നല്ലതില്‍ നിന്നും ചീത്തയിലേക്ക് – നവാസ്..

425

Untitled-1

ഒരു പെണ്ണ് ഗര്‍ഭിണി ആകുന്നത് മുതല്‍ക്ക് വളരെ മുമ്പ് തന്നെ മാതാപിതാക്കള്‍ ആ കുട്ടിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്ത് തുടങ്ങും. ആ കുട്ടിയെ പ്രസവിക്കുമ്പോള്‍, ആ കുട്ടിയുടെ കൂടെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും പിറവിയെടുക്കുന്നു. മിക്കവരും കുട്ടിയെ ഡോക്ടര്‍, എഞ്ചിനീയര്‍, ഐ.റ്റി. പ്രൊഫെഷണല്‍, ആര്‍ക്കിടെക്ക്റ്റ്, അങ്ങിനെ അങ്ങിനെ. പക്ഷെ ഇതില്‍ എത്രപേര്‍ ആ കുട്ടിയെ നല്ലൊരു മനുഷ്യനായി വളരണമെന്ന് ആഗ്രഹിക്കുന്നത്. ഒരു കുട്ടി അവന്‍ നല്ല രീതിയില്‍, ചിട്ടയോടെ വളരുന്നു എങ്കില്‍ അവന്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടും എന്നതാണ് ഇപ്പോയുള്ള അവസ്ഥ. സമൂഹത്തില്‍ ഒരു കുട്ടി വഴി തെറ്റി പോകുന്നതിന്റെ പ്രധാന കാരണം അവരുടെ മാതാപിതാക്കളുടെ നോട്ടപിശകും നിയന്ത്രണം ഇല്ലായ്മയും ആണ്. സമൂഹത്തില്‍ നടക്കുന്ന ചേഷ്ട്ടകളെ നിത്യ നിഷ്ട്ടയാക്കിയ ഇന്നത്തെ വീട്ടുകാരെ കണ്ട് തന്നെയാണ് ഇന്നത്തെ കുരുന്നുകള്‍ വളരുന്നത്.

ഒരു കുട്ടി, അവന്‍ നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് അവന്റെ മാതാപിതാക്കളില്‍ നിന്നും തന്നെയാണ്. രക്ഷിതാക്കളുടെ നിയന്ത്രണമില്ലായ്മ പുതിയ ഒരു അതിര് വിട്ട സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഇതിന്റെ ഫലം വ്യക്തി സ്വാതന്ത്യം എന്ന വ്യാജേന കുത്തിമറിയാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നു. ഒരു കുട്ടി, അവനും കുടുംബത്തിലെ മുഖ്യമായൊരു ഭാഗം ആണെന്ന് സ്വയം തോന്നണം. അവനു കുടുംബത്തില്‍ എന്തും തുറന്ന് പറയാനുള്ള വേദി എപ്പോഴും ഉണ്ടാകണം. ഇപ്പോഴൊക്കെ ജോലി കഴിഞ്ഞ് കുടിച്ച് മദിച്ച് നാല്‍ക്കാലികളെ പോലെയാകുന്ന അച്ഛന്‍, സീരിയല്‍, പരദൂഷണം എന്നിവയുമായി നടക്കുന്ന അമ്മ, ഇതിനിടയില്‍ ആരോട് തന്റെ പ്രശ്‌നങ്ങളും കാര്യങ്ങളും പറയാന്‍ ? എന്ന തോന്നല്‍ കുട്ടിയെ ഒരു അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നു. അവന്‍ അതിന് മുതിര്‍ന്നാല്‍ തന്നെയും ആരും അതൊക്കെ കേള്‍ക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല അല്ലെങ്കില്‍ ആര്‍ക്കും സമയം ഇല്ല എന്ന് വേണം പറയാന്‍.

