ദൃശ്യവും ഫോള്‍സ് മെമ്മറിയും ചില സൈക്കോളജി ചിന്തകളും

0
514

01

മലയാള സിനിമാവ്യവസായരംഗത്തെ മുന്‍കാല റിക്കാര്‍ഡുകള്‍ എല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് നൂറാം ദിവസവും പിന്നിട്ടു മുന്നേറുകയാണ് ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’. എല്ലാവിധ പ്രേക്ഷകരെയും ഈ ചിത്രത്തിന് ഒരുപോലെ സംതൃപ്തിപ്പെടുത്താനായി എന്നത് മികവുറ്റ ഒരു തിരക്കഥാകൃത്തിന്റെ വിജയമായി വേണം കരുതാന്‍. തിരക്കഥയോടൊപ്പം സംവിധാനം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളും ഒന്നിനൊന്നു മികച്ചുനിന്നപ്പോള്‍ അത് മലയാളികള്‍ക്ക് നെഞ്ചേറ്റി ലാളിക്കാന്‍ തക്കവിധം ഒരു വലിയ വിജയമായി മാറി. എന്തുകൊണ്ട് ദൃശ്യം ഇത്രയും വലിയ വിജയം നേടി എന്നത് ഇതിനുമുന്‍പ് പല തവണ ചര്‍ച്ചാവിഷയം ആയിട്ടുള്ളതാണ്. എന്നാല്‍, തന്റെ കുടുംബത്തിനു പറ്റിയ ഒരു കൈയ്യബദ്ധം ആരുമറിയാതെ ഒളിപ്പിക്കാന്‍ ജോര്‍ജുകുട്ടി എന്ന സാധാരണക്കാരന്‍ താന്‍ കണ്ട സിനിമകളില്‍ നിന്നും ആശയങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്നില്‍ ശ്രദ്ധ കിട്ടാതെ പോയ ചില പ്രധാന കാര്യങ്ങളുണ്ട്.

തന്റെ കുടുംബത്തെ ഒന്നടങ്കം ഒരു വലിയ വിപത്തിനെ നേരിടാന്‍ ജോര്‍ജുകുട്ടി പ്രാപ്തനാക്കുന്നതും തെളിവുകള്‍ ഒളിപ്പിക്കുന്നതും എല്ലാം കഥയുടെ ഗതി നിര്‍ണയിക്കുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് തനിക്കു അനുകൂലമായി തെളിവുകള്‍ ഉണ്ടാക്കുക എന്ന് ജോര്‍ജുകുട്ടിക്ക് അറിയാമായിരുന്നു. അതിനു അയാള്‍ കുറെ ഹോട്ടല്‍ ബില്ലുകളും ബസ്‌ ടിക്കറ്റുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട് എങ്കിലും അതിലും വലിയ കടമ്പ പോലീസിന്റെ ദൃഷ്ടി ചെന്നെത്താവുന്ന എല്ലാ സാക്ഷികളുടെയും മനസ്സില്‍ തനിക്കനുകൂലമായ ചിന്തകള്‍ കയറ്റുക എന്നത്. അതില്‍ ജോര്‍ജുകുട്ടി വിജയിക്കുന്നിടത്താണ് അയാള്‍ അന്തിമവിജയം നേടുന്നത്.

അപ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ വരുന്ന ഒരു സംശയം ഉണ്ട്. ഒരാളെ പൊട്ടനാക്കാം. പക്ഷെ, എല്ലാവരെയും എങ്ങനെ പൊട്ടന്മാരാക്കും? കഥ വീണ്ടും ചൂട് പിടിക്കുമ്പോള്‍ പലരും മറന്നു കളഞ്ഞേക്കാവുന്ന ഒരു സംശയം. എന്നാല്‍, അതിനു വ്യക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട്. അതിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

എന്താണ് ജോര്‍ജുകുട്ടി അവരുടെ മനസ്സില്‍ ചെയ്ത മാജിക്ക്?

കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ജോര്‍ജുകുട്ടി കുടുംബത്തോടൊപ്പം അയാളുടെ പദ്ധതി അനുസരിച്ച് ധ്യാനകേന്ദ്രം സന്ദര്‍ശിക്കുകയും ലോഡ്ജില്‍ തങ്ങുകയും സിനിമ കാണുകയും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എല്ലായിടത്തും തങ്ങളെ വീണ്ടും കണ്ടാല്‍ അവര്‍ക്ക് ഓര്‍മ വരുന്നതുപോലെ വളരെ മാന്യമായും കൃത്യമായും അവര്‍ പെരുമാറുന്നു. എന്നാല്‍, അത് കുറച്ചു വ്യാജ രേഖകള്‍ നേടിയെടുക്കാന്‍ മാത്രമേ അയാളെ സഹായിക്കുന്നുള്ളൂ. അതിനു ശേഷമാണ് ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ അന്വേഷണം തങ്ങള്‍ പോയ സ്ഥലങ്ങളിലേയ്ക്ക് നീളുന്നു എന്ന് കാണുമ്പോള്‍ അയാള്‍ കുടുംബത്തോടൊപ്പം ഒരിക്കല്‍ കൂടി ആ ഹോട്ടലും ലോഡ്ജും തിയേറ്ററും സന്ദര്‍ശിക്കുന്നു. അതിനുശേഷം അവര്‍ക്ക് ജോര്‍ജുകുട്ടിയേയും കുടുംബത്തെയും പറ്റി ഉണ്ടായിരുന്ന അവ്യക്തമായ ഓര്‍മകളെ അതിസമര്‍ഥമായി അയാള്‍ ചൂഷണം ചെയ്തു വളച്ചൊടിക്കുന്നു. അങ്ങനെ അവരുടെ മനസ്സില്‍ അയാള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ചില ‘ഫോള്‍സ് മെമ്മറി’കള്‍ക്ക് രൂപം കൊടുക്കുന്നു.

എന്താണ് ഫോള്‍സ് മെമ്മറി?

തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത ചില കാര്യങ്ങള്‍ ശരിക്കും സംഭവിച്ചു എന്ന് ചിലര്‍ വിശ്വസിക്കാറുണ്ട്. അങ്ങനെ നടന്നു എന്ന് അവര്‍ കരുതുന്ന സംഭവത്തെ പറ്റി ചെറിയ ചെറിയ അംശങ്ങള്‍ പോലും തങ്ങളുടെ ഓര്‍മയില്‍ നിന്ന് എന്നപോലെ വിശദീകരിക്കുവാനും ഇങ്ങനെയുള്ള ആളുകള്‍ക്ക് കഴിയാറുണ്ട്. ഈ അവസ്ഥയെ ഫോള്‍സ് മെമ്മറി സിന്‍ഡ്രോം (FALSE MEMORY SYNDROME) എന്നാണ് മനശാസ്ത്രത്തില്‍ വിളിക്കുക. എന്നാല്‍ ഇത് പലപ്പോഴും മറ്റു ആളുകളുടെ സ്വാധീനം കൊണ്ടാവണം എന്നില്ല. ചിലപ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റിയുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും അയാളുടെ ഓര്‍മകളെ സ്വാധീനിക്കാം. അങ്ങനെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് അയാള്‍ വിശ്വസിക്കാം. അതുപോലെ ഒരിക്കല്‍ സംഭവിച്ച ഒരു കാര്യത്തെ അയാളുടെ ആഗ്രഹങ്ങള്‍ക്കോ മുന്‍കാല അനുഭവങ്ങള്‍ക്കോ അനുസൃതമായി വേറെ ഒരു രീതിയില്‍ നടന്നു എന്നും വിശ്വസിക്കാം. ഇങ്ങനെയുള്ള പല സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരുപാട് ഗവേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ളതുപോലെ ഇതിനും ഒരു മറുവശം ഉണ്ട്. ഫോള്‍സ് മെമ്മറികള്‍ക്ക് എളുപ്പത്തില്‍ രൂപം കൊടുക്കാന്‍ തക്കവണ്ണം ദുര്‍ബലമായ മനസുള്ളവരുടെ ഓര്‍മകളെ പ്രാവീണ്യം നേടിയ ഒരാള്‍ക്ക് എളുപ്പത്തില്‍ പൊളിച്ചെഴുതാന്‍ പറ്റും. ഒരു മനശാസ്ത്രഞ്ജനെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ചില സാധാരണ മനുഷ്യര്‍ക്കും തങ്ങള്‍ പറയുന്നതെല്ലാം മറ്റുള്ളവരെ എളുപ്പം വിശ്വസിപ്പിക്കാന്‍ പറ്റും. ഉദാഹരണത്തിന്, എന്റെ ഓര്‍മശക്തിയെപ്പറ്റി എനിക്ക് സ്വയം അത്ര മതിപ്പില്ല എന്ന് വെക്കുക. ഞാന്‍ എന്റെ സുഹൃത്തിനോട്‌ പണ്ട് നടന്ന ഒരു കാര്യത്തെപറ്റി സംസാരിക്കുമ്പോള്‍ അവന്‍ വളരെ വസ്തുനിഷ്ഠമായും കൃത്യമായ വിവരണങ്ങളോട് കൂടിയും ഞാന്‍ പറഞ്ഞതല്ല ശരി എന്ന് പറഞ്ഞാല്‍ ഒരു നിമിഷം അവന്‍ പറഞ്ഞതല്ലേ ശരി എന്ന് ഞാന്‍ ചിന്തിക്കും. ഞാന്‍ മാത്രമല്ല, ഭൂരിപക്ഷം ആളുകളും അങ്ങനെയാവും ചിന്തിക്കുക. അങ്ങനെ കൃത്രിമമായി നമ്മുടെ ഓര്‍മകളെ പൊളിച്ച് എഴുതുവാന്‍ സമര്‍ഥനായ ഒരാള്‍ വിചാരിച്ചാല്‍ സാധിക്കും. ഇത് തന്നെയാണ് ജോര്‍ജുകുട്ടിയും ചെയ്യുന്നത്. ഇത്തരം കൃത്രിമ ഓര്‍മകളെ ‘കണ്‍സ്ട്രക്റ്റഡ് മെമ്മറി’ (CONSTRUCTED MEMORY) എന്നാണ് വിളിക്കുക. പക്ഷെ ഇത്തരം കണ്‍സ്ട്രക്റ്റഡ് മെമ്മറികളുടെ അടിസ്ഥാനപരമായ ആശയം കടന്നുവരുന്നത് ഫോള്‍സ് മെമ്മറിയെ പറ്റിയുള്ള പഠനങ്ങളില്‍ നിന്നുമാണ്.

സ്റ്റീവ് ടൈറ്റസ് കേസ്

ഫോള്‍സ് മെമ്മറി എങ്ങനെ അപകടകാരിയാകാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സ്റ്റീവ് ടൈറ്റസിന്റെ കേസ്. വാഷിംഗ്‌ടണിലെ ഒരു റസ്ടോറെന്റ് മാനേജര്‍ ആയിരുന്നു സ്റ്റീവ് ടൈറ്റസ്. ഒരു വൈകുന്നേരം താന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരികയായിരുന്ന ടൈറ്റസിന്റെ കാര്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തി. കുറച്ചു സമയം മുന്‍പ് ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം കടന്നുകളഞ്ഞ ഒരു പ്രതി സഞ്ചരിച്ചിരുന്ന അതെ മോഡല്‍ വാഹനമാണ് ടൈറ്റസും ഉപയോഗിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ആ പ്രതിയോട് ടൈറ്റസിന് ചെറിയൊരു രൂപ സാദൃശ്യവും ഉണ്ടായിരുന്നു. പോലീസ് ടൈറ്റസിന്റെ ഒരു ഫോട്ടോ എടുത്തു. അത് കുറ്റവാളി എന്ന് സംശയിക്കപ്പെടുന്നവരുടെ കൂടെ ചേര്‍ത്തു. പിന്നീട് അത് ആ പെണ്‍കുട്ടിയെ കാണിച്ചപ്പോള്‍ ടൈറ്റസിന്റെ ഫോട്ടോ ചൂണ്ടി ഇതാണ് ഏറ്റവും സാദൃശ്യം ഉള്ളത് എന്ന് ആ കുട്ടി പറഞ്ഞു. പക്ഷെ കോടതിയില്‍ എത്തിയപ്പോള്‍ ആ കുട്ടി തറപ്പിച്ചു പറഞ്ഞു ഇത് തന്നെയാണ് എന്നെ ഉപദ്രവിച്ച ആള്‍ എന്ന്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ടൈറ്റസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ ജെയിലില്‍ അടക്കപ്പെട്ടു. എന്നാല്‍ അവസാന പ്രതീക്ഷ എന്ന നിലയില്‍ അയാള്‍ തന്നെ രക്ഷപെടുത്താന്‍ ഒരു പ്രാദേശിക ന്യൂസ്‌ പേപ്പറിനോട് സഹായം അഭ്യര്‍ഥിച്ചു. അവരുടെ അന്വേഷണത്തില്‍, ടൈറ്റസിന്റെ ഭാഗ്യം എന്നോണം, യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ സാധിച്ചു. അങ്ങനെ ടൈറ്റസ് ജയില്‍ മോചിതനായി.

