മുടിയും കോടിയും കൊണ്ട് പള്ളി പണിയാന്‍ നടക്കുന്ന നമ്മുടെ മൊല്ലമാര്‍ ഈ വാര്‍ത്ത കണ്ടു കാണുമോ എന്നറിയില്ല. കോഹിനൂര്‍ രത്നങ്ങളുടെ രാജകുമാരന്മാരായിരുന്ന നൈസാമുമാരുടെ നാട്ടിലെ ഹൈ-ടെക് പള്ളി അവര്‍ക്കത്ര പഥ്യമാവാനും വഴിയില്ല. ഹൈദരാബാദ് ബന്ജാര ഹില്‍സിലെ പള്ളിയെ ആലങ്കാരികമായി വിശേഷിപ്പിക്കാന്‍ പറ്റിയ പദം ഹൈ-ടെക് എന്ന് തന്നെയാണ്. പള്ളിയുടെ മോടിയിലും ഭംഗിയിലുമെന്നതിലുപരി അതിന്റെ നടത്തിപ്പിലെ പരിഷ്കാരങ്ങളാണ് മറ്റു പള്ളികളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ധനികനായിരുന്ന വ്യക്തിയായിരുന്നുവത്രേ അവസാനത്തെ നൈസാമായിരുന്ന ആസഫ് ജാ.സായിപ്പന്മാര്‍ ഇന്ത്യയിലെ പൊറുതി മതിയാക്കി, ഒരു വഴിക്ക് പോവുകയല്ലേ കിടക്കട്ടേ എന്നു കരുതി അടിച്ചു മാറ്റിയെടുത്തതിന്റെയും ബാക്കിയിലാണ് ‘റിച്ചെസ്റ്റ് മാന്‍ ഇന്‍ ദി വേള്‍ഡ്’ എന്ന വിശേഷണം പുള്ളിക്കാരനു കിട്ടിയത് എന്നോര്‍ക്കണം. നമ്മുടെ ശ്രീ പത്മനാഭന്റേതു പോലെ തുറക്കാതെ കിടക്കുന്ന എ, ബി, സി, ഡി നിലവറകള്‍ വല്ലതും അവിടെയുണ്ടോ എന്ന്‌ ഏതെങ്കിലും തല തിരിഞ്ഞ പുരാവസ്തു ഗവേഷകന്‍ എന്നെങ്കിലുമൊക്കെ കണ്ടെത്തുമായിരിക്കും. പറഞ്ഞു വരുന്നത് പള്ളി കൊണ്ട് പള്ള നിറക്കുന്ന ശൈഖുന തിയറി ഹൈദരാബാദ് നവാബുമാര്‍ക്ക് പരിചയമുണ്ടായിരുന്നെങ്കില് കോഴിക്കോട്ടെ നിഗൂഡമായ ഏതോ കോണില്‍ പണിയാന്‍ പോകുന്ന പള്ളിയെക്കാളും ആഡംബരമായതൊന്നു അവിടെ ഉയരുമായിരുന്നു. മാലിന്യം പോലും മാര്‍ക്കറ്റു ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ ഹൈ-ടെക് സിറ്റിയിലെ ഹൈ-ടെക് പള്ളി എടുത്തു പറയേണ്ടത് തന്നെയാണ്.

