Narmam
നിങ്ങള്‍ എന്നെ കുലംകുത്തിയാക്കി (കുട്ടികള്‍ക്കുള്ള കഥ)
കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗുണപാഠ കഥ. വായിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക, നിങ്ങള്‍ കുട്ടികളാണോ അല്ലയോ എന്ന്. അടുത്ത ലക്കം ബാലരമയിലും ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
73 total views
* കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗുണപാഠ കഥ. വായിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക, നിങ്ങള്‍ കുട്ടികളാണോ അല്ലയോ എന്ന്..
അടുത്ത ലക്കം ബാലരമയിലും ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
പണ്ട് പണ്ടൊരു നാട്ടില്‍ ജോസപ്പ് എന്നും പായിസ് എന്നും പേരുള്ള രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ജോസപ്പ് സിവില്‍ എഞ്ചിനീയറും പായിസ് സോഫ്റ്റ്വെയര് എഞ്ചിനീയറും ആയിരുന്നു. അവര്‍ രണ്ടു പേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു, എന്ന് വെച്ചാല്‍, ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് പുക മൂക്കിലൂടെ വിടും. പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മും, എന്നിട്ട് രണ്ടു പേരും ഒരുമിച്ചു പറയും,
ഹാവൂ,.. എന്തൊരു സുഖം !
അങ്ങനെയെരിക്കെ ഒരു ദിവസം പായിസിനു ഒരു ബുദ്ധി ഉദിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ അവിടെയും ഇവിടെയും കുത്തിക്കുറിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബ്ലോഗ് തുടങ്ങുക. അങ്ങനെ സ്വന്തം നാടിന്റെ പേരും നാട്ടിലേക്കു പോകുന്ന വണ്ടിയുടെ പേരും ചേര്‍ത്ത് പായിസ് ബൂലോകത്തില്‍ ചേര്‍ന്നു.
കോളേജില്‍ പഠിക്കുന്ന അനുഭവങ്ങള്‍ ചേര്‍ത്ത് പായിസ് കഥകള്‍ മെനഞ്ഞു. താമസിയാതെ ബ്ലോഗ്ഗിലേക്ക് ആളുകള്‍ കേറി തുടങ്ങി. നാലും മൂന്നും ഏഴു വായനക്കാരും, രണ്ടും മൂന്നും അഞ്ചു കമന്റും ആയപ്പോള്‍ പായിസിന്റെ ഭാവന തീര്‍ന്നു. പായിസ് ഒന്നും എഴുതാതായി. അങ്ങനെയിരിക്കെ പായിസിന്റെ ബ്ലോഗ് വായിക്കുന്നവര്‍ ചോദിച്ചു.
പുതിയ പോസ്റ്റ് എന്തായി?
ഉത്തരം പറയാന്‍ കഴിയാതെ പായിസ് വലഞ്ഞു. അവന് വീടിന്റെ മൂലയില്‍ നിന്നും കരയാന്‍ തുടങ്ങി. പുതിയ കഥക്കായ് പായിസ് തല പുകഞ്ഞാലോചിച്ചു,
ഓം ഹ്രീം കുട്ടിച്ചാത്താ.. ഇനി എന്ത് ചെയ്യും?
പെട്ടെന്ന് ഒരു ബുദ്ധി തോന്നിയ പായിസ് ചാടി എണീറ്റു തുള്ളിച്ചാടി.
ഹായ് ഹായ്, കിട്ടിപ്പോയ് കിട്ടിപ്പോയ് !
അവന് അലറി.