പണക്കാര്‍ വീട്ടില്‍ സ്വയം ബാര്‍ ഉണ്ടാക്കി കുടിക്കുന്നു. പാവപെട്ടവര്‍ കുടിച്ച് ലക്ക്‌കെട്ട് വീട്ടില്‍ നാലുകാലില്‍ വന്നു കയറുന്നു. ചില സ്ഥലത്ത് സ്വന്തം കുട്ടിയെ തന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ പറഞ്ഞു വിടുന്നു. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഗാസയിലേയും അമേരിക്കയിലെയും പ്രശ്‌നങ്ങളെ കുറിച്ച് തല പുകയ്ക്കുന്നു. പക്വത എന്ന് പറയുന്നത് വലിയ കാര്യങ്ങള്‍ കാണുന്നതിലല്ല മറിച്ച് ചെറിയ കാര്യങ്ങള്‍ മനസിലാക്കുന്നതിലാണ് എന്ന് അമീര്‍ ഖാന്‍ പറഞ്ഞത് എത്ര സത്യം. ഇന്നത്തെ കാലത്ത് എത്ര കുടുംബങ്ങള്‍ കൂടിയിരുന്നു സംസാരിക്കുന്നത് കാണാന്‍ കഴിയും, എത്രയിടത്ത് എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. വളരെ വിരളം തന്നെയാണെന്ന് പറയാം. ഇപ്പോഴൊക്കെ ഒരു കുട്ടി പിറക്കും വരെ മാത്രമേ അമ്മയുമായി അടുത്ത് കഴിയുകയുള്ളൂ പിന്നീട് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം പയ്യെ പയ്യെ കൂടി കൊണ്ടിരിക്കും. ഓരോരുത്തരും ഒറ്റക്കാണെന്ന ബോധം ഉണ്ടാകുന്നു, സ്‌നേഹം, സന്തോഷം, സമാധാനം എന്നിവ കുടുംബത്തില്‍ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ.

ഇനി ഒരു കൂട്ടം ആളുകള്‍ ഉണ്ട് മറു തലയ്ക്കല്‍, പണത്തിന് വേണ്ടി വിലപ്പെട്ട മൂല്യങ്ങളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍. ഇരുള്‍ ഭൂമിയെ വിഴുങ്ങുമ്പോള്‍ മാത്രം പുറത്തിറങ്ങുന്നവര്‍. പൊതുവില്‍ പണ്ട് മുതല്‍ക്ക് തന്നെ അടിമത്വം എന്ന്! പറയുന്നത്, ഉടമ അവന്റെ ആവശ്യത്തിനായി അടിമയുടെ ബലം പരമാവധി ഉപയോഗപെടുത്തുന്നു എന്നിട്ട് വലിച്ചെറിയുന്നു. ഇപ്പോഴത്തെ മോഡേണ്‍ വേള്‍ഡില്‍ ഒരുടമ അവന്‍ പല വഴികളിലൂടെ സ്വതന്ത്രനായ മനുഷ്യനെ അവന്റെ അടിമയാക്കുന്നു, ഒരു വിധത്തില്‍ പറഞ്ഞാല്‍ അവന്‍ പോലും അറിയാതെ. ഇവിടെ ഉടമയുടെ കണ്ണ്! അടിമയുടെ പണത്തിലാണ്. ഉടമ അടിമയുടെ പണം മുഴുവന്‍ ഊറ്റിയെടുക്കുന്നു എന്നിട്ട് വെറുതെ വിടുന്നു പക്ഷെ ഈ മനുഷ്യന്‍ പണം ഏതെങ്കിലും വിധേന പണം സമ്പാദിച്ച് വീണ്ടും അടിമയായി തുടരുന്നു. അവന്‍ അവന്റെ മൃഗീയ വാസനകള്‍ ഇതിനായി പുറത്തെടുക്കുന്നു. ധര്‍മ്മം, ന്യായം, നീതി എന്നിവയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു. നല്ലതും ചീത്തയും മനസ്സിലാക്കി ജീവിക്കുന്നവര്‍ എന്നും സ്വതന്ത്രര്‍ തന്നെയാണ്, അവന്‍ തന്നെയായിരിക്കും അവന്റെ ഉടമ. ഇനി ചില ഊടുവഴികളിലൂടെ നീങ്ങാം.

