നിന്റെ ഓര്‍മയ്ക്ക്
ഇന്നലെ ഞാന്‍ ഒരു പാട് കാലത്തിനു ശേഷം ഒരു കത്ത് എഴുതി. നാട്ടില്‍ പോവുന്ന ഒരു കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തു വിടാനാണ്. വീട്ടിലേക്കല്ല ഒരു കൂട്ടുകാരിക്ക് വെറുതെ ഒരു രസത്തിന്, അതില്‍ അവസാനം ഞാന്‍ ഒരു ചിത്രം വരച്ചിട്ടുണ്ട് ഒരു ചുവന്ന റോസ്പൂ. എനിക്ക് വേറെ ചിത്രങ്ങള്‍ ഒന്നും വരയ്ക്കാന്‍ അറിയാത്തത് കൊണ്ടാണ് അത് വരച്ചത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഉണ്ട് എന്ന് കരുതരുത്.
89 total views
ഇന്നലെ ഞാന്‍ ഒരു പാട് കാലത്തിനു ശേഷം ഒരു കത്ത് എഴുതി. നാട്ടില്‍ പോവുന്ന ഒരു കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തു വിടാനാണ്. വീട്ടിലേക്കല്ല ഒരു കൂട്ടുകാരിക്ക് വെറുതെ ഒരു രസത്തിന്, അതില്‍ അവസാനം ഞാന്‍ ഒരു ചിത്രം വരച്ചിട്ടുണ്ട് ഒരു ചുവന്ന റോസ്പൂ. എനിക്ക് വേറെ ചിത്രങ്ങള്‍ ഒന്നും വരയ്ക്കാന്‍ അറിയാത്തത് കൊണ്ടാണ് അത് വരച്ചത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഉണ്ട് എന്ന് കരുതരുത്.
എന്നെ റോസ്പൂവിന്റെ ചിത്രം വരയ്ക്കാന്‍ പഠിപിച്ചത് വേറെ ഒരു കൂട്ടുകാരി ആയിരുന്നു, എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു ആ വര്‍ഷം സബ് ജില്ല കലോത്സവം പൂതപാറ യുപി സ്കൂളില്‍ ആയിരുന്നു, ഞാനും ഷിജുവും അന്ന് ഏന്സിസിയില് ഉണ്ടായിരുന്നു. അഞ്ചു ദിവസവും ഞങ്ങള്‍ക്ക് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു.ആകെ നല്ല രസം ആയിരുന്നു ഒരു പാട് കുട്ടികള്‍, ടീച്ചര്മാര്, ഒരു പാട് പരിപാടികള്‍ പിന്നെ മൂന്ന് നേരം ഭക്ഷണവും ഉണ്ടായിരുന്നു.
ആ ദിവസങ്ങള്‍ ഈ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.ആദ്യത്തെ ദിവസം വൈകുന്നേരം ആണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ഞാനും ഷിജുവും ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍ അവളും ഒരു ടീച്ചറും നടന്നു വരുന്നുണ്ടായിരുന്നു ഞാന്‍ ദൂരെ നിന്നെ അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു. അവള് എന്നെ ഒട്ടും മൈന്‍ഡ് ചെയ്യാതെ കടന്നു പോയി. ഞാന്‍ കാര്യമാക്കിയില്ല ഇനിയും ഉണ്ടല്ലോ ദിവസങ്ങള്‍ വരട്ടെ കാണാം. രണ്ടാം ദിവസം ഞങ്ങള്‍ നേരത്തെ എത്തി. അന്ന് ഭക്ഷണത്തിന്റെ ചാര്‍ജ് ആയിരുന്നു എനിക്ക്. രാവിലെ ചായ കുടിക്കാന്‍ അവളെ കണ്ടില്ല, ഉച്ചയ്ക്ക് ചോറ് തിന്നാന്‍ അവള് വന്നു ഞാന്‍ സാമ്പാറും എടുത്തു അവളുടെ മുന്നില്‍ ചെന്നു. കറി ഒഴിക്കുന്ന സമയത്ത് അവള് മെല്ലെ മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ചെറുതായി ചിരിച്ചു, അവള് മുഖം താഴ്ത്തികളഞ്ഞു എന്നാലും ഞാന്‍ ഹാപ്പി ആയി അവള് ഒന്ന് നോക്കിയല്ലോ അത് മതി.
പിന്നെ മൂന്ന് ദിവസങ്ങള്‍ ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് ഒരു പാട് കഥകള്‍ പറഞ്ഞു. അവസാനം അഞ്ചാം ദിവസം വൈകുന്നേരം ഞാനും ഷിജുവും ഗ്രൗണ്ടിലെ ചാമ്പക്ക മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുകയായിരുന്നു അവള് ഒറ്റയ്ക്ക് എന്റെ അടുത്ത് വന്നു എന്നോട് പേര് ചോദിച്ചു. അവള് എന്നോട് സംസാരിക്കുനത് ആദ്യമായാണ് ഞാന്‍ പേര് പറഞ്ഞു എന്നിട്ട് അവളുടെ പേര് ചോദിച്ചു “സ്നേഹ” സ്നേഹം നിറഞ്ഞ ശബ്ദത്തില്‍ അവള് പറഞ്ഞു. ഇനി കാണുമോ എന്ന് അറിയില്ല ഞാന്‍ എന്റെ ഓര്‍മയ്ക്ക് എനിക്ക് പ്രജിത ടീച്ചര്‍ തന്ന ചുവന്ന മഷി പേന അവള്‍ക്കു കൊടുത്തു. നീ എന്ത് തരും എന്ന് ഞാന്‍ ചോദിച്ചു അവള് ഒരു ചിത്രം വരച്ചു തരാം എന്ന് പറഞ്ഞു പക്ഷെ ചിത്രം വരയ്ക്കാന്‍ കടലാസ് എവിടെ, അവസാനം അവള് എന്റെ വലതു കയ്യില്‍ ഒരു റോസ്പൂ വരച്ചു തന്നു. വരയ്ക്കുമ്പോള്‍ തെറ്റാതിരിക്കാന്‍ അവളുടെ ഇടതു കൈ കൊണ്ട് എന്റെ വലതു കൈവിരലുകള്‍ മുറുക്കെ ചേര്‍ത്ത് പിടിച്ചിരുന്നു.
അന്ന് കയ്യില്‍ വരച്ചത് ഇന്ന് അല്ലെങ്ങില്‍ നാളെ മഞ്ഞു പോവും എന്ന് ഞാന്‍ പറഞ്ഞപോള്‍ അവള് അവളുടെ കയ്യില്‍ കിടന്ന ഒരു വള ഊരിതന്നു കരിം പച്ച നിറമുള്ള ഒരു കുപ്പിവള ഞാന്‍ അത് ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇത്തവണ ലീവിന് പോയപ്പോ ഞാന്‍ അത് എടുത്തു ഷിജുവിന് കാണിച്ചു കൊടുത്തിരുന്നു, അവളെ ഞാന്‍ പിന്നെ ഇത് വരെ കണ്ടിട്ടില്ല അന്വേഷിച്ചു ഒരു പാട് ഒരു പാട്. കരിനീല കണ്ണുകളും മുല്ലപൂ പല്ലുകളും ഉള്ള ആ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി ഇന്ന് എവിടെ ആണവോ? അവള് അന്ന് പൂവ് വരച്ചത് എന്റെ കയ്യില്‍ ആയിരുന്നില്ല ഹൃദയത്തില്‍ ആയിരുന്നു എന്റെ ഹൃദയത്തില്‍.
90 total views, 1 views today
