിക്കുന്നത്.
തിരിച്ചായാലോ???

അതുപോലെയാണ് പ്രകൃതിവിഭവങ്ങളും.
നമുക്ക് ആവശ്യമുണ്ട്. ആവശ്യം കൂടുകയേ ഉള്ളൂ. ഏത് അളവിൽ, എവിടെ നിന്ന് എങ്ങനെ എടുക്കാം, എത്ര എടുത്താൽ നമുക്ക് സുസ്ഥിരമായ പരിക്കുകൾ ഇല്ലാതെ നിലനിൽക്കാം എന്നതിന് നാം ശാസ്ത്രത്തെ കൂട്ടുപിടിക്കണം.

ശാസ്ത്രമായിരിക്കണം പോളിസി തീരുമാനിക്കുന്നത്. അല്ലാതെ Demand അനുസരിച്ച് നയം ഉണ്ടാക്കുന്നത് ആത്മഹത്യാപരമാണ്. അതാണ് പക്ഷെ നടക്കുന്നത്.

പുഴമണലിന് വലിയ ഡിമാന്റ് ഉണ്ട്. എന്നാൽ ഒരുവർഷം ഓരോ കടവിലും അധികമായി അടിയുന്ന മണൽ മാത്രമേ വരാവൂ എന്നാണ് കേരളത്തിലെ നിയമം.

ബാങ്കിൽ ഫിക്സഡ് നിക്ഷേപം ഇട്ടിട്ട് പലിശമാത്രം എടുക്കുന്നത് പോലെയാണത്. കുറച്ചാണെങ്കിലും എപ്പോഴും പലിശകിട്ടും. മുതൽകൂടി എടുത്താൽ പിന്നെ പലിശയും മുതലും ഉണ്ടാവില്ല.

പ്രകൃതിവിഭവങ്ങൾ കരുതലോടെ എടുക്കുന്നതിനെയാണ് sustainable development എന്നു പറയുന്നത്.

(ജലനിരപ്പിന് താഴെയുള്ള മണൽ പുഴയുടെ ഭാഗമാണ്. അത് വരാനേ പാടില്ലെന്നാണ് സുപ്രീംകോടതി വിധി.
അതിനാൽ പുഴകൾക്ക് അൽപ്പം ജീവനുണ്ട്).

സർക്കാർ ഉടമസ്ഥതയിലാണ് മണൽ വരുന്നതും വിതരണം നടത്തുന്നതും. Demand അല്ല ആ നയം തീരുമാനിച്ചത്.

പ്രകൃതിവിഭവങ്ങളിൽ ഏറ്റവും പ്രധാനം ഭൂമി തന്നെയാണ്. ഭൂമിയുടെ സന്തുലിതമായ വിതരണം ഉറപ്പാക്കണം. ഭൂപരിഷ്കരണം വഴി ഒരുപരിധിവരെ കേരളം അതിൽ വിജയിച്ചു. എന്നാൽ ആ നയം അതോടെ അവസാനിച്ചു. അതോടൊപ്പം ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച നയം ഉണ്ടായില്ല.

പാറ എവിടുന്ന് എടുക്കാം, എത്ര എടുക്കാം, എങ്ങനെ എടുക്കാം, എവിടൊക്കെ റോഡ് ആകാം, എത്ര റോഡ് ആകാം, എത്ര കെട്ടിടങ്ങൾ ആകാം, എവിടൊക്കെ എത്ര വലുപ്പത്തിൽ കെട്ടിടങ്ങൾ ആകാം, എങ്ങനെ പണിയണം, തുറമുഖങ്ങൾ എത്ര വേണം, തോട്ടങ്ങൾ എത്ര വേണം, കൃഷി, വ്യവസായം, ഇതൊക്കെ എവിടെ വേണം എന്നതെല്ലാം തീരുമാനിക്കുന്നതിനു ഒരു ഭൂമിഉപയോഗ നയം അത്യാവശ്യമാണ്.

ഒരാൾ പോക്കറ്റിലെ പണവും ലഭ്യതയും അനുസരിച്ച് ഭൂമി വാങ്ങുന്നു,
വീട് വെയ്ക്കുന്നു,
വ്യവസായിക കെട്ടിടം പണിയുന്നു,
അതിലേക്ക് റോഡും സൗകര്യങ്ങളും ഉണ്ടാക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നു.
പണം നിക്ഷേപിക്കുന്നു.
ചിലപ്പോൾ മണ്ണിടിച്ചിൽ പ്രദേശം,
ചിലപ്പോൾ പുഴയുടെ വൃഷ്ടിപ്രദേശം, വെള്ളപ്പൊക്ക പ്രദേശം,
ഓരോ വർഷവും നഷ്ടമുണ്ടാകുന്നു, അത് ആത്യന്തികമായി എല്ലാ മനുഷ്യരുടെയും തലയിൽ വന്നു വീഴുന്നു… വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നു..

