നിധി ( ചെറു കഥ ) – മനാഫ്

613

Untitled-1

ആ ഫൂട്ട്പാത്തിലെ ആ ചെറിയ തുണിക്കൂടാരത്തിന് അകത്താണ് രവി ഉള്ളത്. ഉള്ളില്‍ നിന്നും നോക്കുമ്പോള്‍ പുറത്തെ ഭൂതം, ഭാവി വര്‍ത്തമാനം വാക്കുകള്‍ ആ തുണിമേല്‍ തിരിച്ചു കണ്ടു. കൈ നോട്ടക്കാരന്‍ പവിത്രന്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ച ശേഷം പറഞ്ഞു ”രവീ തനിക്കിപ്പോ ഗജകേസരി യോഗമാണ്, പക്ഷെ ലഗ്‌നാല്‍ ആണ് അതായത് എല്ലാം കയ്യോളം എത്തും, പക്ഷെ കിട്ടില്ല. നിന്റെ നക്ഷത്രം രേവതി ആയതോണ്ട് കല്യാണ ശേഷം പെട്ടെന്ന് ഉയരും. നീ നല്ലൊരു കുട്ടിയെ കണ്ടു പിടിക്ക് ”

അതും പറഞ്ഞു പവിത്രന്‍ കഷണ്ടി ഒന്ന് തടവി.

അടുത്താഴ്ച തന്നെ പവിയേട്ടന്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൊണ്ടു വന്നു .അതിലൊന്ന് കാണിച്ചു പവിയേട്ടന്‍ പറഞ്ഞു ” ഇത് പദ്മ. നിന്റെ നക്ഷത്രവുമായി നല്ല ചേര്‍ച്ചയാണ്. ഇവളെ തൊട്ടാല്‍ നീ ആകാശത്തോളം വളരും. നിനക്കറിയാലോ ,ഞാന്‍ പറഞ്ഞത് ഇതുവരെ തെറ്റിയിട്ടില്ല”

അത് ശരിയായിരുന്നു.

” ഇവള്‍ കന്യകയാണ് രവീ, മുഖം കണ്ടില്ലേ ? പ്രത്യേകിച്ചും കവിളുകള്‍ ? അതില്‍ അറിയാം ”

അന്ന് രാത്രി കിടക്കുമ്പോള്‍ ആ ഫോട്ടോ നോക്കിയാണ് രവി കിടന്നത്. ഒരു പാവം മുഖമുള്ള ഇരുനിറക്കാരി. ജുവൈനല്‍ ഹോമിലാണ് വളര്‍ന്നത്. ഇപ്പൊ എല്‍ .പി . സ്‌ക്കൂളിലെ ടീച്ചര്‍. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നു.

” കല്യാണ ശേഷവും എനിക്ക് ജോലി തുടരണമെന്നാണ് ആഗ്രഹം. . പിന്നെ നിങ്ങള്‍ മദ്യപിക്കുന്ന ആള്‍

ആവരുത്”

രണ്ടും അവളുടെ ആഗ്രഹം പോലെ ആയപ്പോള്‍ കല്യാണം നടന്നു.

ആദ്യ രാത്രിയില്‍ അവളുടെ കഥകള്‍ മുഴുവനായും കേട്ടു, അവള്‍ പിന്നിട്ട വഴികള്‍ , കണ്ട മുഖങ്ങള്‍, എല്ലാം ഒരു സിനിമാ കഥ പോലെയാണ് തോന്നിയത്.

” എനിക്ക് നല്ല ക്ഷീണം , ഞാന്‍ ഉറങ്ങിക്കോട്ടെ ? ”

പദ്മ നിഷ്‌കളങ്കമായി ചോദിച്ചു

”അതിനെന്താ? പദ്മ കിടന്നോളൂ ”

ആ ആദ്യ രാത്രി ഉറക്കം ഞെട്ടി രവി എഴുന്നേറ്റു. മെല്ലെ ജനാല തുറന്നു .തണുത്ത കാറ്റ് ചെറുതായി അടിക്കുന്നു. അവള്‍ നല്ല ഉറക്കമാണ്. ഒരു പെണ്ണ് ! ഈ ലോകത്ത് തന്റെത് എന്ന് പറയാന്‍ ഒരു ജീവനുള്ള ശരീരം !

കീശയില്‍ ആയിരം രൂപ മാത്രമേ ഉള്ളൂ .. രാവിലെ പ്ലംബിംഗ് ജോലിക്ക് പോണം, ദിവസോം അഞ്ഞൂറ് രൂപ കിട്ടും. ഇവള്‍ ഭാഗ്യം കൊണ്ടു വരുമോ ? തന്റെ കഷ്ടപ്പാടെല്ലാം തീരുമോ ?

