നാണുവേട്ടന്റെ തൂക്ക്

0
246

01നാണുവേട്ടന്റെ മൂന്നാമത്തെ തൂക്കും കളവുപോയി
സ്കൂള്‍ അസംബ്ലിയില്‍ ബാഹുലേയന്‍മാഷ്‌ ചൂരല്‍വടി ചുഴറ്റി ഭീക്ഷണി ഇറക്കി
കളവുനടത്തിയ കുരുത്തംകെട്ടവനെ കണ്ടുപിടിച്ച് തലയില്‍ പുളിയുറുമ്പ് കുടഞ്ഞ് കാടിവെള്ളമൊഴിച്ചു വെയിലത്ത് നിര്‍ത്തും
മാഷിന്‍റെ ഡയലോഗുകള്‍ക്കധികം ആക്കവും തൂക്കവും ഉണ്ടായെങ്കിലും,
നാണുവേട്ടനിനി തൂക്കില്ല
സ്കൂളിലേക്ക് ചായ കൊടുത്തയക്കുന്ന മൂന്നാമത്തെ തൂക്കും കളവുപോയി
കളവു മൂന്നും നടന്നത് സ്കൂളിലാണ്
ഇനി തൂക്കൊന്ന് വാങ്ങില്ല എന്ന് നാണുവേട്ടന്‍ കട്ടായമായി പറഞ്ഞു
മാഷുമ്മാരുടെ ചായകുടി മുട്ടും
ആറാം ക്ലാസ്സിലെ പ്രതാപന്‍ പിആറിന്‍റെ കണ്ണ് നിറഞ്ഞു, അവനാണല്ലോ സപ്ലയര്‍
ഇനി അത്രയും നേരംകൂടെ ക്ലാസ്സില്‍ കുത്തിയിരിക്കണം
ബാഹുലേയന്‍മാഷ്‌ ഹെഡ്‌മാഷായപ്പോള്‍ സ്കൂളില്‍ മോഷണവും
പന്ത്രണ്ട് ചായകള്‍ ഒരുമിച്ചെടുക്കുന്ന തൂക്കാണ് മോഷ്ടിക്കപ്പെട്ടത്
ഹെഡ്‌മാഷ്‌ ചായകുടിക്കത്തോനായതിനാല്‍ അന്വഷണത്തിനത്രയും ബലമില്ലെന്ന് സുശീലടീച്ചര്‍
തൂക്കില്ലായാലും ഉണ്ടെങ്കിലും ഇടവേളകളില്‍ ചായകുടിക്കണം, കാലമേറെയായ ശീലം മാറില്ല, അമ്മിണിടീച്ചര്‍ മുഖം വീര്‍പ്പിച്ചു
ആറുകുട്ടികള്‍ ഒരുമിച്ചു പോയാല്‍ പന്ത്രണ്ട് ചായയെത്തും
ആറു മാഷുമ്മാര്‍ പോയാലും ചായയെത്തും , ഹെഡ്‌മാഷ്‌ പാരയായി
കരിങ്കാപ്പിയായ മാഷുമ്മാരുടെ മുഖം സാക്ഷിയാക്കി ബാഹുലേയന്‍മാഷ്‌ പ്രതിഞ്ജയിറക്കി
നാണുവേട്ടന് തൂക്കുണ്ടാകുന്നവരെ സ്കൂളില്‍ചായയില്ല
ഞങ്ങളുടെ യുപി സ്കൂളില്‍ പിന്നെ ചായ വന്നില്ല കാരണം നാണുവേട്ടന് തൂക്കുണ്ടായില്ല
ഹെഡ്‌ മാഷോഫീസിലെ മരയലമാരക്ക് പിനില്‍ ഒളിച്ചിരുന്ന് മൂന്നു ചായതൂക്കുകള്‍ തുരുമ്പ് പിടിച്ചു
കുട്ടികള്‍ പച്ചവെള്ളം കുടിക്കുമ്പോള്‍ മാഷുമ്മാര്‍ ചായകുടിക്കരുത്
ഇനി കുട്ടികള്‍ പറയട്ടെ:
കള്ളനെപിടിച്ച് തലയില്‍ പുളിയുറുമ്പ് കുടഞ്ഞ് കാടിവെള്ളമൊഴിച്ചു വെയിലത്ത് നിര്‍ത്തണോ, അതോ ഒരുമ്മ കൊടുക്കണോ ?