ദൈവമേ, ഇനി ഇരുമ്പ് ചേര്‍ത്ത പാലും !

231

ഇരുമ്പ് ചേര്‍ത്ത പാല്‍ വരുന്നെന്ന്, കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ ? എന്നാല്‍ സംഗതി സത്യമാണ്. കര്‍ണാലിലെ ദേശീയ ഡയറി ഗവേഷണ കേന്ദ്രമാണ് പോഷകാഹാര രംഗത്ത് നിര്‍ണായകമായ മുന്നേറ്റം എന്ന് പറയാവുന്ന കാല്‍വെപ്പ് നടത്തിയത്. ഇരുമ്പുസത്തു ചേര്‍ത്തു സമ്പുഷ്ടമാക്കിയ പാലാണ് ഇവിടെ തയ്യാറായി വരുന്നത്. ഇരുമ്പിന്റെ അംശം സാധാരണയായി കുറവുള്ള പാലില്‍ കുട്ടികളുടെ വളര്‍ച്ചയില്‍ സുപ്രധാനപങ്കുള്ള ഘടകമായ ഇരുമ്പ് ചേര്‍ത്താണ് ഇവിടെ പുതിയ പാല്‍ തയ്യാറാവുന്നത്.

രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് വിളര്‍ച്ച ഉണ്ടാക്കുകയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പാലിലെ ഈ കുറവു പരിഹരിക്കുകയാണു ലക്ഷ്യമെന്നു ഗവേഷണ കേന്ദ്രം വൈസ്ചാന്‍സലര്‍ എ. കെ. ശ്രീവാസ്തവ പറഞ്ഞു.

അടുത്ത മാര്‍ച്ചോടെ ഇതിനായുള്ള ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും. ഇത്തരത്തില്‍ സമ്പുഷ്ടമാക്കിയ പാല്‍ മനുഷ്യശരീരത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തുന്നുണേ്ടാ എന്നാണ് പ്രധാന നിരീക്ഷണം. ദ്രാവകപാലിലും പാല്‍പ്പൊടിയിലും ഒരുപോലെ ഇരുമ്പു സത്ത് ചേര്‍ക്കാനാകും. ഇരുമ്പിന്റെ അംശം ചേര്‍ത്തു സമ്പുഷ്ടമാക്കിയ പാലിന് രുചി, നിറ വ്യത്യാസങ്ങളുണ്ടായിരിക്കില്ല. പാലിന്റെ ആയുസിലും മാറ്റം വരില്ല. ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പദ്ധതി പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്ന ഒരു അസുഖമാണ്. കുട്ടികളെക്കൂടാതെ സ്ത്രീകളിലും ഇരുമ്പിന്റെ തോത് കുറയുന്നതു മൂലമുള്ള വിളര്‍ച്ച വര്‍ധിച്ചുവരുകയാണ്. രാജ്യത്തെ 80% സ്ത്രീകളിലും ഇതു കണ്ടുവരുന്നു. ഈ കുറവു പരിഹരിക്കാന്‍ ഈ പുതിയ ‘തുരുമ്പ്’ എടുക്കുന്ന പാലിന് കഴിയും.

ഇത്തരം പാലുകള്‍ നിര്‍മ്മിച്ച്‌ മുന്‍പും കര്‍ണാലിലെ ദേശീയ ഡയറി ഗവേഷണ കേന്ദ്രം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുമ്പ് ഇരുമ്പും നാരുകളും ചേര്‍ത്ത പാലുത്പന്നങ്ങള്‍ ഡയറി ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിരുന്നു. ഈ സാങ്കേതികവിദ്യ താമസിയാതെ ബിസ്‌കറ്റ് കമ്പനികള്‍ ഉള്‍പ്പടെ മറ്റു പല കമ്പനികള്‍ക്കും ഡയറി ഗവേഷണ കേന്ദ്രം കൈമാറുമെന്നും ഗവേഷണ കേന്ദ്രം വൈസ്ചാന്‍സലര്‍ എ. കെ. ശ്രീവാസ്തവ പറഞ്ഞു.