” എങ്ങനുണ്ട് രവീ നിന്റെ പെണ്ണുമൊത്തുള്ള ജീവിതം ?”

രവി പുഞ്ചിരിച്ചു. അവളെ നോക്കി. കുറച്ചകലെ അവളൊരു പാറപ്പുറത്ത് കടല്‍ നോക്കി നില്‍പ്പാണ്. കടല വാങ്ങി ഒരു പൊതി പവിത്രന് നല്കി.

” പവിയേട്ടാ , ഈ കല്യാണം ഒരു സുഖം തന്നെയാണല്ലേ ?” , ”ഉം?”

”അല്ല, നമ്മള്‍ പോകുന്നിടത്തൊക്കെ വാലു പോലെ ഒരാള്‍, വീടണയാന്‍ വൈകിയാല്‍ അത് ചോദിക്കുന്ന, നമ്മളുടെ ഓരോ കാര്യവും അന്വേഷിക്കുന്ന ഒരാള്‍ ”

”ഹ ഹ , ഒരു മാസം കൊണ്ട് നീ ആള് മാറിപ്പോയല്ലോ ? അടി അടി ”

സ്‌നേഹത്തോടെ പവിയേട്ടന്‍ രവിയുടെ തോളില്‍ അടിച്ചു. പവിയേട്ടനെ പരിചയപ്പെടുത്തിയപ്പോള്‍ അവളില്‍ വലിയ താല്‍പ്പര്യം കണ്ടില്ല. പവിയേട്ടനും അത് മനസ്സിലായി. വീട്ടിലെത്തി കിടക്കാന്‍ നേരം അവള്‍ പറഞ്ഞു

” എനിക്കാ പവിയേട്ടനോട് യോജിക്കാന്‍ ആവില്ല, എല്ലാം വിധിയാണ്

തീരുമാനിക്കുന്നതെങ്കില്‍ പിന്നെ ആരും ഒന്നും ചെയ്യാതെ വീട്ടില്‍ ഇരുന്നാല്‍ പോരെ ?”

രവി ഒന്നും മിണ്ടിയില്ല പദ്മ പറയുന്നതാണ് കാര്യം, പക്ഷെ അനുഭവങ്ങള്‍ അങ്ങനെയല്ല. കല്യാണം കഴിഞ്ഞ രണ്ടാം ദിവസം തന്നെ ഒരു കമ്പനിയില്‍ നിന്നും വിളി വന്നു, അവിടെ അസി: മാനേജര്‍ ആയിട്ട് നിയമനം. എം. ഡി ക്ക് തന്നോടുവല്ലാത്ത സ്‌നേഹം. ആ കമ്പനിയുടെ കീഴിലുള്ള മൂന്നു ബ്രാഞ്ചുകളുടെ മാനേജര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയത് ഒരു മാസത്തിനകം !

”ഇതൊന്നുമല്ല,, നീ കോടീശ്വരനാകും, അവളിലൂടെ നിനക്ക് നിധി വരെ കിട്ടും… അത്രയ്ക്കും ഐശ്വര്യമുള്ള പെണ്ണാണ് അവള്‍ ” പവിത്രന്‍ കട്ടായം പറഞ്ഞു.

തുടര്‍ന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇതിനിടയ്ക്ക് പദ്മ ഗര്‍ഭിണിയായി. പ്രസവ സമയത്ത് ദുബായിലെ ഹോസ്പിറ്റലില്‍ രവിയും അടുത്തുണ്ടായിരുന്നു. കുഞ്ഞു പുറത്തേയ്ക്ക് വരുന്നതിനും അയാള്‍ സാക്ഷിയായി. ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം ഇതാണ് ! ഒരു പെണ്ണിന്റെ കാലിനിടയിലൂടെയാണ്ഏതു ചക്രവര്‍ത്തിയും ജന്മം എടുക്കുന്നത് ! ”സ്ത്രീ സമൂഹമേ ഈ ലോകം നിങ്ങളുടെ ഔദാര്യമാണ്” എന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് രവിക്ക് തോന്നി എന്തോ, ആ സമയത്ത് രവി അമ്മയെ ഓര്‍ത്തു. തന്നെ തെരുവിലേയ്ക്ക് വലിച്ചെറിയുമ്പോള്‍ അവരുടെ മനം ഒരു പ്രാവശ്യമെങ്കിലും ഒന്ന് പിടഞ്ഞിട്ടുണ്ടാവില്ലേ ?

