നിങ്ങളുടെ ടിവിയെ ഒരു ഭീമന്‍ ടാബ്ലെറ്റ് ആക്കിമാറ്റാം!

218
ഇനി നിങ്ങളുടെ സാധാരണ ടിവിയെ ഒരു സ്മാര്‍ട്ട്‌ ടിവിയാക്കാം

എഴുതിയത്: ജിക്കു വര്‍ഗീസ്‌ ജേക്കബ്‌

നിങ്ങളുടെ ടിവിയെ അല്പം കൂടി ‘സ്മാര്‍ട്ട്’ ആക്കിയാല്‍ നന്നായിരുന്നു എന്നൊരു തോന്നല്‍ നിങ്ങള്‍ക്കുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കായി പുത്തനൊരു ഗാഡ് ജെറ്റ് കാത്തിരിക്കുന്നു. പോക്കറ്റ് ടിവിയെന്ന(Pocket TV) പേരില്‍ പുറത്തിറങ്ങുന്ന ഈ ഉപകരണം ടിവിയുടെ HDMI പോര്‍ട്ടിലേക്ക് കണക്റ്റ് ചെയ്താല്‍ നിങ്ങളുടെ ടി വി ഒരു ഭീമന്‍ ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റ് ആയി മാറിക്കഴിഞ്ഞു(50 ഇഞ്ചുള്ള ഒരു ഐപാട് സങ്കല്‍പ്പിച്ചു നോക്കൂ!). പോക്കറ്റ് ടി വി എന്ന ഈ ഉപകരണം യഥാര്‍ഥത്തില്‍ ചെറിയ മൈക്രോ കമ്പ്യൂട്ടറാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് സ്വന്തം ടി വി സ്‌ക്രീനിലൂടെയും ചെയ്യാം.ആന്‍ഡ്രോയ്ഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ് വിച്ച്) വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന പോക്കറ്റ് പി സി Cortex A9പ്രോസ്സസാറാണ് ഉപയോഗിക്കുന്നത്. 1080 p ഡിസ്‌പ്ലേ റെസല്യൂഷന്‍ ഇതിനുണ്ട്. റെസല്യൂഷന്‍ വലുതായതുകൊണ്ട് ഗെയിമുകള്‍ കളിക്കാനും,ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനും,വീഡിയോ ചാറ്റ് ചെയ്യാനും,ഓണ്‍ലൈന്‍ മാപ്പുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനും മറ്റും ഇതിലൂടെ അനായാസം സാധിക്കും.

ടിവിയില്‍ ഇനി യൂട്യൂബും ഓപ്പണ്‍ ചെയ്യാം

പോക്കറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വലുപ്പത്തിലുള്ള പോക്കറ്റ് ടിവി എന്ന പോര്‍ട്ടബിള്‍ സംവിധാനത്തില്‍ യുഎസ്ബി പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്,ഇതിലൂടെ മൗസ്,കീബോര്‍ഡ്,കൂടുതല്‍ സ്‌റ്റോറെജിനായി SD കാര്‍ഡ് എന്നിവയും ഉപയോഗിക്കാനും കഴിയും. യാത്രകളില്‍ പോക്കറ്റ് പി സി കൊണ്ടു പോകാന്‍ കഴിയും,നിങ്ങള്‍ ചെന്നുചേരുന്ന ഹോട്ടലിലോ ഓഫീസ്‌റൂമിലോ ഏതൊരു മോണിറ്ററിലും,ടിവിയിലും പ്ലുഗ് ഇന്‍ ചെയ്ത് സേവനങ്ങള്‍ ആസ്വദിക്കാം.ഉദാഹരണത്തിന് ലാപ്‌ടോപ് ഇല്ലാതെ ഒരു പ്രേസേന്റെഷന്‍ റൂമില്‍ എത്തിയാല്‍ നിങ്ങളുടെ പോകറ്റ് പി സി പ്രൊജക്ടറില്‍ കണക്റ്റ് ചെയ്താല്‍ മതിയാകും.ക്ലൌഡ് സ്‌റ്റോറെജ് അക്കൌണ്ടില്‍ നിന്നോ SD കാര്‍ഡില്‍ നിന്നോ ഡേറ്റ ഉടനടി പ്രോജെക്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും യൂട്യൂബിലൂടെ ചെറിയ റെസല്യൂഷനില്‍ കാണുന്ന വീഡിയോകള്‍ സ്വന്തം ഹോം തിയേറ്ററില്‍ പ്ലേ ചെയ്യണം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിചിട്ടുണ്ടാവില്ലേ?അതിനുള്ള ഉത്തരം കൂടിയാണ് പോക്കറ്റ് പി സി.ഗൂഗിള്‍ പ്ലേയിലെ ഡ്രോപ്പ് ബോക്‌സ് , എവര്‍നോട്ട് ,IMDB, ESPNപോലെയുള്ള ഭൂരിപക്ഷം ആപ്ലിക്കേഷനുകളും പോക്കറ്റ് പി സി യില്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

