ദൈവത്തിനൊരു ഇമെയില്‍

219

god

എന്റെ കര്‍ത്താവേ..50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തെക്കെതിലെ ഔസേപ്പച്ചന്‍ -മറിയാമ്മ വഴി എന്നെ നീ ഈ ഭൂമിയിലേക്ക് അയച്ചപ്പോള്‍ ഉണ്ടായിരുന്ന ഭൂമി അല്ല ഇത് ഇപ്പോള്‍ എന്ന് നിനക്ക് ഞാന്‍ പറയാതെ തന്നെ അറിയാമെന്ന് കരുതുന്നു , എല്ലാം നിനക്കറിയാവുന്ന കാര്യങ്ങളാണ് , നീയറിയാതെ ഒന്നും ഇവിടെ നടക്കുന്നുമില്ല ,പക്ഷെ ഈയിടെയായി എനിക്ക് ചെറിയ ഒരു സംശയം ..ചെകുത്താനാണോ ഇപ്പോള്‍ പണി കൂടുതല്‍ ..കാരണം മറ്റൊന്നുമല്ല , ഒരു നല്ല വാര്‍ത്ത പോലും ഇവിടെ കാണാനും കേള്‍ക്കാനും ഇല്ല ..പീഡനം , പെണ്ണുപിടി , കവര്‍ച്ച , കൊല, തട്ടിപ്പ്‌ ,അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത കലാപരിപാടികള്‍ !! ഒരു സാത്താന്‍ യുഗം !

നിനക്ക് എന്നോടുള്ള ഒരു സ്പെഷ്യല്‍ ഇന്ട്രെസ്റ്റ്‌ കാരണമാണ് നീയെന്നെ, നിന്റെ സ്വന്തം നാടെന്ന പേരിലറിയപ്പെടുന്ന കേരളത്തിലേക്ക്‌ വിട്ടതെന്നും എനിക്കറിയാം , പക്ഷെ അങ്ങനെയൊന്നും അല്ല കാര്യങ്ങള്‍ ഇപ്പോള്‍ ! മണല്‍ മാഫിയയുടെ ഉപയോഗശേഷം മിച്ചം വന്ന കേരളത്തിന്റെ ബാക്കി മാത്രമേ ഇപ്പോള്‍ ആ വിശേഷണത്തിന് അലങ്കാരമായിട്ടുള്ളൂ ! അതും പോരാഞ്ഞ് , രാഷ്ട്രീയക്കാരുടെ പൊറാട്ടുനാടകങ്ങളും !

പീഡനവും മണല്‍ മാഫിയയും നഗ്നതാപ്രദര്‍ശനവും തല്ലികൊല്ലലും വിലക്കയറ്റവും കവര്‍ച്ചയും തുടങ്ങി ഇത്യാദി കേരളത്തിലെ ട്രെന്‍ഡിംഗ് ഷോകള്‍ എല്ലാം കണ്‍നിറയെ കണ്ടു സഹികെട്ടിട്ടാണ്, നിന്റെ സമ്മതം കൂടി വാങ്ങിച്ചു, ഞാന്‍ എന്റെ മൂത്തമോളുടെ കൂടെ അമേരിക്കയിലേക്ക്‌ വണ്ടി കയറിയത് !

‘പട പേടിച് പന്തളത്തുചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട ‘ എന്ന മട്ടിലായി കാര്യങ്ങള്‍ അപ്പോള്‍ ! അവിടെ ചെന്നിറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി ,  നീ പറഞ്ഞതാണ് സത്യം , നിന്റെ സ്വന്തം നാടായ കേരളം തന്നെ സ്വര്‍ഗ്ഗം!!

 ജീവിതത്തോട് വെറുപ്പ്‌ തോന്നിയാല്‍ ഉടന്‍ അവിടത്തെ ആള്‍ക്കാര്‍ , പെറ്റതള്ളയാണോ എന്ന് പോലും നോക്കാതെ തുരുതുരാ വെടിവപ്പല്ലയോ ? എന്നിട്ട് അവനും പോയി ചാവും ! എന്റെ കൊച്ചുമകന്‍ പറഞ്ഞത് പോലെ , അവിടത്തെ പ്രസിഡന്റിനു ലോകകാര്യങ്ങള്‍ നോക്കിയിട്ട് , അവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ ബാക്കി സമയം കിട്ടുന്നില്ലത്രേ ! അത് സത്യമാണോ ? അമേരിക്കയാണോ ലോകകാര്യങ്ങള്‍ നോക്കുന്നത് ? എന്തോ , ആര്‍ക്കറിയാം !!

