നിങ്ങള്‍ക്കും ‘ദില്‍സ്‌കൂപ്പ്’ പഠിക്കാം ; സാക്ഷാല്‍ ദില്‍ഷന്റെ അടുത്ത് നിന്ന്

310

dilscoop

ക്രിക്കറ്റ് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ നിന്ന് ഏകദിനത്തിലേയ്ക്കും അവിടെ നിന്ന് ട്വന്റിട്വന്റി യിലേയ്ക്കും ചെറുതായപ്പോള്‍ ക്രിക്കറ്റ് എന്ന കായികവിനോദത്തിന് പഴയ രൂപവും ഭാവും എല്ലാം മാറ്റി പുതിയ കളി ആസ്വാദകരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാറേണ്ടി വന്നു. ഇങ്ങനെ ആയപ്പോള്‍ കളിക്കാര്‍ക്ക് പുതിയ അടവുകള്‍ പലതും പയറ്റാതെ രക്ഷയില്ലെന്നായി. കോപ്പിബുക്ക് ശൈലിയില്‍ നിന്ന് മാറി പല ക്രിക്കറ്റ് താരങ്ങളും സ്വന്തം അടവുകള്‍ കൊണ്ടുവരുവാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു ബാറ്റിംഗ് ശൈലി ആണ് ദില്‍ സ്‌കൂപ്പ്.

ശ്രീലങ്കയുടെ അടിച്ചുപൊളി ബാറ്റ്‌സ്മാന്‍ തിലകരത്‌ന ദില്‍ഷന്‍ ആണ് ഈ കിടിലന്‍ അടിയുടെ എല്ലാമെല്ലാം. ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ഐ.പി.എല്‍. രണ്ടാം എഡിഷനില്‍ ആണ് ആദ്യമായി ഈ അടി ദില്‍ഷന്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഇംഗ്ലണ്ട് വേദിയായ ലോകക്കപ്പില്‍ തുടരെത്തുടരെ ഈ സ്‌കൂപ്പ് ദില്‍ഷന്‍ പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഇതിലേയ്ക്കായി. അങ്ങനെയാണ് പയ്യെ ദില്‍ സ്‌കൂപ്പ് എന്ന പേരും വീഴുന്നത്.

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കൌണ്ടി ക്രിക്കറ്റില്‍ ഡര്‍ബിഷെയറിന് വേണ്ടി കളിക്കുകയാണ് ഈ ശ്രീലങ്കക്കാരന്‍. അവിടെ ഒരു മത്സരത്തിന് മുന്‍പ് കിട്ടിയ അവസരത്തില്‍ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈനെ ദില്‍ഷന്‍ ‘ദില്‍സ്‌കൂപ്പ്’ കളിക്കാന്‍ പഠിപ്പിക്കുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. അപ്പോള്‍ നിങ്ങളും ദില്‍ സ്‌കൂപ്പ് പരീക്ഷിച്ചു നോക്കുകയല്ലേ?