എന്റെ കുഞ്ഞിന്റെ അമ്മ ! പദ്മ കാണാതെ രവി അവളെ നോക്കും. ഇതാണെന്റെ ജീവിതം !

എന്റെ സകല ഐശ്വര്യം! മകന് ആദിത്യ എന്ന് പേരിട്ടു.

പദ്മ ഇപ്പൊ പഴയത് പോലെയല്ല, ആളിത്തിരി ഗൗരവക്കാരിയായി .

പാന്റും അടിവസ്ത്രവും ഊരി ലുങ്കിയുടുക്കുമ്പോള്‍ അയാളോട് പദ്മ പറയും ” അതേയ്, ഇതെന്താ തോല് ഊരുന്ന പാമ്പോ ? അതൊക്കെ ഊരി നിലത്തിടാതെ ആ വാഷിംഗ് മെഷീന്‍ നു അടുത്തിട്ടൂടെ ?”അയ്യാള്‍ ചിലപ്പോ അനുസരിക്കും, ചിലപ്പോ എതിര്‍ത്തു അവളെ ദേഷ്യം പിടിപ്പിക്കും. രണ്ടായാലും ഇരുവരും അത് ആസ്വദിച്ചു.

പവിത്രേട്ടനു ഇപ്പൊ നല്ല പ്രായമായിരിക്കുന്നു, ” പവിയേട്ടന് ഒരു കല്യാണം കഴിക്കാമായിരുന്നു”. ”എനിക്ക് വിവാഹം വാഴില്ല രവീ , അതാ വിധി !” പിന്നെ രവി ഒന്നും പറഞ്ഞില്ല. അത് പദ്മയോട് പറഞ്ഞുമില്ല. അവള്‍ക്കീ വിധി എന്ന് കേള്‍ക്കുന്നതേ കലിയാണ്. ആത്മ വിശ്വാസം ഇല്ലാത്തവര്‍ ആണ്,വിധിയെ കുറ്റപ്പെടുത്തുന്നത്.

ഇരുപതു വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയി. കോടീശ്വരനായ രവി ദുബായിലെ പാം ജുമൈറയില്‍ ഒരു വില്ല വാങ്ങിച്ചു. ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ലാറ്റും.ഓരോ പുരോഗതി ഉണ്ടാകുമ്പോഴും അയാള്‍ പവിത്രനെ ഓര്‍ത്തു. കീറിയ തുണി സഞ്ചിയുമായി നടന്നു പോകുന്ന പവിത്രന്‍. എത്ര വിളിച്ചിട്ടും അയാള്‍ രവിക്കൊപ്പം കൂടിയില്ല. ” ഞാന്‍ തന്റൊപ്പം വന്നാല്‍ താന്‍ കുത്തു പാള എടുക്കും, എന്റെ വിധി അതാണ്. ”പണം കൊടുത്തപ്പോഴൊക്കെ അതെല്ലാം പവിയേട്ടന്‍ ദാനം ചെയ്തു. ഒരു ദിവസം ദുബായിലെ ബിസിനസ് മീറ്റിംഗിനു ഇടയിലാണ് അതുണ്ടായത്.രവിയുടെ മകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ള പുതച്ചു കിടക്കുന്ന മകന്റെ ശരീരത്തിന് സമീപം വാവിട്ടു കരയവേ പദ്മ ആശ്വപ്പിച്ചു . അവള്‍ തേങ്ങുക മാത്രമേ ചെയ്യുന്നുള്ളൂ. ആ ധൈര്യം ഒരു ആശ്വാസമായി. പിന്നീടു തുടരെ അപകടങ്ങള്‍, പലതില്‍ നിന്നും കഷ്ടിച്ചാണ് രവി രക്ഷപ്പെട്ടത്. ബിസിനസ് മെല്ലെ തകരാന്‍ തുടങ്ങി. വില്ലയും,ഫ്‌ലാറ്റും ഒക്കെ കിട്ടിയ വിലയ്ക്ക് വിറ്റു. പദ്മയ്ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസം. പരിശോധിച്ചപ്പോള്‍ ചെറു കുടലില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തി.