1. ടെലിവിഷന്‍

ഞാന്‍ പലപ്പോഴും ശ്രദ്ധിക്കും, സീരിയലില്‍ കുടുംബ കഥ എന്ന വ്യാജേന പല വൃത്തികെട്ട ടയലോഗുകളാണ് പറയുന്നത്. ശ്രദ്ധിച്ചാല്‍ ഭൂരിഭാഗം സീരിയലിലും അവിഹിത ബന്ധങ്ങളുടെയും അവിഹിത ഗര്‍ഭങ്ങളുടെയും കഥയാണ് ഇതിവൃതമായി വരുന്നത്. മിക്ക സീരിയലിലും കേട്ടാല്‍ അറയ്ക്കുന്ന ഡയലോഗുകളാണ് പറയുന്നത്. എന്നിട്ട് ഇതൊക്കെ കല എന്ന ലേബലൊട്ടിച്ച് പല ചാനലുകളും അവാര്‍ഡ് നിശകളും മറ്റും സംഘടിപ്പിച്ച് മികച്ച പ്രവര്‍ത്തകരെയും നടീനടന്മാരെയും മറ്റും അവാര്‍ഡ് കൊടുത്ത് ആദരിക്കുന്നു. പച്ചയായ ഒരു നഗ്‌നത വെളിവാക്കുന്നില്ലെങ്കിലും സീരിയല്‍ നടിമാരെല്ലാപ്പേരും അത് വയസായ അമ്മ, അമ്മായിയമ്മമാരടക്കം ശരീരവടിവ് പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഡ്രസ്സുകള്‍ ധരിച്ചാണ് കാണപെടാറുള്ളത്.

മിക്കസീരിയലുകളിലും മദ്ധ്യം, ലഹരി പദാര്‍ത്ഥങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സീനുകള്‍ ഒരുപാട് പ്രദര്‍ശിപ്പിക്കുന്നു. സിനിമയില്‍ തന്നെ ഏവരും ആദരിക്കുന്ന താരം മദ്യപിക്കുമ്പോഴും സിഗരറ്റ് വലിക്കുമ്പോഴും, അത് കാണുന്ന പലര്‍ക്കും അത് കാണുന്ന പലരും അതൊരു ശരിയായ പ്രവര്‍ത്തിയാണെന്ന് തെറ്റി ധരിക്കുന്നു. പല കുടുംബങ്ങളിലും ടി.വി ആദ്യം ഇടം പിടിക്കുന്നത് ലോക വിവരം ഉണ്ടാകാനാണെന്ന കപട ന്യായം ആണെങ്കിലും, പതുക്കെ പതുക്കെ അത് സീരിയലിലേക്കും സിനിമയിലേക്കും വഴി മാറുന്നു. സീരിയല്‍ ദുരിതം കാരണം അടുപ്പ് പുകയാത്ത വീടുകള്‍ വീടുകള്‍ നിത്യ കാഴ്ച്ചയാകുന്നു. ജോലി ചെയ്ത് തളര്‍ന്ന് വീട്ടില്‍ പാര്‍സലുമായി വന്ന് കയറുന്ന ഗ്രഹനാഥന്‍മാര്‍ സ്ഥിരം കാഴ്ച്ചയാകുന്നു. തളര്‍ന്ന് വരുന്ന അവന് ഒരാശ്വാസമായി, താങ്ങും തണലുമായി നില്‍ക്കേണ്ട അവന്റെ ഭാര്യ അവന്റെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയുണ്ടാകുന്നു. അവള്‍ എല്ലാ സീരിയല്‍ പ്രദക്ഷിണം കഴിഞ്ഞ് കട്ടിലിലേക്ക് മറിഞ്ഞ് പോത്ത് പോലെ കിടന്നുറങ്ങും.

