ദുല്‍ക്കര്‍ സല്‍മാന്‍: താരജാഡകള്‍ ഇല്ലാത്ത താരപുത്രന്‍

622

DQm

സിനിമയായാലും രാഷ്ട്രീയമായാലും ബിസിനസ് ആയാലും സ്‌പോര്‍ട്‌സ് ആയാലും എന്നും അതാത് മേഖലകളിലെ പ്രമുഖരുടെ മക്കള്‍ അതേ പാത പിന്തുടര്‍ന്ന് വരുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കുട്ടിക്കാലം മുതല്‍ക്കേ തങ്ങളുടെ മാതാവിനെയോ പിതാവിനെയോ ആളുകള്‍ ആരാധിക്കുന്നതും സ്‌നേഹിക്കുന്നതുമൊക്കെ കണ്ടുവളരുന്ന കുട്ടികളുടെ മനസ്സില്‍ അവരറിയാതെ തന്നെ അതെ പാത പിന്തുടരാന്‍ ഒരു ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെ മുന്‍തലമുറയുടെ പാത പിന്തുടര്‍ന്ന് എത്തി അവരുടെ പ്രഭയില്‍ മറഞ്ഞുപോയവരാണ് അധികവും. എന്നാല്‍ ചുരുക്കം ചിലര്‍ തങ്ങളുടെ മുന്‍ഗാമികളുടേതില്‍ നിന്നും വ്യത്യസ്തമായ ശൈലി കണ്ടെത്തി തങ്ങളുടേതായ ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

DQ1

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ മകന്‍, ഇപ്പോള്‍ മലയാള യുവത്വത്തിന്റെ പ്രിയ നായകന്‍, ദുല്‍ക്കര്‍ സല്‍മാന്‍, അങ്ങനെ സ്വന്തം വഴിയും ശൈലിയും കണ്ടെത്തി അതില്‍ വിജയിച്ച ഒരാളാണ്. മമ്മൂട്ടി എന്ന നടന്റെ, അതിലപ്പുറം മലയാളസിനിമയെ നിയന്ത്രിക്കുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളുടെ, മകന്‍ എന്ന നിലയില്‍ ഏതെങ്കിലും വലിയ സംവിധായകന്റെയോ നിര്‍മാതാവിന്റെയോ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാമായിരുന്നു ദുല്‍ക്കറിന്. എന്നാല്‍ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കണ്ട് ഷോയിലൂടെ അഭിനയജീവിതം ആരംഭിക്കുവാന്‍ ആണ് ദുല്‍ക്കര്‍ തീരുമാനിച്ചത്.

dq2

ഒരു ഗ്യാംഗ്സ്റ്ററുടെ വേഷം ആയിരുന്നു സെക്കണ്ട് ഷോയില്‍ ദുല്‍ക്കര്‍ അവതരിപ്പിച്ചത്. ഏറെ അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കാതെ ലളിതമായി കടന്നുവന്ന ഈ ചിത്രം ആരാധകരുടെയും നിരൂപകരുടെയും കൈയ്യടി നേടിക്കൊണ്ട് നൂറ് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദുല്‍ക്കറിന്റെ രണ്ടാം ചിത്രം അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആയിരുന്നു. ആദ്യ ചിത്രത്തില്‍ അല്‍പ്പം ഡാര്‍ക്ക് ഷേഡ് ഉള്ള കഥാപാത്രം അവതരിപ്പിച്ച ദുല്‍ക്കര്‍ ഉസ്താദ് ഹോട്ടലിലൂടെ മലയാളി യുവത്വത്തിന്റെ സ്റ്റയില്‍ ഐക്കണ്‍ ആയിമാറി.

dq3

ദുല്‍ക്കര്‍ തിരഞ്ഞെടുത്ത മൂന്നാം ചിത്രമാണ് എന്റെ ഇഷ്ടചിത്രവും. രൂപേഷ് പീതാംബരന്റെ തീവ്രം. ഒരുപക്ഷെ ഉസ്താദ് ഹോട്ടല്‍ പോലെ വളരെ കൊമേഴ്‌സ്യല്‍ ആയ ഒരു ചിത്രത്തിന് ശേഷം മുഴുവന്‍ സീരിയസ് ആയ ഒരു കഥാപാത്രം അഭിനയിക്കാന്‍ ദുല്‍ക്കര്‍ കാണിച്ച ധൈര്യം ആയിരിക്കാം അതിന് കാരണം. സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. അടുത്ത ഊഴം ചങ്ങനാശ്ശേരിക്കാരന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് ആയിരുന്നു. അമേരിക്കയില്‍ നിന്നും നാട്ടിലെത്തി കുടുങ്ങിപോകുന്ന യുവാക്കളുടെ കഥ പറഞ്ഞ എ.ബി.സി.ഡി. ദുല്‍ക്കറിനും മാര്‍ട്ടിനും അടുത്ത ഹിറ്റ് സമ്മാനിച്ചു.