എന്നാല്‍ അപ്പോഴേയ്ക്കും അയാള്‍ക്ക്‌ എല്ലാം നഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ അയാള്‍ തന്റെ ജീവിതം ഇങ്ങനെയാകാന്‍ ഇടയാക്കിയ എല്ലാവരോടും അയാള്‍ നിയമയുദ്ധം നടത്തി. ഒടുവില്‍ കോടതിയില്‍ വിധി പറയുന്നതിന് ഒരാഴ്ച മുന്‍പ് അമിതമായ ടെന്‍ഷന്‍ മൂലം ഹൃദയാഘാതം വന്നു അയാള്‍ ജീവിതത്തോട് വിട പറഞ്ഞു.

ഈ സമയത്ത് എലിസബത്ത്‌ ലോഫസ് എന്ന മനശാസ്ത്രഞ്ജ ടൈറ്റസിന്റെ കേസ് പഠിക്കാന്‍ ആരംഭിച്ചു. എന്തുകൊണ്ടാണ് “ഇതാണ് ഏറ്റവും സാദൃശ്യമുള്ള മുഖം” എന്നതില്‍ നിന്നും “ഇതുതന്നെയാണ് എന്നെ ഉപദ്രവിച്ച ആള്‍” എന്ന് ഉറച്ചു പറയുവാന്‍ ആ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്? അതായിരുന്നു എലിസബത്ത് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച പ്രശ്നം. അതിനെ ഉത്തരം ചെന്ന് നിന്നത് ‘ഫോള്‍സ് മെമ്മറി സിന്‍ഡ്രോം’ എന്ന മാനസിക പ്രശ്നത്തിലാണ്.

എന്തുകൊണ്ട് ‘ഫോള്‍സ് മെമ്മറി സിന്‍ഡ്രോം’ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു?

