നന്മകള്‍ നശിക്കുമ്പോള്‍…

Untitled-1

 

ദൈവത്തിന്റെ സ്വന്തം നാട്, കേരളം. കേരവൃക്ഷങ്ങളാല്‍ സമൃദ്ധിയാര്‍ന്ന മലയാളനാട്. കാവ്യമാഹാത്മ്യമേറിയ നാട്. നാട്ടറിവുകളും നന്മകളും, നാടന്‍ തനിമയും വിളയാടുന്ന സഹ്യന്റെ പുണ്ണ്യഭൂമി. മലയാളനാടിനെക്കുറിച്ച് പറയുമ്പോള്‍ വിദേശികള്‍ക്ക്‌പോലും ആയിരം നാവാണ്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും പരസ്പരം ഐക്ക്യവും സാഹോദര്യവും വളര്‍ത്തി, ഒത്തൊരുമിച്ചുജീവിക്കുന്ന പുണ്ണ്യഗേഹം. ഓണവും ക്രിസ്തുമസും റംസാനുമെല്ലാം കേരളക്കര നെഞ്ചോടുചേര്‍ത്ത് ആഘോഷിക്കുന്നു. എങ്ങും സമൃദ്ധിയും ഐശ്വര്യവും വിളയാടുന്ന മലയാളനാട്. ഇതായിരുന്നു കേരളം, അല്ലെങ്കില്‍ ഇങ്ങിനെയൊക്കെയായിരുന്നു കേരളം.പക്ഷെ നാട് പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍, നാടിന്റെ തനതായ നന്മകളും വളരണം. അതിനുപകരം ഇന്നത്തെ സമൂഹം നന്മകള്‍ മറന്നവരായിരിക്കുന്നു.

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് പറയുന്നത് ശരിയായിരുന്ന കാലമുണ്ടായിരുന്നു.നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ പരസ്പര സഹായവും, സഹവര്‍ത്തിത്ത്വവും വെച്ചുപുലര്‍ത്തിയിരുന്നു.ഒരു കല്യാണമോ, വീട്കാഴ്ചയോ, മരണമോ, അടിയന്തരമോ വന്നാല്‍ ആ നാട്ടിലെ ജനങ്ങളെല്ലാം ഒത്തുകൂടും, അവിടെ സന്തോഷമാണങ്കില്‍ അവര്‍ അതില്‍ പങ്കുചേരും. സന്താപമാനെങ്കില്‍ അതിലും. അയല്‍പക്കങ്ങള്‍ ഇപ്പോഴും സജീവമായിരുന്നു. ഉമ്മറകോലായിലെ ചര്‍ച്ചകളും വെടിവട്ടവും നാട്ടിന്‍പുറങ്ങളിലെ സ്ഥിരംകാഴ്ചയായിരുന്നു. അടുക്കളപ്പുറത്തുള്ള പെണ്ണുങ്ങളുടെ അയല്‍കൂട്ടവും വര്‍ത്തമാനങ്ങളും ഒരു ദിനചര്യപോലെയായിരുന്നു. എന്തിനും ഏതിനും പരസ്പര സഹായവും, പരസ്പര സ്‌നേഹവും നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല, നാഗരികജീവിതചുറ്റുപാടുകളിലും കാണാമായിരുന്നു.

ഇന്നത്തെ കേരളം പഴയ മലയാളി മങ്കയെപ്പോലെയല്ല. ആധുനികയുഗത്തില്‍ സാങ്കേതികവിദ്യ വളര്‍ച്ചപ്രാപിച്ചതോടെ പഴയരീതികളെയെല്ലാം അപ്പാടെ പടിയടച്ചു പിണ്ഡം വെച്ചു. ഇന്നത്തെ യുവത്ത്വം സമയമിലാത്ത തേരാളിയാണ്. ഒന്നിനും സമയമില്ല. ഗ്രാമവും, പച്ചപ്പും കാണാന്‍തന്നെ പ്രയാസം. എങ്ങും കോണ്‍ക്രീറ്റ് തീപ്പെട്ടികൂടുകള്‍ മാത്രം, അവയ്ക്ക് ഓരോമനപ്പേരും വീണു, ഫ്‌ലാറ്റ്. അടുത്ത റൂമുകളില്‍ ആരാണ് താമസമെന്ന് അറിയാത്തത്രപോലും അകന്നുകഴിഞ്ഞു മലയാളിയുടെ അയല്പക്കസ്‌നേഹം.

കൃഷിയുടെ കാര്യമാണെങ്കില്‍ പറയുകയുംവേണ്ട. തമിഴനും, ആന്ധ്രാക്കാരനും ഇടഞ്ഞാല്‍ മലയാളി കഞ്ഞികുടിക്കില്ല എന്നഅവസ്ഥ വരെയെത്തി. അരി, പച്ചക്കറി, പഴവര്‍ഗ്ഗം, പലവ്യഞ്ജനം എന്നുതുടങ്ങി അവശ്യവസ്തുക്കള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയാളി ഇന്ന്. കൃഷിഭൂമി ഉണ്ടെങ്കില്‍ പോലും, കൃഷിചെയ്യാണോ, അല്ലെങ്കില്‍ മണ്ണില്‍ പണിയെടുക്കാണോ ആളുകളെ ലഭിക്കാത്തതും മറ്റൊരു പ്രശ്‌നമാണ്. എല്ലാവരും വൈറ്റ്‌കോളര്‍ ജോലി വേണമെന്ന വാശിയിലാണ്.

ഇത്തരത്തില്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ ശോഷിപ്പ്, കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ബാധിച്ചുകഴിഞ്ഞു. കുത്തഴിഞ്ഞ ഭരണരീതിയും, അധികാരദുര്‍വിനിയോഗത്തിന്റെ ആരാച്ചാര്‍മാരായ നേതാക്കന്മാരും ഭരണസിരാകേന്ദ്രത്തില്‍ അഴിഞ്ഞാടുന്ന ഈ യുഗത്തില്‍, ഇനിയൊരു മടങ്ങിപ്പോക്കിനുള്ള അവസരമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും പഴനാളുകളുടെ മധുരസ്മരണകളില്‍ ഇനിയൊരു മാബലിനാടിന്റെ നല്ല നാളെക്കായി ശുഭപ്രതീക്ഷിക്കാം..