നന്ട്രി സര് (കഥ)
രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ വൈകി..
അവള് എവിടെ..?
ബെഡ്ഡില്‍ ഇല്ല… ഓ കുളിക്കുകയാണ്… ബാത്റൂമില്‍ ഷവറിന്റെ ശബ്ദം
ഇതൊരു അനുഭവം തന്നെയാണ്..!
ഈ സ്റ്റാര്‍ ഹോട്ടലില്‍ , ഒരു കന്യകയെ തനിക്കു കിട്ടിയിരിക്കുന്നു..
സ്വന്തമായി ഒരു ഓലപ്പുര ഉണ്ടായിരുന്നവന് ഇന്ന് സ്റ്റാര്‍ ഹോട്ടലില്‍..,..!
222 total views

രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ വൈകി..
അവള് എവിടെ..?
ബെഡ്ഡില്‍ ഇല്ല… ഓ കുളിക്കുകയാണ്… ബാത്റൂമില്‍ ഷവറിന്റെ ശബ്ദം
ഇതൊരു അനുഭവം തന്നെയാണ്..!
ഈ സ്റ്റാര്‍ ഹോട്ടലില്‍ , ഒരു കന്യകയെ തനിക്കു കിട്ടിയിരിക്കുന്നു..
സ്വന്തമായി ഒരു ഓലപ്പുര ഉണ്ടായിരുന്നവന് ഇന്ന് സ്റ്റാര്‍ ഹോട്ടലില്‍..,..!
കൂടെ കിടക്കാന്‍ ഒരു കിളുന്തു പെണ്ണ്… അതും ഈ അന്‍പതാം വയസ്സില്‍….,..!
എല്ലാം പണം എന്ന മാന്ത്രികന്റെ ലീലാ വിലാസം..!
ട്രെയിനില്‍ പുസ്തകം വിറ്റു നടന്നവന് കേവലം 7 വര്‍ഷം കൊണ്ട് ഇവിടം വരെ എത്തി… എല്ലാം എക്സ്പോര്‍ട്ട് ബിസിനസ് തന്ന ഭാഗ്യം..!
”ഗുഡ് മോര്‍ണിംഗ് സര് ”
അതവളായിരുന്നു, ബാത്ത് ടവ്വല്‍ ചുറ്റി വന്ന എന്റെ സുന്ദരി…
”ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍..”
അവള്‍ക്കു പോകേണ്ടതുണ്ട്… പണം എണ്ണവെ ചോദിച്ചു..
”നീയെങ്ങനെ ഈ ഫീല്‍ഡില്‍ എത്തി..?”
കഥ അവള് ചുരുക്കി പറഞ്ഞു…
അനാഥയായ പെണ്‍കുട്ടി… കുറച്ചു നാള് അനാഥാലയത്തില്‍… പിന്നെ ഒരു സ്ഥാപനത്തില്‍ ജോലി.. ഉടമ പീഡിപ്പിക്കാന്‍ ശ്രമിച്ചു.. രക്ഷപ്പെടുത്തിയത് ഒരു മീന്‍കാരി.. അവര്‍ക്ക് മാരക രോഗം.. പറക്ക മുറ്റാത്ത ൪ കുഞ്ഞുങ്ങള്‍.. ഉടനെ വന്‍ തുക വേണം.. അതിനു എളുപ്പ വഴി ഇത് മാത്രം.. ഉത്ഘാടനം ഇവിടെ…
കഥ കേട്ടതും., ഓപറെഷന്‍ വേണ്ട മുഴുവന്‍ തുകയും നല്കി..
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി…
പെട്ടന്നവള്‍ കുനിഞ്ഞു അയാളുടെ കാല് തൊട്ടു വണങ്ങി
” ദൈവം കാക്കും.. നന്ദിയുണ്ട് സര്… ”
” എന്തായി കാണിക്കുന്നേ..? ”
” ചെറുപ്പത്തിലെ അമ്മ പഠിപ്പിച്ചു തന്നതാ, ആരെങ്കിലും നമ്മെ അറിഞ്ഞു ഉപകാരം ചെയ്താല്‍, അവരെ കാല് തൊട്ടു വണങ്ങി ഇങ്ങനെ പറയണമെന്ന്..”‘
വിഷാദമായി ഒന്ന് പുഞ്ചിരിച്ച ശേഷം അവള് പോയി…
വര്‍ഷങ്ങള്‍ പുറകിലേക്ക് പോയാല്‍ ആരാണ് താന്‍..?
