നിരാഹാരം

306

 

തികഠിനമായ വിശപ്പ് ആളിപ്പടര്‍ന്ന് അയാളുടെ കണ്ണുകളില്‍ അന്ധത നിറച്ചു. ചുറ്റുമുള്ള കാഴ്ചകളെല്ലാം പുകമഞ്ഞിലെന്ന പോലെ  അവ്യക്തമാകാന്‍ തുടങ്ങി. തല ചുറ്റുന്നു. ശരീരം അപ്പാടെ തളരുന്നതു പോലെ. ഉടലിന്റെ ഓരോ അണുവിലേയ്ക്കും പടര്‍ന്നു കയറുന്ന തരിപ്പ്. വയറ്റിനുള്ളില്‍ അപശബ്ദങ്ങളുടെ തേരോട്ടം. കുളമ്പടിയൊച്ചകളും കുതിരകളുടെ ചിനയ്ക്കലും. ഇടയ്ക്കിടെ അടിവയറ്റില്‍ നിന്നും മേലേയ്ക്ക് കൊളുത്തിപ്പിടിയ്ക്കുന്ന വേദനയില്‍ അയാള്‍ അസഹ്യതയോടെ ഞെളിപിരി കൊണ്ടു. ജലപാനം പോലുമില്ലാതെയുള്ള നിരാഹാരസമരം ഇന്ന് ഏഴാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. തന്റെ പുരയോടുചേര്‍ന്ന പുറമ്പോക്കു ഭുമിയില്‍  മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു  സമരം. ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം കാലങ്ങളായി അയാളെ വീര്‍പ്പുമുട്ടിക്കുന്നു. ഏതു നിമിഷവും പടര്‍ന്നു പിടിച്ചെക്കാവുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചോര്‍ത്ത് അയാള്‍ സദാ വ്യാകുലപ്പെട്ടു. ആവലാതിയുമായി നിരന്തരം അധികാരസ്ഥാപനങ്ങള്‍ തോറും കയറിയിറങ്ങിയെങ്കിലും നിരാശ തന്നെ ഫലം. അമേദ്യമുള്‍പ്പടെയുള്ള മാലിന്യക്കൂന അനുദിനം വളര്‍ന്ന് തന്റെ വീടിനെയാകെ മൂടുന്നതായി അയാള്‍ ദു:സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ഒടുവില്‍ ഗാന്ധിയന്‍ സമരമുറതന്നെ പരീക്ഷിയ്ക്കുകയായിരുന്നു. പട്ടിണികിടന്നുള്ള പ്രതിഷേധം.

SUNIL V PANICKER-64

പോയ ദിനങ്ങളിലെല്ലാം പ്രജകളുടെ പ്രതിനിധികളായവര്‍ പലരും കൊടിവച്ച കാറിലും അല്ലാതെയുമെല്ലാം ആ വഴി പോയെങ്കിലും. കാര്യമെന്തെന്നന്വേഷിക്കാന്‍ പോലും ആരും മിനക്കെട്ടില്ല. ഒരു  പാര്‍ട്ടിയിലും അംഗത്വമില്ലാത്ത നിഷ്പക്ഷനാകയാല്‍  രാഷ്ട്രീയക്കാര്‍ക്കൊന്നും അയാളെ വേണ്ട. സെന്‍സേഷനുള്ള സ്‌കോപ്പില്ലാത്തതാവാം പത്രക്കാരും ചാനലുകാരുമോന്നും തിരിഞ്ഞു നോക്കിയതുമില്ല. ‘ഇയാള്‍ക്കൊന്നും വേറെ പണിയില്ലേ?’ ആളുകളുടെ പുശ്ചത്തോടും അവജ്ഞയോടെയുമുള്ള നോട്ടങ്ങള്‍. ‘ഉം.. നിരാഹാരം പോലും, മൂക്കുമുട്ടെ തട്ടിയേച്ച് ‘ അനിശ്ചിതകാല നിരാഹാരമെന്ന ബോര്‍ഡിലേക്ക് നോക്കിക്കൊണ്ട്  ആക്ഷപിച്ചുള്ള കമന്റുകള്‍. പരിഹാസച്ചിരികള്‍. എല്ലാം കണ്ടും കെട്ടും അയാള്‍ക്കു മടുത്തു. വേദനയോടെ അയാള്‍ ഓര്‍ത്തുപോയി. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടില്‍ ഒരു വിലയുമില്ലല്ലൊ? സ്വന്തം സഹജീവിയാണെന്ന പരിഗണനപോലും ആര്‍ക്കുമില്ല.

അന്നു രാത്രിയും ഇരുട്ടു കനത്തപ്പോള്‍, നിരത്തില്‍ അളനക്കങ്ങള്‍ നിലച്ചപ്പോള്‍, ഭാര്യ കൊടുത്തയച്ച ഭക്ഷണപ്പൊതിയുമായി അയാളുടെ മകന്‍ പാത്തും പതുങ്ങിയും സമരപ്പന്തലിനു പിന്നിലെത്തി. മുന്‍ദിവസങ്ങളിലേതുപോലെ അന്നയാള്‍ മകനെ വിലക്കിയില്ല,  ഉപദേശിച്ചുമില്ല. ആദര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവനെ തിരിച്ചയച്ചതുമില്ല. സ്‌നേഹത്തോടെ വിളിച്ച് അരികിലിരുത്തി.  ഭക്ഷണപ്പൊതിയഴിച്ചു. കനിവറ്റുപോയ സമൂഹത്തെ അപ്പാടെ ശപിച്ചുകൊണ്ട്, അയാള്‍ വാശിയോടെ കഴിച്ചുതുടങ്ങി. വെള്ളവും കുടിച്ചു. മതിയാവോളം. ഏഴുനാള്‍ കൂടി അന്നയാള്‍ ആശ്വാസത്തോടെ ഉറങ്ങി. പിന്നെയും ആ സമരപ്പന്തലില്‍ ഊര്‍ജ്വസ്വലനായി  അനിശ്ചിതകാലം അയാള്‍ സമരം തുടര്‍ന്നു.