നാഥനില്ലാ ഭൃത്യന്‍

ഞാന്‍ ജനിച്ചത്‌ ഒരു തെരുവില്‍. അമ്മയെയോ അച്ഛനെയോ കുറിച്ച് എനിക്ക് യാതൊരു ഓര്‍മ്മയുമില്ല. അതിനു കാരണം ആ തെരുവിന്റെ ഏതോ ഒരു മൂലയില്‍ ആയിരുന്നു എന്റെ അമ്മ എന്നെ പ്രസവിച്ചത്. അതിനു രണ്ടു നാള്‍ക്കു ശേഷം തെരുവില്‍ കൂടെ നടക്കുകയായിരുന്ന എന്റെ അമ്മയുടെ ദേഹത്ത് ഏതോ വാഹനം വന്നു കയറി അമ്മ എന്നെ തനിച്ചാക്കി പോയി. അതിനു ശേഷം എങ്ങനെയൊക്കെയോ കുറച്ചുനാള്‍ അവിടെ ഞാന്‍ വളര്‍ന്നു. ഒരു ദിവസം അവിടെവെച്ചു എന്നെ കണ്ട ഒരു വലിയ മനുഷ്യന്‍ എന്നെ വാരിയെടുത്തു ഉമ്മവെച്ചു അദ്ദേഹത്തിന്റെ വീട്ടിലേക്കു കൂട്ടിക്കോണ്ടുപോയി. അന്ന് തൊട്ടു ഞാന്‍ അദ്ദേഹത്തിന്റെ ഭ്രുത്യനായ് അവിടെ കഴിയുന്നു.

ഞാനും അദ്ദേഹവും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അദ്ദേഹം ഒരിക്കലും എന്നെ ഒരു ഭ്രുത്യനായ് കണ്ടിട്ടില്ല. ആ ഭ്രുത്യത്വം ഞാന്‍ സ്വയം ഏറ്റെടുത്തത് തന്നെ. എന്നെ ഒരു മകന്റെയോ സഹോദരന്റെയോ സ്നേഹത്തോട് തന്നെയാണ് അദ്ദേഹം കണ്ടിരുന്നത്‌.. ഞങ്ങളുടെ നടപ്പും കിടപ്പുമെല്ലാം ഒന്നിച്ചായിരുന്നു. ഒരിക്കലും വിലകുറഞ്ഞ ഭക്ഷണങ്ങളോ, പാനീയങ്ങളോ അദ്ദേഹം എനിക്ക് നല്‍കിയിട്ടില്ല. അദ്ദേഹം എവിടെയൊക്കെ ആരെയൊക്കെ കാണുവാന്‍ പോയാലും എന്നെയും കൂടെ ചേര്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തോടുകൂടിയുള്ള വിളികളും, നോട്ടവും, തലോടലുകളും പരിലാളനകളും അനുഭവിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യത്തെയോര്‍ത്തു ഞാന്‍ കൃതാര്ഥനും ആയിരുന്നു. ഞാനും അദ്ദേഹത്തിനോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു. എപ്പോഴും അദ്ദേഹത്തെ കരുതിയിരുന്നു. പരിചയമില്ലാത്ത ആരെയും അദ്ദേഹത്തിന്റെ അടുത്തേക്ക്‌ അടുക്കുവാന്‍ പോലും ഞാന്‍ അനുവദിച്ചിരുന്നില്ല. അങ്ങനെ ഞങ്ങളുടെ ജീവിതം പരസ്പര വിശ്വാസത്തോടും, സ്നേഹത്തോടും, കളിചിരികളോടും കൂടെ ഓരോ ദിനവും പുഷ്പിച്ചു.

