നമുക്കു വേണോ ഈ ഹര്‍ത്താല്‍ ..!

0
664

1

സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ ? രാഷ്ട്രീയ നേതാവിന് പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, ചൊറിഞ്ഞാല്‍ ഹര്‍ത്താല്‍, എന്തിന്ഒരു ഇല അനങ്ങിയാല്‍ പോലും ഹര്‍ത്താല്‍ ആചരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത് ?

ചിലര്‍ അതെന്തിനാണെന്ന് പോലും അറിയാതെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നതും കൊണ്ടാടുന്നതും മറ്റു ചിലര്‍ പറയും എന്തെങ്കിലും പ്രത്യേക സാഹചര്യത്തെയോ വ്യക്തിയോടോ പ്രതിഷേധിക്കനാണെന്ന് അല്ലെങ്കില്‍ പ്രതികരിക്കനാണെന്ന് അല്ലെങ്കില്‍ തങ്ങളുടെ എതിര്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ശക്തി കാണിക്കാനാണെന്ന് അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണെന്ന്.

ഇന്ന് ഹര്‍ത്താല്‍ കേരളീയരുടെ ദേശീയോത്സവമായി വരെ മാറിയിരിക്കുന്നു

അടുത്ത കാലത്തായി വിദേശികള്‍ക്കായി ഹര്‍ത്താല്‍ ടൂറിസം എന്നൊരു പുതിയ മേഖല കൂടി വന്നതായി അറിയാന്‍ കഴിഞ്ഞു,ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചുക്കളെയും ഹര്‍ത്താല്‍ ദിനത്തിലെ തോന്നിവാസങ്ങളും മറ്റും കാണിക്കാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ വരെ ഏര്‍പ്പാടാക്കിയിട്ടുള്ളതായി കേള്‍ക്കുന്നു, സത്യമാണോ ആവോ !

നമ്മുടെ നാടായത് കൊണ്ട് ഒരു ഹര്‍ത്താലില്‍ നിന്നും അടുത്ത ഹര്‍ത്താലിലേക്ക് വലിയ ദൂരമൊന്നും കാണില്ലല്ലോ പച്ചപ്പും പ്രകൃതിയും കണ്ടുമടുത്ത വിദേശികള്‍ക്കണെങ്കില്‍ ഹര്‍ത്താല്‍ പോലുള്ള ഒരു ആഘോഷം അപൂര്‍വ്വമാണ്താനും അത് കൊണ്ട് തന്നെ അതിനുള്ള സാധ്യധ തള്ളിക്കളയാനുംവയ്യ.

പ്രിയ രാഷ്ട്രീയക്കാരാ നിങ്ങള്‍ ശക്തി കാണിക്കുകയോ പ്രതികരിക്കുകയോ എന്ന് വേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോളൂ ,പക്ഷെ എന്തിനാ പാവം ജനങ്ങളെ ഇങ്ങനെ ഹര്‍ത്താല്‍ എന്നുപറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രാഷ്ട്രീയമാണല്ലോ നമ്മുടെ നാടിന്റെത്, അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ശല്യമായ ഈ ഹര്‍ത്താല്‍ നമ്മള്‍ അനുവദിക്കേണ്ടതുണ്ടോ ?

