road waste

ടവപ്പാതിയെത്തും മുന്‍പുതന്നെ കക്കൂസ് മാലിന്യം സിറ്റിയുടെ പല ഭാഗത്തും ഒഴുകിത്തുടങ്ങി. ചാലയ്ക്കകത്തും പഴവങ്ങാടി ക്ഷേത്രത്തിന് സമീപവും അജന്താ തിയറ്ററിനു മുന്‍വശവുമെല്ലാം കക്കൂസ് മാലിന്യം പൊട്ടിയൊഴുകി ദുര്‍ഗന്ധത്താല്‍ അസഹ്യമായിരിക്കുന്നു. കാല്‍നടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ് നഗരത്തിലെ പല പ്രധാന വഴികളും. പഴവങ്ങാടിയിലെ ഹോട്ടലുകള്‍ക്ക് മുന്നിലുള്ള ഡ്രെയിനേജാണ് പൊട്ടിയൊഴുകുന്നത്. മാലിന്യം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് വിഭാഗം ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ഡ്രെയിനേജ് സംവിധാനത്തെ പൈപ്പുമായി യോജിപ്പിക്കാതെ ആമയിഴഞ്ചാന്‍ തോട്ടിലേയ്ക്ക് ഒഴുക്കി വിടുന്നത് ഉടന്‍ വരാന്‍ പോകുന്ന കാലവര്‍ഷത്തില്‍ നഗരം കക്കൂസ് മാലിന്യത്താല്‍ മുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറിയൊരു മഴയില്‍പ്പോലും തോട്ടിലെ മലിന ജലം കുഴലുകളിലെ മാലിന്യവുമായി കലര്‍ന്ന് പുറത്തേയ്‌ക്കൊഴുകും. ഇതാകും ഇനി നഗരം മുഴുവന്‍ കെട്ടിനിന്ന് മഴവെള്ളത്തിനൊപ്പം വ്യാപിക്കുക.

ചാലയിലെ സമാന്തര ഓട ഇടയ്ക്ക് തടസ്സം നേരിട്ട് അടഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഇവിടെ ഇത്തരം മലിനജല ബ്ലോക്കുകള്‍ രൂപപ്പെടുന്നത്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ഓടകള്‍ക്ക് മുകളിലെ സ്ലാബ് നിര്‍മ്മിതികള്‍ ഒഴിവാക്കി ഓട വീണ്ടും നവീകരിച്ചാല്‍ മാത്രമെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ബ്ലോക്കുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. വരാന്‍ പോകുന്ന കാലവര്‍ഷത്തില്‍ എസ്.എസ്.കോവില്‍ റോഡിന്റെ അവസ്ഥയും പ്രവചനാതീതമാണ്. അനന്തയുടെ ഭാഗമായി എസ്.എസ്.കോവില്‍ റോഡിലെ ഓടകളും നവീകരിച്ചുവെങ്കിലും ഫലം ഈ മഴയത്തു തന്നെ അറിയാനാകും. ഓപ്പറേഷന്‍ അനന്ത വന്‍പരാജയമാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ കലക്ടര്‍ ബിജു പ്രഭാകറും ഇതിനിടെ രംഗത്തെത്തിയിരുന്നു. അനന്തയുടെ ഒന്നാംഘട്ടം മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളൂവെന്നും 88.17 കോടി രൂപയുടെ രണ്ടാംഘട്ട ശുചീകരണ നടപടികള്‍ കൂടി പൂര്‍ത്തിയായാലേ ഓപ്പറേഷന്‍ അനന്ത പൂര്‍ണ്ണമായും ഫലപ്രദമാകൂ എന്നും ബിജു പ്രഭാകര്‍ അറിയിച്ചു. എസ്.എസ്.കോവില്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 3.90 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാഞ്ഞാലിക്കുളം മൈതാനത്തിന്റെ ഒരു ഭാഗം കുളമാക്കി അവിടേയ്ക്ക് വെള്ളം ഒഴുക്കി വിടാനുള്ള തീരുമാനം ഫലപ്രദമാകാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നു. പഴവങ്ങാടിയിലെ ആമയിഴഞ്ചാന്‍ തോടിനെക്കാള്‍ താഴ്ന്ന പ്രദേശമായ എസ്.എസ്.കോവില്‍ റോഡ് ഉയര്‍ത്തുകയെന്ന നിര്‍ദ്ദേശത്തെ സ്ഥലവാസികള്‍ എതിര്‍ക്കുന്നതും നവീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. എസ്.എസ്.കോവില്‍ റോഡ് ഉയര്‍ത്തിയാല്‍ അവിടെ താമസിക്കുന്നവരുടെ വീടുകളിലേയ്ക്ക് വെള്ളം ഉയരും എന്ന വാദത്തെ മുറുകെ പിടിച്ചാണ് പ്രദേശവാസികളുടെ പ്രതിഷേധം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.