പലരോടും പലപ്പോഴായി പലതും പറയാമെങ്കിലും, ചിലരോട് ചിലപ്പോള്‍ ചിലത് ചോദിക്കരുത്. പെട്ട് പോകും, കട്ടായം. സൂക്ഷിച്ചുകൊള്ളുക, ഇല്ലെങ്കില്‍ നന്നായി കൊള്ളും, നൂറു തരം.

നൂറുന്നീസത്തയുടെ കാര്യം തന്നെ ആദ്യം എടുക്കാം. മൂപ്പത്തിക്കു ബന്ധം ആണ് സ്വന്തം. എല്ലാവരും സ്വന്തക്കാരാ, കസിന്‍സ് ആണ് കൂടുതലും. ഇത്തയുടെ മുന്‍പില്‍ വച്ചു ബന്ധം എന്ന് പോയിട്ട് ബന്ദ് എന്ന് പോലും മിണ്ടരുത്. എന്റെ കയ്യീന്ന് നല്ല തല്ലു കിട്ടും.പുതിയതായി ആരെപ്പറ്റിയും ആ ചുറ്റുവട്ടത്ത് പോയിട്ട്, ചുറ്റിപ്പറ്റിപ്പോലും മിണ്ടിപ്പോകരുത്. ഒരു സാമ്പിള്‍ ഞാന്‍ തരാം. ഈയിടെ നൂരുത്തയുടെ മുന്‍പില്‍ വച്ചു ആരോ അഷറഫിന്റെ കാര്യം പറഞ്ഞു. പോരെ..! ‘ഹംധിലെ ആശരഫല്ലേ? അവനെന്റെ കസിനാ. എന്റെ ഉമ്മാടെ മാമാടെ മരുമോള്‌ടെ കൊച്ചാപ്പാന്റെ കേട്ടിയോല്‌ടെ ആങ്ങളെടെ രണ്ടാമത്തെ കെട്ടിലഉള്ളതാ ഓന്‍.”.”’. പോരെങ്കില്‍, മേല്‍പ്പറഞ്ഞ ബന്ധനത്തിലെ ഓരോ സൂക്ഷ്മ കണികകളെ കുറിച്ചും വിസ്തരിച്ചു പറഞ്ഞു. അങ്ങനെ ബന്ധോം കുന്തോം ഇല്ലാതെ, വീട്ടിലും നാട്ടിലും പോകാതെ, കുടുംബത്തും കേറാതെ നടക്കണ അശ്രഫു കാരണം ഒരൊന്നര മണിക്കൂര്‍ പോയിക്കിട്ടി. പറഞ്ഞാ കേള്‍ക്കാത്തവര്‍ക്ക് അങ്ങനെ തന്നെ വേണം.

ഇനി കൊച്ചിയിലള്ള പോളേട്ടന്റെ കാര്യമെടുത്താല്‍ മുത്തപ്പന്‍ പോലും കുരിശു വരയ്ക്കും. വണ്ടി കച്ചവടമാണ് മൂപ്പര്‍ക്ക് വശം. മുത്തപ്പനല്ല, പോളേട്ടന്. നാട് നീളെ കറങ്ങി നടന്നു മുന്തിയ വണ്ടികള്‍ വലവീശി കൊണ്ടുവന്നു, കൊച്ചിയിലിട്ട് നല്ല കാശിനു പൂശും. തനിയെ ഓടിച്ചാണ് വണ്ടി പിടിക്കുന്നത്. ട്രിപ്പിനു പോകുക എന്നാണ് പുള്ളിയുടെ ലൈന്‍… .. ..പക്ഷെ ഈ വണ്ടി ട്രിപ്പുകളുടെ കഥകള്‍ പോളെട്ടന്‍ തുടങ്ങിയാലുണ്ടല്ലോ, ആളുകള്‍ ആദ്യത്തെ വണ്ടി പിടിച്ചു സ്ഥലം വിടാന്‍ നോക്കും. അങ്ങരുടെ ഒരു മദിരാശി ട്രിപ്പുണ്ടു ദാസാ, സഹിക്കുകേല. ക്ലാസ്സിക്കാണ്………

മദിരാശിയില്‍ തുടങ്ങി, ഇടയ്ക്കു വച്ചു കാറില്‍ കയറിയ അണണാച്ചിയെക്കുറിച്ചും, ചായക്കടയിലെ അന്നക്കിളി അയാളെ അടിച്ചതും, ബഞ്ചു മറിഞ്ഞതും, അപ്പോള്‍ കുഞ്ഞു കരഞ്ഞതും എല്ലാം പോളെട്ടന്‍ന്റെ കഥയില്‍ പെടും. എന്തിനു പറയുന്നു മദിരാശിയില്‍ നിന്ന് കൊച്ചി വരയുള്ള ഓരോ ടര്‍നിന്നുമുണ്ട് ഒരു ട്വിസ്റ്റ്. സായ്യിപ്പു ട്വിസ്റ്റ് ആന്‍ഡ് ടര്ന്‍സ് എന്ന് വാക്യത്തില്‍ പ്രോയോഗിക്കുന്നത് പോലും പോളെട്ടന്‍ കാരണം ആണ് എന്നൊരു ചൊല്ലുണ്ട്. ഞങ്ങളെ കരണ്ട് നടന്നിരുന്ന മൂന്നു ലൈന്‍മാന്‍മാര്‍ കൊച്ചിയില്‍ നിന്ന് സ്ഥലം മാറി പോകാന്‍ കാരണം പോളെട്ടനത്രേ. ലൈന്‍ ട്രിപ്പായ കാര്യം കരന്റാപ്പീസിലോട്ടു വിളിച്ചുപറഞ്ഞപ്പം പോളെട്ടന്‍ അടുത്തുള്ളത് അവര് കണ്ടില്ല സാറെ!