പിന്നെ വേറൊരു ഭാഗത്ത് കമ്പനികള്‍ അവരുടെ പ്രൊഡക്റ്റ് വിറ്റഴികാന്‍ വേണ്ടി പെണ്‍ ദേഹങ്ങള്‍ കച്ചവടവല്‍ക്കരിക്കുന്നു. പരസ്യം എന്ന പേരില്‍ പെണ്‍ ദേഹങ്ങള്‍ ആഘോഷിക്കുന്നു. ഉദാഹരണത്തിന് സ്ത്രീകളുമായി യാതൊരു കുലബന്ധം പോലുമില്ലാത്ത ബൈക്ക്, ഷേവിംഗ് ക്രീം, തുടങ്ങിയ ഉല്‍പ്പന്നങ്ങളിലും പെണ്ണുങ്ങളെ വച്ച് പരസ്യമെടുത്തു കച്ചവടം ചെയ്യുന്നു. സീരിയലില്‍ നിന്നും പൊതുവിലെ ജനങ്ങള്‍ക്ക് കിട്ടുന്ന ചില പാഠങ്ങള്‍. 1. അവിഹിത ബന്ധം പല്ല് തേക്കുന്ന പോലുള്ള ഒരു സാധാരണ പ്രവര്‍ത്തിയാണ്. 2. ലൈഗികതയും വ്യഭിചാരവും ആധുനിക മനുഷ്യന്റെ പുരോഗതിയുടെ ലക്ഷണങ്ങള്‍ 3. ലഹരി പദാര്‍ത്ഥങ്ങള്‍, മദ്യം തുടങ്ങിയവ മനുഷ്യന് അവശ്യ ഘടകങ്ങള്‍ ആകുന്നു. 4. സീരിയല്‍ കാണുക എന്നത് സ്റ്റാറ്റസ് നില നിര്‍ത്തുന്നതിനുള്ള ഒരു കാര്യം.

2. മൊബൈല്‍

സ്വന്തം മക്കള്‍ക്ക് ലേറ്റസ്റ്റ് സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ വാങ്ങി കൊടുക്കുവാന്‍ മത്സരിക്കുന്ന പിതാക്കന്മാര്‍ ഇന്നത്തെ കാലത്ത് പതിവ് കാഴ്ചയാണ്. പക്ഷെ ഈ മൊബൈലുകള്‍ അവര്‍ ഉപയോഗിക്കുകയാണോ അതോ ദുരുപയോഗം ചെയ്യുകയാണോ എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടൊ?. രാവിലെ പഠിക്കാന്‍ പോയി വൈകിട്ട് തിരിച്ച് വരുന്ന കുട്ടികളുടെ കൈയ്യില്‍ എന്തിനാണ് മൊബൈലിന്റെ ആവശ്യം?, അതും മുക്കിന് മുക്കിന് കോയിന്‍ ഫോണ്‍ ഉള്ള ഇന്നത്തെ കാലത്ത്. പഠിക്കുന്ന കുട്ടിക്ക്, തിരിച്ചറിവ് എത്തുന്ന പ്രായം എത്തുന്നതിന് മുമ്പ് എന്തിനാണ് ഇത്രയും സൗകര്യങ്ങള്‍ ഉള്ളൊരു മൊബൈല്‍ വാങ്ങി അവനു കൊടുക്കുന്നത് ?, എന്നാലോചിച്ചിട്ടുണ്ടൊ?. പോണ്‍ ക്ലിപ്പുകളാല്‍ നിറഞ്ഞ മൊബൈലിലെ ചൂടന്‍ രംഗങ്ങള്‍ അവന് കാണിച്ച് കൊടുക്കുന്നതും, അതിന് ശേഷം അത് ഷെയര്‍ ചെയ്യപ്പെടുന്നതും. മകന്റെ കൂട്ടുകാരനുണ്ട് എന്ന് കരുതി അതുപോലൊരു മൊബൈല്‍ അവനും വേണമെന്ന് കരുതുന്നതില്‍ വല്ല ന്യായവും ഉണ്ടൊ ?.