ഇന്നലെ അതിശക്തമായ മഴയായിരുന്നു. എങ്ങും പോയില്ല. ഒരുതരം മൂകതയും, ശ്യൂന്യതയും, എല്ലാത്തിനോടും വിരക്തിയുമായിരുന്നു. അദ്ദേഹം തന്ന ഭക്ഷണത്തില്‍ അദ്ദേഹത്തെ തൃപ്തിപ്പെടുത്തുവാനായിട്ടു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി, അത്രമാത്രം. തളര്‍ച്ചയും മയക്കവുമായ് പകല്‍ കടന്നുപോയ്. രാത്രിയില്‍ കിടക്കുന്നതിനു മുമ്പുള്ള പതിവ് തെറ്റിക്കാതെ വീടിന്റെ എല്ലാ മുക്കിലും മൂലയിലും ചെന്ന് നോക്കി. ജനാലകളില്‍ക്കൂടെ പരിസരവും ശ്രദ്ധിച്ചു. അറിയാന്‍ പറ്റില്ല ധാരാളം കള്ളന്മാരും ഇഴജന്തുക്കളും ഉള്ള സ്ഥലമാണ് ഇത്. വെളിയിലേക്കുള്ള കതകുകളോ ജനാലകളോ തുറക്കാന്‍ നോക്കിയിരിക്കുകയാണ് പലതിനും ഉള്ളിലേക്ക് കടക്കുവാന്‍. ഏതായാലും കുഴപ്പങ്ങള്‍ ഒന്നും ഇന്ന് ദൃഷ്ടിയില്‍ പെട്ടില്ല. അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നു നോക്കി. നല്ല ഉറക്കം തന്നെ.ഞാനും എന്റെ കൊച്ചുമുറിയില്‍ കയറി, കിടന്നുറങ്ങി.

ഇന്ന് ഉറക്കമുണര്‍ന്നത്‌ പതിവിലും താമസിച്ചായിരുന്നു. ഉണര്‍ന്നിട്ടും വീണ്ടും ഒരുതരം ക്ഷീണവും മയക്കവും ബാക്കി. ബാത്രൂമില്‍ പോയ്‌ ദിനചര്യകള്‍ എല്ലാം കഴിഞ്ഞു കട്ടിലില്‍ ചെന്നദ്ദേഹത്തെ നോക്കി, വീട്ടില്‍ എല്ലായിടവും തിരഞ്ഞു, അദ്ദേഹം അവിടില്ലായിരുന്നു. സാധാരണ ഒരു പ്രഭാത സഞ്ചാരം ഞങ്ങള്‍ക്ക് പതിവാ. അതിനു വെളിയില്‍ പോയതായിരിക്കുമെന്ന് ഊഹിച്ചു. എന്നെ കൂട്ടാതെ അദ്ദേഹം തനിച്ചു പോകാറില്ലായിരുന്നു. ഇന്നെന്തുപറ്റി, എന്റെ ക്ഷീണവും ഉറക്കവും കണ്ടിട്ട് ശല്യപ്പെടുത്തെണ്ടയെന്നു കരുതിക്കാണും. പോയിട്ടുവരുമ്പോള്‍ കാണാമല്ലോയെന്നു  കരുതി മുന്‍വശത്തെ വാതില്‍ തുറന്നു വെളിയില്‍ വന്നു അദ്ദേഹത്തിന്റെ വരവും കാത്തിരുന്നു.

സമയം കടന്നുപോയ്, അദ്ദേഹത്തെ മാത്രം കണ്ടില്ല.സാധാരണ ഇത്രയും താമസിക്കുന്ന പതിവ് അദ്ദേഹത്തിനില്ല. അവിടുന്ന് എഴുന്നേറ്റു പ്രധാന വീഥിയില്‍ ചെന്ന് ഇരുവശങ്ങളിലേക്കും നോക്കി. അദ്ദേഹം സാധാരണ നടക്കാറുള്ള വഴികള്‍ എനിക്കും സുപരിചിതം തന്നെ. ആ വഴികള്‍ മുഴുവന്‍ ഞാന്‍ നടന്നു നോക്കി, മുഖപരിചയമുള്ള പലരോടും തിരക്കി. ആരും അദ്ദേഹത്തെ കണ്ടതായ് പറഞ്ഞില്ല. ഇനിയും എന്തുചെയ്യും, തിരികെ വീട്ടിലേക്കു നടന്നു. വീടിന്റെ പ്രധാനവാതില്‍ അപ്പോഴും തുറന്നു തന്നെ കിടക്കുന്നു. ഞാന്‍ വീടും പരിസരവും ഒന്നുകൂടെ തിരഞ്ഞു. അദ്ദേഹത്തെ കണ്ടില്ല.