പോക്കറ്റ് പി സി യോടൊപ്പം ഒരു ഇന്‍ഫ്രാറെഡ് റിമോട്ട് കണ്ട്രോളറും ലഭിക്കുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പോക്കറ്റ് പിസിയെ അപ്പ്/ഡൌണ്‍/ലെഫ്റ്റ്/റൈറ്റ് ദിശകളില്‍ നിയന്ത്രിക്കാന്‍ കഴിയും. എന്തിരുന്നാലും ഇത്തരത്തില്‍ പ്രത്യേകമായി ഒരു റിമോട്ട് നിര്‍ബന്ധമില്ല,ടി വി യുടെ റിമോട്ടില്‍ തന്നെ പ്രോഗ്രാം ചെയ്താല്‍, പോക്കറ്റ് പി സി ഉപയോഗിക്കാന്‍ സാധിക്കും. ആവശ്യക്കാരില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു എയര്‍ റിമോട്ടും കൂടെ നല്‍കപ്പെടുന്നതാണ്. ഗൈറൊസ്‌കോപ്പിക് സെന്‍സര്‍ ഘടിപ്പിച്ച ഈ റിമോട്ട് ഉപയോഗിക്കാന്‍ നിങ്ങള്‍ കൈകള്‍ ഉയര്‍ത്തുകയോ, താഴ്ത്തുകയോ, വശങ്ങളിലേക്ക് നീക്കുകയോ ചെയ്താല്‍ കര്‍സര്‍ നിങ്ങള്‍ പറയുന്നിടത്ത് വന്നിരിക്കും! ഈ സൗകര്യം പോക്കറ്റ് പി സിയെ കൂടുതല്‍ ഇന്ററാക്ടീവ് ആക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെയും പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായത്തോടെ റിമോട്ട് ആയി ഉപയോഗിക്കാന്‍ സജ്ജമാക്കിയെടുക്കാം. വെബ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നവരെ പോക്കറ്റ് പിസി പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഇതിന്റെ നിര്‍മ്മാതാക്കളായ Infinitecഎന്ന ദുബായി കമ്പനി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പോക്കറ്റ് ടി വി എന്ന ആശയം ഫണ്ട് റൈസിംഗ് സൈറ്റായ കിക്ക് സ്റ്റാര്‍ട്ടറില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ഈ ഉല്‍പ്പന്നം ഉപഭോക്താവിന്റെ കരങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

റീട്ടെയില്‍ മാര്‍ക്കറ്റില്‍ ഈ ഗാഡ് ജെറ്റിന് 160 ഡോളറാണ് വിലയിട്ടതെങ്കിലും 99 ഡോളര്‍ ആദ്യം ഗാരന്റി ആയി അടക്കുന്നവര്‍ക്ക് സാധനം വീട്ടില്‍ കൊണ്ട് പോകാം. പോക്കറ്റ്‌ ടിവി ഗാഡ് ജെറ്റിന്റെ വ്യാവസായിക നിര്‍മ്മാണം ജൂലൈയില്‍ ആരംഭിക്കും. പ്രീ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് ഒക്ടോബറില്‍ സാധനം വീട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

Comments are closed.