സഖാവ് മജീദിന്റെ സമക്ഷത്തില്‍ സ്ഥലം, കാലം എന്നിവ മിണ്ടിപ്പോകരുത്… . പ്രത്യേകിച്ച് വിദേശ രാജ്യങ്ങളെക്കുറിച്ച്. ആള്‍ ഒരു കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടല്ല. ആശാന്‍ കുറെയേറെ സ്ഥലം ക്ണ്ടിട്ടുണ്ട്, ടിവിയിലും നേരിട്ടും. അതെല്ലാം അത്യാവശ്യം പടം പിടിച്ചു വച്ചിട്ടുമുണ്ട്. എന്റെ കൂടെയെങ്ങാനും വന്നു അങ്ങേരുടെ വീട്ടില്‍ വച്ച് സ്ഥലകാല ബോധമില്ലാതെ എന്തെങ്കിലും മിണ്ടിയാല്‍, അവിടെ നിന്ന്! ഇറങ്ങുന്ന നിമിഷം ഞാന്‍ കയ്യും കാലും തല്ലിയൊടിക്കും, പിന്നല്ലാതെ. എന്നെക്കൊണ്ട് വയ്യ ഒരാഴ്ചത്തെ പര്യടന വീഡിയോ ഒറ്റയിരുപ്പിനു ഇരുന്നു കാണാന്‍. ഇടക്ക് വീഡിയോ പോസ് ചെയ്തിട്ടുള്ള ഒരു വിശദീകരണമുണ്ട്, സഹിക്കുകേല.

ഈയിടെ നമ്മുടെ കോയാക്ക ഒന്ന് പെട്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചു മജീദ് ഉള്ളതറിയാതെ മൂപ്പര്‍ ഉറക്കെ ഒരു ആത്മഗതം നടത്തി. ” എന്തേ ഇന്ന് നാടന്‍ ഒന്നുമില്ലേ, എല്ലാം ഹോല്ലണ്ടു പച്ചക്കറിയാന്നെല്ലോ? ” അടുത്തുണ്ടായിരുന്ന തോമസും, നായരും ഓടി രക്ഷപ്പെട്ടെങ്കിലും, കോയാക്കക്ക് ആ ഭാഗ്യം ഉണ്ടായില്ല. അപ്പോള്‍ തന്നെ അവിടെ നിന്ന മജീദു പിടിച്ചു വച്ചു. നിന്ന നില്പില്‍ ഹോള്ളണ്ടു വരച്ചു കാണിച്ചു, നെടുകെയും, കുറുകെയും. ഹോള്ളണ്ട് പച്ചക്കറിയും, പച്ച്ക്കറിക്കാരിയെയും, കെട്ടിയോനെയും, ഓള്‍ടെ മറ്റോനെയും എന്ന് വേണ്ട, അവിടുത്തെ പച്ചക്കറി പാചക രീതികള്‍ വരെയും അന്നത്തെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. മജീദ് രണ്ടര മാസം മുന്‍പാണ് ഹോള്ളണ്ടില്‍ പോയത്. കോയാക്കാടെ രണ്ടര മണിക്കൂറാന്ന്! പോയത്. അതും, മജീദിന്റെ ഭാര്യ, അപ്പോഴേക്കും ഷോപ്പിംഗ് തീര്‍ത്തത് കൊണ്ട്. പിറ്റേന്നത്തെ സാമ്പാറിനു കായ വാങ്ങാന്‍ പോയ കോയ, വെറും കയ്യോടെ വന്നതിനു ഇത്താടെ കയ്യീന്നു കഞ്ഞി കിട്ടിയില്ലെന്ന് മാത്രമല്ല, കിട്ടിയതിന് കയ്യും കണക്കുമില്ല.

ഇതാണ് പറയുന്നത് കേട്ടും കണ്ടും നടന്നില്ലെങ്കില്‍, കൊണ്ട് പഠിക്കും എന്ന്. പണ്ട് സാറ് ‘ ആപദി കിം കരണീയം..” പഠിപ്പിച്ചപ്പോള്‍ മനസ്സിരുത്തി പഠിക്കണമായിരുന്നു!

(നൂരുന്നിസത്തയും, പോളേട്ടനും, മജീദും ക്ഷമിക്കുക. ഇതു നിങ്ങളെക്കുറിച്ചല്ല. വേറെ ആരെയും ഉദ്ദേശിച്ചുമല്ല.)

Advertisements
ഖത്തറില്‍ നിന്നാണ് കുത്തും കുറിപ്പും. എന്നെപ്പറ്റി ഞാന്‍ എന്ത് പറഞ്ഞാലും അത് അധികമായിപ്പോകും. ഇതെല്ലാം വായിച്ചിട്ട് നിങ്ങളുപറ.