നിറം മാറ്റം – കഥ

  162

  1

  പൂജയും പൂജാരിയുമൊഴിഞ്ഞ ക്ഷേത്ര സമുച്ഛയം കാലങ്ങ‍ള്ക്കുമുമ്പേ അന്യം നിന്നു പോയിരുന്നു. സ്മരണകള് അയവിറക്കി നിന്ന ആലും ആല്ത്തറയും, ഇപ്പോഴുമുണ്ട്. എന്നാല്, ആല്ത്തറയില് പക്വമായ വേരുകള് ഇറങ്ങിച്ചെന്ന്, അതിന്റെ കല്ക്കെട്ടുകള് തകര്ത്തിട്ടിരുന്നു. പല്ലിയും പാറ്രയും കൂടാതെ, ചെറു നാഗത്താന്മാരും, കൂറകളും അതിനിടയില് വിശ്രമസങ്കേതം ഒരുക്കിയിരുന്നു. വേനല്പ്പകലില് കരിഞ്ഞുണങ്ങിയ പുല്ക്കൊടികള്, കാലവര്ഷമാകുമ്പോള്‍ പതുക്കെയൊന്ന് ഉണര്ന്നെഴുനേല്ക്കുകയും. അടുത്ത വേനലില് അത്, മണ്പറ്റിച്ചേരുകയും ചെയ്തുപോന്നു. ക്ഷേത്രഭിത്തിയിലെ ചിരാതുകള് പൊട്ടി വീണും, ചിലവ വളഞ്ഞു തൂങ്ങിയും കാണപ്പെട്ടു. അവയുടെ താങ്ങു പടികള് ചിതലരിച്ച്, പൊടിതൂകിത്തുടങ്ങിയിരുന്നു. മുറ്റത്തു നാട്ടിയിരുന്ന ആലുവിളക്കാകട്ടെ, തുരുമ്പിച്ചു തുടങ്ങുകയും, ചുവടിളകി, ദുര്ബ്ബലമായിത്തീരുകയും ചെയ്തിരുന്നു.

  സായാഹ്നങ്ങളില് ചില പഥികര്, ചിലപ്പോള് ചിരാതുകളും ആലുവിളക്കുകളും കൊളുത്തി വച്ചിട്ട് വഴി തിരിഞ്ഞു പോയിരുന്നു. അങ്ങിനെയുള്ള ദിവസങ്ങളില്, അവിടെ ചെറിയൊരു പ്രാഭാപൂരമുണ്ടാകും. കുറച്ചു മാത്രകള്ക്കു ശേഷം തേജസ്സു നഷ്ടപ്പെട്ട്, അവിടം ഇരുളിലാഴുകയും ചെയ്യും.

  നിവേദ്യമില്ലാത്ത ക്ഷേത്രത്തില് ശ്രീ ഭഗവതി വിശന്നു വശായി. ശ്രീകോവിലിന്റെ മണിത്താഴ്, തുരുമ്പിച്ചു അടര്ന്നു വീണിരുന്നതിനാല്, ചെതുക്കിച്ചു തുടങ്ങിയ നടവാതില് തള്ളിത്തുറക്കാന്, ഭഗവതിക്കു വലിയ പ്രയാസമുണ്ടായില്ല. ശ്രീകോവില് വിട്ടു പുറത്തിറങ്ങിയ ദേവി, ബലിക്കല്പുരയും, ആനക്കൊട്ടിലും കടന്ന്, മതില് വിട്ടു പുറത്തിറങ്ങി.

