ചേരിയില്‍ പതിവില്‍ കൂടുതല്‍ ഇരുട്ട് എന്താണെന്ന് ആലോചിക്കുകയായിരുന്നു അനീസ.ഭയ്യ ഉറങ്ങിപ്പോയിരുന്നു.കഴിഞ്ഞ ആഴ്ച വരെ അവളും ബയ്യയും ഒരുമിച്ചായിരുന്നു ഉറങ്ങിയത്.”നീ വളര്‍ന്നു ”ഉമ്മി പറഞ്ഞു.ഇനി നീ തനിച്ചുറങ്ങിയാല്‍ മതി .കുടിലിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തവള്‍ ഉമ്മി കൊടുത്ത ചാക്ക് വിരിക്കുമ്പോള്‍ വളര്‍ത്തു പൂച്ചയും അവളെ അനുഗമിച്ചിരുന്നു.

എതിര്‍ വശത്തെ ചുവരോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന ബയ്യയുടെ ചാക്ക് ഷീറ്റ് ചുരുണ്ട് അരക്ക് മുകള്‍ വരെ കയറി നിന്നതവള്‍ നേരെയാക്കുമ്പോള്‍ തിരിഞ്ഞു കിടന്നവന്‍ എന്തോ പുലമ്പി.ചേരിയിലെ പിള്ളേരുടെ കൂടെ ക്രിക്കറ്റ് കളിക്കുന്ന സ്വപ്നം കാണുകയാവാം ബയ്യയെന്നു അവള്‍ വിശ്വസിച്ചു.

അടുക്കളയിലെ പാത്രങ്ങളുടെ തട്ടലും മുട്ടലും അവസാനിക്കാനിനി ചേരിയില്‍ ചെറിയൊരു പെട്ടിക്കട നടത്തുന്ന അബ്ബ വരണം.അപ്പോഴേക്കും ബയ്യയും അവളും ഉറങ്ങാരാന് പതിവ്.

ഉമ്മി അന്ന് അടുക്കളയില്‍ നിന്നും നേരത്തെയിറങ്ങിയത് അവളുടെ പിന്നി പ്പോയ ഉടുപ്പ് തുന്നിയെടുക്കാനായിരുന്നു.വിളക്കിന്റെ തിരിയല്പം നീട്ടി സൂക്ഷ്മമായി തുന്നിയെടുക്കുന്ന ഉമ്മിയുടെ മുഖത്തെ കറുപ്പ് ചേരിയില്‍ പതിവില്ലാതെ കണ്ട ഇരുട്ട് പോലെ കനമാര്‍ന്നതായിരുന്നു.

ഇന്നെന്തേ ഉറക്കം വൈകുന്നതെന്ന് ഓര്‍ക്കുകയായിരുന്നു അവള്‍.വളര്‍ത്തു പൂച്ചയും ഉപയോഗിക്കാത്തൊരു പാത്രത്തിനു പുറകില്‍ ഉമ്മിയുടെ മുഖത്തെ സൂക്ഷ്മതയിലേക്ക്‌ നോക്കി മിഴിച്ചിരുന്നു. ഉറക്കില്‍ എന്തോ പിറു പിറുത്തു ശക്തിയായി ചുമക്കാന്‍ തുടങ്ങിയ ബയ്യയുടെ പുറം ഭാഗം അല്‍പ നേരം തടവി ഉമ്മി വീണ്ടും തുന്നല്‍ തുടര്ന്നു.

