നിശ്ചലദൃശ്യങ്ങള്‍ – ക്യാമറ സെന്‍സറുകള്‍

328

camera-sensor

 

ഒരു ക്യാമറയുടെ ഹൃദയഭാഗം ഏതാണെന്ന് ചോദിച്ചാല്‍ നിങ്ങളെന്തുമറുപടി പറയും…? ചെറുതായി ഒന്ന് കുഴക്കുന്ന ചോദ്യമാണല്ലേ..? ഒന്നും സംശയിക്കേണ്ട, ക്യാമറയുടെ ഹൃദയഭാഗം എന്നുപറയുന്നത് ക്യാമറയുടെ സെന്‍സറാണ്.

ഇനി എന്താണ് സെന്‍സര്‍ എന്ന് നോക്കാം. നമ്മുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ദശ ലക്ഷക്കണക്കിന് പിക്‌സലുകള്‍ കൂടി ചേര്‍ന്ന ഒരു യൂണിറ്റിനെയാണ് സെന്‍സര്‍ എന്നുപറയുന്നത്. പിക്‌സല്‍ എന്നതിനെ, വെളിച്ചത്തിനെ സ്വീകരിച്ചുകൊണ്ട് അതിനെ വൈദ്യുതതരംഗങ്ങളാക്കുന്ന ഉപകരണം എന്നുപറയാം. ഇത്തരത്തിലുള്ള അനേകായിരം പിക്‌സലുകള്‍ ഒരു സെന്‍സറില്‍ കാണാം. പ്രകാശത്തിന്റെ തീവ്രത അളന്നെടുത്ത് അതിനെ ക്യാമറയുടെ പ്രോസസറില്‍ എത്തിക്കുക എന്നുള്ളതാണ് ഈ ഓരോ പിക്‌സലുകളുടെയും ധര്‍മ്മം. ഇത്തരത്തില്‍ ക്യാമറയുടെ സെന്‍സറിലെ പിക്‌സലുകള്‍ വെളിച്ചത്തിനെ വൈദ്യുതഊര്‍ജ്ജമാക്കി മാറ്റി ക്യാമറയുടെ ഇമേജ് പ്രോസസ്സറില്‍ എത്തിക്കുന്നു. അവിടെ വച്ച് ഈ വൈദ്യുതഊര്‍ജ്ജത്തിന്‍റെ രൂപത്തിലുള്ള ചിത്രത്തിനെ ഒരു ഡിജിറ്റല്‍ ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു. ഇങ്ങിനെയാണ് നമ്മുടെ ഓരോ ക്ലിക്കിലും ഓരോ ചിത്രങ്ങള്‍ പിറക്കുന്നത്.

വിവിധതരം സെന്‍സറുകള്‍

പ്രധാനമായും 2 തരത്തിലുള്ള സെന്‍സറുകളുള്ള ക്യാമാറകളാണ് ഇന്ന് വിപണിയില്‍ ധാരാളമായി കണ്ടുവരുന്നത്.

1. സി സി ഡി സെന്‍സറുകള്‍ അഥവാ അനലോഗ് സെന്‍സറുകള്‍

സി സി ഡി സെന്‍സറുകള്‍ അഥവാ അനലോഗ് സെന്‍സറുകള്‍ എന്നുപറഞ്ഞാല്‍ പഴയകാലങ്ങളില്‍ ഉപയോഗിച്ചിരുന്നതരം സെന്‍സറാണ്. ഇത്തരം സെന്‍സറുകളില്‍ ഉള്ള പിക്‌സലുകളില്‍ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതഊര്‍ജ്ജം അനലോഗ് രീതിയില്‍ ഉണ്ടാവുകയും പിന്നീട് ഡിജിറ്റല്‍ സിഗ്‌നലുകളാക്കി മാറ്റിയതിനു ശേഷം ക്യാമറയുടെ പ്രോസസറിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

2.സീമോസ് സെന്‍സറുകള്‍ അഥവാ ഡിജിറ്റല്‍ സെന്‍സറുകള്‍

പുതിയ യുഗത്തില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഉടലെടുത്ത പുതിയ തരം സെന്‍സറാണ് സീമോസ് സെന്‍സറുകള്‍ അഥവാ ഡിജിറ്റല്‍ സെന്‍സറുകള്‍. സീമോസ് സെന്‍സറുകളില്‍ ഓരോ പിക്‌സലും ഓരോ ഡിജിറ്റല്‍ ലൈറ്റ് മീറ്ററുകള്‍ തന്നെ ആണ്, ഇവ പ്രകാശത്തെ നേരിട്ട് വൈദ്യുതസിഗ്‌നലുകളാക്കിമാറ്റി, ക്യാമറയുടെ പ്രോസസറിലേക്ക് എത്തിക്കുന്നു.

പഴയകാലത്ത് നാം ഉപയോഗിച്ചിരുന്ന ഫിലിമിന്റെ വലിപ്പത്തിനാനുപാതികമായാണ് ഇപ്പോളുള്ള സെന്‍സറുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഴയകാല ഫിലിം ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന റോള്‍ഫിലിമിന്റെ വലിപ്പം എന്നത് 36 മില്ലിമീറ്റര്‍ നീളവും 24 മില്ലിമീറ്റര്‍ വീതിയും ആണ്.

സെന്‍സറുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്രോപ് സെന്‍സര്‍ ക്യാമറകള്‍ എന്നും ഫുള്‍ ഫ്രെയിം ക്യാമറകള്‍ എന്നും വേര്‍തിരിക്കുന്നു. 36 മില്ലിമീറ്റര്‍ നീളവും 24 മില്ലിമീറ്റര്‍ വീതിയുമുള്ള സെന്‍സര്‍ ഡിജിറ്റല്‍ ക്യാമറകളില്‍ ഉപയോഗിക്കുമ്പോള്‍ അതിനെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ എന്ന് പറയുന്നു. ഫിലിംറോള്‍ ക്യാമറകളില്‍ 36 മില്ലിമീറ്റര്‍ വലിപ്പത്തിനെക്കാള്‍ കൂടുതലുള്ള സെന്‍സര്‍ ക്യാമറകളെ മീഡിയം ഫോര്‍മാറ്റ് ക്യാമറകള്‍ എന്നും പറയുന്നു. ഈ 2 എന്നത്തിനും ഇമാജ് ക്ലാരിറ്റി കൂടുതലായിരിക്കും. അതിനാല്‍ത്തന്നെ ഇത്തരം ക്യാമാറകലാണ് നാം പ്രൊഫഷണല്‍ ഉപയോഗങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.

ക്രോപ്പ് സെന്‍സര്‍ ക്യാമറകളുടെ സെന്‍സര്‍ വലിപ്പം 36 മില്ലിമീറ്റര്‍ നീളവും 24 മില്ലിമീറ്റര്‍ വീതിയിലും താഴെ ആയിരിക്കും.