ട്രെയിനില്‍ പുസ്തകം വിറ്റു നടക്കുന്നവന് .. മൂന്നു പെണ്മക്കളുടെ തന്ത..
മൂത്തവള്‍ പത്താം ക്ലാസ്സ് പാസ്സായ ദിവസം രാത്രിയാണ് സുഹൃത്തായ ദിനേശന് തന്നെ കാണാന്‍ വന്നത്..
”ശശീ.. എന്നുമിങ്ങനെ പുസ്തകം വിറ്റു നടന്നാല്‍ മതിയോ..?
”പിന്നെന്തു ചെയ്യാനാണ് ദിനേശാ..?”
”രക്ഷപ്പെടാനുള്ള ഒരു വഴിയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്…”
” പൈസ വേണ്ടി വരുമോ..?”
”ഒന്നും വേണ്ട… ആകെ വേണ്ടത് ഒരു ”കോട്ട്” മാത്രമാണ്.. പിന്നെ നമ്മള് പരസ്പരം ”സര്” എന്ന് വിളിക്കണം..’നമ്മളെന്നു പറഞ്ഞാല്‍ ഞാനും, നീയും, രവീന്ദ്രനും, ഉസ്മാനും..”
സംഗതി മനസ്സിലായത് പിറ്റേന്നാണ്.. തൃശൂരില്‍ ആയിരുന്നു പരിപാടി.. ഗുഡ് മണി വേ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്..!
എ. സി. ഹാളില്‍ കോട്ടും, ടൈയും കെട്ടി ഇരുന്നപ്പോള്‍ ശ്വാസം മുട്ടുന്ന പോലെ തോന്നി.. സദസ്യര്‍ അധികവും ഇടത്തരക്കാരാണ്.. വീട്ടമ്മമാര്‍, അധ്യാപകര്‍, കോളേജ് പിള്ളേര്, ചെറിയ കച്ചവടക്കാര്‍…
ദിനേശന് ”സര്” പ്രസംഗം തുടങ്ങി…
”പണക്കാരനാകാന്‍ എളുപ്പവഴിയുണ്ട്… അതാണ്.. ഗുഡ് മണി വേ… ആദ്യം നിങ്ങള്‍ ഈ നെറ്റ്വര്‍ക്ക് ബിസിനെസ്സില്‍ ചേരണം.. പിന്നെ നിങ്ങള്‍ ചേര്‍ക്കുന്ന ഓരോ ആള്‍ക്കും അനുസരിച്ച് പണം നിങ്ങളുടെ അക്കൌണ്ടില്‍ ഓട്ടോ മാറ്റിക് ആയി വരുന്നു…”
പണം ഓട്ടോ മാറ്റിക് ആയി വരുന്നത് ഓര്‍ത്താവണം, മീന്‍കാരി രമണി പുഞ്ചിരിച്ചു…
‘ഗുഡ് മണി വേ ജീവിതം നല്കിയ ഒരാളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്… ഇതാ മിസ്റ്റര്‍ ശശി ”സര്”… ട്രെയിനില്‍ പുസ്തകം വിറ്റു നടന്നിരുന്ന സാറിന്റെ ഇപ്പോഴുള്ള വരുമാനം മാസം മൂന്നു ലക്ഷം രൂപയാണ്..!”
