നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പവഴികള്‍

434

slow_computers_boolokam
കമ്പ്യൂട്ടറിന്റെ വേഗത കുറയുന്നത് നമ്മള്‍ എല്ലാവരും എപ്പോഴെങ്കിലുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്‌നമാണ്. എന്നാല്‍, ചെറിയ ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും പരിഹരിക്കാവുന്നതേയുള്ളൂ എന്ന് എത്ര പേര്‍ക്ക് അറിയാം. കമ്പ്യൂട്ടര്‍ സ്പീഡ് കുറച്ചു തുടങ്ങുമ്പോള്‍ മിക്കവാറും ആളുകള്‍ ചെയ്യുന്നത് ഒരു ടെക്‌നീഷ്യനെ സമീപിക്കുകയാവും. വെറുതെ പണം ഇനി കളയേണ്ട! ആദ്യം സ്വയം ഒന്ന് ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ലല്ലോ. ഇതാ നമ്മുക്ക് തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില വിദ്യകള്‍:

  • ക്ലീനപ്പ് പ്രോഗ്രാമുകള്‍ സ്ഥിരമായി റണ്‍ ചെയ്യുക

സിക്ലീനര്‍ (CCleaner) ഇതിനു നിങ്ങളെ സഹായിക്കുന്ന ഒരു നല്ല സോഫ്റ്റ് വെയര്‍ ആണ്. ടെംപററി ഫയലുകളും ക്യാഷ് മെമ്മറിയും എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യുവാന്‍ ഇത്തരം സോഫ്റ്റ് വെയറുകള്‍ നിങ്ങളെ സഹായിക്കും.

  • അനാവശ്യ വിഷ്വല്‍ ഇഫക്റ്റുകളും ആനിമേഷനുകളും ഒഴിവാക്കുക

ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഏറെ പുരോഗമിച്ചു കഴിഞ്ഞു. വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 8 ടച്ച് സംവിധാനവും പി.സി.കളില്‍ കൊണ്ടുവന്നു. എന്നാല്‍, കൂടുതല്‍ സ്റ്റയില്‍ ലഭിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പല സംവിധാനങ്ങളും കമ്പ്യൂട്ടറിന്റെ സ്പീഡിനെ ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം സങ്കേതങ്ങള്‍ കമ്പ്യൂട്ടറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍, ഭംഗി വേണോ സ്പീഡ് വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

  • ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക. അത് അപ്‌ഡേറ്റ് ചെയ്യുക.

പലരും ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍ ആകട്ടെ, അത് കൃത്യമായി അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കാറുമില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ പലപ്പോഴും വിവിധ ഡൌണ്‍ലോഡുകള്‍ നടത്തുന്നവരാണ്. ഇവയോടൊപ്പം ചില മാല്‍വെയറുകളും കടന്നുകൂടാറുണ്ട്. ഇവ പലപ്പോഴും കമ്പ്യൂട്ടര്‍ സ്പീഡ് കുറയുവാന്‍ കാരണമാവുന്നു. ഇവയെ തടയുവാന്‍ ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

  • നിങ്ങളുടെ റാം ശേഷി ഉയര്‍ത്തുക

കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ രാം ശേഷി ആവശ്യമായി വരും. ഒരേ സമയം പല പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇതേ സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് കൂടുതല്‍ ഉയര്‍ന്ന റാം മെമ്മറി ഉപയോഗിച്ചാല്‍ ഇങ്ങനെ ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

  • എസ്.എസ്.ഡി. ഉപയോഗിക്കുക

ഇത് എല്ലാവര്ക്കും ആവശ്യമായി വരുകയില്ല. രണ്ടുതരം ഹാര്‍ഡ് ഡിസ്‌കുകള്‍ ആണ് ഇന്ന് ലഭ്യമായിട്ടുള്ളത്. പരമ്പരാഗത എച്ച്.ഡി.ഡി.യും ഏറ്റവും പുതിയ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്ന എസ്.എസ്.ഡി.യും. കൂടുതല്‍ ഉയര്‍ന്ന ശേഷി നിങ്ങളുടെ കമ്പ്യൂട്ടറിന് ആവശ്യമാണെങ്കില്‍ മാത്രം എസ്.എസ്.ഡി. ഉപയോഗിക്കുക.

  • കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ആവുന്നതോടൊപ്പം തനിയെ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ആപ്പുകളുടെ എണ്ണം നിയന്ത്രിക്കുക

കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ എടുക്കുന്ന സമയം ആണ് വേറെ ഒരു പ്രശ്‌നം. പലപ്പോഴും കമ്പ്യൂട്ടര്‍ ഓണ്‍ ആവുന്നതോടൊപ്പം ഒട്ടേറെ പ്രോഗ്രാമുകളും ഓണ്‍ ആയി വരുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ബൂട്ടിംഗ് സമയം അധികം ആവാറുണ്ട്. ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ അനുവദിക്കുക. ബൂടിംഗ് സമയം ഒരുപാട് ലഭിക്കാന്‍ അതുവഴി നിങ്ങള്‍ക്ക് സാധിക്കും.

  • സ്പീഡ് കുറയുന്ന സമയത്ത് അപ്പോള്‍ റണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ഏതൊക്കെ എന്ന് പരിശോധിക്കുക

വിന്‍ഡോസില്‍ ടാസ്‌ക് മാനേജര്‍ ഉപയോഗിച്ച് ഓരോ സമയത്തും റണ്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകള്‍ ഏതൊക്കെയാണെന്നും അവ എത്ര മാത്രം റാം ഉപയോഗിക്കുന്നുണ്ടെന്നും അറിയുവാന്‍ കഴിയും. ഇത് ഉപയോഗിച്ച് നിങ്ങള്ക്ക് പരിചയം ഇല്ലാത്ത ഏതെങ്കിലും പ്രോഗ്രാം ഒരുപാട് റാം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുക. വിവരങ്ങള്‍ ലഭിക്കുന്നില്ല എങ്കില്‍ അതൊരു മാല്‍വെയര്‍ ആകാന്‍ ആണ് സാധ്യത.

  • വൈറസ് ആക്രമണം ഉണ്ടായാല്‍, കഴിയുമെങ്കില്‍ വിന്‍ഡോസ് റീഇന്‍സ്റ്റാള്‍ ചെയ്യുക

ഒരു നല്ല ആന്റിവൈറസ് പ്രോഗ്രാം ഉണ്ടെങ്കില്‍ വൈറസുകളെയെല്ലാം കൃത്യമായി നീക്കം ചെയ്യുവാന്‍ കഴിയുമെങ്കിലും ചില സമയത്ത് ഒരു പുതിയ തുടക്കം ലഭിക്കുന്നത് കമ്പ്യൂട്ടറിന് ഗുണം ചെയ്യും. റീഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ എല്ലാം വീണ്ടും പഴയ പടിയിലേയ്ക്ക് മാറും. എന്നാല്‍, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്ക്ക് ആവശ്യമായ് ഫയലുകളുടെയും പ്രോഗ്രാമുകളുടെയും എല്ലാം ബാക്കപ്പ് എടുത്തതിന് ശേഷമേ റീഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അവ എന്നേയ്ക്കുമായി നിങ്ങള്ക്ക് നഷടപ്പെടും.

  • വെബ് ബ്രൌസര്‍ സ്ലോ ആകുന്നെങ്കില്‍, ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുക

നിങ്ങളുടെ വെബ് ബ്രൌസര്‍ സ്ലോ ആയാല്‍ അത് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറിന്റെ പ്രശ്‌നം ആവണമെന്നില്ല. സെറ്റിങ്ങ്‌സില്‍ പോയി ക്യാഷ് (cache) ക്ലിയര്‍ ചെയ്യുക.

  • സ്ഥിരമായി റീസ്റ്റാര്‍ട്ട് ചെയ്യുക

ഒരുപാട് നേരം കമ്പ്യൂട്ടര്‍ ഓണ്‍ ആയി ഇരിക്കുകയാണെങ്കില്‍ പ്രോഗ്രാമുകള്‍ സാധാരണയിലും അധികം മെമ്മറി ഉപയോഗിക്കും. അതുകൊണ്ട് തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ഒരു നല്ല ശീലമാണ്.

ഇതൊക്കെ നമ്മുക്ക് തന്നെ ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളു എന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. അതുകൊണ്ട്, അടുത്ത തവണ നിങ്ങളുടെ കമ്പ്യൂട്ടര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുമ്പോള്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നിട്ടും ശരിയാവുന്നില്ല എന്നാണെങ്കില്‍ മാത്രം ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ സഹായം തേടുക.