നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അമിതമാണോ? ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.

0
235

02

സ്മാര്‍ട്ട്‌ഫോണുകളുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്തിനും ഏതിനും ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലം ആയി മാറിക്കഴിഞ്ഞു. രാവിലെ കൃത്യസമയത്ത് ഉണരാന്‍ അലാറം, ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയാന്‍ റിമൈന്‍ഡര്‍, യാത്ര ചെയുന്നതിനിടെ സമയം പാഴാക്കാതെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ ന്യൂസ്‌ ആപ്ലിക്കേഷനുകള്‍, മടുക്കുമ്പോള്‍ പാട്ടുകേള്‍ക്കാന്‍ എഫ്.എം. റേഡിയോ, മ്യൂസിക് പ്ലെയര്‍, പാചകത്തില്‍ സഹായിക്കാന്‍, വഴി കണ്ടുപിടിക്കാന്‍, ഫെയ്സ്ബുക്ക് ഉപയോഗിക്കാന്‍, വ്യായാമം ചെയ്യാന്‍, അടുത്തുള്ള ഹോട്ടലുകള്‍ കണ്ടുപിടിക്കാന്‍, അങ്ങനെ അങ്ങനെ എല്ലാ കാര്യത്തിനുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍, സമയം ലാഭിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് ഒരു മോശം ശീലം ആണെന്ന് പറയാന്‍ ആവില്ല. പക്ഷെ, അധികമായാല്‍ അമൃതും വിഷം എന്നാണ് ചൊല്ല്. എന്തിനും ഒരു പരിധി ഒക്കെ സൂക്ഷിക്കുന്നത് നല്ലതുമാണ്.

03

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഒരു കുഴപ്പം അവര്‍ എത്ര സമയം അതിനു ചിലവഴിക്കുന്നുണ്ട് എന്നൊന്നും അവര്‍ അറിയുന്നില്ല എന്നതാണ്. നമ്മള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നുണ്ട്, ഏതൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നൊക്കെ അറിഞ്ഞാല്‍ നമ്മുടെ ഫോണ്‍ ഉപയോഗം അതിനനുസരിച്ച് ക്രമീകരിക്കുവാന്‍ കഴിയും. അത്തരത്തില്‍ ഒരു സൗകര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രേക്ക്‌ഫ്രീ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍. നിങ്ങള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു എന്നും കൃത്യമായി പറഞ്ഞുതരും ഈ ആപ്ലിക്കേഷന്‍.

04

എത്ര തവണ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു, എത്ര സമയം സംസാരിക്കുന്നു, എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു എന്നതൊക്കെ പരിഗണിച്ചു ഒരു അഡിക്ഷന്‍ സ്കോര്‍ ഈ ആപ്ലിക്കേഷന്‍ കണക്കുകൂട്ടും. അതനുസരിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.”ഫോണിനോടുള്ള ചങ്ങാത്തത്തെക്കാള്‍ നല്ലത് മനുഷ്യരോടുള്ള ചങ്ങാത്തമാണ്‌ എന്ന് ആളുകളെ മനസിലാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം” ബ്രേക്ക്‌ഫ്രീ സ്ഥാപകരില്‍ ഒരാള്‍ പറയുന്നു.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മള്‍ നിശ്ചയിക്കുന്ന അത്ര നേരത്തേയ്ക്ക് ഓരോ ആപ്ലിക്കേഷനും ബ്ലോക്ക്‌ ചെയ്യാനും ഫോണ്‍ കോളുകള്‍ തടയാനും മുന്‍കൂട്ടി നിശ്ചയിച്ച മെസ്സേജ് അയക്കാനും ഒക്കെ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. എന്നാല്‍ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം എങ്കില്‍ 1.99 ഡോളര്‍ നല്‍കി പ്രീമിയം മെമ്പര്‍ഷിപ്പ് കരസ്ഥമാക്കണം. അപ്പോള്‍ നമ്മുക്കും ഒന്ന് പരിശ്രമിച്ചു നോക്കാം അല്ലെ?

Advertisements