മൂന്നുലക്ഷം രൂപ.. തല കറങ്ങിയെങ്കിലും മണ്ടന്‍ ജനത കയ്യടിച്ചതിനാല് പേടി മാറി…
ഗുഡ് മണി വേ വളര്‍ന്നു… കൂട്ടത്തില്‍ താനും.. മൂത്ത മോള് എന്ട്രന്സിനു ചേര്‍ന്നു… പിന്നെ കമ്പനി പൊട്ടിയപ്പോള്‍ മുങ്ങി നടന്നു.. പക്ഷെ ദിനേശനെ പോലീസ് പിടിച്ചു.തടവ് ശിക്ഷ …ജനം ആക്രോശിച്ചു ,.. പിന്നെ പതിയെ എല്ലാവരും എല്ലാം മറന്നു…
കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ദിനേശന് വീണ്ടും അവതരിച്ചു..
”പുതിയ ബിസിനസ് .. നാനോ നീ എക്സ് എല്‍ … നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് തന്നെ..”
വേണ്ട ദിനേശാ, ഇനി അത്തരം ബിസിനസ്സിനു ഞാനില്ല..”
”എന്നാല്‍ സെക്സ് മരുന്ന് ഇറക്കിയാലോ..?”
”മരുന്നോ..?”
”അതെ, വല്ല അലോപ്പതി മരുന്നും പൊടിച്ചു ലേഹ്യത്തിലും ചേര്‍ത്തു വില്‍ക്കാം.. പേര് റെഡി ആണ്.. അസല്‍ എക്സ്ട്രാ പവര്‍.. എങ്ങനെ..?”
”പക്ഷെ മരുന്നിനു ഗുണമുണ്ടാകുമോ?”
” സെക്സ് മരുന്നെന്ന് കേട്ടാല്‍ ചാണകം വരെ തിന്നും മലയാളി.. ഇനി അഥവാ നമ്മുടെ മരുന്ന് പോക്കായാലും ആരേലും കോടതീ ചെന്ന് പറയുമോ തനിക്കു ശേഷിക്കുറവു മാറിയില്ലെന്ന്..?”
സംഗതി ന്യായമാണ്… എങ്കിലും ഒഴിഞ്ഞു…
”വേണ്ട, ഞാനില്ല ദിനേശാ..”
ദിനേശന് പരിഭവിച്ചു പോയി.. പിന്നെ അവന് വന്നത് കുറെ നാള് കഴിഞ്ഞാണ്.. മഴയുള്ള ഒരു സന്ധ്യ നേരത്ത് … കൂടെ സുന്ദരിയായ ഒരു കൊച്ചു പെണ്‍കുട്ടി.. പത്തു വയസ്സ് കാണും.. ദിനേശന് നന്നായി മദ്യപിച്ചിട്ടുണ്ട്..
” ഇവള് തമിഴത്തിയാ.. തള്ള ഇന്നാള് ലോറി കേറി ചത്തു.. എരക്കലാ ജോലി..”
സങ്കടം തോന്നി, തന്റെ ഇളയ മോള് ദീപയുടെ പ്രായം…
”ശശിയെ, നീ നോക്കിക്കോ, ഒരു മൂന്നു കൊല്ലത്തിനുള്ളില്‍ ഇവളൊരു വെടിക്കെട്ട് ചരക്കാകും, ഇവളെ വെച്ച് ഞാന്‍ ലക്ഷങ്ങള്‍ സമ്പാദിക്കും.. ലക്ഷങ്ങള്‍..!”
അത് കേട്ടതും നിയന്ത്രണം വിട്ടു പോയി… ദിനേശനെ കാലു മടക്കി തൊഴിച്ചു…
” പ്ഭ.. നായെ, നീയൊക്കെ മനുഷ്യനാണോടാ..?”
മഴയത്ത് കയ്യാങ്കളിയായി… നാട്ടുകാര്‍ ഇടപെട്ടു.. എല്ലാം ശമിച്ചപ്പോള്‍ നോക്കി… ആ പെണ്‍കുട്ടിയെ കാണ്മാനില്ല..!
രാത്രി കിടന്നിട്ടു ഉറക്കം വന്നതേയില്ല , കൊച്ചു പെണ്‍കുട്ടി, അവളുടെ മാംസം വിക്കാനും, വാങ്ങാനും നടക്കുന്നവര്‍… എങ്ങനെ അവളെ രക്ഷിക്കും..?