തന്റെ മൊബൈലിലെ ചൂടന്‍ രംഗങ്ങള്‍ പോരാതെ വരുമ്പോള്‍ അയല്‍പ്പക്കത്തെ വീട്ടിലെ കുളിമുറിയിലും മറ്റും കാമറ ഒളിപ്പിക്കുന്നതും. അത് പിന്നീട് അവന്റെ സുഹൃത്തുകള്‍ക്ക് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. ആദ്യം മൂന്ന് പേര്‍ കാണുന്ന ക്ലിപ്പ് പതിയെ ഷെയര്‍ ചെയ്യപ്പെട്ട് ആയിരം പേരിലേക്കും അതിന് ശേഷം പതിനായിരങ്ങള്‍ ഇത് കാണാന്‍ ഇടയാകുന്നു. ഇത് പോലെ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം താറുമാറായിട്ടുണ്ട്. ഭൂരിഭാഗം പേര്‍ ഈ ക്ലിപ്പുകള്‍ നെറ്റില്‍ ഇടും എന്ന് ഭീഷണിപെടുത്തുന്നു, പിന്നീട് പെണ്‍കുട്ടിക്ക് അവന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. പിന്നെ അവളെ മറ്റു പലര്‍ക്കും കാഴ്ച്ച വയ്ക്കുന്നു. ഇന്നത്തെ കാലത്ത് എത്രപേര്‍ക്ക് മനസമാധാനത്തോടെ ടെക്‌സ്റ്റെയില്‍സില്‍, ഹോട്ടലില്‍, പബ്ലിക് ടോയിലെറ്റില്‍ വസ്ത്രം മാറാനും മറ്റും സാധിക്കും?. 18 വയസ്സാകുന്നതിന് മുമ്പ്, മൊബൈലിന്റെ ഉപയോഗം ശരിക്കും മനസ്സിലാക്കുന്നതിന് മുമ്പ്, ദയവായി കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നാട്ടില്‍ 80% പെണ്‍ പിള്ളേരുടെ മൊബൈലും രാത്രി പത്ത് മണിക്ക് ശേഷം മിക്കവാറും ബിസി ആയിരിക്കും. ആരൊക്കെയാണ് അവളെ വിളിക്കുന്നതെന്ന് ചെറിയ ഒരു ധാരണ പോലും ഇന്നത്തെ മാതാപിതാക്കള്‍ക്കില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ മക്കളും മിസ്റ്റര്‍. ക്ലീന്‍ ആണെന്ന് നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമൊ ?.

3. കമ്പ്യൂട്ടര്‍

ജീവിതത്തില്‍ നാനാ തുറകളിലും കമ്പ്യൂട്ടറിന്റെ സ്വാധീനം വളരെ വലുതാണ്. വളരെ കഠിനമായ ജോലികളെയും വളരെ എളുപ്പത്തിലും വേഗതയിലും ലളിതവുമാകാന്‍ കമ്പ്യൂട്ടര്‍ എന്ന മെഷീന് സാധിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് കേരളത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനെന്ന്! പറഞ്ഞ് പേരന്റ്‌സ് അവരുടെ റൂമില്‍ തന്നെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപിച്ച് കൊടുക്കും. പക്ഷെ ആദ്യ കുറച്ച് നാളുകള്‍ അവന്‍ പഠിത്തതിനായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കും പിന്നെ പതുക്കെ പതുക്കെ അവന്‍ കമ്പ്യൂട്ടര്‍ ഫേസ് ബുക്ക്, ചാറ്റിങ്ങ്, സിനിമ കാണാന്‍, തുടങ്ങിവയ്‌കൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ചില കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിമിന് അടിമപ്പെടുന്നു.

