Featured
നിവിന്‍ പോളിയും മലയാള സിനിമയും: മലര്‍വാടി മുതല്‍ പ്രേമം വരെ [ ഭാഗം 2]
നിവിന്‍ പോളി : പ്രേമത്തിന് മുന്‍പും പ്രേമത്തിന് ശേഷവും
144 total views, 1 views today

ആദ്യഭാഗം വായിക്കാത്തവര്‍ക്കായി : നിവിന്‍ പോളിയും മലയാള സിനിമയും: മലര്‍വാടി മുതല്‍ പ്രേമം വരെ [ ഭാഗം 1]
1983യും ഓം ശാന്തി ഓശാനയും
ഒരു ആഴ്ച ഇടവേളയില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങള്‍. അവ രണ്ടും നല്ല റിപ്പോര്‍ട്ട് നേടി വിജയകരമായി ഓടുക. ഇതൊരു തുടക്കക്കാരനെയും സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യം തന്നെയാണ്. 1983ല്‍ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ അഭിനയിച്ച നിവിന്‍ ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കഥാപാത്രത്തിന് ആവും കൂടുതല്‍ പ്രാധാന്യം എന്നറിഞ്ഞിട്ടും അഭിനയിക്കാന്‍ മനസ് കാണിച്ചു. ഈ രണ്ടു ചിത്രങ്ങളും പുതുമുഖ സംവിധായകരുടേത് ആയിരുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. 1983ന്റെ സംവിധായകന് എബ്രിദ് ഷൈന്‍ ആണ് നിവിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത്. ഓം ശാന്തി ഓശാന സംവിധാനം ചെയ്ത ജൂഡ് നിവിന്റെ സുഹൃത്ത് ആയിരുന്നു.
ബാംഗ്ലൂര്‍ ഡേയ്സ്
അഞ്ജലി മേനോന് ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം നിവിന്‍ 2014ലെ മൂന്നാമത്തെ ഹിറ്റ് ആണ് സമ്മാനിച്ചത്. ഈ ചിത്രത്തോട്കൂടി നിവിന്‍ മലയാള സിനിമയിലെ ഭാവിവാഗ്ദാനം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടുതുടങ്ങി. എന്നാല്‍, പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നപ്പോഴും മിലി പോലെ സ്ത്രീപക്ഷ ചിത്രങ്ങളിലും അഭിനയിക്കുവാന്‍ നിവിന്‍ തയ്യാറായി. വിക്രമാദിത്യനില്‍ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു വടക്കന്‍ സെല്‍ഫി
2015ല്‍ ആദ്യം എത്തിയ നിവിന്‍ ചിത്രം ഒരു വടക്കന്‍ സെല്‍ഫി ഒരിക്കല്‍ക്കൂടി നിവിന്‍ പോളി അജു വര്‍ഗീസ് വിനീത് ശ്രീനിവാസന് ഷാന്‍ റഹ്മാന് കൂട്ടുകെട്ടിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ഇത്തവണ പക്ഷെ സംവിധാനം വിനീത് പ്രിയ സുഹൃത്തായ പ്രജിത്തിന് വിട്ടുകൊടുത്തു. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രം എന്നാല്‍ ഹര്‍ത്താല്‍ പോലെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു. ആവര്‍ത്തിച്ചുവരുന്ന കൂട്ടുകെട്ട് വിരസത ഉണ്ടാക്കുന്നു എന്ന പഴിയും ഈ ചിത്രം കുറേശ്ശെ ഏറ്റുവാങ്ങി. എന്നാല്‍, അടുത്ത രണ്ടു ചിത്രങ്ങള്‍ ആയിരുന്നു നിവിന്റെ അഭിനയജീവിതത്തില്‍ ഒരുപക്ഷെ ഏറ്റവുമധികം ചലനങ്ങള്‍ സൃഷ്ടിച്ചത്. ശ്യാമപ്രസാദിനെപ്പോലെയൊരു അനുഭവസമ്പന്നനായ സംവിധായകന്റെയും പ്രിത്വിരാജിനെപ്പോലെയൊരു മാതൃകാനടന്റെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ നിവിനെ സിനിമാലോകം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒപ്പം ഒരേസമയം പുറത്തിറങ്ങിയ പ്രേമവും ഇവിടെയും നിവിന്റെ കഴിവുകളും പോരായ്മകളും ഒരേസമയം കാണിച്ചുതന്നു.
