നിയമപഠനം ഇന്ത്യയില്‍: അഞ്ച് പ്രധാന സ്ഥാപനങ്ങള്‍

1246

NLSIU_boolokam
അറിവും വാക്ചാതുര്യവും ആത്മവിശ്വാസവും അല്‍പ്പം കൌശലവും നിറഞ്ഞവര്‍ക്ക് യോജിക്കുന്ന മേഖലയാണ് നിയമപഠനം. അതോടൊപ്പം തന്നെ ഒരു അഭിഭാഷകന് സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരവും സ്ഥാനവും കണക്കിലെടുക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായി മാറണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടോ? എങ്കില്‍ മേല്‍പ്പറഞ്ഞ കഴിവുകളോടൊപ്പം ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നില്‍ നിന്നും പഠിച്ചിറങ്ങുക കൂടി വേണം. ഇന്ത്യയില്‍ നിയമപഠനം ലഭ്യമായ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച അഞ്ച് സ്ഥാപനങ്ങളെ നമ്മുക്ക് ഒന്ന് പരിചയപ്പെടാം.

ഗവണ്മെന്റ് ലോ കോളേജ്, മുംബൈ

ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യം രൂപം കൊണ്ട ലോ കോളേജുകളില്‍ ഒന്നാണ് മുംബൈയില്‍ ഉള്ളത്. ഭാരതത്തിന്റെ രാഷ്ട്രീയ, സാമൂഹിക, നീതിന്യായ വ്യവസ്ഥിതികളെ പടുത്തുയര്‍ത്തുവാന്‍ ഏറെ സംഭവാനകള്‍ നല്‍കിയിട്ടുണ്ട് ഈ സ്ഥാപനം. സാധാരണ നിയമപഠന കോഴ്‌സുകളായ ബി.എല്‍.എസ്., എല്‍.എല്‍.ബി., എല്‍.എല്‍.എം. എന്നിവയോടൊപ്പം മറ്റനേകം പി.ജി. കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. ഡോ.ബി.ആര്‍.അംബേദ്കര്‍, എല്‍.കെ.അദ്വാനി, പ്രതിഭാ പാട്ടീല്‍, രാഹുല്‍ ബജാജ് എന്നിവര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികള്‍ ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://glcmumbai.com/

ഐ.എല്‍.എസ്. ലോ കോളേജ്, പൂനെ

ഇന്ത്യയിലെ നിയമപഠനസ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ ആണ് ഇന്ത്യന്‍ ലോ സൊസൈറ്റി (ഐ.എല്‍.എസ്.) യുടെ കീഴിലുള്ള ഈ സ്ഥാപനം. മികച്ച തൊഴില്‍ അവസരങ്ങളും പുതുമയാര്‍ന്ന അധ്യാപനശൈലിയും താരതമ്യേന കുറഞ്ഞ ഫീസും മനോഹരമായ ക്യാമ്പസും ഈ സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്നു. സാധാരണ നിയമ പഠന കോഴ്‌സുകളോടൊപ്പം വിദൂര വിദ്യാഭ്യാസ സാധ്യതകളും ഈ സ്ഥാപനം നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.ilslaw.edu/

നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍

അഭിഭാഷകരുടെയും അതുവഴി നീതിന്യായ വ്യവസ്ഥിതിയുടെയും നിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുക എന്നതാണ്നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. അതുതന്നെയാണ് ബാംഗ്ലൂര്‍നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി പ്രാവര്‍ത്തികം ആക്കാന്‍ ശ്രമിക്കുന്നതും. ബിരുദ, ബിരുദാന്തര കോഴ്‌സുകളോടൊപ്പം ഗവേഷണ പ്രോഗ്രാമുകളായ എല്‍.എല്‍.ഡി., പി.എച്ച്.ഡി., എം.ഫില്‍ എന്നിവയും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ഈ സ്ഥാപനം നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.nls.ac.in/

നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി, ഭോപ്പാല്‍

മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറുപ്പമാണ് ഭോപ്പാലിലെനാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി. എന്നാല്‍, ആശയപരമായ സ്വാതന്ത്ര്യം അതിന്റെ ഏറ്റവും ഉന്നതമായ അളവില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ ഉതകും വിധം ക്രമീകരിച്ചിട്ടുള്ള ചിട്ടയായ വിദ്യാഭ്യാസ ശൈലിയാണ് ഈ സ്ഥാപനത്തെ വേറിട്ട് നിര്‍ത്തുന്നത്. എല്‍.എല്‍.ബി., എല്‍.എല്‍.എം., പി.എച്ച്.ഡി. എന്നിവയോടൊപ്പം വിവിധ തരം ഡിപ്ലോമ കോഴ്‌സുകളും ഈ സ്ഥാപനം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.nliu.ac.in/

സിംബയോസിസ് ലോ സ്‌കൂള്‍

ഇന്ത്യയിലെ പ്രധാന നിയമപഠന സ്ഥാപനങ്ങളില്‍ എന്തുകൊണ്ടും ഉള്‍പ്പെടുത്താവുന്ന സ്ഥാപനം ആണ് സിംബയോസിസ് ലോ സ്‌കൂള്‍. സിംബയോസിസ് എന്‍ട്രന്‍സ് ടെസ്റ്റ്(സെറ്റ്) വഴിയാണ് ഇവിടെ പ്രവേശനം നേടാന്‍ കഴിയുക. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഉണ്ടാവും. സാധാരണ ബിരുദ കോഴ്‌സുകള്‍ക്കൊപ്പം ഒട്ടേറെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും സിംബയോസിസ് നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.symlaw.ac.in

പ്ലസ് ടുവിന് ശേഷം അഞ്ച് വര്ഷം എങ്കിലും നീണ്ടുനില്‍ക്കുന്ന കഠിനമായ പരിശീലനത്തിലൂടെ മാത്രമേ അടിസ്ഥാന നിയമ പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയൂ. എന്നാല്‍, അതിനു ശേഷം നമ്മുടെ താല്‍പര്യത്തിന് അനുസരിച്ച് വിവിധ മേഖലകളില്‍ ഉപരിപഠനത്തിനും സാദ്ധ്യതകള്‍ ഉണ്ട്.