കുഞ്ഞുന്നാള്‍ തൊട്ട് എനിക്ക് ഒരു പ്രത്യേക കഴിവുണ്ട്. മണം പിടിച്ചു എതിന്റെയും ലക്ഷ്യസ്ഥാനത്ത് എത്ത്‌വാന്‍. ആ കഴിവ് എനിക്ക് പാരമ്പര്യമായുള്ളത് ആണെന്നാണ്‌ എല്ലാവരുടെയും വാദം. ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ കിടപ്പ് മുറിയില്‍ ചെന്നു ആ മെത്തയും വിരിപ്പുകളും എല്ലാം മണത്തുനോക്കി.വായുവിലുള്ള മറ്റു മണങ്ങള്‍ അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ഒരേഒരു മണം മാത്രം അദ്ദേഹത്തിന്റെ മണം, അത് മാത്രമേ എനിക്കപ്പോള്‍ തിരിച്ചറിയുവാന്‍ സാധിച്ചിരുന്നുള്ളൂ.

ഞാന്‍ ആ മണം പിടിച്ചു അതിന്റെ പിന്നാലെ പാഞ്ഞു. വീട്ടില്‍ നിന്നും പ്രധാന വീഥിയിലേക്ക്. അവിടെകൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെ ഞാന്‍ കണ്ടില്ല. കല്ലുകളും മുള്ളുകളും ഞാന്‍ കണ്ടില്ല. ക്ഷീണവും പരവേശവും ഞാനറിഞ്ഞില്ല.  പലരും ആ വീഥിയില്‍ കൂടെ അതിശീക്രം പായുന്ന എന്നെക്കണ്ട് അന്ധാളിച്ചു. പലരുടെയും വാഹനങ്ങളുടെ നീയന്ത്രണങ്ങള്‍ വിട്ടു മറിയുന്നത് എനിക്ക് കാണാമായിരുന്നു. വാഹന സഞ്ചാരികളില്‍ പലരും എന്നെ പുലഫ്യങ്ങള്‍ വിളിച്ചു. ഇടയ്ക്കു നാവു വരളുന്നതായും, കാല്‍ കുഴയുന്നതുപോലെയും തോന്നി. എങ്കിലും മനസ്സില്‍ ഒന്ന് തീരുമാനിച്ചു. അദ്ദേഹത്തെ കാണാതെ ജലപാനമില്ലെന്നും, ഈ യാത്ര നിര്‍ത്തില്ലെന്നും.

അങ്ങനെ ഓടിയോടി എന്റെ യാത്ര വലിപ്പമുള്ളതും ഉയര്‍ന്നതുമായ ഒരു കെട്ടിടത്തിന്റെ മുന്‍പില്‍ എത്തി. അതിന്റെ ഒരു വാതിലില്‍ക്കൂടെ അദ്ദേഹത്തിന്റെ മണം കടന്നുവരുന്നത്‌ എനിക്കറിയാമായിരുന്നു. ആ വാതിലിനെ ലക്ഷ്യമാക്കി ഞാന്‍ മുന്‍പോട്ടു കുതിച്ചു. അവിടെ നിന്നിരുന്ന കാവല്‍ക്കാരന്‍ എന്നെ അകത്തേയ്ക്ക് കടത്തിവിടുവാന്‍ സമ്മതിച്ചില്ല. പലപ്രാവശ്യം അദ്ദേഹത്തോട് താണുവീണു  കെഞ്ചിയിട്ടും ഫലമുണ്ടായില്ല. അയാളെന്നെ ആട്ടിപ്പായിച്ചു. ഞാന്‍ അടുത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന ഒരു വാഹനത്തിന്റെ അടിയില്‍ കയറി ആ വാതിലിനെയും കാവല്ക്കാരനെയും ശ്രദ്ധിച്ചിരുന്നു.കുറച്ചു സമയങ്ങള്‍ അങ്ങനെ കടന്നു പോയി, അറിയാതെ ഒന്ന് മയങ്ങിയോ എന്നും തോന്നുന്നു. ഏതായാലും കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആ കാവല്‍ക്കാരന്‍ കുറച്ചു മാറിനിന്നു ഒരു സിഗരറ്റ് വലിക്കുന്നു. പിന്നെയൊട്ടും സമയം കളഞ്ഞില്ല, ഇതാണവസരമെന്നു തീരുമാനിച്ചു ആ വാതില്ക്കൂടെ മുന്നോട്ടു കുതിച്ചു.

