ദൈവത്തിരുമകള്‍

283

ഉദയത്തിനു മുന്‍പേ എഴുന്നേറ്റു കുളിച്ചു, അമ്പലത്തിലേക്ക് നടന്നു. സുധയും കൂടെയുണ്ട്. അവള്‍ക്കായിരുന്നു ഇവിടം വരെ വരാന്‍ ആഗ്രഹം. കുട്ടികളെയും കൂട്ടണം എന്നുണ്ടായിരുന്നു. ഒരു മാസത്തെ ലീവിന് ഗള്‍ഫില്‍ നിന്ന് വരുന്ന അവര്‍ക്കെവിടെ സമയം ഈ കുന്നിന്‍ മുകളിലുള്ള അമ്പലത്തില്‍ വരാന്‍… അതും ഒരു ദിവസത്തെ യാത്ര ചെയ്തു.

ഇന്ന് മൂന്നാമത്തെ ദിവസമാണ് ഈ മലമുകളില്‍. . പണ്ട് ഇവിടടുത്തുള്ള കോളേജില്‍ പഠിക്കുന്ന സമയത്ത് മാസത്തില്‍ ഒരു തവണ കൂടുകാരുടെ കൂടെ വരുമായിരുന്നു. കല്യാണം കഴിഞ്ഞു ഒരിക്കല്‍ വന്നതാണ്. അതിനു ശേഷം ഇതാദ്യം, മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം. അന്നതെതില്‍ നിന്നും വളരെ മാറിയിരിക്കുന്നു. പണ്ടൊക്കെ ചെറിയ ലോഡ്ജുകള്‍ ആയിരുന്നു, അതും ചുരുക്കം. ഇപ്പോള്‍ മുന്തിയ ഹോട്ടലുകള്‍ ആണ് കൂടുതലും. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് നോക്കിയാല്‍ അമ്പലം കാണാം . പണ്ടെല്ലാം അമ്പലത്തിലെക്കുളവര്‍ മാത്രമാണ് ഇവിടെ വന്നിരുന്നത്. ഇന്നിപ്പോള്‍ ഇതൊരു മലയോര ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ഏകദേശം ഒരു കിലോമീടര്‍ മാത്രമുള്ളത് കൊണ്ട് , അതിരാവിലെ തിരക്കില്ലതിരുന്നത് കൊണ്ടും, നടക്കാന്‍ തീരുമാനിച്ചു. കാറ്റ് തീരയില്ല. മൂടല്‍ മഞ്ഞിലൂടെ സുധയെയും കൂട്ടി നടക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും കുളിര്‍മ തോന്നി. തണുത്ത അന്തരീക്ഷം, തിരക്ക് തീരെ ഇല്ലാത്തതു കൊണ്ട് വീതിയേറിയ വഴി ഞങ്ങള്‍ക്ക് മാത്രം എന്ന ഒരു സന്തോഷം, ഒരു സ്വാതന്ത്ര്യം . മനുഷ്യരുടെ സ്വഭാവം ആണത്. എല്ലാം തനിക്കു തന്നെ കിട്ടണം, മുഴുവനായിട്ട്! ഭഗവാന്റെ അടുത്തേക്കാണ് പോകുന്നത്, ചിന്ത കൊള്ളാം. എനിക്ക് ചിരി വന്നു. എന്റെ മനസ്സു വായിച്ച പോലെ സുധ പറഞ്ഞു, ‘നാമം ജപിച്ചു നടന്നോളൂ, ഭഗവല്‍ സാന്നിധ്യം ഉള്ളിടമാണ്’. പണ്ടെല്ലാം ഞാന്‍ ആശ്ചര്യപെടുമായിരുന്നു, ഇവളെങ്ങനെ ഇത് കണ്ടു പിടിക്കുന്നു എന്ന്. പിന്നെ പിന്നെ അതെനിക്ക് ഒരു ശീലമായി. സ്‌നേഹം കൂടിയത് കൊണ്ടായിരിക്കും.

