Cricket
ദേവേന്ദ്രബിഷു എറിഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോളോ?

വര്‍ഷം 1993. സ്ഥലം മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം. പ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഓള്‍ഡ് ട്രാഫോര്‍ഡിലേത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആസ്ട്രേലിയയെ 289 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 71 റണ്‍സ് എടുത്തപ്പോള്‍ ആണ് ആദ്യ വിക്കറ്റ് വീഴുന്നത്. അടുത്തത് ഇറങ്ങുന്നത് ഏറെ പേരുകേട്ട ഇംഗ്ലീഷ് ബാറ്റ്സ്മാന് മൈക്കല്‍ ഗാറ്റിംഗ്. ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന് ബോര്‍ഡര്‍ താരതമ്യേന പുതുമുഖവും ടീമിലെ ഏക സ്പിന്നറുമായ ബോളറെ അടുത്ത ഓവര്‍ എറിയാന്‍ വിളിച്ചു.
വലതുകൈയ്യന്‍ ബാറ്റ്സ്മാന് ആയ ഗാറ്റിംഗിന് നേരെ അയാളുടെ ലെഗ് ബ്രേക്ക് ഡെലിവറി. ബോള്‍ പയ്യെ ബാറ്റ്സ്മാന് നേരെ ചെരിഞ്ഞുനീങ്ങി. ആ സാഹചര്യത്തില്‍ ഏതു മികച്ച ബാറ്റ്സ്മാനും ചെയ്യുന്നതുപോലെ ഗാറ്റിംഗ് ലെഗ് സൈഡിലേയ്ക്ക് നീക്കി ബാറ്റും കാലും അടുപ്പിച്ച് പന്ത് തടഞ്ഞിടുക എന്ന ഉദേശത്തോടെ വെച്ചു. എന്നാല്‍, പന്ത് ഗാറ്റിംഗിനെ അമ്പരപ്പിച്ചുകൊണ്ട് കുത്തിത്തിരിഞ്ഞു ഓഫ് സ്റ്റംപിലെ ബെയില്‍സും ഇളക്കിക്കൊണ്ട് മൂളിപ്പറന്നു. ഷെയിന്‍ വോണ്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ആ ബോളര്‍. വോണ്‍ എറിഞ്ഞ ആ പന്ത് ‘നൂറ്റാണ്ടിന്റെ ബോള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ഇനി ഒരു പുതിയ കഥ. വര്‍ഷം 2015. സ്ഥലം ഡോമിനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്ക് സ്റ്റേഡിയം. വെസ്റ്റ് ഇന്ഡീസ്ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം. ബാറ്റ് ചെയ്യുന്നത് ബ്രാഡ് ഹാഡിന്. ബോള്‍ ചെയ്യുന്നത് ദേവേന്ദ്ര ബിഷു എന്ന വെസ്റ്റ്ഇന്ത്യന്‍ ലെഗ് സ്പിന്നര്‍. ഇനി എല്ലാം പഴയത് പോലെ തന്നെ. വോണിന്റെ നൂറ്റാണ്ടിന്റെ പന്ത് വീണ്ടും ചെയ്തുകാണിക്കുന്നതുപോലെ മനോഹരമായ ഒരു ലെഗ് ബ്രേക്ക് ബോള്‍ ഹാഡിന്റെ ഓഫ് സ്റ്റംപ് ഇളക്കിക്കൊണ്ട് പാഞ്ഞുപോയി. അതെ. വോണ്‍ എറിഞ്ഞത് ഇരുപതാം നൂറ്റാണ്ടിന്റെ പന്താണെങ്കില്‍ ബിഷു എറിഞ്ഞത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പന്ത് തന്നെ. ഇതാ ആ രണ്ടു മനോഹരമായ പ്രകടനങ്ങളും ഒന്ന് കണ്ടുനോക്കൂ.
https://www.youtube.com/watch?v=NDFFhdPL6E0
351 total views, 6 views today