പള്ളിയുടെ ഹൈ-ടെക് ഫീച്ചറുകള്‍ അവിടെ വിരിച്ചിരിക്കുന്ന മാര്‍ദവമായ പരവതാനിയിലോ, പതിച്ചിരിക്കുന്ന വെണ്ണക്കല്ലുകളിലോ, അലങ്കാര ദീപങ്ങളിലോ ഒന്നുമല്ല. പകരം വെള്ളിയാഴ്ച പ്രാര്‍ത്ഥനയോടൊപ്പം നടത്തപ്പെടുന്ന ഖുതുബ: (പ്രഭാഷണം)യിലും അനുബന്ധ പഠന പദ്ധതികളിലുമാണ്. ഉറുദുവും തെലുങ്കും മാതൃഭാഷയായ പ്രദേശത്തെ ഈ പള്ളിയില്‍ പക്ഷെ ഖുതുബ ഇംഗ്ലീഷിലാണ്. പള്ളിയിലെ ഇമാം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില് നിന്നുള്ള ഒന്നാം തരം എം. ബി. എ ബിരുദധാരി. ഒപ്പം ഓരോ വിഷയങ്ങളിലും ക്ലാസ്സുകള്‍ നല്‍കുന്നത് അതാതു വിഷയങ്ങളില്‍ വൈദഗ്ദ്യം നേടിയ പ്രൊഫഷണലുകള്.പാരായണം ചെയ്യാന്‍ ഖുര്‍ആന്‍ അപ്പ്ളിക്കേഷനുകളുമായി ഐ-പാഡ്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐ. ടി വിദഗ്ദന്മാര്‍ തൊഴില്‍ തേടിയെത്തുന്ന ഹൈദരാബാദ് പോലൊരു‍ നഗരത്തില്‍ അവരെ കൂടി ഉള്‍ക്കൊള്ളാനാകും വിധം ഇംഗ്ലീഷ് ഭാഷയില്‍ ഖുത്ബ നിര്‍വഹിക്കപ്പെടുന്നതില് പ്രദേശ വാസികള്‍ക്ക് തെല്ലും പരാതിയില്ല. എന്ന് മാത്രമല്ല ന്യൂ ജനറേഷന്‍ മഹല്ല് വാസികള്‍ക്ക് ഉറുദുവിനെക്കാള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇംഗ്ലീഷ് ഭാഷയിലാണത്രെ!

പ്രവാചകന്റെ കാലത്ത് പള്ളികള്‍ ആരാധനയ്ക്ക് മാത്രമുള്ള വയായിരുന്നില്ല; ഒരു സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു. ആ വിധത്തില്‍ സമൂഹത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന, നവലോകത്തിനു ഇസ്ലാമിനെ അതിന്റെ തനതായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒപ്പം മാനവകുലത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കുകളാകേണ്ട പുത്തന്‍ തലമുറയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കപ്പെടുന്ന ഒരു കേന്ദ്രവും കൂടിയായി ഈ കാലഘട്ടത്തിലെ പള്ളികള്‍ മാറേണ്ടതുണ്ട്. പ്രകൃതി മതത്തിന്റെ പ്രചാരണത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ കേരളത്തിലെ ബഹുഭൂരി പക്ഷം വരുന്ന പള്ളികളിലെയും ഖുതുബ പൊതു ജനങ്ങള്‍ക്കോ അത് നോക്കി വായിക്കുന്നവനോ പോലും മനസ്സിലാവാറില്ല എന്നതാണ് വിരോധാഭാസം. അതു മനസ്സിലാവേണ്ടതില്ല എന്ന് ഏറ്റവും നന്നായി പറയുന്നവര്‍ക്കാണ് പണ്ഡിതപ്പട്ടം! ബന്ജാര ഹില്‍സിലെ പള്ളിയില്‍ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാരമ്പര്യ മൊല്ലമാരെ അനുവദിക്കാതിരിക്കുന്നതിനു പിന്നിലെ ലോജിക്കും മറ്റൊന്നല്ല. മാസ മുറയുള്ളത് കൊണ്ടാണ് ബഹുഭാര്യത്തം അനുവദനീയമാക്കിയത് എന്നു പറഞ്ഞ നമ്മുടെ മൊല്ലമാരുടെ കൂട്ടത്തില്‍ അവിടുത്തെ പാരമ്പര്യ മൊല്ലമാരെയും ഉള്‍പ്പെടുത്തിയാല്‍ അവര്‍ നമ്മളെ ഓടിച്ചിട്ടടിക്കും.