അങ്ങനെ കഴിഞ്ഞ റൂമില്‍ താമസിപ്പിച്ചപ്പോള്‍ ജോസപ്പ് കള്ള് കുടിച്ച കഥ പൊടിപ്പും തൊമ്മലും ചേര്‍ത്ത്, ജോസപ്പ് എന്നുള്ള പേര് മാറ്റി ജോസ് എന്നാക്കി പായിസ് ബ്ലോഗ്ഗില്‍ എഴുതി. കഥ വായിച്ച വായനക്കാര്‍ പായിസിനെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിഞ്ഞു. അഭിനന്ദനങ്ങള്‍ കിട്ടി അവശനായി പായിസ് ചോര തുപ്പി. ഇനിയും അഭിനന്ദനങ്ങള്‍ കൊടുത്താല്‍ ‘ആള് മയ്യിത്താവും’ എന്ന് മനസിലാക്കിയ ആരാധകര്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നത് നിര്‍ത്തി.
കഥ വായിച്ച ജോസപ്പിന്റെ ചങ്ങാതിമാര്‍ ജോസ് എന്നത് ജോസപ്പ് തന്നെ എന്ന് തിരിച്ചറിഞ്ഞു, അവര്‍ ജോസപ്പിനെ കളിയാക്കി. ജോസപ്പ് വിഷമം സഹിക്കാനാവാതെ പട്ടി മോങ്ങുന്നത് പോലെ മോങ്ങി. ‘ആരാന്റമ്മക്ക് പിരാന്ത് മൂത്താല്‍ നമ്മുടെ പള്ളീല് പെരുന്നാളാണ്’ എന്ന് പറയുന്നത് പോലെ ജോസപ്പ് മോങ്ങിയതും പായിസ് കഥയാക്കി. എന്നിട്ട് കഥയ്ക്ക് പേരുമിട്ടു, ‘മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ കാക്ക കാര്യം സാധിച്ചു .‘
അവസാനം ജോസപ്പ് ഓടി വന്നു പായിസിന്റെ കോളറക്ക് കേറി പിടിച്ചു കൊണ്ട് അലറി,
നാന്റെ മോനെ.. നീ എന്നെക്കുറിച്ച് ബ്ലോഗ് എഴുതും അല്ലേടാ പട്ടി..
(ഈ ഭാഗം ബാലരമയില്‍ വരുമ്പോള്‍ ഉണ്ടാകില്ല എന്ന് മുന്നറിയിപ്പ്..). എന്ത് പറയണം എന്നറിയാതെ പായിസ് കുടുങ്ങി. പെട്ടെന്ന് പായിസിന്റെ തലയില്‍ ഒരു ബുദ്ധി ഉദിച്ചു, ഉടന്‍ അവന് പറഞ്ഞു.
നിന്റെ കുത്തഴിഞ്ഞ ജീവിതം മാറാന്‍ വേണ്ടിയാണു ഞാന്‍ എഴുതിയത്..
മടക്കി കുത്തിയ മുണ്ട് അഴിഞ്ഞു പോയതിനെ കുറിച്ചാവും പായിസ് പറഞ്ഞത് എന്ന് കരുതി മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്ത് ജോസപ്പ് ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് അവിടന്ന് പോയി. പോകുമ്പോള്‍ ഒന്ന് മാത്രം ജോസപ്പ് പറഞ്ഞു,
ഇതിനെ കുറിച്ച് നീ എഴുതരുത്..എന്റമ്മക്കു മരുമോളെ കിട്ടാതാവും..പ്ലീസ്..
പുതിയ ഒരു കഥയ്ക്കുള്ള ഐഡിയ കൂടി കിട്ടിയ പായിസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി. എന്നിട്ട് പുതിയ കഥയ്ക്കുള്ള ടൈറ്റില്‍ എഴുതി, ‘അഴിഞ്ഞ മുണ്ടും, പൊഴിഞ്ഞ കണ്ണീരും…’
പിന്നെ പിന്നെ പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മതായി. ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് ഊതിയാലും പുക വന്നില്ല, പകരം കാറ്റ് മാത്രം വന്നു. അവര്‍ അകന്നു തുടങ്ങുകയായിരുന്നു.