വളര്‍ത്തു പൂച്ച മെല്ലെ മെല്ലെ എഴുന്നേറ്റു ഒന്ന് മൂരി നിവര്‍ന്നു അണഞ്ഞു തുടങ്ങിയ അടുപ്പിന്‍ തിണ്ടില്‍ പോയി ഉമ്മി ഭദ്രമായി അടച്ചിട്ട പട്ടിക കഷ്ണങ്ങ ളാല്‍ തീര്‍ത്ത മരവാതിലിന്റെ വിടവിലേക്കു നോക്കി കിടന്നു.തന്നോളം വരുന്ന പെരുച്ചാഴികളെ തുരത്തുകയായിരുന്നു ലക്‌ഷ്യം.കുടിലിലെ വിളക്ക് കെടുത്തി എല്ലാവരും ഉറക്കമാരംഭിക്കുമ്പോള്‍ അടുക്കളയിലെ മൂടി വെച്ച ആഹാരങ്ങള്‍ ലക്ഷ്യമാക്കി പെരുച്ചാഴികള്‍ സഞ്ചാരം തുടങ്ങും.മരവാതില്‍ അതിക്രമിചെത്തുന്ന ഓരോ പെരുചാഴിയെയും അനീസയുടെ വളര്‍ത്തു പൂച്ച തുരത്തിക്കൊണ്ടിരുന്നു.പകരമായി അനീസയുടെ ആഹാര വിഹിതത്തില്‍ നിന്നും അല്പം ഭക്ഷണം അതായിരുന്നു പകരം കൊടുത്തത്.അറിഞ്ഞു തന്നെ ഉമ്മി അവള്‍ക്കിത്തിരി അധികം വിളമ്പാരു ണ്ടായിരുന്നു.

ഒരിക്കലും കട്ട് തിന്നാതെ പെരുച്ചാഴികളെ വേട്ടയാടി അവളുടെ കുടുംബത്തിലെ ഒരംഗം പോലെ വളര്‍ത്തു പൂച്ചയും ജീവിച്ചു.ഉടുപ്പിന്റെ ക്പ്ന്നിപ്പോയ ഭാഗം തുന്നിച്ചേര്‍ത്ത ഉമ്മി ചുവരിലെ ആണിയില്‍ തൂക്കിയിട്ട്‌ സാവധാനം ബയ്യയുടെ അരികില്‍ പോയി കിടന്നപ്പോഴും അനീസയെ ഉറക്കം തഴുകിയില്ല.

കുടിലിന്റെ ചുവരിന് പുറത്ത്‌ കുറച്ചകലെ ഉറക്കമില്ലാത്ത നഗരം അപ്പോഴും ഇരമ്പിക്കൊണ്ടിരുന്നു.ചേരിയുടെ ഊടു വഴികളില്‍ അബ്ബയുടെ തുന്നിച്ചേര്‍ത്ത പാദ രക്ഷയുടെ ശബ്ദം കാതില്‍ മുഴങ്ങിയപ്പോള്‍ ഉറക്കം കാത്തവള്‍ കണ്ണുകള്‍ ഇറുക്കി യടച്ചു .

മുഷിഞ്ഞ ജുബ്ബ ഉടുപ്പിന്റെ അടുത്തു ശൂന്യമായി ക്കിടന്ന ആണിയില്‍ തൂക്കി തിരിഞ്ഞു നിന്ന അബ്ബയുടെ മുഖത്തും കനത്ത ഇരുട്ടായിരുന്നു.നിശബ്ദമായി അബ്ബക്ക് ഭക്ഷണം വിളമ്പിയ ഉമ്മി എന്തോ പറയാന്‍ തുനിയും മുമ്പ് അബ്ബ തന്നെ മൌനം മുറിച്ചു.ചേരിയിലെ കുടിലുകള്‍ പൊളിച്ചു മാറ്റപ്പെടുമെന്ന നഗര സഭയുടെ അന്ത്യ ശാസനവും ഉടുതുണിക്ക്‌ മറു തുണി പോലുമില്ലാതെ ഉപജീവനമാര്‍ഗ്ഗം പോലും നഷ്ടപ്പെട്ടു നഗരത്തെരുവുകളിലെ ഇരമ്പങ്ങളിലേക്ക് വലിച്ചെറിയ പ്പെടുമെന്ന ,ചേരി ജന്മങ്ങളുടെ ആധി നിറഞ്ഞ വിഹ്വലതകലായിരുന്നു അബ്ബയുടെ വാക്കുകളില്‍ മുഴുവന്‍.

ഉമ്മിയുടെ നെടു വീര്‍പ്പ് ചെറിയൊരു പതര്‍ച്ചയിലിടറി തേങ്ങലില്‍ അവസാനിച്ചപ്പോള്‍ അബ്ബ എഴുന്നേറ്റു പോയിരുന്നു.അബ്ബയുടെയും ഉമ്മിയുടെയും ചേരിയിലെയും അസാധാരണ ഇരുട്ടിന്റെ പൊരുളെന്തെന്നു അറിയുമ്പോള്‍ അനീസ ഒരു സ്വപ്നത്തിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു.