ഒരിക്കലും ഇല്ല, ഹര്‍ത്താലു കൊണ്ട് നമ്മുടെ നാടിനുണ്ടാകുന്ന നഷ്ട്ടം ചെറുതൊന്നുമല്ല

  1. പൊതുമുതല്‍ നശിപ്പിക്കല്‍ (കല്ലേറ്, തീയിടല്‍ ,ചില്ല് തകര്‍ക്കല്‍,വണ്ടി തകര്‍ക്കല്‍,കട നശിപ്പിക്കല്‍)
  2. വഴിതടയല്‍ (ഗതാഗതം തടയല്‍ ജനാധിപത്യത്തിനെതിരാണ്)
  3. കട പൂട്ടിക്കല്‍ (ഒരു പൌരനെ സ്വ ഇഷ്ട്ടപ്രകാരം സ്വന്തം കട തുറക്കാന്‍ സമ്മതിക്കതിരിക്കുന്നതിനു ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു തന്നെ എതിരാണ് )
  4. തൊഴില്‍ തടയല്‍ ( പൌരന്മാരെ ജോലിയ്ക്ക് പോകാന്‍ അനുവദിക്കാതെ തടഴുന്നത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ്)
  5. വ്യവസായ ശാലകള്‍ പൂട്ടിക്കല്‍ (ഇതിലൂടെ നമ്മുടെ നാടിന്റെ ഉല്‍പ്പാദനം കുറയുന്നു ,അതിലൂടെ സമ്പത്തും, നമ്മുടെ നാട്ടിലെ പല വ്യവസായികളും ഹര്‍ത്താലുകളും സമരങ്ങളും പേടിച്ച് അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമാണ് നിക്ഷേപമിറക്കുന്നത്), ഇതിലൂടെ നമ്മുടെ നാടിനു കോടികളുടെ നികുതിയിന വരുമാനം നഷ്ട്ടമാണ്)

ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് നമുക്കും നാടിനും നഷ്ടം മാത്രമേ ഉള്ളൂ ,ആകെ ഉള്ള ലാഭം ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിക്കാരുടെ ഞങ്ങള്‍ വിജയ പൂര്‍വ്വം ഹര്‍ത്താല്‍ നടത്തി എന്ന സന്തോഷം മാത്രം അല്ലാതെ അവര്‍ക്കും വേറെ പ്രത്യേകിച്ച് ഗുണങ്ങളൊന്നും കാണുന്നില്ല, പിന്നെ ഹര്‍ത്താല്‍ ദിവസങ്ങളില്‍ മാത്രം ലാഭം കൊയ്യാന്‍ നടക്കുന്ന ചില ലോബികളുമുള്ളതായി കേള്‍ക്കുന്നു

ഹര്‍ത്താലിനെ അനുകൂലിക്കുന്ന ചിലരുമുണ്ട്, മടിയന്മാരും കുബുദ്ധികളും പിന്നെ ചില സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ചിലരുമാണത്.

ഈയിടെ ചില ഞാഞ്ഞൂല്‍ പാര്‍ട്ടിക്കാരും തങ്ങള്‍ വലുതായി എന്ന് കാണിക്കാന്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു, കുറച്ച് കൊടികളും നാലാളും ഉണ്ടെങ്കില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്താമെന്ന അവസ്ഥയാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്.

നമ്മള്‍ ഹര്‍ത്താലിന് എതിരേ ഒരു ഹര്‍ത്താലും സമരവും നടത്തേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.

ഒന്നുകില്‍ ഹര്‍ത്താലിന് പകരം കൊണ്ടാടാന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റെന്തെങ്കിലും ആഘോഷങ്ങള്‍ അവര്‍ കൊണ്ട് വരട്ടെ ,അല്ലെങ്കില്‍ ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തന്നെ പ്രതികരിക്കട്ടെ (എന്തായാലും പാര്‍ട്ടിക്കാരുടെ എണ്ണത്തിനേക്കാള്‍ കൂടുതല്‍ വരുമല്ലോ ഇവിടത്തെ ജനങ്ങള്‍ ).

അല്ലെങ്കില്‍ ഹര്‍ത്താലിനെതിരെയുള്ള ഒരു ബില്ല് പാസ്സക്കേണ്ടിയിരിക്കുന്നു (ഹര്‍ത്താല്‍ നിരോധിക്കാന്‍ ),ജനങ്ങള്‍ക്ക് ശല്യമാകുന്ന ഒരു വിധ പ്രവര്‍ത്തനങ്ങളും ഒരു ജനാധിപത്യ രാജ്യത്ത് പാടില്ല.

ഇവിടെ ഒരു പ്രത്യേക പാര്‍ട്ടിയെയോ സംഘടനെയോ ഒന്നും ഉദ്ദേശിച്ചല്ല ഒന്നും പറഞ്ഞിരിക്കുന്നത്,ഇനി അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ തികച്ചും യാദൃച്ചികം മാത്രം