dq4

അടുത്ത ചിത്രമായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കേരളത്തിലെ ആദ്യ റോഡ് മൂവിയായിരുന്നു. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ്ഓഫീസ് വിജയം നേടി. ഇതോടൊപ്പം തന്നെ ആന്തോളജി ചിത്രമായ അഞ്ച് സുന്ദരികളില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ഭാഗത്ത് വീണ്ടും ഒരു തകര്‍പ്പന്‍ പ്രകടനം. അതിനുശേഷം വന്ന പട്ടം പോലെ തരക്കേടില്ല എന്ന അഭിപ്രായമാണ് ഉണ്ടാക്കിയത് എങ്കില്‍ സലാല മൊബൈല്‍സിന് ശേഷം ദുല്‍ക്കര്‍ വീണ്ടും അഭിനയിക്കുന്നത് ഗൗരവമായി ആലോചിക്കണം എന്നതരത്തില്‍ പ്രേക്ഷക അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഇതൊക്കെയും അടിച്ചുപൊളി സിനിമകളുടെ ശൈലിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ നോക്കിയപ്പോള്‍ പൊടുന്നനെ ഉണ്ടായ വിയോജിപ്പുകള്‍ എന്നേ കരുതാനാവൂ.

dq5

ബാലാജി മോഹന്‍ തമിഴിലും മലയാളത്തിലും ഒരേപോലെ എടുത്ത സംസാരം ആരോഗ്യത്തിന് ഹാനികരം ആയിരുന്നു ദുല്‍ക്കറിന്റെ അടുത്ത ചിത്രം. ഇതിന് ശേഷമാണ് അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മള്‍ട്ടിസ്റ്റാര്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പിറവി. ബാംഗ്ലൂര്‍ ടെയ്‌സിലെ അജുവും സാറയും വളരെ വേഗത്തില്‍ മലയാളികളുടെ മനസ് കീഴടക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനില്‍ ഉണ്ണി മുകുന്ദനോടൊപ്പം ദുല്‍ക്കര്‍ അഭിനയിച്ചു. ഈ ചിത്രവും ബോക്‌സ്ഓഫീസ് ഹിറ്റ് ആയപ്പോള്‍ ഇടയ്ക്ക് അല്‍പ്പം പിന്നോട്ട് പോയെങ്കിലും തന്നെ എഴുതിത്തള്ളാറായിട്ടില്ല എന്ന സൂചന കൂടി നല്‍കുകയായിരുന്നു ദുല്‍ക്കര്‍.

dq6

കെ.ടി.എന്‍. കോട്ടൂരിന്റെ ജീവിതത്തെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ഞാന്‍ ദുല്‍ക്കര്‍ അന്നോളം ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തവും വൈഷമ്യം ഏറിയതുമായ ഒരു ചിത്രമായിരുന്നു. നിരൂപകപ്രശംസ നേടിയെങ്കിലും ബോക്‌സ്ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. എന്നാല്‍, അടുത്ത രണ്ടു ചിത്രങ്ങള്‍ ഒരു പ്രണയനായകന്റെ പരിവേഷം ദുല്‍ക്കറിന് പതിച്ചു നല്‍കി. ജെനൂസ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലവ് അവതരണ ശൈലിയിലെ പുതുമകൊണ്ട് ശ്രദ്ധ നേടി. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മണി രത്‌നത്തോടൊപ്പം തമിഴിലും തെലുങ്കിലും ആയി ചെയ്ത ഒകെ കണ്മണി ദുല്‍ക്ക്‌റിന് അടുത്ത ഹിറ്റ് സമ്മാനിച്ചു. ഒപ്പം സൗത്ത് ഇന്ത്യ മുഴുവന്‍ ദുല്‍ക്കര്‍ സംസാരവിഷയം ആവുകയും ചെയ്തു.

dq7

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയാണ് ദുല്‍ക്കര്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളും ഉടനെ പ്രതീക്ഷിക്കാം. തലക്കെട്ടില്‍ പറഞ്ഞത് പോലെ താരജാഡകള്‍ ഒട്ടുമില്ലാത്ത താരപുത്രന്‍ ആണ് ദുല്‍ക്കര്‍ സല്‍മാന്‍. അതുതന്നെയാണ് ദുല്‍ക്കറിനെ സാമാന്യപ്രേക്ഷകര്‍ ഇത്രയേറെ ഇഷ്ടപ്പെടുവാനുള്ള കാരണവും. ഈ അടുത്ത് ജന്മദിനം ആഘോഷിച്ച താരം പുതിയ ചിത്രമായ ചാര്‍ലിയുടെ തിരക്കുകളില്‍ ആണ്. ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ ദുല്‍ക്കര്‍ മലയാളത്തിന് നല്‍കട്ടെ. അതോടൊപ്പം കൂടുതല്‍ വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങള്‍ ദുല്‍ക്കറിനെ തേടിയെത്തുകയും ചെയ്യട്ടെ.