അങ്ങനെ പായിസ് ഒരു കാര്യം തീരുമാനിച്ചു, ഇനി ജോസപ്പിനെ കുറിച്ചൊന്നും എഴുതില്ല. ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. അഭിനന്ദനങ്ങള്‍ ചൊരിയാന്‍ ആരേം കിട്ടാതെ വന്നപ്പോള്‍ പായിസിന്റെ വായനക്കാര്‍ പിന്നെയും ചോദിച്ചു,
പുതിയ പോസ്റ്റ് എന്തായി?
പായിസ് പിന്നെയും ഒരുത്തരം പറയാനാവാതെ കുഴങ്ങി. ഒടുവില്‍ അവന് പിന്നേം എഴുതി. ഇത്തവണ ജോസപ്പ് എന്ന പേര് സിനു എന്ന് മാറ്റി എഴുതി. കഥ വായിച്ച ജോസപ്പിന്റെ ചങ്ങാതിമാര്‍ പറഞ്ഞു. ‘ഇതും ജോസപ്പ് തന്നെ..’ (അത് പിന്നെ പേര് മാറ്റിയാലും കൂതറ സ്വഭാവം മാറത്തില്ലല്ലോ..)
ഇതുകേട്ട ജോസപ്പിനെ പിന്നെയും സങ്കടം സഹിക്കാനായില്ല. അവന് വിഷമത്തോടെ പായിസിനോദ് പറഞ്ഞു,
ഹമുക്കെ.. നീ പായിസല്ല, നീ കുലംകുത്തിയാണ്, കുലംകുത്തി.. നീ എന്നെ നശിപ്പിക്കാന്‍ നോക്കുന്നു.
അത് കേട്ട പായിസ് ജോസപ്പിന്റെ റൂം വിട്ടു പുറത്തു വന്നു, പുതിയ റൂം കണ്ടു പിടിച്ചു. പുതിയ റൂമിന് പേരുമിട്ടു, ‘റെവലൂഷനറി ബ്ലോഗ്ഗര്‍ റൂം’
ഇപ്പൊ പായിസിനെ എവിടെ വെച്ച് കണ്ടാലും കയ്യും കാലും തല്ലി ഒടിക്കാന്‍ ജോസപ്പ് ‘പൊടി സുനിലിനു’ കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്, കാരണം പായിസ് കുലംകുത്തിയാണ് പോലും, കുലംകുത്തി !.
പായിസ് പുതിയ കഥയെഴുതാന്‍ പോകുന്നു. ‘നിങ്ങള്‍ എന്നെ കുലംകുത്തിയാക്കി’.
അശുഭം
ഗുണപാഠം : അയല്വാസീടെ കെട്ട്യോളെ വിശ്വസിച്ചാലും എഴുതുന്നോനെ വിശ്വസിക്കരുത്. ഓന് കഥ കിട്ടാതാവുമ്പോള്‍ ചതിക്കും !
എക്സ്ട്രാ ബോഗി : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ഞാനുമായും എന്റെ സുഹൃത്തുക്കളുമായും ഈ കഥയ്ക്ക് ഒരു അവിഹിത ബന്ധവും ഇല്ല. പോരാതെ എന്റെ ലാസ്റ്റ് പോസ്റ്റ് ആയ ‘എനിക്കിപ്പോ കാണണം ഗാന്ധിജിയെ’ ഇറങ്ങിയപ്പോള്‍ തെറി വിളിച്ചവന് ഒരു കൊട്ട് കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിട്ടുമില്ല. പുതുതായി ബ്ലോഗ് തുടങ്ങുന്ന എല്ലാവരോടും പറയുന്നു, തീര്‍ച്ചയായും ഈ കഥയിലെ ‘കുട്ടി’ നിങ്ങള്‍ കൂടിയാണ്. സൂക്ഷിച്ചും കണ്ടും എഴുതിയില്ലേല്‍ എട്ടിന്റെ കൊട്ട് കിട്ടും.
ഈ പോസ്റ്റ് ഇവിടെയും വായിക്കാം..
74 total views, 1 views today