നിരാകാരന്റെ ചിരി (ചെറുകഥ)
“പള്ളീല് കേറാത്ത വെലാല്…”, ഓത്തുപള്ളിയ്ക് വെളിയില്‍, വെയില് കാഞ്ഞുകിടന്ന നാസറുദ്ദീന്‍ മുല്ലയെക്കണ്ടതും അള്ളാപ്പിച്ച മൊല്ലാക്കയ്ക്ക് പെരുവിരല്ത്തുമ്പുവരേയ്ക്കും കലി കയറി.
മൊല്ലാക്ക പിറുപിറുത്തുകൊണ്ട് നടന്നകലുന്നതും കണ്ട്, അപ്പുക്കുളിയും കുഞ്ഞാമിനയും ഓത്തുപള്ളി വിട്ടിറങ്ങി, മുല്ലയെ തട്ടിയുണര്‍ത്തി. പ്രഭാതത്തിലെ സുഖനിദ്രയ്ക്ക് ഭംഗം സംഭവിച്ചുവെങ്കിലും, കിളിയുടെ നിഷ്കളങ്കമുഖം കണ്ടതും മുല്ലയ്ക്കെന്തോ അതിയായ സന്തോഷം തോന്നി.
107 total views, 1 views today

“പള്ളീല് കേറാത്ത വെലാല്…”, ഓത്തുപള്ളിയ്ക് വെളിയില്‍, വെയില് കാഞ്ഞുകിടന്ന നാസറുദ്ദീന്‍ മുല്ലയെക്കണ്ടതും അള്ളാപ്പിച്ച മൊല്ലാക്കയ്ക്ക് പെരുവിരല്ത്തുമ്പുവരേയ്ക്കും കലി കയറി.
മൊല്ലാക്ക പിറുപിറുത്തുകൊണ്ട് നടന്നകലുന്നതും കണ്ട്, അപ്പുക്കുളിയും കുഞ്ഞാമിനയും ഓത്തുപള്ളി വിട്ടിറങ്ങി, മുല്ലയെ തട്ടിയുണര്‍ത്തി. പ്രഭാതത്തിലെ സുഖനിദ്രയ്ക്ക് ഭംഗം സംഭവിച്ചുവെങ്കിലും, കിളിയുടെ നിഷ്കളങ്കമുഖം കണ്ടതും മുല്ലയ്ക്കെന്തോ അതിയായ സന്തോഷം തോന്നി.
“മുള്ളോ…ഒദ് കദ പദഞ്ഞു താ…”, കിളി ചിണുങ്ങി.
“എന്താ ക്ലിയേ… അനക്ക് സുഖാ?”, മുല്ല ആരാഞ്ഞു…
കിളി അവന്റെ വലിയ തല കുലുക്കിക്കൊണ്ട് ചേറ് നിറഞ്ഞ പല്ലുകാട്ടി ചിരിച്ചു…
“കുഞ്ഞാമിനേ, അള്ളാപ്പിച്ച മൊല്ലാക്കാന് ഇന്നത്തെ വെള്ളേപ്പോം കറീം അന്റെ ബകയാ?”, മുല്ല കളി പറഞ്ഞു.
“ഇങ്ങള് ഒരു കദ പറയീന്‍ മുല്ലാ…”, കുഞ്ഞാമിന മുല്ലയുടെ സ്വാസ്ഥ്യം കെടുത്തി.
“എന്തു കഥയാ അനക്ക് ബേണ്ടത്? ഹോജരാജാവിന്റെയാ? ബദരീങ്ങടെയാ? റബ്ബുല്‍ ആലമീനായ തമ്പുരാന്റെയാ?”
“അദൊന്നും ബേണ്ട…” “പിന്നെ?” “ജന്നത്തിന്റെ കദ പറയീന്‍”
“മുള്ളോ… കദ പദ…”, കിളി വീണ്ടും ചിണുങ്ങാന്‍ തുടങി…
“ജന്നത്തെന്നുവച്ചാന് എന്താ?”, മുല്ല ചോദിച്ചു.
കിളി വാ പൊളിച്ചു.
“സുവര്‍ക്കം”, കുഞ്ഞാമിന തന്റെ ശബ്ദകോശം തുറന്നു.
“മിടുക്കി… സുവര്ക്കമല്ല… സ്വര്‍ഗ്ഗം…”, മുല്ല കഥയാരംഭിച്ചു. “പണ്ട് പണ്ട് റബ്ബുല്‍ ആലമീനായ തമ്പുരാന് സ്വര്‍ഗ്ഗം പടയ്ക്കാനായി അഞ്ചുതരം മുത്തുകളെടുത്തു. എന്നിട്ടതെല്ലാം കൂടി തുടക്കവും ഒടുക്കവുമില്ലാത്ത ഒരു നൂലില്‍ കോര്‍ത്തിട്ടു… ഒന്നാം മുത്തിന്റെ പേരെന്താന്നറിയാമോ?”