വളരെ വിശാലമായ ഒരു ഹാള്‍വേയില്‍ കൂടെ കടന്നു മുന്നോട്ടുപോയി. ധാരാളം അപരിചിതരായ മനുഷ്യരും അവിടുണ്ടായിരുന്നു. പലരും എന്തൊക്കെയോ കുഴലുകള്‍ കഴുത്തില്‍ തൂക്കിയും, മറ്റുചിലര്‍ എന്തൊക്കെയോ സാധനങ്ങള്‍ ഉന്തുവണ്ടികളില്‍ തള്ളിക്കൊണ്ടും പോകുന്നു. എന്നെ കണ്ടിട്ട് അവര്‍ക്കെല്ലാവര്‍ക്കും അത്ഭുതം തന്നെ. അതില്‍ ആരൊക്കെയോ ഇടയ്ക്കിടെ ‘സെക്യുരിറ്റി’ എന്ന് അലറുന്നതും കേള്‍ക്കാമായിരുന്നു. ഇടത്തുള്ള ഒരു മുറിയുടെ വാതിലില്‍ കൂടെ ആ മണം എനിക്ക് അറിയാന്‍ പറ്റി. ആ മുറിയുടെ വാതില്‍ അടഞ്ഞു കിടന്നിരുന്നു. തുറക്കുവാന്‍ നോക്കിയിട്ട് സാധിച്ചില്ല. അത് ആരെങ്കിലും തുറക്കുമ്പോള്‍ അകത്തു കടക്കാം എന്ന് കരുതി ഞാന്‍ അതിന്നടുത്തു ആരും കാണാതെ മറഞ്ഞു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വാതില്‍ തുറക്കുന്നു. അവര്‍ എന്നെ കാണാതിരിപ്പാന്‍ ഞാന്‍ അല്‍പ്പംകൂടെ ഒഴിഞ്ഞു മാറിനിന്നു. ആ കതകു വീണ്ടും അടയുന്നതിനു മുന്‍പേ ആ മുറിക്കുള്ളില്‍ കടക്കുകയും വേണം അതിനുള്ള ഒരു സാധ്യത കണ്ടുകൊണ്ടാണ് ഞാന്‍ നിന്നിരുന്നത്. അവര്‍ ആ വാതില്‍ തുറന്നു, മാറിയപ്പോള്‍ തന്നെ ഞാന്‍ ഒറ്റച്ചാട്ടത്തില്‍ അതില്‍ കൂടെ മുറിക്കുള്ളില്‍ കടന്നു.

ആ മുറിക്കുള്ളില്‍ പലതരം മെഷീനുകള്‍ അവ പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഹാള്‍വെയില്‍ കണ്ടതുപോലെ കുഴലുകള്‍ കഴുത്തില്‍ അണിഞ്ഞ ആണുങ്ങളും പെണ്ണുങ്ങളും. നിര്‍ത്താതടിക്കുന്ന ഫോണിന്റെയും സംസാരങ്ങളുടെയും ശബ്ദങ്ങള്‍ അങ്ങനെ പലതും. ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ മണത്തെ തിരഞ്ഞു. അതാ ഒരു കോണില്‍ ചുറ്റോടുചുറ്റും കര്‍ട്ടന്‍ കൊണ്ട് മൂടപ്പെട്ട ഒരിടത്ത് നിന്നും അത് കടന്നു വരുന്നു. അവിടെച്ചെന്നു അദ്ദേഹത്തെ കണ്ടു. മൂക്കിലും, ശരീരമാസകലവും എന്തൊക്കെയോ കുഴലുകള്‍കൊണ്ട് ചുറ്റപ്പെട്ട നിലയില്‍, നല്ല ഉറക്കത്തില്‍.  ഞാന്‍ പലതവണ വിളിച്ചു നോക്കി, കൈയ്യിലും കാലിലും തട്ടി നോക്കി. അദ്ദേഹം ഉണര്‍ന്നില്ല. അപ്പോഴേക്കും മുന്‍പ് വാതില്‍ക്കല്‍ കണ്ട സെക്യുരിറ്റിക്കാരനും മറ്റു കുറച്ചു മനുഷ്യരും അവിടേക്ക് കടന്നു വന്നു. അവര്‍ എന്നോട് ആക്രോശിക്കുവാനും, പുറത്ത് പോകുവാനും പറഞ്ഞു ദേഷ്യപ്പെടാന്‍ തുടങ്ങി.