നാളുകള്‍ കഴിഞ്ഞതും ഉള്ള പണം കൊണ്ട് എക്സ് പോര്‍ട്ട് ബിസിനസ് തുടങ്ങാനായി കൊച്ചിക്ക് പോകവേ, ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആ പെണ്‍കുട്ടിയെ കണ്ടു… ലോട്ടറി വില്‍ക്കുകയാണ്…ചുറ്റും ചിലരുടെ കഴുകന്‍കണ്ണുകള്‍….,.. ഇറങ്ങാനൊരുങ്ങിയതും വണ്ടി ചലിച്ചു കഴിഞ്ഞിരുന്നു…
എക്സ് പോര്‍ട്ട് കാര്യങ്ങളൊക്കെ ശരിയാക്കി തിരിച്ചു വരവേ, ആലുവയില്‍ ഇറങ്ങി… അപ്പോഴാണറിഞ്ഞത് തെരുവ് പിള്ളേരെ യൊക്കെ രണ്ടു ദിവസം മുന്‍പ് പോലീസ് പിടിച്ചു കൊണ്ട് പോയെന്ന്..
നേരെ പോലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറഞ്ഞു.. എസ്. ഐ . മുരണ്ടു..
” കാണുന്നതൊക്കെ കൊള്ളാം..കണ്ടിട്ട് പോയ്ക്കോണം.. തമിഴ്-ആന്ധ്ര കുട്ടികളെ അതതു നാട്ടിലെ അനാഥാലയത്തില്‍ ആക്കണമെന്നാ സര്‍ക്കാര്‍ ഉത്തരവ്..”
ഒരു പോലീസ്കാരനോപ്പം ചെന്ന് അവളെ കണ്ടു.. അവള്‍ക്കു തന്നെ ഓര്‍മ്മയുള്ളത് പോലെ ..
”സര്, ഞാനിവളെ എന്റെ വീട്ടിലേക്കു കൊണ്ടു പൊയ്ക്കോട്ടേ..? സ്വന്തം മോളെപ്പോലെ വളര്‍ത്തിക്കോളാം… ”
”നടക്കില്ല മിസ്ടര്‍, വെറുതെ പണിയുണ്ടാക്കല്ലേ..!”
തന്റെ ചോദ്യം അവളുടെ കണ്ണില്‍ നനവ് പടര്‍ത്തി..പോക്കറ്റില്‍ നിന്നും അയ്യായിരം രൂപ എടുത്തു അവള്‍ക്കു നീട്ടി.. അവളതു വാങ്ങാന്‍ മടിച്ചു..
”അച്ഛന് തരുന്നതാണെന്ന് കരുതിയാ മതി മോളെ…”
അത് കേട്ടതും ഉടനെ അവള് പണം വാങ്ങിച്ചു.. പിന്നെ ഉടനെ തന്റെ കാലു തൊട്ടു വന്ദിച്ചു…
”കടവുള്‍ കാക്കട്ടും.. നന്ട്രി സര്..”
തന്റെ അമ്പരപ്പ് കണ്ട് മലയാളവും തമിഴും കലര്‍ന്ന ഭാഷയില്‍ അവള് തുടര്‍ന്നു..
”ചിന്ന വയസ്സിലെ അമ്മ പറഞ്ഞു തന്നതാ… യാരാവത് നമ്മെ അറിഞ്ഞു ഉപകാരം സെയ്താ.. അവരുടെ കാലു തൊട്ടു വണങ്ങി നന്ട്രി സോല്ലണമെന്ന്..”
അന്നും…
ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം മദ്രാസിലെ ഹോട്ടല്‍ മുറിയിലും…
ഒരേ പെണ്‍കുട്ടി കാരണം ,
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..
അന്ന്, അതൊരു അച്ഛന്റെ കണ്ണീരായിരുന്നു…
പക്ഷെ ഇന്ന്…?
ഒരു സംശയം മാത്രം മനസ്സില്‍ നീറുന്നു…
അവള്..,….
അവള്‍ക്കെന്നെ മനസ്സിലായിരുന്നുവോ..?
223 total views, 1 views today