അയാള്‍ക്ക് എന്തോ പവിത്രനെ കാണണമെന്ന് തോന്നി, പദ്മയെയും കൂട്ടി നേരെ നാട്ടിലേയ്ക്ക് വന്നു. പവിത്രന്‍ പളനിക്ക് പോയിരിക്കുകയായിരുന്നു. കുറെ ശ്രമിച്ചിട്ടാണ് കണ്ടെത്തിയത്. പവിത്രന്‍ നന്നേ വൃദ്ധന്‍ ആയിരിക്കുന്നു.എല്ലാം കേട്ട ശേഷം അയാള്‍ പറഞ്ഞു. ”നിനക്കിപ്പോ നല്ല സമയമാണ്, പക്ഷെ പദ്മയുമായുള്ള ബന്ധം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ എല്ലാം നഷ്ടമാകും. അന്ന് ഇതു ഞാന്‍ കണ്ടിരുന്നില്ല, ഇപ്പൊ ആണ് ആ യോഗം ശ്രദ്ധിച്ചത്”

അന്ന് രാത്രി രവി ആകെ അസ്വസ്ഥനായിരുന്നു. പണം, പ്രതാപം, എല്ലാം നഷ്ടമാകാന്‍ പോവുകയാണ്. ”എന്തു പറ്റി ഏട്ടാ ? ” പദ്മ ചോദിച്ചു. അവളുടെ ശബ്ദത്തിന് പഴയ ശക്തിയില്ലായിരുന്നു. ” ഒന്നുമില്ല മോളെ” ,”എന്തോ ഉണ്ട്.. എന്നോട് പറയ്..” അയാള്‍ പൊട്ടിക്കരഞ്ഞു. എല്ലാം തുറന്നു പറഞ്ഞു… അവളെ കല്യാണം കഴിക്കാനുള്ള കാരണം മുതല്‍ അവസാനമായി പവിത്രന്‍ പറഞ്ഞത് വരെ.. എല്ലാം കേട്ട പദ്മ ഒന്നും മിണ്ടാതെ ഇരുന്നു . പിന്നെ മെല്ലെ പറഞ്ഞു

”വിധിയില്‍ കാര്യമുണ്ട് ചേട്ടാ.. ഞാന്‍ ഒരു ലേഖനം വായിച്ചിരുന്നു. പഴയ നടന്‍ സുധീറിനെ പറ്റി. മമ്മൂട്ടിയും, ശ്രീനിവാസനും, കുഞ്ചനുമൊക്കെ മദ്രാസില്‍ സുധീറിനൊപ്പമാണ് ജീവിച്ചിരുന്നത്.അവരെയൊക്കെ സുധീര്‍ സഹായിച്ചു. പക്ഷെ സുധീര്‍ ഒഴിച്ച് എല്ലാരും രക്ഷപ്പെട്ടു. എത്ര ശ്രമിച്ചിട്ടും സുധീര്‍ ഒന്നുമായില്ല ”

അയാള്‍ അവളെ നോക്കി. അവള്‍ തുടര്‍ന്നു. ”എന്നെ ഉപേക്ഷിച്ചത് കൊണ്ട് ഏട്ടന്‍ രക്ഷപ്പെടുമെങ്കില്‍ എനിക്ക് സന്തോഷമേ യുള്ളൂ. ” , ” മോളെ അങ്ങനെ പറയരുത്. നീയാണെന്റെ ജീവിതം. ഇനി എന്ത് വന്നാലും ഞാന്‍ കാര്യമാക്കുന്നില്ല. വിധി എന്ത് തന്നെയായാലും ”

ഒരു വര്‍ഷം കൊണ്ട് തന്നെ രവി പാപ്പരായി. താമസം വടക്കന്‍ കേരളത്തിലെ ക്വാര്‍ട്ടേഴ്‌സിലേയ്ക്കു മാറ്റി. പദ്മയ്ക്ക് തൊലിപ്പുറത്ത് ഒരു അപൂര്‍വ്വ രോഗം വന്നു . തൊലി ദുര്‍ഗ്ഗന്ധത്തോടെ ഇളകിപ്പോകുക. പദ്മ എല്ലും തോലുമായി മാറി. ചികിത്സിക്കാന്‍ പണമില്ലാതെ രവി വിഷമിച്ചു. സങ്കടം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പത്രത്തില്‍ പരസ്യം കൊടുത്തു. ” പ്രിയരേ, വളരെ നല്ല നിലയില്‍ കഴിഞ്ഞു വന്ന ഒരു കുടംബം ….” അത് വായിക്കവേ രവിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ചിലര്‍ പണം അയച്ചു കൊടുത്തു. അതും ചികിത്സിച്ചു തീര്‍ന്നു.