അവരെ വകവെയ്ക്കാതെ ഞാന്‍ അദ്ദേഹത്തിന്റെ രണ്ടു കാലിലും മുറുക്കെ കെട്ടിപ്പിടിച്ചു അദ്ദേഹത്തിന്റെ കൂടെ ആ കട്ടിലില്‍ കയറി കിടന്നു. അപ്പോഴും അവരുടെ ആക്രോശങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതില്‍ ഒരുവന്‍ എന്നെ ബലമായ്‌ പിടിച്ചു പുറത്താക്കുവാന്‍ ശ്രമിച്ചു. ഞാന്‍ അലമുറയിട്ടു ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടിട്ടാവണം അദ്ദേഹം കണ്ണ് തുറന്നു. ഞാന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കൈകളുടെ അടുത്തേക്ക്‌ കൂടുതല്‍ നീങ്ങി. അദ്ദേഹം എന്റെ തലയില്‍ മെല്ലെ തലോടി, ഒരു പുഞ്ചിരിയും. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് അപ്പോള്‍ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. ഞാനും അറിയാതെ കരയുകയായിരുന്നപ്പോള്‍. അദ്ദേഹത്തിനു  എന്നെ ഒന്ന് ആശ്ലേഷിക്കുവാന്‍ ഉള്ള ഒരു വ്യഗ്രത ആ കണ്ണുകളില്‍ ഉള്ളതായ് എനിക്ക് കാണുവാന്‍ സാധിച്ചു. പക്ഷെ കൈകളില്‍ കുത്തിയുറപ്പിച്ചിരിക്കുന്ന സൂചികളും കുഴലുകളും കാരണം അദ്ദേഹത്തിനു അതാവുമായിരുന്നില്ല. ഇതൊക്കെ കണ്ടിട്ടാവണം എന്നോട് അതുവരെ ആക്രോശിച്ചുകൊണ്ടിരുന്നവരുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളും ഉണ്ടായി. അവരും പുഞ്ചിരിക്കുകയും കരയുകയും ഒക്കെയായിരുന്നു അപ്പോള്‍ അതില്‍ ആരോ ഉടനെ ഒരു ക്യാമറ എടുത്തു ഞങ്ങളുടെ ഫോട്ടോയും എടുത്തു. ഈ വാര്‍ത്ത കാട്ടുതീപോലെ ആ കെട്ടിടമാകെയും, ദേശമാകെയും പടര്‍ന്നു. അവിടെ നിരവധി ആളുകള്‍ ഞങ്ങളെ കാണുവാന്‍ വന്നുകൂടി. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ എന്റെ യജമാനന്റെ കട്ടിലിന്നടിയില്‍ കിടന്നു ഉറങ്ങി.

രാവിലെ ഉണര്‍ന്നപ്പോള്‍ രണ്ടു മൂന്നു പേര്‍ എന്നെ നോക്കിയിരിക്കുന്നു.അതില്‍ ഒരാള്‍ ഒരു പാത്രം നിറയെ പാലും കൂടെ ബിസ്കറ്റും എനിക്ക് തന്നു. അവര്‍ എന്നെ തലോടി, എന്നെ ആലിംഗനം ചെയ്തു. എന്നിട്ട് പത്രം തുറന്നു ഒരു ഫോട്ടോ കാണിച്ചു തന്നു. ചിരിച്ചുകൊണ്ടിരിക്കുന്ന എന്റെ മുഖം. ആ പടം കണ്ടപ്പോള്‍ എനിക്ക് ഒരുചെറിയ നാണവും ഒപ്പം അല്‍പ്പം സന്തോഷവും തോന്നി.