വഴിവക്കിലുള്ള ചായക്കടക്കാരന്‍ കട തുറന്നു തയാറെടുക്കുന്നു. തിരിച്ചു വരുമ്പോള്‍ ഒരു ചായ കുടിക്കണം, പഞാരയിട്ടു. ഹോട്ടെല്‍ ചായ ഇത്രത്തോളം വരില്ല. പക്ഷെ സുധ സമ്മതിക്കില്ല, വഴിവക്കില്‍ നിന്നൊന്നും കഴിക്കാന്‍ . ഇവിടം വരെ ഒരു മടിയും കൊട്ടാതെ വന്നതല്ലേ, ഇന്നവള്‍ സമ്മതിക്കും.

വഴിയോരങ്ങളിലുള്ള ഗുല്‍മോഹര്‍ മരങ്ങള്‍ കാരണം ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല. കല്ലിട്ട വഴി അടിച്ചു വാരി തീയിടുന്ന സ്ത്രീകള്‍ . കടകള്‍ കുറെയേറെയുന്‌ടെങ്കിലും പൂജ ദ്രവ്യങ്ങള്‍ വില്കുന്നവ മാത്രമേ തുറന്നിട്ടുള്ളൂ. അവിടെല്ലാം കത്തിച്ചു വച്ചിട്ടുള്ള ചന്ദനതിരികളുടെ പുകച്ചുരുളുകള്‍ മഞ്ഞില്‍ കലര്‍ന്നു കൊണ്ടേയിരുന്നു. തണുത്ത അന്തരീക്ഷത്തിനു അവയുടെ ഗന്ധം പ്രത്യേക ഉണര്‍വ് നല്‍കി.

അമ്പലത്തിനു മുന്‍പിലുള്ള അരുവിക്ക് കുറുകെയുള്ള നടപ്പാലം വിജനമായിരുന്നു. അവിടെ നിന്ന് ഒരു നിമിഷം വെള്ളത്തിലേക്ക് നോക്കി നിന്നു. പണ്ടെല്ലാം ഇവിടെ വരുമ്പോള്‍ അരുവിയില്‍ ഇറങ്ങി കുളിച്ചിരുന്നു. ഇന്നലെ നടപ്പാലം നിറയെ ആളായിരുന്നു. രണ്ടു വശങ്ങളിലും നിറയെ ഭിക്ഷാംദേഹികള്‍ . സുധ എലാവര്‍ക്കും ഭിക്ഷ കൊടുത്തു. പാവം, അവളുടെ ഒരു പഴയ നേര്‍ച്ചയായിരുന്നു. കല്യാണം കഴിഞ്ഞു ഇവടെ വന്നപ്പോള്‍ നേര്ന്നതാണ്, നല്ല കുട്ടികള്‍ക്കും, കുടുബത്തിനും , എനിക്കും വേണ്ടി.