ഓര്‍മ സംബന്ധിയായ പ്രശ്നങ്ങളെ പറ്റി പറയാന്‍ പറഞ്ഞാല്‍ നമ്മള്‍ ആദ്യം ഓര്‍ക്കുക അല്‍ഷിമേഴ്സ് മുതലായ രോഗങ്ങളെ പറ്റിയാവും. പ്രായം ചെല്ലുംതോറും പല കാര്യങ്ങളും ഓര്‍മിക്കുവാന്‍ ആകാതെ നാം കഷ്ടപ്പെടാറുമുണ്ട്. എന്നാല്‍ അല്‍ഷിമേഴ്സ് പോലെയൊരു വലിയ രോഗത്തിന്റെ അവസ്ഥയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ നമ്മുടെ ഓര്‍മക്കുറവ് മറ്റുള്ളവരെ വലിയ അളവില്‍ ബാധിക്കാറുള്ളൂ. അല്ലാത്തപക്ഷം അത് നമ്മുടെ മാത്രം പ്രശ്നമാണ്. എന്നാല്‍ ഓര്‍മ കൂടിപ്പോയി എന്നുപറഞ്ഞു നമ്മളില്‍ ആരും സങ്കടപ്പെടാറില്ല. പക്ഷെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇനി അങ്ങനെയും സങ്കടപ്പെടെണ്ടി വരും എന്നാണ്. സ്റ്റീവ് ടൈറ്റസ് കേസ് ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആയിരക്കണക്കിന് നിരപരാധികള്‍ക്ക്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ തന്നെ ‘അയാള്‍ കഥ എഴുതുകയാണ്’ എന്ന ചിത്രത്തില്‍ ഇതേ പ്രശ്നം ചര്‍ച്ച ചെയ്യുന്നുണ്ട്. കുറെ നാളുകള്‍ക്കു മുന്‍പ് സ്ത്രീ പീഡനം ആരോപിക്കപ്പെട്ടാല്‍ അതിനു ഇരയായ സ്ത്രീയുടെ വാക്കാണ്‌ ഏറ്റവും വലിയ തെളിവ് എന്ന രീതിയില്‍ നിയമ നിര്‍മാണം നടത്താന്‍ ഒരു നീക്കം നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ സാധ്യതകള്‍ ദുരുപയോഗിക്കപ്പെടാം എന്നുകണ്ട് അത് ഉപേക്ഷിക്കുകയുണ്ടായി. പക്ഷെ, അതുപോലെ തന്നെ പ്രശ്നമായേക്കാവുന്ന ഒരു സാധ്യതയായിരുന്നു ഇത്തരം കൃത്രിമ ഓര്‍മകള്‍.

ഈ അവസ്ഥയെ ഗുണപരമായി ഉപയോഗിക്കാമോ?

ചില അവസരങ്ങളില്‍ നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ഉള്ളില്‍ ഫോള്‍സ് മെമ്മറികള്‍ ഉണ്ടാവുകയും അത് മരണം വരെ തിരിച്ചറിയപ്പെടാതെ നിലനില്‍ക്കുകയും ചെയ്യാം. വേറെ ഒരാളോട് പങ്കുവെയ്ക്കുന്നില്ല എങ്കില്‍ എങ്ങനെയാണ് നമ്മുടെ ഓര്‍മ്മകള്‍ യഥാര്‍ത്ഥം ആണോ ആല്ലയോ എന്ന് നമ്മുക്ക് മനസിലാക്കാന്‍ ആവുക. നമ്മുടെ മനസിന്റെ ഈ ചാപല്യത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം എന്നാണ് പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. അതായത് ചില ആളുകള്‍ക്ക് കുട്ടിക്കാലം മുതലേ ചില കാര്യങ്ങളോട് പേടി, ചില ഭക്ഷണ സാധനങ്ങളോട് വിരോധം, ചില പ്രത്യേക സാഹചര്യങ്ങളില്‍ അകപ്പെടാനുള്ള ഭയം മുതലായവ ഉണ്ടാകാറുണ്ട്. ഒരു ചെറിയ ഉദാഹരണം സഭാകമ്പം അഥവാ സ്റ്റേജ് ഫിയര്‍ ആണ്. ചിലര്‍ക്ക് ഇത് പയ്യെ മാറുമെങ്കിലും ചിലരുടെയെങ്കിലും കാര്യത്തില്‍ അങ്ങനെ അല്ല സംഭവിക്കുക. ഇത് പണ്ട് എങ്ങോ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനസില്‍ കിടക്കുന്നത് കൊണ്ടാണ്. പ്രാവീണ്യം സിദ്ധിച്ച ഒരു മനശാസ്ത്രന്ജന്‍ വിചാരിച്ചാല്‍ ഈ ഓര്‍മകളെ എളുപ്പത്തില്‍ എടുത്തുമാറ്റാന്‍ കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് സാധാരണ നമ്മുടെ മനസു സ്വയം ഉണ്ടാകുന്ന ഫോള്‍സ് മെമ്മറികള്‍ക്ക് പകരം ഇവിടെ പുറമേ നിന്നും ഒരാളുടെ സഹായത്താല്‍ കൃതിമ ഓര്‍മകള്‍ സൃഷ്ടിക്കുന്നു. ഇവയെ കണ്‍സ്ട്രക്റ്റഡ് മെമ്മറി എന്നും വിളിക്കാറുണ്ട്. പക്ഷെ മുന്‍പ് സൂചിപ്പിച്ചത് പോലെ മനുഷ്യ മനസിന്റെ ഫോള്‍സ് മെമ്മറികള്‍ക്ക് ഇടം നല്‍കുന്ന ഈ ന്യൂനതയാണ് കണ്‍സ്ട്രക്റ്റഡ് മെമ്മറി എന്ന ആശയത്തിലെയ്ക്ക് വഴി തുറന്നത്. ചില ആളുകള്‍ ചികിത്സയ്ക്ക് വേണ്ടി അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നു. മറ്റു ചിലര്‍ ഈ വിദ്യ ഉപയോഗിച്ച് തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ ഒരു പുതിയ ലോകം തന്നെ മറ്റുള്ളവരുടെ മനസ്സില്‍ നിര്‍മിച്ചെടുക്കുന്നു.

