സുവര്‍ണ്ണനൂലിഴയില്‍ മെനഞ്ഞെടുത്ത കൈത്തറിയെന്ന കരവിരുതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരുകാലത്ത് സവര്‍ണ്ണമേല്‍ക്കോയ്മയുടെ അടയാളങ്ങളായിരുന്ന കസവുല്‍പ്പന്നങ്ങള്‍ പില്ക്കാലത്ത് കേരളീയരുടെ പൊതുസ്വത്തായി ഇടം പിടിക്കുകയുണ്ടായി. കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ തനതുകലാസൃഷ്ടി കടല്‍ കടന്നിട്ടും മലയാണ്മയുടെ പെരുമ നിലനിര്‍ത്തിയിട്ടേയുള്ളൂ. അന്തസ്സിന്റേയും, ആഭിജാത്യത്തിന്റേയും പ്രതീകമായും, സാധാരണക്കാരന്റെ ലക്ഷണമൊത്ത ഉടയാടയായും കസവും, കൈത്തറി ഉല്‍പ്പന്നങ്ങളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയത് എന്നുമുതല്‍ക്കാണെന്നതിന് കൃത്യമായ കണക്കുകളില്ല. യഥാര്‍ത്ഥത്തില്‍ ശീലങ്ങള്‍ക്കപ്പുറം അവ നമ്മുടെ ജീവിതത്തോട് ചേരുകയാണുണ്ടായത്. ആഘോഷങ്ങളേയും, വിശേഷദിവസങ്ങളേയും, വിവാഹമംഗളകര്‍മ്മങ്ങളേയും അവിസ്മരണീയമാക്കുവാന്‍ കസവില്‍ വിരിഞ്ഞ കൗതുകങ്ങള്‍ എക്കാലവും കേരളത്തിന്റെ ഹൃദയത്തുടിപ്പായി ഒപ്പമുണ്ടായിരുന്നു. നന്മയുടെ നാട്ടുമണം പേറുന്ന ഗ്രാമങ്ങളില്‍നിന്നും നിശബ്ദമായി വിടര്‍ന്ന ഈ സര്‍ഗ്ഗചാരുതകള്‍ വിദേശമാര്‍ക്കറ്റുകളേയും വിസ്മയഭരിതമാക്കി.
പരമ്പരാഗതമായ ഉപജീവനമാര്‍ഗ്ഗം മാത്രമായിരുന്നില്ല കൈത്തറി. കച്ചവടം എന്നതിലുപരി അവ ഭാവനയുടേയും, ആശയസാക്ഷാത്ക്കാരത്തിന്റേയും, കരവിരുതിന്റേയും പൊന്നില്‍ച്ചാലിച്ച സുവര്‍ണ്ണമുദ്രകള്‍ കൂടിയായിരുന്നു. നെയ്ത്തുകാരനും പട്ടുസാരിയുമൊക്കെ നിശബ്ദസാന്നിധ്യം പകര്‍ന്ന് തേഞ്ഞുപോയ പുരാവൃത്തമായി ചരിത്രത്തിലലിഞ്ഞുചേര്‍ന്നിട്ടുണ്ട് ഓരോ കാലങ്ങളിലും. പഴങ്കഥകളിലും, പുരാണങ്ങളിലും, പറഞ്ഞുതീരാത്ത ഇതിഹാസങ്ങളിലും, വീരഗാഥകളിലും ആരുമറിയാതെ പോയ, ആരുമോര്‍ക്കാതെ പോയ നെയ്ത്തുകാരുടെ കഥകളും, അവരുടെ വിരല്‍തൊട്ടുണര്‍ത്തിയ കനകവിസ്മയങ്ങളും ഉറങ്ങിക്കിടക്കുന്നുണ്ട് ഒരിക്കലും ഇഴപൊട്ടാതെ. കൈത്തറി ചരിത്രമാകുന്നത്, അവ എക്കാലവും നമ്മുടെ സംസ്കാരത്തോട് ചേര്‍ന്നുകിടന്നിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ്.