അമ്പലപടവുകള്‍ കയറുമ്പോള്‍ അവളെന്റെ കൈ പിടിച്ചിരുന്നു. ഇവളെങ്ങനെ എന്നെ ഇക്കാലമത്രയും സഹിച്ചു. ഞാന്‍ ഇടക്കിടെ അവളെ കളിയാക്കാറുണ്ടായിരുന്നു, അവളുടെ അച്ഛന് പറ്റിയ ഒരു വലിയ തെറ്റാണ് ഞാന്‍ എന്ന്. അങ്ങേരുടെ ഒരു തെറ്റ് എന്നെ നേര്‍വഴിക്കു നടത്തി. എന്റെ ഈ ജീവിതത്തിനു തന്നെ ഞാന്‍ അവളോട് കടപ്പെട്ടിരിക്കുന്നു. തല തിരുഞ്ഞു നടന്ന എന്നെ നന്നാക്കാന്‍ വേണ്ടി പഠിത്തം കഴിഞ്ഞ ഉടനെ തന്നെ പിടിച്ചു കല്യാണം കഴിപ്പിച്ചു. അമ്മ പണ്ടെല്ലാം സുധയോട് പറയുന്നത് കേട്ടിരുന്നു, ‘ന്റെ കുട്ടിയേ, ഞങ്ങളൊന്നും വിചാരിച്ചിട്ട് നന്നാവാത്ത ഇവനെ നേര്‍ വഴിക്കാക്കിയ നീ മിടുക്കി തന്നെ’. ശ്രീകോവിലിനു മുന്‍പിലെത്തിയപ്പോള്‍ മാത്രമേ അവളെന്റെ കൈ വിട്ടുള്ളൂ. ഞാന്‍ കണ്ണടച്ച് അവളുടെ സന്തോഷത്തിനായി പ്രാര്‍ത്ഥിച്ചു. പതിവില്ലാതെ നിറഞ്ഞ കണ്ണ് തുറക്കുമ്പോള്‍ നടയും തുറന്നിരുന്നു. പ്രസാദം വാങ്ങി പിറകോട്ടു നടക്കുമ്പോള്‍ ഞാന്‍ സുധയെ നോക്കി. അവള്‍ ശ്രീകോവിലിനു മുന്‍പില്‍ തന്നെയാണ്. അവള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ ഒരുപാടുണ്ടാവും, ഞാന്‍ മാറി നിന്ന് കുന്നിന്‍ ചെരുവിലേക്ക് നോക്കി.

തേയില തോട്ടങ്ങളിലേക്ക് പണിക്കാര്‍ എത്തിക്കൊണ്ടിരുന്നു. അമ്പലത്തിനു ചുറ്റും തിരക്ക് കൂടി വന്നു. മലകള്‍ക്ക് അപ്പുറത്ത് വെള്ള പൂശി തുടങ്ങി. എങ്കിലും മഞ്ഞു പോയി തുടങ്ങിയിട്ടില്ല. അരമണിക്കൂര്‍ കഴിഞ്ഞു കാണും സുധ അടുത്തെത്തി. കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്. എല്ലാവരുടെയും കാര്യങ്ങള്‍ കരഞ്ഞു പഞ്ഞിട്ടുണ്ടാവും. വന്നയുടനെ എന്റെ ഷോള്‍ പിടിച്ചു നേരെയിട്ടു, എന്നിട്ട് ചേര്‍ന്ന് നിന്ന് മുഖം നെഞ്ചില്‍ അമര്‍ത്തി. പാവം.

ഞങ്ങള്‍ കൈ പിടിച്ചു താഴേക്ക് നടന്നു. നടപ്പാലം എത്തിയപ്പോള്‍ അവളെന്നോട് പറഞ്ഞു, ‘നന്തന്‍ തന്നെ ഇവര്‍ക്ക് ഭിക്ഷ കൊടുക്കൂ, ഞാന്‍ കൂടെ നടക്കാം’. അവള്‍ ബാഗില്‍ നിന്ന് കുറച്ചു അമ്പതു രൂപാ നോട്ടുകള്‍ എടുത്തു തന്നു. ഞാന്‍ നടപ്പാലത്തിലേക്ക് നോക്കി, ഒരു വശത്ത് മാത്രം പത്തില്‍ താഴെ ആളുകള്‍ നിരന്നു കഴിഞ്ഞു. പതുക്കെ ഓരോരുത്തര്‍ക്കായി ഞാന്‍ കാശ് കൊടുത്തു. സുധ എന്തോ ജപിച്ചു കൊണ്ട് കൂടെ നടന്നു. അവസാനം ഒരു സ്ത്രീ ആയിരുന്നു. അവര്‍ക്ക് രൂപ കൊടുക്കാനായി ഞാന്‍ കുനിഞ്ഞു, ഒരു നിമിഷം, കൈവരികല്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യ വെളിച്ചത്തില്‍ ഞാന്‍ ആ മുഖം കണ്ടു ഞെട്ടി.

