നായിന്‍റെ മക്കള്‍ ( ചെറുകഥ )

289

cartoon-dog-large-220x220
ഇതെന്തൊരു കഷ്ടാണ്, ഈ നായിന്റെ മക്കളെകൊണ്ട് മനുഷ്യന്‍ പൊറുതിമുട്ടി, വൃത്തികെട്ട വര്‍ഗ്ഗങ്ങള്‍, മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്….

ഇന്നലെ രാവിലെ ഞാന്‍ ആദ്യമായി പറഞ്ഞ വാക്കുകളാണിവ.

ആലോചിച്ചു നോക്കണേ, ഞാന്‍ രാവിലെ ഒരു എട്ടേമുക്കാലിന് ഉറക്കമുണര്‍ന്ന് കണ്ണാടിയില്‍ എന്റെ മുഖവും കണികണ്ട് മൂളിപ്പാട്ടും ചുണ്ടില്‍ ഒരു പാല്‍പുഞ്ചിരിയുമായി വാതില്‍ തുറന്ന് നോക്കിയത് ഒരു നായിന്റെമോന്‍റെ മുഖത്തേക്കാണ്.

കണ്ടത് നായയെ, എന്നാല്‍ കുറച്ച് വൃത്തിയുള്ള നായയാണെങ്കില്‍ തരക്കേടില്ല, ഇതൊരുമാതിരി ഫ്രീക്ക് നായയാണെന്നേ… വാലിലും കഴുത്തിലും രോമമില്ല പോരാത്തതിന് അതിന്റെ പുറത്തൊരു പാതി ഉണങ്ങിയ മുറിവും.

അതൊന്നും എനിക്കൊരു പ്രശ്‌നമായി തോന്നിയതേയില്ല, ഞാന്‍ കണ്ടതേതായാലും കണ്ടു ഇനിയിപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
പക്ഷേ എനിക്കതല്ല വിഷമമായത്, ആ പട്ടി, ഏതോ ഒരുവന്‍ തലേന്ന് രാത്രി വീട്ടില്‍ പാര്‍ട്ടി നടത്തിയതിന്റെ വേസ്റ്റ് കളഞ്ഞ ഒരു കവറും കടിച്ചെടുത്ത് കൊണ്ടുവന്ന് അത് വീടിന്റെ മുന്നിലാകെ കടിച്ചുപറിച്ച് പരത്തി ആകെ ഒരു പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ ആക്കിയിട്ടേക്കുവാണെന്നേ… എന്റെ കാലിന്റെ പെരുവിരലേന്ന് ഒരു സാധനമങ്ങ് തരിച്ചുകയറി. എന്നെകണ്ടതും ആ ചെത്തലപ്പട്ടി എണീറ്റു നിന്ന് ബഹുമാനത്തോടെ വാലാട്ടിക്കൊണ്ട് രണ്ട് മൂളല്‍…,

വീടിന്റെ മുന്‍വശം മുഴുവന്‍ വൃത്തികേടാക്കിയതും പോരാഞ്ഞിട്ട് പന്ന പട്ടി നിന്ന് കൊഞ്ചുന്നു. കയ്യില് കിട്ടിയത് എന്റെ പുതിയ വികെസി ചെരിപ്പായിരുന്നു. അതുമെടുത്ത് അവന്റെ നടുമ്പുറത്തേക്ക് ഒരേറങ്ങട് കൊടുത്തു. കിട്ടിയ സമ്മാനവും മേടിച്ച് ജീവനും കൊണ്ട് അവനോടിത്തള്ളിക്കളഞ്ഞു. അങ്ങനെ ഒരു വിധം ഞാനതെല്ലാം ക്ലീന്‍ ചെയ്ത് പല്ലുതേപ്പും ബാക്കി അര്‍ജന്റ് പണിയെല്ലാം കഴിഞ്ഞ് സമാധാനത്തോടെ കുളിക്കാന്‍ കയറി ഒറ്റത്തോര്‍ത്തുമുണ്ടുമുടുത്ത് പൈപ്പില്‍ നിന്നും ചുടുവെള്ളം വരുന്നതും നോക്കി ഒരു പാട്ടും പാടി നില്‍ക്കുകയായിരുന്നു അപ്പോഴുണ്ട് ഒരു രണ്ടു മൂന്നു നായ്ക്കളുടെ രഹസ്യസംഭാഷണം കേള്‍ക്കുന്നു. അതും എന്റെ വീടിന്റെ ഉമ്മറത്ത് വച്ച്. ഞാന്‍ പതിയെ ഒന്നു ജനലു വഴി പുറത്തേക്ക് എത്തിനോക്കി, നോക്കുമ്പോഴെന്താണെന്നാ… ഞാന്‍ രാവിലെ പണികൊടുത്ത നായിന്റെമോന്‍ അവന്റെ ഫ്രണ്ട്‌സായ വേറെ രണ്ട് നായിന്റെമക്കളേയും കൂട്ടിവന്ന് എന്റെ ബൈക്കിന്റെ ചുറ്റും മുള്ളിക്കളിക്കുവാ.. അവന്റെ അമ്മേടെ വീട്ടിന്ന് കൊടുത്തയച്ച ബൈക്ക് കണ്ടപോലെ.