എങ്ങനെയൊക്കെയോ റിട്ടേണ്‍ ടിക്കറ്റും ഒപ്പിച്ച് , തിരിച്ചുകയറുമ്പോള്‍, ജീവന്‍ തിരിച്ചു കട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍ !ദുബായ് വഴിയാണ് ഞാന്‍ തിരിച്ചു വരുന്നത് എന്നറിഞ്ഞപ്പോള്‍ , എന്റെ അനിയത്തി ശോശാമ്മയുടെ കൂടെ കുറച്ചുനാള്‍ താമസിച്ചാല്‍ കൊള്ളാമെന്ന എന്റെ ആഗ്രഹം ഞാന്‍ മോളെ അറിയിച്ചു. വയസ്സുകാലത്ത് ദുബായ് കാണണോ എന്ന് അവള്‍ കുശുകുശുക്കുന്നത് ഞാന്‍ കേട്ടില്ലെന്നു വെച്ചു , എന്തൊക്കെയായാലും അതിനുള്ള ഏര്‍പ്പാട് മേരിക്കൊച്ചു ചെയ്തു തന്നു!അവളെ പെറ്റ തല്ല്ലിള്ളയോ ഞാന്‍ , അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ അവള്‍ക്കെന്നെ ? ഇന്നത്തെ കാലമല്ലേ , എന്തും പ്രതീക്ഷിക്കാം !എന്തായാലും അവള്‍ക്കു സ്തോത്രം, കൂടെ നിനക്കും !

കുറച്ചു ദിവസം ദുബായില്‍ തങ്ങി ,  ഇവിടെ ഈ ജനിച്ച മണ്ണില്‍ തന്നെ ഇന്നലെ ഞാന്‍ തിരിച്ചെത്തി ! തിരിച്ചുവന്നപ്പോള്‍ ആദ്യം കേട്ട വാര്‍ത്ത , ഡല്‍ഹിയിലെ ആ പെങ്കൊച്ച് മരിച്ചു പോയത്രേ ! ഹ, അല്ലെങ്കിലും മരിച്ചത്‌ നന്നായി ! അത്രക്കും അനുഭവിച്ചതല്ലേ അത് ? ദുബായിലായിരുന്നപ്പോള്‍ ശോശാമ്മയുടെ മകള്‍ ലില്ലിയാണ് എന്നോട് ആ കൊച്ചിനെ കുറിച്ച് പറഞ്ഞു തന്നത് ? ഇന്നത്തെ ന്യൂസ്‌ പേപ്പര്‍ മുഴുവനും ആ വാര്‍ത്ത ആണ് !

ഈ ചെറുക്കന്മാര്‍ക്കൊക്കെ എന്തിന്റെ കഴപ്പാ ? ഡല്‍ഹി പോലെയുള്ള സ്ഥലത്ത്‌ നൂറോ ഇരുന്നൂറോ കൊടുത്താല്‍ എന്തിനും റെഡിയായി വരാന്‍ പെണ്ണുങ്ങള്‍ ക്യു നില്‍ക്കുമെന്ന് എന്റെ ബോബിമോന്‍ പറഞ്ഞത്‌ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ! അവനു അവിടെയായിരുന്നല്ലോ ജോലി. എന്നിട്ടും , ഒരു പാവം പിടിച്ച പെണ്ണിനെ മൃഗങ്ങള്‍ പോലും അറക്കുന്ന രീതിയിലല്ലേ കാമിച്ചത് ! അവന്മാരുടെ ‘സാധനം’ ചെത്തിക്കളയണം , അതാ വേണ്ടത്‌ ! പിന്നെ പെണ്ണിനെ കാണുമ്പോള്‍ , കന്നി മാസത്തില്‍ പട്ടികള്‍ നടക്കുന്നത് പോലെ മണപ്പിച്ചു നടക്കണം , എന്നലൊട്ടു ചെയ്യാനും കഴിയരുത്‌ ! അങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ആ സോണിയക്കൊച്ചിനെ സഹായിക്കണംട്ടോ എന്റെ കര്‍ത്താവേ !

