നോബല്‍ സമ്മാനം ലഭിച്ച ആദ്യ മലയാളി !!!

0
264

02തലശ്ശേരി മാഹിസ്വദേശി സനില വേലിക്കലോത്തിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സമാധാനത്തിനുള്ള 2013 ലെ നോബല്‍ പുരസ്‌കാരം നെതര്‍ലന്‍ഡ്‌സിലെ ഒ.പി.സി.ഡബ്ല്യു. (ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്) എന്ന സംഘടനയ്ക്കായിരുന്നു. ആഗോളതലത്തില്‍ രാസായുധനിര്‍മാജനത്തിനായി പ്രവര്‍ത്തിക്കുന്ന ഒ.പി.സി.ഡബ്ല്യു.വിന്റെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കായാണ് സമ്മാനം സമര്‍പ്പിച്ചത്.

സംഘടനയുടെ രാസായുധ വെരിഫിക്കേഷന്‍ ഡിവിഷനില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റായ സനിലയും അങ്ങനെ നോബല്‍ പുരസ്‌കാരത്തിന്റെ ഭാഗമായി. ചരിത്രത്തിലിതുവരെ ഒരു മലയാളിക്കും അവകാശപ്പെടാനാവാത്ത നേട്ടം!

മാഹിയിലെ മലയാളം മീഡിയം സ്‌കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചശേഷം സനില മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് കാര്‍ഷികപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. 2007 മുതല്‍ ഒ.പി.സി.ഡബ്ല്യുവിന്റെ ലബോറട്ടറി ആന്‍ഡ് എക്വിപ്‌മെന്റ് സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബസമേതം ഹേഗില്‍ത്തന്നെ താമസം. ജനിച്ചുവളര്‍ന്ന നാടും പഠിച്ചുവളര്‍ന്ന കോളേജും സന്ദര്‍ശിച്ച് ഈ വാരാന്ത്യത്തില്‍ സനില യൂറോപ്പിലേക്ക് തിരിച്ചുപോകും.

15 വര്‍ഷത്തിലേറെയായി ഒ.പി.സി.ഡബ്ല്യു. പ്രവര്‍ത്തിക്കുന്നുണ്ട്. 190 രാജ്യങ്ങള്‍ ഇതിനകം അംഗങ്ങളായിക്കഴിഞ്ഞു. ഓരോയിടത്തും സൂക്ഷിച്ചിട്ടുള്ള രാസായുധങ്ങള്‍ കണ്ടെത്തി നിര്‍വീര്യമാക്കി പൂര്‍ണമായും രാസായുധമുക്തലോകം സൃഷ്ടിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.