  പരസ്പരം നിഴല്‍വീഴ്ത്തുന്ന കൂറ്റന് കെട്ടിടങ്ങള്ക്കിടയിലൂടെ, സോഡിയം വിളക്കുകള് കത്തിനില്ക്കുന്ന ബൃഹത്തായ രാജവീഥി. ടെന്നീസ് കോര്ട്ടുകളും, ബാറ്റ്മിന്റന് കോര്ട്ടുകളും പ്രത്യേക വിളക്കുകളാല് പ്രകാശപൂരിതമായിരിക്കുന്നു. പരിഷ്കാരികള്, അവിടെ അവരുടെ കേളികള് തുടരുന്നു. ചലിക്കുന്ന രാജമഹലുകള് പോലുള്ല വാഹനങ്ങള് നിരന്നു കിടക്കുന്നു. ദേവി അദൃശ്യയായതിനാലാവണം, തലപ്പാവു ധരിച്ച കാവല്ക്കാര്, ദേവിയെ വഴി തടഞ്ഞില്ല. നഗ്നപാദയായി ദേവി നടന്നു. എങ്ങുമെങ്ങും നാമജപങ്ങളോ ആരാധനയോ കേള്ക്കാനില്ല. ഉരുണ്ട പന്നിക്കുട്ടന്മാരേപ്പോലെ, ചില കുട്ടികള്, പകല്പോലുള്ള പ്രകാശത്തില് പാഞ്ഞു നടക്കുന്നുണ്ട്. ചില കുട്ടികളെക്കാണുന്പോള്, പൂതപ്പാട്ടിലെ ഉണ്ണിക്കുട്ടനെ ഓര്ത്തു പോകുന്നു, ദേവി. വിശന്നു വലയുന്ന തന്റെ മുലക്കാമ്പുകളില് അമ്മിച്ചപ്പാല് ഇറ്റുവാനില്ലാത്തതിനാല്, ദേവി, അവരെയാരെയും കൈയ്യിലെടക്കുകയോ ലാളിക്കുകയോ ചെയ്യാതെ നടന്നുകൊണ്ടിരുന്നു. ക്ഷേത്രമില്ലാതെ, ക്ഷേത്രാചാരങ്ങളില്ലാതെ, ഇവവര് എങ്ങിനെ കഴിഞ്ഞു കൂടുന്നു എന്ന ചിന്തായിലായിരുന്നു, ദേവി. എങ്കിലും വിശക്കുന്ന വയറുമായി, ദേവി, നടന്നു. പ്രകാശപ്പൊലിമയിലൂടെ, കോണ്ക്രീര്റ് വനാന്തരത്തിലൂടെ, നടന്നുനടന്ന്, ദേവി, ഏതാണ്ട്, പുറത്തേക്കുള്ള പടിവാതിലിനടുത്തെത്തിയിരുന്നു. അവിടെനിന്നും കുറച്ചുമാറി, സ്വര്ണ്ണഗോപുരം ഉയര്ന്നുനില്ക്കുന്ന ഒരു കാഴ്ച കണ്ട്, ശമിക്കാത്ത വിശപ്പുമായി, ദേവി, മെല്ലെ അങ്ങോട്ടടിവെച്ചു. സ്വര്ണ്ണഗോപുരം, വെണ്പ്രഭകൊണ്ടു വിളങ്ങിനിന്നിരുന്നു. അഴിയിട്ട ഗയിറ്റിനുള്ളില്, മനോഹരമായ ഗ്രാനേറ്റുകള് പാകിയ മുറ്റം. ദേവി, ദേവിയായതുകൊണ്ട്, അഴികള്ക്കിടയിലൂടെ അകത്തു കടന്നു. സ്വര്ണ്മഗോപുരം അലങ്കിരക്കുന്ന ഒരു ക്ഷേത്രസമുച്ഛയം തന്നെയായിരുന്നു, അത്. എണ്ണിത്തീര്ക്കാനാവാത്തത്ര ദേവീദേവന്മാരുടെ ഉപക്ഷേത്രങ്ങളാല്, ആ സുവര്ണ്ണക്ഷേത്രം നിറഞ്ഞിരുന്നു. പട്ടും പൂവും, വിലപ്പെട്ട ആഭരണങ്ങളും കൊണ്ട് ദേവീദേവന്മാര് ഗര്‍വ്വിഷ്ഠരായിരുന്നു. പഴവും പാല്ക്കഞ്ഞിയുമെല്ലാം, ദേവീദേവന്മാരുടെ പടിവാതിലുകളില് തെറിച്ചുകിട്ന്നിരുന്നു. പുള്ളും പൂച്ചയുംപോലും അങ്ങോട്ടടുക്കാന് ഭയപ്പെട്ടു. നിറന്ന ശ്രീകോവിലില്, ഏതോ ഒരു ദൈവം, രത്നങ്ങളുടെയും സ്വര്ണത്തിന്റെയും കാന്തിയില് തെളിഞ്ഞു നിന്നിരുന്നു. മാര്ബിളുകള് പാകിയ നാലമ്പലവും, തിടപ്പള്ളിയും. പക്ഷേ, വഴിതെറ്റിവന്ന ദേവിക്ക് പലതും അവിടെ കാണാന്കഴിഞ്ഞില്ല. ദേവതകളുടെ സാമീപ്യം, ഭക്തിയുടെ സത്ത, ആചരിച്ചുവരുന്ന വിശ്വാസങ്ങളുടെ മഹത്വം.

  വിശന്നു വന്ന ദേവി, അപ്പോള് ചിന്തിച്ചുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു. ഇങ്ങിനെയൊക്കെയെങ്കിലും ഇതുപോലെ ഒരു ഹൈടെക് ദേവിയാത്തീരുവാന്, താനിനി എന്താണു ചെയ്യേണ്ടത്….

  വിശക്കുന്ന വയറും, തളരുന്ന മനസ്സുമായി, ദേവി പുറത്തേക്കുള്ള വഴിയിറങ്ങി…. ഇടിഞ്ഞുപൊളിഞ്ഞ തന്റെ ക്ഷേത്രമുറ്റം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു…അപ്പോഴും ദേവിയെമഥിച്ചുകൊണ്ടിരുന്നത്, ഇങ്ങിനെ ഹൈടെക്കാകാനുള്ള മാര്ഗ്ഗങ്ങള് എന്തെന്നുള്ള ചിന്ത മാത്രമായിരുന്നു…

  Advertisements
  Previous article‘കല്ലാന’ കെട്ടുകഥയല്ല…
  Next articleപുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ
  എല്ലാവരുടെയും ഇടയില്‍ , തികച്ചും ഒരു സാധാരണക്കാരന്‍ . അക്ഷരത്തെ സ്നേഹിക്കുന്നതുകൊണ്ട്, മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ട്, ആ ഭാഷയില്‍ എന്തൊക്കെയോ കുറിച്ചുവെയ്ക്കുന്നു. അതു നിങ്ങള്ക്കായി വച്ചുനീട്ടുന്നു.നിങ്ങള്ക്ക്, അതു കൊള്ളുകയോ തള്ളുകയോ ചെയ്യാം. രണ്ടും സന്തോഷം.