കേരളത്തിന് ഒരു Land Use Policy ഇല്ല.
Land Use Plan ഇല്ല.
ഭൂമിയുപയോഗത്തിൽ എന്താണ് പ്രയോറിറ്റി എന്നു തീരുമാനമേ ഇല്ല.
ഒരു Guiding Document നമുക്കില്ല.
പ്ലാനിങ് കമ്മീഷനുകൾ ഇത് അറിഞ്ഞഭാവം നടിക്കുന്നില്ല.
2009 ൽ ഒരുപാട് ചർച്ച ചെയ്തുണ്ടാക്കിയ ആ draft ഈ സർക്കാർ അംഗീകരിക്കുകയുമില്ല. 10 വർഷമായി. വരാത്തതിനു കാരണം ഞാനും നിങ്ങളുമാണ്.

നെറ്റി ചുളിക്കണ്ട, നയം ഉണ്ടാക്കാനുള്ള ആവശ്യത്തിന് തീരെ ഡിമാന്റ് ഇല്ല.
മാർക്കറ്റ് ഇല്ല.
തെരഞ്ഞെടുപ്പിൽ ആവശ്യമില്ല. എനിക്കും നിങ്ങൾക്കും ഇല്ലാത്ത ആവശ്യമൊന്നും പിണറായി വിജയനും ഉമ്മൻചാണ്ടിക്കും ഉണ്ടാവില്ല.

2018 ലെ കേരള ദുരന്തത്തെപ്പറ്റി ആധികാരികമായ പഠനം ഐക്യരാഷ്ടസഭയുടേതാണ്.

Post Disaster Need Assessment എന്നാണ് റിപ്പോർട്ടിന്റെ പേര്. മലയാളി ഒരുവട്ടം എങ്കിലും അത് വായിക്കണം. ഒരു Land Use Policy (ഭൂവിനിയോഗനയം) ഇല്ലാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നമെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു.

Land Use Policy യും പ്ലാനും ഉണ്ടാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. അതുണ്ടാക്കിയാൽ വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്നും നഷ്ടങ്ങൾ കുറയ്ക്കാമെന്നും PDNA റിപ്പോർട്ട് അക്കമിട്ടു പറയുന്നു.

പ്രകൃതിവിഭവങ്ങളെപ്പറ്റി ഒരു സമഗ്രനയം ഉണ്ടാക്കുന്നതിന്റെ ആദ്യപടിയാണ് ഈ നയം.

31,000 കോടിരൂപയുടെ നഷ്ടമുണ്ടായെന്നു UN സാക്ഷ്യപ്പെടുത്തുന്നു. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. അതിലെ കോടികളുടെ നഷ്ടക്കണക്ക് മാത്രമെടുത്തു. ലോകബാങ്കിൽ നിന്നും മറ്റുമായി ആയിരക്കണക്കിന് കോടിരൂപ കടമെടുത്തു. Rebuild Kerala തുടങ്ങി. എന്നാൽ പ്രധാന നിർദ്ദേശമായ Land Use Policy മാത്രം അറിഞ്ഞഭാവമില്ല !!!

ഒരു സർക്കാരിന്റെയും കുറ്റമല്ല.

ജനങ്ങൾക്ക് വേണ്ടത്തത് സർക്കാരിനും വേണ്ട. ഡിമാന്റ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഭേദപ്പെട്ട കേരളമുണ്ടാക്കാൻ ഇതല്ലാതെ നമുക്ക് ഒറ്റമൂലികൾ ഇല്ല.

ഇത് ആവശ്യമാണെന്ന് ഞാൻ പറഞ്ഞതുകൊണ്ട് നിങ്ങൾ വിശ്വസിക്കണ്ട. ഗൂഗിളിൽ “PDNA KERALA” എന്നു തിരയൂ. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ വായിക്കൂ. അലമാരയിൽ വെച്ചിരിക്കുന്ന ആ Land Use Policy ചർച്ച ചെയ്തു നിയമമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടൂ.

അഡ്വ.ഹരീഷ് വാസുദേവൻ.