നെറ്റിക്ക് മുകളില്‍ മുറിപ്പാടുള്ള ഈ മുഖം, ആ മുറിപ്പാടില്ലാതെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. കാശു കൊടുത്തു ഞാന്‍ മുന്നോട്ടു നടന്നു. ആകെ വിയര്‍ത്തു, കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല. തലയ്ക്കു പുറകില്‍ നിന്നും വല്ലാത്ത ഒരു വേദന, പണ്ടെപ്പോഴോ ഉണ്ടായ പോലത്തെ ഒരു പല്‌സേട്ടിംഗ് പെയിന്‍….. ഇതവള്‍ തന്നെ, എന്റെ പഴയ കൂട്ടുകാരി അഭിരാമി പാട്ടീല്‍ , എന്റെ അഭി തന്നെ. ഞാന്‍ തിരിഞ്ഞു നോക്കി, ഇല്ല അവള്‍ എന്നെ നോക്കുന്നില്ല.അവള്‍ നിസ്സംഗ ഭാവത്തോട് കൂടി അതെ ഇരിപ്പാണ്. എനിക്ക് അവിടെ നില്ക്കാന്‍ വയ്യാതായി. ഞാന്‍ വേഗത്തില്‍ നടന്നു. ‘നന്ദന്‍, പതുക്കെ നടക്കൂ’, എന്ന് പറഞ്ഞു പുറകെ വന്നു. ഞാന്‍ നിന്നില്ല. എനിക്ക് എത്രയും പെട്ടന്ന് ആ നടപ്പാലത്തില്‍ നിന്ന് ദൂരെ എത്താന്‍ ആയിരുന്നു ആഗ്രഹം.

മുറിയില്‍ എത്തിയ പാടെ ഞാന്‍ കുളിമുറിയില്‍ കയറി വാതിലടച്ചു. എനിക്ക് ഇനിയും പിടിച്ചു നില്‍കാന്‍ ആവില്ല, ഞാന്‍ പൊട്ടി കരഞ്ഞു, കുട്ടികളെ പോലെ. കുറച്ചു കഴിഞ്ഞു വാതിലില്‍ സുധ മുട്ടി വിളിച്ചു. ‘നന്ദന്‍, എന്ത് പറ്റി? വാതില്‍ തുറക്കൂ..’. ഞാന്‍ മുഖം കഴുകി, തുടച്ചു. പതുക്കെ വാതില്‍ തുറന്നു. സുധ കട്ടിലില്‍ എന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ മേശമേല്‍ ചാരി നിന്ന്. അവള്‍ എന്റടുത്തു വന്നു കൈ പിടിച്ചു നിന്ന്. എന്നിട്ട് പതുക്കെ ചോദിച്ചു ‘ആരായിരുന്നു, ആരെയാണ് നന്ദന്‍ കണ്ടത്?’ ഞാന്‍ എന്ത് പറയണം എന്നറിയാതെ നിന്ന്. എന്നെ പിടിച്ചു ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് നേരെ എതിര്‍വശം ഇരുന്നു ചോദിച്ചു, ‘ പറയൂ നന്ദന്‍, ആരാണ്‌ന ആ സ്ത്രീ?’

കോളേജില്‍ എന്റെ കൂട്ടുകാരിയായിരുന്നു അഭി. അവസാന വര്ഷം ആയപ്പോള്‍ ഞങ്ങളുടെ അടുപ്പത്തെപ്പറ്റി എങ്ങിനെയോ അവളുടെ വീട്ടില്‍ അറിഞ്ഞു. ഒരു ധനിക മറാത്ത കുടുബത്തിലെ ഏക മകള്‍ ആയിരുന്നു. അവളെ പരീക്ഷ എഴുതാന്‍ പോലും സമ്മതിക്കാതെ അവളുടെ വീട്ടുകാര്‍ തിരിച്ചു കൊണ്ടുപോയി. പിന്നീട് പല തവണ ശ്രമിച്ചിട്ടും എനിക്ക് അവളെ കാണാന്‍ സാധിച്ചിട്ടില്ല. അവളുടെ ചേട്ടന്റെ കൂടെ വിദേശത്തെവിടെയോ ആയിരുന്നു ആദ്യം. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു, ഇന്ന് കാണുന്നത് വരെ. അതും ഈ അവസ്ഥയില്‍ . സഹിക്കാനാകുന്നില്ല, അവളുടെ ഇപ്പോഴത്തെ ഈ..

ഞാന്‍ പറഞ്ഞു, ‘സുധേ, ഞാന്‍ കുറച്ചു കിടന്നോട്ടെ..’, അവള്‍ എന്നെ പിടിച്ചു കട്ടിലില്‍ കിടത്തി. ദേഹത്ത് പുതപ്പു വിരിച്ചു തന്നു. ഞാന്‍ കണ്ണടച്ച് കിടന്നു. ആ പഴയ ദിവസങ്ങള്‍ വീണ്ടും എന്റെ മുന്നിലെത്തി. അവള്‍ പോയ ശേഷം ഞാന്‍ അവളെ തിരക്കിയെങ്കിലും, വേണ്ട പോലെ അന്വേഷിചിരുന്നോ? സഹിക്കാനാകുന്നില്ല അവളുടെ ഇപ്പോഴത്തെ അവസ്ഥ. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറക്കത്തിലേക്കു വീണു.

ഉച്ച കഴിഞ്ഞു ഞാന്‍ എഴുന്നേറ്റപ്പോള്‍ . തല വിങ്ങ്ന്നുണ്ടായിരുന്നു. സുധയെ മുറിയില്‍ കണ്ടില്ല. പക്ഷെ പെട്ടിയെല്ലാം എടുത്തു വച്ചിരിക്കുന്നു. യാത്ര തിരിക്കാന്‍ ഉള്ള മാതിരി ഉണ്ട്. രാവിലത്തെ സംഭവങ്ങള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. സുധ വാതില്‍ തുറന്നു വന്നു. ‘ ഓ, നന്ദന്‍ എഴുന്നേറ്റോ? ഇപ്പോള്‍ എങ്ങിനെയുണ്ട്?’ ഞാന്‍ ഒന്നും പറഞ്ഞില്ല. ‘ഒന്ന് ഫ്രഷ് ആയി വരൂ നമുക്ക് ഭക്ഷണം കഴിക്കാം. മണി മൂന്നായിരിക്കുന്നു. ഇപ്പോള്‍ തന്നെ താമസിച്ചിരിക്കുന്നു. നമ്മുക്ക് വീട്ടിലേക്ക് തിരിക്കണ്ടേ ?’. ഞാന്‍ മുഖം കഴുകി വന്നു. സുധ രാവിലത്തെ കാര്യങ്ങളെകുറിച്ച് ഒന്നും മിണ്ടിയില്ല. അവള്‍ റൂം സര്‍വീസ് വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. അഭി അവിടെ ആ നടപ്പാലത്തില്‍ ഇരിക്കുന്നുണ്ടാകുമോ? ഞാന്‍ എങ്ങിനെ ഇവിടെ നിന്നും പോകും? ഭക്ഷണം വന്നു. കഴിച്ചെന്നു വരുത്തി.

പെട്ടിയെടുക്കാന്‍ െ്രെഡവര്‍ വന്നു. സുധ പറഞ്ഞു, ‘ നന്ദന്‍ പതുക്കെ വന്നോളൂ. ഞാന്‍ അപോഴതെക്കും ബില്‍ സെറ്റില്‍ ചെയ്യാം. എനിക്ക് മറുത്തൊന്നും പറയാന്‍ പറ്റുന്നില്ല. മുറിയില്‍ നിന്ന് അമ്പലത്തിലേക്ക് നോക്കി, കൈ കൂപ്പി. എന്ത് പ്രാര്‍ത്ഥിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ആകെ തളര്‍ന്നു. എന്നെ വിളിക്കാന്‍ െ്രെഡവര്‍ വന്നു. പതുക്കെ അയാളുടെ പുറകെ നടന്നു.