എല്ലാവരും പറയുന്നു , പെണ്ണിന്റെ ഉടുവസ്ത്രത്തിന്റെ കുഴപ്പമാണെന്ന് ! അതും ശരിയായിരിക്കും, എല്ലാം തുറന്നിട്ടോണ്ടാല്ലായോ ഇപ്പോഴത്തെ പെന്കൊച്ചുങ്ങളുടെ നടപ്പ് ! എന്നാലും, അതുങ്ങളെ

കാണുമ്പോഴേക്കും ഇളക്കം തട്ടുന്ന ആണുങ്ങള്‍ എന്തോന്ന് ആണുങ്ങളാ ? ഇവന്മാര്‍ക്കൊന്നും ഒരു കണ്ട്രോളും ഇല്ലായോ ?

ഹൊ, ദുബായിലൊക്കെ ജീവിക്കുന്ന ആണ്‍പേറന്നോരെ സമ്മതിക്കണം, അവിടത്തെ പെണ്ണുങ്ങളുടെ ഒരു കോലം!കുട്ടി ട്രൌസെറും അകത്തെ ബ്രാ പോലും വെളിയില്‍ കാണുന്ന ബനിയനും ഇട്ടോണ്ടാല്ലേയ് ചിലവളുമാരുടെ നടപ്പ്, സൂപ്പര്‍മാര്‍ക്കെറ്റിലും മറ്റും ! അവിടെയൊന്നും ഇങ്ങനത്തെ കൊലയൊന്നും ഇല്ലെന്നു തോന്നുന്നു ! അതെങ്ങനെയാ, എന്റെ മുന്നില്‍നിന്നല്ലേ ഒരിക്കല്‍ ലില്ലി പോലീസിന് ഫോണ്‍ ചെയ്തിട്ട് , ഒരാള്‍ അവളെത്തന്നെ നോക്കുന്നു എന്ന് പറഞ്ഞത്‌ ! 5 മിനിടിനകം പോലീസെത്തി അവനെ തൂക്കിയെടുത്തു ! അങ്ങനെയൊരു നിയമമുണ്ടത്രേ അവിടെ !

ഹും , എന്തൊക്കെയായാലും , ലോകം ഇക്കൊല്ലം അവസാനികുമെന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ലല്ലോ ,എന്റെ മേരിയുടെ പേരക്കുട്ടിയുടെ മാമോദീസകൂടി കഴിഞ്ഞിട്ട് മതികെട്ടോ കര്‍ത്താവേ അവസാനമൊക്കെ?അതിന്റെ മുമ്പ്‌ എന്നെ അങ്ങോട്ട്‌ വിളിച്ചേക്കല്ലേ !

ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെയൊക്കെ അന്യസംസ്ഥാനത്തുനിന്നും മറ്റും ജോലിക്ക് വരുന്നവര്‍ തിരഞ്ഞുപിടിച്ചു കൊല്ലുകയും മറ്റും ചെയ്യുന്നുണ്ടത്രേ ! അതിയാനെ നീ അങ്ങോട്ട്‌ വിളിച്ചതിനുശേഷം ഞാനിവിടെ ഒറ്റക്കാണെന്നു നിനക്ക് ഓര്‍മയുണ്ടല്ലോ അല്ലേ ?മക്കളൊക്കെ അങ്ങ് വിദേശത്തും! വയസ്സ് 50 ആയെങ്കിലും, എന്റെ നേരെയും നിന്റെ ഒരു കണ്ണ് വേണം കേട്ടോ ? 6 മാസമായാലും 60 വയസ്സായാലും പെണ്ണ് പെണ്ണുതന്നെയല്ലിയോ , പ്രത്യേകിച്ചും ഈ കേരളത്തില്‍ ? പേരക്കുട്ടികളെ മുത്തച്ചന്മാരും മകളെ അച്ഛനും പീഡിപ്പിക്കുന്ന കാലമാണിത്‌ കേരളത്തില്‍ മാത്രമല്ല , ഇന്ത്യയില്‍ തന്നെ !

എന്നാണോ ഈ നാടും നന്നാവുന്നത് ?നീയല്ലാതെ വേറെയാരു വിചാരിച്ചിട്ടും കാര്യമില്ല , നീ തന്നെ തുണ !

എന്ന് , സ്വന്തം സാറാമ്മ !!