ബാലരാമപുരത്തെ ഭൂരിഭാഗം വീടുകളും ഒരുകാലത്ത് കൈത്തറികളാല്‍ സമ്പന്നമായിരുന്നു. തായ്വഴിയായി കിട്ടിയ ഈ കുലത്തൊഴില്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്ന വളരെക്കുറച്ച് കൈത്തറിശാലകളില്‍ നിന്നാണ് കറാല്‍ക്കടയിലൂടെയും, കസവുകടയിലൂടെയും, ഹാന്റെക്സിലൂടെയും, ഹാന്റ്വീവിലൂടെയുമൊക്കെ നമ്മളിലേയ്ക്കെത്തിച്ചേരുന്ന കൈത്തറിയുടെ ശേഷിക്കുന്ന അടയാളങ്ങള്‍ നിലനില്‍ക്കുന്നത്. പരമ്പരാഗതമായി കൈമാറപ്പെട്ട ഈ തൊഴില്‍ 1970 കളിലും 80 കളിലും സജീവമായിരുന്നെങ്കിലും കച്ചവട സാധ്യതകളുടെ നിറം മങ്ങലിലും, യന്ത്രത്തറികളുടെ കടന്നുവരവിലുമൊക്കെ അരക്ഷിതാവസ്ഥയിലായി. തലമുറകളായി കിട്ടിയ കരവിരുത് സ്വന്തം മക്കളെപ്പോലും പഠിപ്പിക്കുവാനുള്ള ധൈര്യവും, വിശ്വാസവും കഴിഞ്ഞ തലമുറയില്‍പ്പെട്ടവര്‍ക്കുണ്ടായില്ല. ആശങ്കകളും, ദാരിദ്ര്യവും സദാ സമ്മാനിച്ച കൈത്തറി അവര്‍ക്ക് കയ്പ്പേറിയ കൈത്തിരി മാത്രമായിരുന്നു. പിന്നീടുള്ള നാളുകളില്‍ സഹകരണ സംഘങ്ങളും, ഇടനിലക്കാരും, വ്യാപാരികളും തടിച്ചുകൊഴുത്തെങ്കിലും നെയ്ത്തുകാരന്റെ വീട്ടില്‍ കരിന്തിരി മാത്രമായി. പരമ്പരാഗതമായ സ്വയം തൊഴിലാണ് കൈത്തറി. ഓരോ വീടുകളിലും ചെറുതും വലുതുമായി നിറഞ്ഞുനിന്നിരുന്ന പടിപ്പുരകള്‍ ഏറെ വൈകാതെ തൊഴുത്തും, വിറകുപുരയുമൊക്കെയായി രൂപം മാറി. കാലാകാലങ്ങളില്‍ മാറിമാറി വന്ന സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ നെയ്ത്തുകാരന്റെ അത്താഴസ്വപ്നം ആവിയായിപ്പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ക്ഷേമനിധികളും, പെന്ഷന് പദ്ധതികളും അത്യാവശ്യഘട്ടത്തിന് ഒരു നെയ്ത്തുകാരനേയും തുണച്ചതുമില്ല. പ്രാരാബ്ദങ്ങളും, പ്രശ്നങ്ങളും നിറഞ്ഞ സംഘര്‍ഷജീവിതവുമായി അവരെന്നും ഇവിടെ മല്ലിട്ടുകൊണ്ടേയിരുന്നു; നഗരത്തേയും, നമ്മുടെ പൈതൃകത്തേയും കസവുടുപ്പിക്കുവാന്‍. പ്രഗല്ഭരായ പല തൊഴിലാളികളും നിവൃത്തിയില്ലാതെ മറ്റ് പലതൊഴിലുകളിലേയ്ക്കും തിരിഞ്ഞു. നെയ്ത്തല്ലാതെ മറ്റ് തൊഴിലറിയാത്തവര്‍ അന്നും ഇന്നും ഈ പണി തുടരുന്നതുകൊണ്ട് ഭാഗ്യവശാല്‍ കൈത്തറി അന്യം നിന്നുപോയില്ല. നെയ്ത്തുകാരന്റെ മംഗളകര്‍മ്മങ്ങളെ വിലയേറിയ കസവൊളികള്‍ ദീപ്തമാക്കിയില്ല. അവരുടെ പെണ്മക്കള് കസവിന്റെ പട്ടുസാരിയുടുക്കാതെ വിലകുറഞ്ഞ യന്ത്രപ്പുടവയില്‍ ആഗ്രഹമുള്ളിലൊതുക്കി. ജീവിതത്തിലെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളെ പ്രശോഭിപ്പിക്കുവാന്‍ കഴിയാതെ അവര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കസവുകൊണ്ട് മുന്താണികളും, കുഞ്ചലങ്ങളും മെടഞ്ഞു. നിറം മങ്ങിയ ജീവിതം പോലെ വിലകുറഞ്ഞ ഉടയാടകളില്‍ സംതൃപ്തരായി ജീവിതം പിന്നെയും, പിന്നെയും ഇഴപൊട്ടാതെ മെനഞ്ഞുകൊണ്ടേയിരുന്നു. സഹകരണ സംഘങ്ങളും, വില്‍പ്പനകേന്ദ്രങ്ങളും വിരലിലെണ്ണാവുന്നതായി ചുരുങ്ങുകയും, വില്‍പ്പനയുടെ ഗണ്യമായ കുറവും, കസവിന്റേയും, പാവിന്റേയും, നൂലിന്റേയും മറ്റ് അസംസ്കൃത വസ്തുക്കളുടേയും വിലവര്‍ദ്ധനയും നെയ്ത്തുകാരനേയും, കുടുംബത്തേയും എന്നും തീരാവറുതികളിലേയ്ക്ക് തള്ളിവിട്ടതേയുള്ളൂ. നെയ്ത്ത് ഒരു കലയാണ്, കാലത്തിന്റെ സാക്ഷ്യപ്പെടുത്തലും. നീതികരിക്കപ്പെടാനാവാത്ത തിരസ്കാരങ്ങളും, ചൂഷണങ്ങളും, പ്രീണനങ്ങളും ഇവര്‍ക്കുമേല്‍ എന്തിനാണ്…? വില്‍ക്കപ്പെടാതെ പൊടിപിടിച്ച തുണിത്തരങ്ങളുടെ കൂമ്പാരം കണ്ട് പകച്ച ഇവര്‍ എന്തുറപ്പിന്മേല് ഇനി വിരലുകൊണ്ട് ജീവിതം വരയ്ക്കും…? ഒരുകാലത്ത് ഉല്‍പ്പാദകനും, ഉപഭോക്താവിനും, വില്‍പ്പനക്കാരനും ലാഭമായിരുന്ന ഒരു തൊഴില്‍മേഖല അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതലയും, ബാധ്യതയും സര്‍ക്കാരിനുണ്ട്. വര്‍ഷാവര്‍ഷമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡില്‍ മാത്രമൊതുക്കാവുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ശനിയാഴ്ചതോറും മുണ്ടുടുത്ത് സര്‍ക്കാരോഫീസിനേയും, നെയ്ത്തുകാരേയും പുളകം കൊള്ളിച്ച ഉത്തരവുകളിന്നെവിടെയാണ്…?
നെയ്ത്തുകാരന്റെ തേഞ്ഞുതീരുന്ന കാലടികളും, സൂക്ഷ്മതയും, മങ്ങലേല്ക്കുന്ന കാഴ്ചയും, കരവിരുതും നമ്മുടെ സംസ്കൃതിയ്ക്ക് നിറം ചാര്‍ത്താന്‍ ഇനിയും വേണം. പക്ഷെ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളോ, വിലയോ, സുരക്ഷിതത്വമോ ഒന്നും നെയ്ത്തുകാരന് ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.. ഇന്‍ഡ്യയില്‍ കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം പേര് ഉപജീവനമായി കണ്ടിരുന്ന തൊഴില്‍മേഖലയായിരുന്നു കൈത്തറി. അശാസ്ത്രീയവും, ദീര്‍ഘവീക്ഷണവുമില്ലാത്ത സര്‍ക്കാരിന്റെ പദ്ധതികള്‍ കൈത്തറിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരവിപണിക്കൊപ്പം, വിദേശകമ്പോളത്തേയും ആശ്രയിക്കുന്നുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന സാമ്പത്തികമാന്ദ്യവും, പ്രതിസന്ധികളും എന്നും പ്രതിബന്ധമായി നിലകൊണ്ടു. രാജ്യത്തിന്റെ സമ്പദ്ഘടനയും, ഇന്‍ഡ്യയുടെ പൈതൃകവും, സംസ്കാരവും സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന കൈത്തറിയുടെ ഇരുണ്ട ഭാവിക്കുമേല്‍ എന്നാണിനി സര്‍ക്കാരിന്റെ കണ്ണുതുറക്കുക…? നൂലിഴയില്‍ ജീവിതം നെയ്തെടുക്കാന്‍ ബദ്ധപ്പെടുന്നവരുടെ കണ്ണീര് അവഗണിച്ചുകൊണ്ട് കേരളം വളരുകയാണ്.. ഭാഷയും, ദേശവും മറികടന്ന് കലയുടെ വിളനിലമായി പാശ്ചാത്യരെ വിസ്മയിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ ഈ സ്വന്തം നാട് വളര്‍ന്നുകൊണ്ടേയിരിക്കുന്നു…!