താഴെ എത്തിയപ്പോള്‍ സുധ ഹോട്ടല്‍ മാനേജരോട് സംസാരിച്ചു നില്ല്കുകയാണ്. സുധ പുറത്തു, കാറിന്റെ അടുത്തേക്ക് നടന്നു, പിറകെ ഞാനും. ‘നന്ദന്‍ മുന്‍പില്‍ ഇരുന്നോളൂ’, പതിവില്ലാത്തതാണ്. ഞാന്‍ അവളെ നോക്കി. അവള്‍ മാനേജരോട് പറഞ്ഞു, ‘ താങ്ക് യു ഫോര്‍ എവരിതിംഗ്. പ്ലീസ് ഗിവ് മി എ റിംഗ് ഇഫ് യു ഗെറ്റ് എനി ഇന്‍ഫര്‍മേഷന്‍ ‘. എന്തിനെക്കുറിച്ചാണ്, അറിയില്ല.

പറ്റില്ല, എനിക്ക് സുധയോട് അഭിയുടെ കാര്യം സംസാരിക്കണം. അവളെ ഈ സ്ഥിതിയില്‍ ഇവിടെ വിട്ടു പോകാന്‍ എനിക്ക് സാധിക്കില്ല. െ്രെഡവര്‍ തുറന്നു തന്ന വാതില്‍ ഞാന്‍ അടച്ചു. സുധ എന്നെ ചോദ്യ രൂപത്തില്‍ നോക്കി. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു, ‘നന്ദന്‍, കാറില്‍ കയറൂ. എല്ലാം ദൈവഹിതം ആണ്’. ‘എന്ത് ദൈവഹിതം സുധേ? ഹൌ കാന്‍ വീ ഗോ ഫ്രം ഹിയര്‍ വെന്‍ ശീ ഈസ് ഇന്‍ ദിസ് കണ്‍ഡീഷന്‍? ‘

ഒരു തേങ്ങല്‍ കേട്ടു ഞാന്‍ കാറിനു അകത്തേക്ക് നോക്കി. അവിടെ സുധയുടെ സാരിയുടുത്ത് ആഭ ഇരിക്കുന്നു. എനിക്ക് വിശ്വാസം വന്നില്ല. ഞാന്‍ സുധയെ നോക്കി, അവളെന്നെ നോക്കി കണ്ണടച്ചു. വീണ്ടും അവളെന്നെ തോല്പിച്ചിരിക്കുന്നു, ഞാന്‍ അവളുടെ കൈ പിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു , ‘ താങ്ക് യു ഡിയര്‍ ‘. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , ‘ഡോണ്ട് ബി സില്ലി, ഗെറ്റ് ഇന്‍സൈഡ് ദി കാര്‍ ‘.

കാര്‍ പതുക്കെ മുന്നോട്ട് നീങ്ങി. ഞാന്‍ അമ്പലത്തിലേക്ക് നോക്കി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, സുധയ്ക്ക് വേണ്ടി. എന്നിട്ട് ഒന്ന് കൂടി തിരിഞ്ഞു നോക്കി, അഭി സുധയുടെ തോളില്‍ നിറഞ്ഞ കണ്ണുകളോടെ തല ചായ്ച്ചു ഇരിക്കുന്നു, വര്‍ഷങ്ങളുടെ പരിചയം ഉള്ള പോലെ. സുധ എന്നെ നോക്കി ചിരിച്ചുകൊണ്ട് അഭിയെ ചേര്‍ത്ത് പിടിച്ചു.