എനിക്ക് വന്ന ദേഷ്യത്തിന് കണക്കില്ല. ഒരു കപ്പ് ചൂടുവെള്ളവുമെടുത്ത് പുറത്തിറങ്ങി അവറ്റകളുടെ പുറത്തേക്ക് വീശിയൊഴിച്ചു. എന്നെ കണ്ടതും ആദ്യം ഞാന്‍ പറഞ്ഞ പന്നപ്പട്ടി ഓടികളഞ്ഞു, ബാക്കി രണ്ടെണ്ണത്തിന് എന്നെ അറിയാത്ത കാരണം അവറ്റകളാണ് ചുടുവെള്ളത്തില്‍ കുളിച്ചത്.

ഇതിനിടയില്‍ അപ്പുറത്തെ വീട്ടിലെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അടക്കിപ്പിടിച്ച ചിരികേട്ടപ്പോഴാണ് ഞാന്‍ പരിസരബോധത്തിലേക്ക് തിരിച്ചുവന്നത്. ഒറ്റത്തോര്‍ത്തിലാണ് ഞാന്‍ ഉമ്മറത്ത് നില്‍ക്കുന്നത്. പിന്നെയൊന്നും നോക്കിയില്ല അകത്തേക്ക് ഓടി രക്ഷപ്പെട്ടുകളഞ്ഞു. അവരുടെയൊക്കെ മുമ്പില്‍ ഞാന്‍ എപ്പോഴും ഇന്‍സൈഡൊക്കെ ചെയ്ത് മാത്രമേ പ്രത്യക്ഷപ്പെടാറൊള്ളെ..,

‘ഛെ! മോശമായിപ്പോയി’ ഞാന്‍ സ്വയം പറഞ്ഞു.
എന്തായാലും ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വണ്ടിയുടെ മുകളില്‍ കുറച്ച് വെള്ളംകോരിയൊഴിച്ചു.

പോകുന്ന വഴിയിലാകെ നായ്ക്കളാണ്… പലതരം പട്ടികള്‍ ഒറ്റയൊരെണ്ണത്തിനും ബോധമില്ലന്നേ. വണ്ടികള്‍ക്കിടയിലൂടെ കട്ടവെയ്ക്കാനെന്നോണം തലങ്ങും വിലങ്ങും ഓടികൊണ്ടിരിക്കും. ഒരു നാണവും ഇല്ലാത്ത വര്‍ഗ്ഗങ്ങളാണ് ഇവറ്റകള്‍ എന്തെങ്കിലും നല്ലത് തിന്നാന്‍ കിട്ടിയാല്‍ ആ ഏരിയായിലുള്ള സകല നായിന്റെമക്കളും കൂടി ഒച്ചേംവിളീം കൂട്ടി കടിപിടികൂടി ആര്‍ക്കും ഇല്ലാതാക്കും. ഇനി കന്നിമാസം വന്നാലോ…. ഒരു പട്ടിയും പതിനാറ് നായക്കളും കൂടി റോഡാണോ, ബസ്റ്റാന്റാണോ, ആള്‍ക്കാരുണ്ടോ എന്നൊന്നും നോക്കത്തില്ല. തൊള്ളേല്‍ തോന്നിയതൊക്കെ കാട്ടിക്കൂട്ടി ആള്‍ക്കാരുടെ കയ്യീന്ന് നല്ല ഏറും മേടിക്കും.

