ദൈവം കണ്ട ദുനിയാവ്!!!

318

കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം

വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.’എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ‘ കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. ‘നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു ‘..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും എന്നാലോചിക്കെ ഒരിക്കലും അങ്ങനൊരു സാദ്ധ്യത ഇല്ലാതെ വലിയ ദൈവം അത് പറയില്ല എന്നോര്‍മ വന്നു.

ഇത് തന്റെ ജയമാണോ അതോ മനുഷ്യന്റെതോ എന്ന് ശങ്കിച്ച് നില്‍ക്കെ കുഞ്ഞു ദൈവത്തിനു വലിയ ദൈവം ഉദ്ധേശിച്ചത് മനസ്സിലായ്..ഭൂമിയിലെ ‘മൃതസഞ്ജീവനി’ അതില്ലാതായാല്‍ പിന്നെന്തു ഭൂമി..അങ്ങനെ കുഞ്ഞു ദൈവം ഭൂമിയിലെ ഓക്‌സിജന്‍ സപ്ലൈ നിര്‍ത്തി ഉള്ളതത്രയും തിരിച്ചെടുത്തു ..എന്തായാലും ഒരു ഒരുമണിക്കൂര്‍ വ്യായാമം കഴിഞ്ഞു വന്നു സ്റ്റാറ്റസ് പരിശോധിക്കാമെന്നു തീരുമാനിച്ചു.സത്യത്തില്‍ കുഞ്ഞു ദൈവത്തിനു ആ കാഴ്ച കണ്ടു നില്‍ക്കാനുള്ള ത്രാണി ഇല്ലായിരുന്നു. വ്യായാമം കഴിഞ്ഞു വന്നു കണ്ട കാഴ്ച സകലതും ജീവസ്സറ്റ് കിടക്കുന്നു കുഞ്ഞു ദൈവത്തെ ശരിക്കും കരയിച്ചു .. ആ സമയം വലിയ ദൈവം പ്രത്യക്ഷപെട്ടു കുഞ്ഞു ദൈവത്തെ സമാധാനിപ്പിച്ചു, കൂടാതെ കുഞ്ഞു ദൈവത്തിന്റെ വിജയത്തില്‍ ഒരു സമ്മാനം ആവശ്യ പെട്ടുകൊള്ളാന്‍ പറഞ്ഞു.. കുഞ്ഞു ദൈവത്തിനു ഭൂമി വൃത്തിയാക്കി ഒരു സ്മാരകം പണിയണമെന്നുണ്ടായിരുന്നു..വലിയ ദൈവം അത് സാധിപ്പിച്ചു കൊടുത്തു..

കുഞ്ഞു ദൈവം സ്മാരകത്തിന് മുകളില്‍ ദിവസം രേഖപെടുതാന്‍ ഒരുങ്ങെ ഒരു ശബ്ദം കേട്ടു . നോക്കിയപ്പോള്‍ അതൊരു ബഹിരാകാശ പേടകം ആയിരുന്നു, അതില്‍ നിന്നും രണ്ടു പെണ്‍കുട്ടികളും ഒരാണ്കുട്ടിയും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു, ചൊവ്വയില്‍ സ്റ്റഡി ടൂറിനു പോയ ആറു പേടകങ്ങളില്‍ ഒന്നായിരുന്നു അത്… ഇറങ്ങിയ സ്ഥലം മാറിയോ എന്ന ശങ്കയില്‍ നില്‍ക്കുന്ന അവരെ കണ്ടതും കുഞ്ഞു ദൈവവും വലിയ ദൈവവും ഒരു പോലെ സ്തബ്ധരായ് ..തന്റെ സൃഷ്ടിയില്‍ സന്തോഷിക്കാനും സങ്കടപ്പെടാനും വയ്യാതെ…

Comments are closed.