നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു – ഒരോര്‍മ്മക്കുറിപ്പ്‌

298


ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല. അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല. ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്‍റെ ഉദരത്തിലേക്കെറിയില്ല. ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല. ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത്‌ കാണില്ല. വയലിന്‍റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല. പറിച്ചു നടലി ന്‍റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല.

വളര്‍ച്ചയും, കതിര് വരുന്നതും, കറ്റ മെതിക്കുന്നതും, ഒരിറ്റു ദാഹ ജലത്തിനെന്നോണം വാപൊളിച്ചു കിടക്കുന്ന വരണ്ട പാടങ്ങളും ഇനി ഉണ്ടാകില്ല. ആര്‍ത്തവം നിലച്ച പെണ്ണിനെ പ്പോലെ അവളും, തനിക്കായി ഇനി അവള്‍ക്കു ഒന്നും തരാനില്ല എന്നാ ഭാവത്തില്‍ ഞാനും അവളെ നോക്കി . വടക്കുനിന്നും ഒരു കിളി തെക്കോട്ട്‌ പറന്നു പോയി. കിളിക്ക് പുറകെ ഒരു ചെറിയ മഴ ഒഴുകിവന്നു. അതെന്‍റെ കണ്ണുകളിലൂടെ അവളുടെ മാറില്‍ വീണു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവളിലെക്കുതിര്‍ത്ത ഒരു ഭ്രൂണം ആ നനുത്ത കിനിവില്‍ തലപൊക്കി നോക്കി.