അപൂര്‍വ്വ രോഗം കൊണ്ട് വിഷമിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി അഞ്ചു സെന്റു വീതം നല്‍കുന്ന വാര്‍ത്ത! കേട്ടതും പദ്മയുമായി രവി ചെന്നു.അങ്ങനെ ഒരു അഞ്ചു സെന്റ് കിട്ടി. എല്ലാവര്‍ക്കും സാമാന്യം നല്ല ഭൂമി കിട്ടിയപ്പോള്‍ രവിക്ക് കിട്ടിയത് വരണ്ട ഭൂമി ആയിരുന്നു, അതും ഒരു കുന്നിന്‍ മുകളില്‍ ! താഴത്തെ ചായക്കടയില്‍ കുറച്ചു പേര്‍. അവര്‍ ആരും സാധനങ്ങള്‍ എടുത്തു സഹായിക്കാന്‍ പോലും വന്നില്ല. പദ്മയ്ക്കു നടക്കാന്‍ പ്രയാസം വന്നപ്പോള്‍ അയാള്‍ അവളെ കോരിയെടുത്തു നടന്നു. സ്ഥലത്തെത്തിയതും ഒരു തുണി കൊണ്ട് പന്തല്‍ കെട്ടി പദ്മയെ അതിനകത്തിരുത്തി.

താഴെ ചെന്നു കുറച്ചു ഓലക്കെട്ടുകള്‍ വാങ്ങിച്ചു. അതുമായി വന്നു ഒരു മുറി കെട്ടാന്‍ തുടങ്ങവെ, പദ്മ പെട്ടെന്ന് ഒന്ന് എണീറ്റ് അയാള്‍ക്ക് നേരെ വന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ പോലെ നടന്ന അവള്‍ ഒരിടത്ത് വീണു. രവി ഓടിച്ചെന്നു വെള്ളം കൊടുത്തു.

” ഏട്ടാ… ഏട്ടനെ ഞാന്‍… ഒരുപാട് സ്‌നേഹി…” പറഞ്ഞു പൂര്‍ത്തിയാക്കാന്‍ ആകാതെ പദ്മയുടെ കണ്ണുകള്‍ അടഞ്ഞു. അവള്‍ വീണ സ്ഥലത്ത് തന്നെ അവളെ അടക്കാന്‍ രവി അവിടെ തന്നെ കുഴി എടുത്തു. അയാളുടെ കരുവാളിച്ച മുഖം നിര്‍വ്വികാരമായിരുന്നു. അല്പം കുഴിച്ചതും ഒരു ശബ്ദം. എന്തോ ഒന്നില്‍ പിക്കാസ് തട്ടിയത് പോലെ, നോക്കിയപ്പോള്‍ ഒരു വലിയ ചെമ്പ് കുടം , അതിനകത്ത് വന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ! നിധി !

” അവളിലൂടെ നിനക്ക് നിധി വരെ കിട്ടും ” പവിയെട്ടന്റെ വാക്കുകള്‍ മുഴങ്ങുന്നു. രവി മെല്ലെ എഴുന്നേറ്റു. പദ്മയെ തോളില്‍ എടുത്തു. താഴേയ്ക്കു ചെന്നു. ആ ചായക്കടയില്‍ കുറച്ചു പേര്‍. രവി അവരോടു ശാന്തമായി പറഞ്ഞു

”എന്റെ ഭാര്യ മരിച്ചു.ഈ പൊതു ശ്മശാനം എവിടെയാ ?”, ”ഇവിടുന്നു നാല് കിലോ മീറ്റര്‍ പോയാല്‍ വലത്തോട്ട് ”

” ശരി, പിന്നെ , മുകളിലെ എന്റെ ഭൂമിയില്‍ കുഴിച്ചപ്പോള്‍ ഒരു നിധി കിട്ടി. അത് അവിടുണ്ട്, വേണ്ടവര്‍ക്കു എടുക്കാം ”

ആദ്യം അവര്‍ അത് വിശ്വസിച്ചില്ലെങ്കിലും പിന്നെ ഓരോരുത്തരായി ഓടി പോയി. നിധി കണ്ടു അവര്‍ അലറി വിളിച്ചു.. അത് കേട്ട് പിന്നെയും കുറെ പേര്‍ അങ്ങോട്ടേയ്ക്ക് ഓടി.. അപ്പോള്‍ രവി ആ കുന്ന് ഇറങ്ങുകയായിരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ അയാളുടെ ചെമ്പിച്ച മുടിയുടെ തിളക്കം കൂട്ടി. അയാള്‍ നിര്‍വ്വികാരമായി താഴേക്കിറങ്ങി. തന്റെ നിധിയേയും തോളില്‍ എടുത്ത്…

അന്നാദ്യമായി, മനുഷ്യനു മുന്നില്‍ വിധിയും, ദൈവവും തോറ്റു…