നിങ്ങളുടെ സെല്‍ഫി എടുക്കാനും ഇനി ഡ്രസിംഗ് മിറര്‍

0
214

02

സെല്‍ഫ് ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ ക്യാമറയില്‍ സ്വയം പകര്‍ത്താന്‍ ആളുകളുടെ ഇടയില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ ശരിയായ ദിശയില്‍ ക്യാമറ പിടിച്ചു കൃത്യമായി സെല്‍ഫി എടുക്കുക എന്നത് ഇത്തിരി ശ്രമകരമായ പണി തന്നെയാണ്. ഇത്തിരി കൈവഴക്കം ഉള്ളവര്‍ക്കെ നല്ല ക്ലാരിറ്റിയോടെ മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സ്വയം ക്യാമറയില്‍ ചിത്രം പതിക്കാന്‍ പറ്റൂ.

ഏറ്റവുമധികം സെല്‍ഫി ഉപയോഗിക്കപ്പെടുന്നത് ഒരുപക്ഷെ പുതിയ വസ്ത്രങ്ങള്‍ പരീക്ഷിച്ചു നോക്കുമ്പോള്‍ ആയിരിക്കും. അങ്ങനെ പുത്തന്‍ ഉടുപ്പൊക്കെ ഇട്ടു കണ്ണാടിയില്‍ സ്വന്തം ചന്തം കണ്ടു നില്‍കുമ്പോള്‍ ഒരു ഫോട്ടോ എടുത്തുവെക്കണം എന്ന് ആര്‍ക്കും തോന്നിപ്പോകും. അങ്ങനെ തോന്നുമ്പോള്‍ ഇനി കണ്ണാടി തന്നെ ഫോട്ടോ എടുത്താലോ? സംഗതി സത്യമാണ്. സെല്‍ഫി പോലെ തോന്നിക്കുന്ന അതിമനോഹര ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ക്യാമറ പിടിപ്പിച്ച കണ്ണാടി വിപണിയില്‍ എത്തിക്കഴിഞ്ഞു. ഐ-സ്ട്രാറ്റജി ലാബ് ആണ് SELFIE എന്ന് അറിയപ്പെടുന്ന ഈ ബെഡ്റൂം മിററിന്റെ നിര്‍മാതാക്കള്‍.

തീര്‍ന്നില്ല ഈ അത്ഭുത കണ്ണാടിയുടെ വിശേഷം. ഫോട്ടോ എടുക്കാന്‍ പ്രത്യേക സ്വിച്ച് ഒന്നുമില്ല ഇതില്‍. ആകെ ചെയ്യേണ്ടത് ഒന്ന് ചിരിക്കുക മാത്രം. ആരെങ്കിലും കണ്ണാടിയില്‍ നോക്കി ചിരിച്ചാല്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഈ കണ്ണാടി അത് തിരിച്ചറിയുകയും കൌണ്ട്ഡൌണ്‍ ആരംഭിക്കുകയും ചെയ്യും. അനങ്ങാതെ അങ്ങനെ നിന്നാല്‍ മതി ഏതാനും നിമിഷങ്ങള്‍ക്കകം ഫോട്ടോ റെഡി. കണ്ണാടിക്കു ചുറ്റും എല്‍.ഇ.ഡി. ഫ്ലാഷ് ലൈറ്റുകളും ഉണ്ട്.

ഈ കണ്ണാടി ന്യൂ ജെനെറേഷന്‍ ആണ് കേട്ടോ. എടുക്കുന്ന പടം അപ്പോള്‍ തന്നെ നമ്മുടെ ട്വിറ്റെര്‍ അക്കൌണ്ടിലൂടെ പുറത്ത് വിടുകയും ചെയ്യും. അപ്പൊ ഈ കണ്ണാടിയോട് കളിക്കുന്നത് അല്പം സൂക്ഷിച്ചു വേണം എന്നര്‍ത്ഥം!

Advertisements