ഇതൊന്നുമല്ല കഥ,

വൈകുന്നേരം എട്ടരമണിക്കാണ് ഞാന്‍ ഓഫീസില്‍ന്ന് ഇറങ്ങിയത്. വീടിനടുത്തെത്തിയത് ഒമ്പത് മണിയായപ്പോഴാണ്. അപ്പോഴുണ്ട് നമ്മുടെ നായിന്റെമോന്‍ അവന്റെ പത്തുപതിനാറ് ഗുണ്ടാകൂട്ടുകാരുമൊത്ത് വഴിയില്‍ കാത്തു നില്‍ക്കുന്നു. ഞാന്‍ വണ്ടിയൊന്നു നിര്‍ത്തി ഒന്നമാന്തിച്ചു നിന്നു. ആ നിര്‍ത്തം അവറ്റകള്‍ക്കൊട്ടും ഇഷ്ടമായില്ലെന്ന് തോന്നുന്നു. കഥാ’നായ’കന്‍ രണ്ടടി മുന്നോട്ടു വന്നു. സംഗതി സീനാണെന്ന് എനിക്കപ്പോഴേക്കും പിടികിട്ടിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാതെ വളരേ മാന്യതയോടെ ഞാന്‍ വണ്ടിയെടുത്ത് അവര്‍ക്കിടയിലേക്ക് കടന്നു. പിന്നെ പറയണോ പൂരം…. തൃശ്ശൂര്‍പൂരത്തിന്റെ വെടികെട്ടിന് തിരികൊടുത്തപോലെ, ആ ഏരിയയിലെ സകല നായിന്റെമക്കളും അവറ്റകളുടെ അമ്മായിമാരും കുഞ്ഞമ്മമാരും ഇനി കഥാ’നായ’കന്റെ വകയില്‍ വല്ല സംബന്ധക്കാരുണ്ടെങ്ങില്‍ അവരും എല്ലാവരും കൂടി എന്റെ ചുറ്റുഭാഗത്തും നിന്ന് കുരയോടു കുര…., ഹയ്യയ്യോ ഈ കുരയോ…കുര എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ ഇത് അതാണെന്നു ഞാന്‍ ഇന്നലെ മനസ്സിലാക്കി.

ഈ ലഹളമേള കേട്ട് എന്റെ അയല്‍വാസികളും പുറത്തിറങ്ങി വന്നു, ചേട്ടന്മാരായ അയല്‍വാസികള്‍ ഓരോ ചെറിയ കല്ലുകളെടുത്ത് നായക്കളെ എറിഞ്ഞു തുടങ്ങി, ചേച്ചിമാര്‍ മൂക്കത്ത് വിരല്‍ വച്ച് ‘ഇതെന്താ ഈ നായ്ക്കള്‍ക്ക് വട്ടു പിടിച്ചോ…?’ എന്ന് പരസ്പരം സംശയം പറഞ്ഞ് നിന്നു, ചുറ്റുപാടുമുള്ള എന്റെ ആരാധികമാര്‍ വാ പൊത്തിപ്പിടിച്ച് ചിരിയോടു ചിരിയും.

അങ്ങനെ ആരും കാണാതെ ഞാന്‍ നാണംകെടുത്തിയതിന് ആ നായിന്റെമോന്‍ അവന്റെ ആള്‍ക്കാരെകൂട്ടിവന്ന് എല്ലാവരുടേയും മുമ്പില്‍ വച്ച് എന്നെ നാണം കെടുത്തിവിട്ടു.

ഇനി ആ പെണ്‍കൊച്ചിന്റെ മുന്നില്‍ വച്ച് ചുടുവെള്ളം ഒഴിച്ചതിനെങ്ങാനും വേറെപണി തരാനുണ്ടോ ആവോ…

എന്തായാലും ഇനി നായിന്റെമക്കളോട് കളിക്കാന്‍ ഞാനില്ല…
NB: ഞാനത്ര വലിയ നായവിരോധിയൊന്നുമല്ലട്ടോ.., എന്റെ വീട്ടിലുമുണ്ട് ചോറുകൊടുത്തുവളര്‍ത്തുന്ന ഒരുഗ്രന്‍ നായക്കുട്ടി, പേര് ടുട്ടു (5 വയസ്സ്)

രണ്‍ജിത്ത് തവനൂര്‍