ഇല്ലെന്നു ഇരുവരും തലയാട്ടി അറിയിച്ചു.
“ഒന്നാം മുത്തിന്റെ പേര് സത്യം”, മുല്ല പറഞ്ഞു.
“സത്യന്നൊരു മുത്തോ?”, കുഞ്ഞാമിന കയര്‍ത്തു.
കിളിക്കൊന്നും തിരിഞ്ഞില്ല. വല്ലായ്മ തോന്നിയെങ്കിലും മുല്ല കഥ നിറുത്തിയില്ല.
“രണ്ടാം മുത്തിന്റെ പേര് സമത്വം”, മുല്ല കഥ തുടര്‍ന്നു.
“സമത്തമെന്നാലെന്താത്?, കുഞ്ഞാമിന നിഷ്കളങ്കമായി ചോദിച്ചു.
“അതോ? നീയും ഈ ക്ലിയും ഞാനും തുമ്പീം തേരട്ടേം എല്ലാം പടച്ചോന്റെ മുന്നില്‍ ഒന്നാ… വെറും ജീവരാശി…”
“ഇതൊരു പൊട്ടക്കദയാ…”, കുഞ്ഞാമിന കയര്‍ത്തുകൊണ്ട് ഓത്തുപള്ളില്യിലേക്ക് ഓടിപ്പോകുന്നത് മുല്ല വിഷണ്ണനായി നോക്കിയിരുന്നു.
“കഥ തുടരുക മുല്ലാ…”, കിളി വ്യക്തമായി പറഞ്ഞു.
മുല്ലയ്ക്ക് അദ്ഭുതമൊന്നും തോന്നിയില്ല.
“മൂന്നാം മുത്ത് സാഹോദര്യം… നാലാം മുത്ത് സഹിഷ്ണുത…”, മുല്ല ഒരു നിമിഷം ശ്വാസം കിട്ടാതെ പിടഞ്ഞു.
“അഞ്ചാം മുത്ത് സമാധാനം”, കിളി പൂരിപ്പിച്ചു.
മുല്ലയ്ക്ക്, സന്തോഷംകൊണ്ട് തന്റെ ഹൃദയം വലിഞ്ഞുപൊട്ടുമോയെന്ന് സംശയം തോന്നി.
“തുടക്കവും ഒടുക്കവുമില്ലാത്ത ആ നൂലിന്റെ പേരെന്താ?”, മുല്ല ചോദിച്ചു.
“സ്നേഹം”, കിളി മൊഴിഞ്ഞു.
“ആ സ്വര്‍ഗ്ഗത്തിന്റെ പേരെന്താ കിളിയേ?”
“ഇസ്ലാം”
തന്റെ എല്ലാ അലച്ചിലുകളും സാര്ത്ഥകമാകുന്നതിന്റെ ആനന്ദത്തില്‍ മുല്ല ആകാശത്തേയ്ക്ക് കണ്ണുകളുയര്‍ത്തി…
“പടച്ചോനെ… എല്ലാ വേദനകളും നിനക്കുള്ളതാകുന്നു… എല്ലാം നീയാകുന്നു.”
“വെലാലേ… നീയീ വിഡ്ഢീന്റൊപ്പരം ചുറ്റിത്റ്റിരിയാ?”, വിസര്‍ജ്ജനത്തിനുശേഷം കാരപ്പൊന്തക്കാട്ടില് നിന്നും മടങ്ങിയെത്തിയ അള്ളാപ്പിച്ച മൊല്ലാക്ക കിളിയുടെ കാത് തിരിച്ച് പൊന്നാക്കി…
അയാളുടെ ക്രോധത്തിന്റെ കനലില്‍ നാസറുദ്ദീന്‍ മുല്ലയുടെ ദേഹം ചുട്ടുപൊള്ളാന്‍ തുടങ്ങി.
മൊല്ലാക്കയുടെ നാറുന്ന വിരല്‍ത്തുമ്പില്‍ ചെവിയര്പ്പിച്ച് ഓത്തുപള്ളിയിലേക്ക് മടങ്ങുന്നതിനിടെ കിളി തിരിഞ്ഞുനോക്കി.
മുല്ലയുടെയും കിളിയുടെയും കണ്ണുകള്‍ വേദനയ്ക്കിടയിലും കണ്ടുമുട്ടി…
അവരുടെ ചുണ്ടുകളില്‍ അലൗകികമായൊരു പുഞ്ചിരി വിടര്‍ന്നു.
നിരാകാരന്റെ ചിരി.
പിന്കുറിപ്പ്: സമര്‍പ്പണം ശ്രീ ഓ. വി. വിജയന് .
സത്യത്തില്‍ ഈ കഥയെഴുതാന്‍ എനിക്ക് അവകാശമില്ല! കഥാപാത്രങ്ങള്‍ എന്റേതല്ല! ഏഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രമാത്രം…
108 total views, 2 views today