ചിലര്‍ പോണ്‍ സൈറ്റിന് അടിമപ്പെടുന്നു. കേരളത്തില്‍ 90% കുട്ടികളും ഇത് പോലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നവരാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ലൈംഗിക ചേഷ്ട്ടകള്‍ രണ്ട് ക്ലിക്കിലൂടെ തന്റെ കിടപ്പ് മുറിയില്‍ വരുന്ന അവസ്ഥയാണുള്ളത്. ഇതിലെന്താണ് തെറ്റ് എന്ന സ്വയം ചിന്ത അവനെ തെറ്റിലേക്ക് വഴി തിരിച്ച് വിടുന്നു. ഇതിന്റെ ഫലം അവന്‍ സ്ത്രീയെ ഒരു ലൈംഗിക ഉപഭോഗവസ്തുവായി തരം താണ് മാത്രം കാണുന്നു. പയ്യെ പയ്യെ ലൈംഗിക അതിക്രമങ്ങളിലേക്ക് ആ ചിന്ത കൊണ്ട് ചെന്നെത്തിക്കുന്നു. സൗഹൃദം ചാറ്റിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥ. പഠിക്കുന്ന ഇന്റലിജന്റ് ആയ കുട്ടിയെ മനോരോഗിയാക്കി അവന്റെ കഴിവുകള്‍ മായ്ച്ചു കളയപ്പെടുന്നു. ഇന്നത്തെ കാലത്ത് ലോകത്തുള്ള സൈറ്റുകളില്‍ 70% പോണ്‍ സൈറ്റുകള്‍ ആണെന്നുള്ളത് ഇതിന്റെ സങ്കീര്‍ത വര്‍ദ്ധിപ്പിക്കുന്നു. രാത്രി 10.00 മണിക്കും 1.00 മണിക്കും ഇടയ്ക്ക് എപ്പോയെങ്കിലും മക്കളുടെ റൂമില്‍ പോയി കതകിന്റെ അടിയില്‍ കൂടി കമ്പ്യൂട്ടറിന്റെ വെട്ടം വരുന്നുണ്ടോ എന്ന് ചുമ്മ ഒന്ന് പരിശോധിക്കുക, അപ്പോള്‍ മനസിലാകാം നിജ സ്ഥിതി. ഉടനെ ചെയ്യേണ്ടത് നെറ്റ് കണക്ഷന്‍ കട്ട് ചെയ്യുക എന്നതാണ്, പിന്നീട് നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കണം എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ പൊതുവായ ഒരിടത്ത് സ്ഥാപിക്കുക ഹാളിലോ മറ്റൊ.

4. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍

ഇന്നത്തെ കാലത്ത് കൊച്ച് കുട്ടികള്‍ മുതല്‍ ലഹരി വസ്തുക്കള്‍ അറിഞ്ഞൊ അറിയാതെയൊ സേവിക്കപെടുന്നു. ഉദാഹരണത്തിന് ലൈസ്, കുര്‍ക്കുറെ, ഐസ്‌ക്രീംസ്, കോളകള്‍, മുതലായവ കഴിക്കുമ്പോള്‍ വീണ്ടും വീണ്ടും വേണമെന്ന ആസക്തി കുട്ടികളില്‍ ഉണ്ടാകുന്നു. ഇവയിലൊക്കെയും കച്ചവട താല്പര്യതോടെ കുറേശെ ലഹരി ചേര്‍ക്കപ്പെടുന്നു. വലുതാകുമ്പോള്‍ ഇങ്ങനെ ലഹരി ശീലിച്ചവര്‍ വലിയ ലഹരി തേടി പോകുന്നു. യൂറോപ്യന്‍ പ്രോഡക്റ്റാണു മദ്യം എങ്കിലും, അവര്‍ അത് ഉപയോഗിക്കുന്നത് വളരെ വിരളമായിട്ട് മാത്രമാണ്. അതായത് വിരസത അകറ്റാനൊ, ഫ്രെണ്ട്‌സ് എല്ലാരും ഒത്തോരുമിക്കുമ്പോള്‍ മാത്രം അവര്‍ കുറച്ച് സേവിക്കും. ഇവരാരും തന്നെ മദ്യം കഴിച്ച് നാല്‍ക്കാലില്‍ റോഡില്‍ കിടക്കാറില്ല.