പുതിയ കാലത്തെ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വൈജ്ഞാനിക മുന്നേറ്റം എന്നതിന് പള്ളി മിമ്പറുകളില്‍ നിന്നാണ് തുടക്കം കുറിക്കേണ്ടത്‌ എന്ന് പഠിപ്പിക്കുകയാണ് ഹൈദരാബാദിലെ ഹൈ-ടെക് പള്ളി ഭാരവാഹികള്‍. പകരം മിമ്പറുകളില് നിന്ന് കേള്‍ക്കുന്നത് ചടങ്ങു തീര്‍ക്കലിന്റെ പാരായണ രാഗമാണെങ്കില്‍ ‘അപരിഷ്കൃതര്‍’ എന്നു തന്നെയായിരിക്കും മുസ്ലിം സമൂഹത്തിനു കാലം കല്‍പ്പിച്ചു തരുന്ന പേര്. മിമ്പറിന്മേല്‍ കയറു വാനുള്ള മിനിമം യോഗ്യത പാള കിതാബിലെ പ്രാവീണ്യത്തിന് പകരം ഖുര്‍ആനിന്റെയും ഹദീസിന്റെയും വൈജ്ഞാനിക മേഖലകളിലുള്ള അഗാധമായ അറിവാകട്ടെ!

മുമ്പിലിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും, ശാസ്ത്രജ്ഞനെയും, ഐ. ടി-മാനേജ്‌മന്റ്‌ വിദഗ്ദന്മാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, മതത്തിന്റെ ഉന്നത മൂല്യങ്ങളെ എളുപ്പത്തില്‍ സംവേദനം ചെയ്യുവാനും കഴിയുന്ന ‘കണ്സള്ട്ടനറു’കളാവണം ഇനിയുള്ള കാലത്തെ ഖതീബുമാര്‍. അതാവാന്‍ കഴിയാത്തവര്‍ താഴെ ഒരു കേള്‍വിക്കാരനെങ്കിലുമാവാനുള്ള സന്മനസ്സു കാണിക്കണം. ഖുതുബ: മനസ്സിലാകേണ്ടതില്ല എന്ന് ചൊല്ലിപ്പഠിച്ചവര്‍ക്ക് പ്രഭാഷണം ‘ഓത്തായി’ തന്നെ തുടരാം. രാഗ-ഭാവ- താള- ലയങ്ങളോടെ…

ലാസ്റ്റ് ബോള്‍: ചെരുപ്പ് അടിച്ചു മാറ്റാന്‍ വേണ്ടി മാത്രം ആരാധനാലയങ്ങളിലെത്തുന്നവര്‍ ഐ-പാഡ് കണ്ടു ഹൈദരാബാദിലേക്ക് വണ്ടി പിടിക്കേണ്ട. അത്യാധുനിക ട്രാക്കിംഗ് സംവിധാനവും അവര്‍ക്ക് അവിടെയുണ്ട്. നല്ല തല്ല് നാട്ടില്‍ കിട്ടും!

You May Also Like

നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള 10 ചോദ്യങ്ങള്‍ – വീഡിയോ

നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു മാര്‍ഗമാണ് ഈ വീഡിയോയിലൂടെ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. നിങ്ങളോട് 10 രസകരമായ ചോദ്യങ്ങള്‍ ആണ് ചോദിക്കുക. ഓരോന്നിന്റെയും ഉത്തരം എഴുതിക്കാണിക്കും മുന്‍പേ നിങ്ങളുടെ മനസ്സില്‍ ശരിയായ ഉത്തരം വന്നാല്‍ നിങ്ങള്‍ ജീനിയസ് ആണെന്ന് പറയാം.

മുട്ട കൊണ്ട് ഇതാ ഒരു പുതിയ അടിപൊളി വിഭവം

മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ട വറുത്തത്, ഓംലറ്റ്, ബുള്‍സ് ഐ, ബുര്‍ജി, മുട്ട പുഴുങ്ങിയത്, മുട്ട വാട്ടിയത്….. ഇതാ ആ നിരയിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നു. ഇവന്റെ പേരാണ് ബ്രൂലി. ബ്രൂസ്‌ലി അല്ല കേട്ടോ, ബ്രൂലി.

ഒടുവില്‍ നില്‍പ്പു സമരം ഒത്തുതീര്‍ന്നു

ആദിവാസികള്‍ മാസങ്ങളായി നടത്തി വന്ന നില്‍പ്പു സമരം ഒടുവില്‍ ഒത്തുതീര്‍ന്നു.

മ്യാൻമാറും ആങ് സാൻ സൂ കീയും ജനാധിപത്യവും; ഇതെല്ലാം കണ്ടു കരയുന്ന ബുദ്ധനും

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്