പ്രേമത്തിന് മുന്‍പും പ്രേമത്തിന് ശേഷവും
നിവിന്‍ പോളിയുടെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ അല്‍പ്പം പരുക്കന്‍ കഥാപാത്രം തന്നെയാണ് ചെയ്തത് എങ്കിലും ഒരു ആക്ഷന്‍ ഹീറോ പരിവേഷത്തിലേയ്ക്ക് നിവിനെ ഉയര്‍ത്തിയത് തീര്‍ച്ചയായും അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തന്നെയാണ്. തന്നെ തള്ളിപ്പറഞ്ഞവരെയെല്ലാം ഈ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്റെ ആരാധകര്‍ ആക്കുവാന് തീര്‍ച്ചയായും നിവിന്‍ സാധിച്ചു.
നിവിനെക്കുറിച്ച് പതിവായി കേള്‍ക്കുന്ന ആരോപണങ്ങള്‍ നിവിന്‍ വളരെ സൂത്രത്തില്‍ തനിക്ക് എളുപ്പമുള്ള വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നുവെന്നും സുഹൃത്തുക്കളുടെ കൂടെ മാത്രം നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നുവെന്നുമൊക്കെയാണ്. എന്നാല്‍, ഈ ആരോപണങ്ങളില്‍ ഒന്നും കഴമ്പില്ല എന്നതാണ് വാസ്തവം. നിവിന്‍ പ്രേമവും സൗഹൃദവും പ്രധാന പ്രമേയമായി വരാത്ത ചിത്രങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍, അവ വിജയിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഓര് നടന് എന്ന നിലയില്‍ ഒരാള്‍ക്ക് ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണം സ്വന്തം പരിമിതികളെ മനസിലാക്കുക എന്നതാണ്. അത്തരത്തില്‍ തനിക്കിണങ്ങുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും വളരെ അഭിനന്ദനാര്‍ഹാമായ ഒരു കാര്യമാണ്. രണ്ടാമത്, സുഹൃത്ത് വലയത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു എന്നത്. ഏത് സംവിധായകന്റെ കൂടെ ജോലി ചെയ്യണം എന്നത് ഓരോരുത്തരുടെയും സ്വന്തം ഇഷ്ടമാണ്. ഏറ്റവും മുതിര്‍ന്ന സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മികച്ച നടനായി അംഗീകരിക്കൂ എന്നത് നമ്മള് മാറ്റേണ്ട ഒരു കാഴ്ചപ്പാടാണ്.
നിവിന്‍ പോളി മലയാളസിനിമയില്‍ ഒരു പുതിയ അദ്ധ്യായം എഴുതിത്തുടങ്ങിക്കഴിഞ്ഞു. ഒരിടയ്ക്ക് ഉണ്ടായ മൂല്യശോഷണവും അതിനുശേഷം വന്ന ന്യൂജെന്‍ തരംഗവും മന്ദഗതിയില്‍ ആക്കിയ നമ്മുടെ സിനിമാവ്യവസായത്തെ തുടര്‍ച്ചയായ ഹിറ്റുകള്‍ നല്കി തിരികെക്കൊണ്ടുവരുന്നതില്‍ നിവിന്‍ പോളി എന്ന ഈ ചെറുപ്പക്കാരന് നല്കിയ സംഭാവനകള്‍ കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇനിയും പ്രേക്ഷകരെ രസിപ്പിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന, തിയേറ്ററിലേയ്ക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ നല്കാന് നിവിന്‍ പോളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
145 total views, 2 views today