കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതിയില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ് എന്നിവരെ തിരഞ്ഞെടുക്കുകയും രാഹുല്‍ ദ്രാവിഡിന്റെ കാര്യം പരാമര്‍ശിക്കാതിരിക്കുകയും ചെയ്തപ്പോഴേ കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പായിരുന്നു. എന്നാലും, ഏത് റോളില്‍ ആണ് ദ്രാവിഡ് പ്രത്യക്ഷപ്പെടുക എന്ന സംശയം മാത്രം ബാക്കി നിന്നു. ഏതായാലും അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19, ഇന്ത്യഎ ടീമുകളുടെ ക്യാപ്റ്റന്‍ ആയി നിയമിക്കപ്പെട്ടു.
എന്തുകൊണ്ട് ദ്രാവിഡ് എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അഥവാ ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍, അവര്‍ രാജസ്ഥാന് റോയല്‍സിന്റെ കളി കണ്ടിട്ടില്ല. ചെറു താരങ്ങള്‍ മാത്രം അണിനിരക്കുന്ന രാജസ്ഥാന് എങ്ങനെ ഇത്രയും സ്ഥിരതയോടെ, ഇത്രയും ഒത്തൊരുമയോടെ കളിക്കുന്നു എന്നതിന് രാഹുല്‍ ദ്രാവിഡ് എന്ന ഇന്ത്യയുടെ വന്മതിലിന്റെ അനുഭവസമ്പത്തും പരിശീലനപാടവവും എന്ന് പറയേണ്ടി വരും.
അങ്ങനെയൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് പുതിയ പ്രതിഭകളെ നിരന്തരം സംഭാവന ചെയ്യുന്ന അണ്ടര്‍19, എ ടീമുകളുടെ പരിശീലകന് എന്ന സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഏറെയുണ്ട് പ്രതീക്ഷിക്കാന്‍. രാഹുലിന്റെ അനുഭവസമ്പത്ത് ചെറുപ്പക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുക തന്നെ ചെയ്യും. പറക്കുവാന്‍ ചിറകുകള്‍ക്ക് ശക്തി മാത്രം പോര, പറന്നുപൊങ്ങുമ്പോള്‍ താങ്ങാവാന്‍ ഒരു വന്മതിലും വേണം. രാഹുലിന്റെ തോളിലേറി ഇന്ത്യന്‍ ക്രിക്കറ്റ് കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പറന്നുയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
രാഹുലിന്റെ ഏറ്റവും മികച്ച ഷോട്ടുകള്‍ നമ്മുക്ക് ഒരുതവണ കൂടി കണ്ടു നോക്കാം.