പക്ഷെ സായിപ്പിന്റെ ഈ സാധനം കേരളത്തിന്റെ അതിര്‍ത്തി കടക്കുമ്പോള്‍ സ്വഭാവം മാറുന്നു. ഇവിടെ വൈകുന്നേരങ്ങളില്‍ ഈ സാധനം കുടിച്ച് വീട്ടില്‍ വന്ന് അലമ്പുണ്ടാക്കുന്നതും വാള് വയ്ക്കുന്നതും പൈസക്കായി മൊന്തേം കിണ്ടീം വില്‍ക്കുന്നതും പതിവ് കാഴ്ച്ചയാണ്. ഇത് കഴിക്കുന്നവര്‍ ഇതില്‍ നിന്നും ഒരു മോചനം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മദ്യപിക്കുമ്പോള്‍ മനുഷ്യന്റെ മൃഗീയ വാസനകള്‍ പുറത്ത് വരുന്നു. അതിനാല്‍ മദ്യപാനത്തിന് എതിരെ ഒരു ബോധവല്‍ക്കരണം കേരളത്തില്‍ അത്യാവശ്യമാണ്. ഇപ്പോള്‍ ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ വാതില്‍ക്കല്‍, ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പെട്ടി കടകള്‍ ധാരാളമായി കാണാം. വളരെ കുഞ്ഞിലെ തന്നെ സിഗരറ്റ് ഉപയോഗിക്കുന്ന കുട്ടികളെ ഇപ്പോള്‍ സാധരണ കാഴ്ചയാണ്.

ഇതെല്ലാം ഒഴിവാക്കാന്‍ ചില നിര്‍ദേശങ്ങള്‍

1. വീട്ടിലെ അംഗങ്ങള്‍ ദിവസവും ഒരു 20 മിനിറ്റെങ്കിലും ഒരുമിച്ചിരുന്ന് സംഭാഷണത്തില്‍ ഏര്‍പ്പെടണം.
2. കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാപ്പേര്‍ക്കും ഒരുമിച്ച് കാണാന്‍ സഭ്യമായ ഒരു പ്രോഗ്രാം തിരഞ്ഞെടുത്ത്, അത് ദിവസവും ഒരുമിച്ചിരുന്ന് കാണണം.
3. കമ്പ്യൂട്ടര്‍ വീട്ടില്‍ പൊതുവായ ഒരിടത്ത് സ്ഥാപിക്കുക.
4. പക്വത എത്തും മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാതിരിക്കുക.
5. കൊച്ച് കുട്ടികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നിങ്ങള്‍ തന്നെ വാങ്ങി കൊടുക്കുക. ആവശ്യത്തില്‍ അമിതമായി പണം അവരെ ഏല്‍പ്പിക്കാതിരിക്കുക.
6. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
7. കുട്ടികള്‍ക്ക് അമിത ആസക്തി ഉണ്ടാക്കുന്ന ഉല്‍പ്പന്നം കണ്ടെത്തി ഒഴിവാക്കുക.
8. കുട്ടികളെ നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നതിനെക്കാള്‍ നല്ലത് അവരുടെ പഠനത്തില്‍ പങ്ക് ചേരുക.
9. കുട്ടികളുമായി ഒരു സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുക.
10. കുട്ടികളുടെ അടുത്ത കൂട്ടുകാര്‍ ആരൊക്കെയെന്ന് അറിഞ്ഞു വയ്ക്കുക
11. കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നെങ്കില്‍ തന്നെ വളരെ കുറഞ്ഞ ഒരെണ്ണം വാങ്ങിച്ചു കൊടുക്കുക.
12. കുട്ടികളുടെ അനാവശ്യ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കുക.