ഏഴു കുതിരകളെ പൂട്ടിയൊരു രഥത്തില്‍ പിന്നിപ്പോവാത്ത സ്വര്‍ണ്ണ ത്തൊങ്ങലുകള്‍ തുന്നിച്ചേര്‍ത്ത പുത്തനുടുപ്പിട്ട് ബയ്യയുടെ ചാരെയിരുന്ന യാത്ര മഞ്ഞപ്പൂക്കള്‍ വിരിഞ്ഞ താഴ്വാരവും പിന്നിട്ടു അനന്തതയിലേക്ക് ഉരുളുകയായിരുന്നു

കനത്ത ഇരുട്ടിനെ ഭേദിച്ച് പൌര്‍ണ്ണമി ഭൂമിയിലേക്ക്‌ ഇറങ്ങിനിന്നു. താരകങ്ങള്‍ വളര്‍ത്തു പൂച്ചയുടെ കണ്ണുകളിലും തെളിയിച്ചു നിന്നു.ഈ യാത്ര ഒരിക്കലും അവസാനിക്കരുതെയെന്നു അവള്‍ സ്വപ്നത്തിലും ആഗ്രഹിക്കുകയായിരുന്നു.തലേ രാവിലെ കനത്ത ഇരുട്ടിനോടുള്ള കലിയെന്ന പോലെ സൂര്യന്‍ നേരത്തെ തന്നെ അത്യുഷ്ണത്തില്‍ ഉദിച്ചുയര്‍ന്നു.

അനീസ കണ്ണ് തുറന്നത് കുടിലിനു പകരം തുറസ്സായ ഭൂമിയില്‍ ആകാശമെന്ന മേല്കൂരക്ക് കീഴിലായിരുന്നു.പുലര്ച്ചയിലെപ്പോഴോ മുന്നറി യിപ്പില്ലാതെ ചേരിയിലെ കുടിലുകള്‍ പൊളിച്ചു മാറ്റിയ നഗര പാലകര്‍ പുതിയ ചേരികള്‍ തേടി തിരച്ചില്‍ തുടര്ന്നു.അനീസ കാണാതെ മണ്ണിട്ട്‌ മൂടിയ വളര്‍ത്തു പൂച്ചയുടെ ജഡം കിടന്ന പുതു മണ്ണിലേക്ക് അനീസയുടെ കണ്ണ് നീര്‍ ധാരയായി ഒഴുകി.ഒരു വട്ടം കൂടി അവള്‍ തന്റെ കുടിലിരുന്ന ഭാഗത്തേക്ക് നോക്കി പിന്നെ ചേരിയിലെ മറ്റനേകം നിവാസികളെ പോലെ നഗരത്തിരക്കിലെ ഇരമ്പങ്ങളില്‍ അലിയാന്‍ നഗരം ലക്ഷ്യമാക്കി നീങ്ങി …..

You May Also Like

വാട്സ് ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ്ജുകള്‍ എങ്ങനെ തിരിച്ചെടുക്കാം?

നമുക്ക് ആവശ്യമായ ചാറ്റും വിവരങ്ങളും അങ്ങനെ എന്തെല്ലാം ആയിരിക്കും ഒറ്റ ഇരിപ്പില്‍ ഡിലീറ്റ് ആയി പോവുക.?

അറിയാതെ ചിത്രം ഡിലീറ്റ് ചെയ്തു; കുഞ്ഞുവാവയുടെ സങ്കടക്കരച്ചില്‍ വൈറലായി – വീഡിയോ

തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല.

രാജ്യദ്രോഹി – ജുവൈരിയ സലാം

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്.

ഐഫോണ്‍ 6 കൊക്കക്കോളയിലിട്ട് തിളപ്പിച്ചാല്‍ സംഭവിക്കുന്നത് കാണണോ ?

പല വട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 6 നെ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് സോപ്പ് മുറിക്കുന്ന പോലെ മുറിച്ചെടുക്കുന്ന വീഡിയോ ബൂലോകത്തിലൂടെ തന്നെ നിങ്ങള്‍ കണ്ടത്. അത് പോലൊരു വട്ടാണ് നിങ്ങളിനി കാണാന്‍ പോകുന്നത്.