ഞാന്‍ എന്റെ യജമാനനെതിരഞ്ഞു, പക്ഷെ അദ്ദേഹം അവിടുണ്ടായിരുന്നില്ല. എനിക്ക് വിഷമമായ്. ഞാന്‍ അവരോടു തിരക്കി..അവര്‍ ഒന്നും മിണ്ടിയില്ല. അതില്‍ ഒരാള്‍ എന്നെ ഒരു കാറില്‍ കയറ്റി എങ്ങോട്ടോ പോയി. ആ യാത്രയുടെ അവസാനം ഞങ്ങള്‍ ഒരു ശവപ്പറമ്പില്‍ ആണ് ചെന്നെത്തിയത്. അവിടം കണ്ടപ്പോള്‍ തന്നെ മനസ്സില്‍ ഒരു ഇടിവെട്ടേറ്റ അനുഭവം ആയിരുന്നു. അയാള്‍ എന്നോട് പറഞ്ഞു ഇവിടുണ്ട് നീ തിരയുന്ന നിന്റെ യജമാനന്‍.

എന്നെ അവിടെ കൊണ്ടുവന്നാക്കിയ മനുഷ്യന്‍ പോകുന്നതിനു മുന്‍പായ്‌ പലതവണ അയാളുടെ കൂടെ ചെല്ലുവാന്‍ എന്നെ നിര്‍ബന്ധിച്ചു. പക്ഷെ ഞാന്‍ പോയില്ല. എന്തിനു പോകണം, എന്റെ യജമാനന്‍ ഇവിടുണ്ടല്ലോ, അദ്ദേഹം ഉള്ളിടത്തല്ലേ ഞാന്‍ വേണ്ടത്, എന്തായാലും അദ്ദേഹത്തെവിട്ടു എങ്ങോട്ടെയ്ക്കുമില്ല . കുറച്ചു കഴിഞ്ഞു ആ മനുഷ്യന്‍ മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പോയ്മറഞ്ഞു.

പിറ്റെദിനം രാവിലെ വീണ്ടും അയാള്‍ വന്നു. എനിക്ക് പാലും ബിസ്കറ്റും തന്നു. പക്ഷെ ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല…. വിശപ്പുള്ളതായ് തോന്നിയില്ല… അയാള്‍ ഒരു പത്രം തുറന്നു വീണ്ടും എന്റെ ഫോട്ടോ കാണിച്ചു. പക്ഷെ ആ ഫോട്ടോയില്‍ ഞാന്‍ ചിരിക്കുകയായിരുന്നില്ല. എന്റെ കണ്ണുനീരിലില്ലാത്ത കലങ്ങിയ കണ്ണുകള്‍ ആയിരുന്നു അതില്‍. , കുറച്ചു സ്വാന്ത്വന വാക്കുകള്‍ എന്നോട് പറഞ്ഞിട്ട് അയാള്‍ വീണ്ടും എങ്ങോട്ടോ പോയി….

അല്പ്പനെരത്തിനുശേഷം പണ്ട് ഞാന്‍ തെരുവില്‍ വെച്ച് കണ്ടുമുട്ടിയ ഇപ്പോള്‍ വളര്‍ന്നു വലുതായ കുറച്ചു സുഹൃത്തുക്കള്‍ എന്നെ നോക്കി പുഞ്ചിരിച്ചും കൊണ്ട് നില്‍ക്കുന്നു. അവര്‍ വന്നു എന്റെ കരം പിടിച്ചു ……എന്നെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയ്‌ അങ്ങനെ വീണ്ടും ഞാന്‍ അവിരില്‍ ഒരാളായ്‌ തീര്‍ന്നു! ഏതോ ഒരു തെരുവിലേക്ക്, തെരുവിന്റെ നാഥനില്ലാ ഭ്രുത്യത്വം ഏറ്റെടുക്കുവാന്‍ ………….