വീണ്ടും ദൃശ്യത്തിലേയ്ക്ക്

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയും തന്റെ വിരുതുകൊണ്ട് ഈ സാധ്യത മുതലെടുക്കുകയാണ്. ജോര്‍ജുകുട്ടി മെനഞ്ഞെടുത്ത കഥ വളരെ സമര്‍ഥമായി ആ സാക്ഷികളെക്കൊണ്ട് വിശ്വസിപ്പിക്കുന്നിടത്താണ് അയാള്‍ വിജയം കാണുന്നത്. അങ്ങനെ ഒരു സാഹചര്യത്തില്‍ ജോര്‍ജുകുട്ടി സാക്ഷികളെ അവരറിയാതെ തന്നെ സ്വാധീനിച്ചു എന്ന് മനസിലാക്കിയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ നിസഹായരായി നില്‍ക്കുകയാണ് പോലീസ്. കാരണം മറിച്ചുചിന്തിക്കാന്‍ അവരുടെ കയ്യില്‍ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല.

നമ്മുടെ ജീവിതത്തില്‍ എങ്ങനെ ഇത് പ്രയോജനപ്പെടുത്താം?

ഏറെ ഗവേഷണം നടക്കുന്ന ഒരു മേഖലയാണ് ഇത്. വളരെ സാധ്യതകള്‍ ഇതിനുണ്ട്. അത് ശരിയായിട്ടോ തെറ്റായിട്ടോ ഉപയോഗിക്കുക എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. നിയന്ത്രണവിധേയമായി ഉപയോഗിച്ചാല്‍ ചില്ല്ലറ ചെറിയ കുരുക്കുകളില്‍ നിന്ന് എളുപ്പം നമ്മുക്കും ഊരിപ്പോകാം. പക്ഷെ, അധികമായാല്‍ അമൃതും വിഷം എന്നാണ് ചൊല്ല്. ഒടുക്കം സത്യമേത് മിഥ്യയേത്‌ എന്ന് കണ്‍ഫ്യൂഷന്‍ ആയി ജീവിതം തന്നെ കളഞ്ഞു കുളിക്കേണ്ടിവരും. അതുകൊണ്ട് ജാഗ്രതൈ.

ഒരു സിനിമ എന്ന നിലയ്ക്ക് ദ്രിശ്യത്തിനു കിട്ടുന്ന സ്വാതത്ര്യം വളരെ നന്നായിതന്നെ ജീത്തു ജോസഫ്‌ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാം ഒന്നടങ്കം ദ്രിശ്യത്തിന്റെ ആരാധകര്‍ ആയി മാറിയത്. ദൃശ്യം ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാണ്. നമ്മളെ ബാധിക്കുന്ന എന്നാല്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ ഒഴിവാക്കുന്ന പല കാര്യങ്ങളെപ്പറ്റിയും നമ്മെ ചിന്തിപ്പിക്കുന്ന ചിത്രം. അത് നല്ല രീതിയില്‍ മനസിലാക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം എന്ന് മാത്രം.